അവൻ ക്ലാരയെ തന്നെ ശ്രദ്ധിച്ചു. വലിയ മാറ്റം ഒന്നും ഇല്ല അവൾക്കു, പഴയതിൽ നിന്നും കുറച്ച് കൂടി വണ്ണം വച്ചിട്ടുണ്ട്. അത്ര തന്നെ. ജീനയോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് അവൾ. അവളുടെ ചിരിക്കും ആ പഴയ ഭംഗി നഷ്ടപ്പെട്ടിട്ടില്ല. പഴയ നുണക്കുഴി അത് പോലെ തന്നെ ഉണ്ട്.
ശ്രീഹരിയുടെ മനസൊന്നു പിടച്ചു. അവൾ ജീനക്കൊപ്പം തന്റെ അടുത്തേക്ക് വരുമോ? വന്നാൽ എന്ത് സംസാരിക്കും? വർഷങ്ങൾ എത്ര ആയിരിക്കുന്നു ഒന്ന് കണ്ടിട്ട്. ഇപ്പോൾ എവിടന്നു എന്താണ് എന്ന് ഒന്ന് അന്വഷിച്ചിട്ടുപോലും ഇല്ല.
അതെ.. അവൾ തന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്. കാറിന്റെ ഡോർ തുറക്കുമ്പോൾ കൈ ഒന്ന് വിറച്ചിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവർ അരികിലെത്തി കഴിഞ്ഞിരുന്നു.
ശ്രീഹരി മുഖത്ത് ഒരു ചിരി വരുത്തി. അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. അവർ തന്നെ എന്തിനെങ്കിലും തുടക്കമിടട്ടെ എന്ന നിലപാടിൽ ജീനയും നിശബ്തത പാലിച്ചു.
അവസാനം ക്ലാര തന്നെ നിശബ്തതക്ക് അവസാനം ഇട്ടു.
“സുഖമാണോ?”
അവൻ ഒന്ന് മൂളി.
“പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ ഒരു വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ക്ലാര ചേച്ചി. ഞാൻ ഞെട്ടിപ്പോയി.”
“ശരിക്കും ഞെട്ടിയത് ഞാനാണ്. ജീനയെ ഞാൻ ഇവിടെ പ്രതീക്ഷിക്കാതെ ഇല്ല. പിന്നെ ഇവൾ ഇപ്പോഴും നിന്റെ കൂടെ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.”
ശ്രീഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെ ആയിരുന്നു.
അവൻ ആകാംഷയോടെ ചോദിച്ചു.
“കൊച്ചുങ്ങൾ?”
“ഒരു മോളാണ്.. വീട്ടിൽ ഇച്ചായനെ ഏല്പിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്.”
“ഹസ്ബൻഡ് എന്ത് ചെയ്യുന്നു?”
“ബഹറിനിൽ ബിസിനസ് ആണ്. ഇപ്പോൾ നാട്ടിൽ വന്നിട്ട് രണ്ടാഴ്ച ആകുന്നു. ഞാനും കൂടെ അവിടെ തന്നെ ആയിരുന്നു.”
ദൂരെ അവളെയും കാത്തു നിൽക്കുന്ന സ്ത്രീയെയും നോക്കി കൊണ്ട് അവൾ പറഞ്ഞു.
“‘അമ്മ എന്നെയും നോക്കി നിൽക്കയാണ്. ഞാൻ പോകട്ടെ..”
മൊബൈൽ കൈയിൽ എടുത്തുകൊണ്ട് അവൾ പറഞ്ഞു.
“ജീനാ.. നിന്റെ നമ്പർ താ.. ഞാൻ വിളിച്ചുകൊള്ളാം.”
“എനിക്ക് ഫോൺ ഇല്ല. ഇച്ചായന്റെ നമ്പറിൽ വിളിച്ചാൽ മതി.”
ക്ലാര ശ്രീഹരിയുടെ നേരെ തിരിഞ്ഞു നോക്കി.
“നിനക്ക് അവൾക്കൊരു ഫോൺ വാങ്ങി കൊടുത്തൂടെ.”
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“ഞാൻ വാങ്ങി കൊടുക്കാന് പറഞ്ഞതാ. അവളെ പറഞ്ഞത് വേണ്ടെന്ന്.”
“എന്നെ ആര് വിളിക്കാനാണ് ചേച്ചി. ഇച്ചായന്റെ ഫോണിൽ വിളിച്ചാൽ മതി, ഞാൻ സംസാരിച്ചോളം.”
“ഇവന്റെ നമ്പർ എന്റെയിൽ ഉണ്ട്, ഞാൻ വിളിച്ചോളം.”
ക്ലാര നടന്നു തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു.
“വിദ്യയുടെ കല്യാണമാണ്. ഞങ്ങൾ വിളിക്കാൻ വരാം.”
നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
“വിളിച്ചാൽ കല്യാണത്തിന് ഉറപ്പായും വരും.”
ക്ലാര പോയി കഴിഞ്ഞും ശ്രീഹരി കുറച്ച് നേരം അവൾ പോയ വഴിയിലേക്ക് തന്നെ നോക്കി നിന്നു.
അത് കണ്ട ജീന ഒരു ചിരിയോടെ പറഞ്ഞു.
“പണ്ടേ കെട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമായിരുന്നു. ഇനി നോക്കി നിന്നു വെള്ളം ഇറക്കിയിട്ടു കാര്യമില്ല. വേറൊരുത്തന്റെ ഭാര്യയാണ് അതിന്ന്.”
അവൻ തൊട്ടടുത്ത് നിന്നിരുന്ന ജീനയുടെ ചെവി പിടിച്ച് കിഴുക്കി.
“കളിയാക്കുന്നോടി നീ.”
അവന്റെ കൈയിൽ മുറുകെ പിടിച്ച്കൊണ്ടു ജീന പറഞ്ഞു.
“ഇച്ചായാ.. വിട്,എനിക്ക് വേദനിക്കുന്നു.”
“ഇനി കളിയാക്കുമോ നീ എന്നെ?”
“ഇല്ല.. ഇല്ല..”
അവൻ ജീനയുടെ ചെവിയിൽ നിന്നും പിടി വിട്ട് കാറിലേക്ക് കയറി. ജീനയും കാറിലേക്ക് കയറി ചെറുതായി നീറുന്ന തന്റെ ചെവി തടവി.
“ദുഷ്ടൻ…”
അവളുടെ ആ വാക്കുകൾ കേട്ടു ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു.
വീട്ടിലേക്ക് കാർ ഓടിക്കുമ്പോൾ ശ്രീഹരി മൗനത്തിൽ ആയിരുന്നു. ക്ലാരയുടെ പല പല ഓർമ്മകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോകുവായിരുന്നു അപ്പോൾ. ജീനയും അവനെ ശല്യപെടുത്തുവാൻ പോയില്ല.
