എന്റെ നിലാപക്ഷി – 8 40അടിപൊളി 

“നീ അതിപ്പോഴും മനസ്സിൽ വച്ചിരിക്കയാണോ..”

അവൾ ഒന്നും മിണ്ടിയില്ല.

ജീന വിദ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“നീ വിവേകിന്റെ കാര്യം മറച്ച് വെച്ചതിൽ ഇച്ചായന്‌ വിഷമം ഉണ്ട്. പക്ഷെ നിന്നോട് ദേഷ്യപ്പെടാതെ തമാശ രീതിയിൽ അല്ലെ ഇച്ചായൻ അത് പറഞ്ഞത്.”

“എനിക്ക് ചേട്ടനെ ഫെയ്‌സ് ചെയ്യാൻ ഒരു ചമ്മൽ. ഞാൻ അവിടെ വന്നാൽ എന്നെ വീണ്ടും കളിയാക്കും.”

“കളിയാക്കില്ല.. ഞാൻ ഉറപ്പ് തരുന്നു.”

ജീന വിദ്യയുടെ കൈ പിടിച്ച് കഴിക്കാനായി കൊണ്ട് പോയി.

ശ്രീഹരിയുടെ മുഖത്ത് നോക്കാതെ വിദ്യ കസേരയിലേക്ക് ഇരുന്നു.

രണ്ടുപേർക്കും അപ്പവും കറിയും വിളമ്പിയ ശേഷം ജീനയും അവർക്കൊപ്പം കഴിക്കാനായി ഇരുന്നു.

വിദ്യ നിവർന്നു നോക്കാതെ തല കുനിച്ചിരുന്നു തന്നെ കഴിക്കുന്നത് കണ്ട് ശ്രീഹരി ചോദിച്ചു.

“ഇവളെന്താ ആരുടേയും മുഖത്തു നോക്കില്ല?”

ജീന ശബ്‌ദം താഴ്ത്തി പറഞ്ഞു.

“ഇച്ചായാ.. മിണ്ടാതിരിക്ക്..”

വിദ്യ കേൾക്കാനായി അവൻ ചുമ്മാ പറഞ്ഞു.

“ഓഹ്, സപ്പോർട്ട് ചെയ്യാൻ ആളുണ്ടല്ലേ ഇപ്പോൾ.. ഞാൻ ഒന്നും മിണ്ടുന്നില്ല.. പക്ഷെ ഇത് അമ്മയും കൂടി അറിയേണ്ടതായിരുന്നു.”

ചെറുതായി ദേഷ്യം വന്ന വിദ്യ പറഞ്ഞു.

“ക്ലാര ചേച്ചിയുടെ കാര്യം എനിക്കറിയാമായിരുന്നിട്ട് ഞാൻ അത് ആരെയും അറിയിക്കാൻ പോയിട്ടില്ല.”

“നീ എന്താ എന്നെ ഭീഷണിപ്പെടുത്തുവാനോ?’

അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു.

“അമ്മാ.. എനിക്ക് അമ്മയുടെ പുന്നാര മോളെ കുറിച്ച് ചിലത് പറയാനുണ്ട്.”

വിദ്യ ഒന്ന് ഞെട്ടിയ ശേഷം ദയനീയമായി ജീനയെ നോക്കി.

ജീന സ്വരം കടിപ്പിച്ചുകൊണ്ടു പറഞ്ഞു.

“ഇച്ചായാ.. മിണ്ടാതിരിക്കുന്നുണ്ടോ?”

അവളുടെ സ്വരം ഒന്ന് ഉയർന്നപ്പോൾ ശ്രീഹരി ജീനയെ ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ കഴിച്ച് തുടങ്ങി. ജീനയുടെ സ്വരം തനിക്കെതിരെ അങ്ങനെ ഉയരാറില്ലെന്ന് അവനറിയാം. താൻ പാതി തമാശയായി പറയുന്ന ഈ കാര്യങ്ങൾ വിദ്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന് ജീനയുടെ ശബ്‌ദം ഉയർന്നപ്പോഴാണ് ശ്രീഹരി ബോധവാനായത്.

ഭാഗ്യത്തിന് ശ്രീഹരിയുടെ വിളി അടുക്കളയിൽ നിന്ന ‘അമ്മ കേട്ടതും ഇല്ല.

പക്ഷെ ഈ സന്ദർഭത്തിൽ വിദ്യയ്ക്ക് അദ്‌ഭുതമാണ് തോന്നിയത്. തനിക്കെതിരെ ആരും ശബ്‌ദം ഉയർത്താൻ ശ്രീഹരി സമ്മതിക്കാറില്ല. ആരെങ്കിലും ഉയർത്തിയാൽ തന്നെ പിന്നെ ഉയരാത്തവിധം അതിനുള്ള മറുപടിയും നൽകും. പക്ഷെ ഇവിടെ ജീനയുടെ ഒറ്റ വാക്കിന് മുന്നിൽ തന്നെ അവൻ നിശബ്തനായിരിക്കുന്നു. ആ ഒരു നിമിഷത്തിൽ തന്നെ ജീനക്ക് ശ്രീഹരിയുടെ മേൽ എത്ര മാത്രം സ്വാധീനം ഉണ്ടെന്ന് വിദ്യ മനസിലാക്കി.

ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു.

“വിദ്യ ചെയ്തത് തെറ്റ് തന്നാണ്. ഞാൻ അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല. അതുപോലെ തന്നെ ഇച്ചായന്റെ കാര്യങ്ങളും എനിക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല. അതുകൊണ്ട് ഇച്ചായൻ ഇനി അവളെ കളിയാക്കരുത്.”

ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി.

“അവൾ വിവേകിനെ ഇഷ്ട്ടപെട്ടു അവർ സ്നേഹിച്ചു. പക്ഷെ അവൾ വീട്ടുകാർ അറിയാതെ അവന്റെ കൂടെ ഇറങ്ങി പോവുകയോ ഒന്നും ചെയ്തില്ലല്ലോ. ആർക്കും ദോഷം വരാത്ത രീതിയിൽ കല്യാണ ആലോചന ഇച്ചായന്റെ മുന്നിൽ എത്തിക്കുകയല്ലേ ചെയ്തത്. അവൾ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.”

വിദ്യയെ നോക്കികൊണ്ട്‌ ജീന പറഞ്ഞു.

“ഇച്ചായൻ നിന്നോട് ഒരു സുഹൃത്തിനെ പോലെയല്ലേ പെരുമാറിയിരുന്നത്. നിന്റെ ഏതെങ്കിലും ഒരു ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ? അച്ഛൻ മരിച്ചു ഈ കുടുംബം മൊത്തം കടത്തിൽ കയറിയപ്പോൾ നിന്നെ പഠിപ്പിക്കുന്നതിനും കൂടി വേണ്ടിയല്ലേ ഇച്ചായൻ വിശ്രമമില്ലാതെ കഷ്ട്ടപെട്ടത്. അങ്ങനെ ഉള്ളപ്പോൾ ഈ ഒരു കാര്യത്തിൽ നീ കുറച്ച് അതിബുദ്ധി കാണിച്ചു. അത് നിന്റെ ഏട്ടന് മനസിലായപ്പോൾ നീ ഇച്ചയേനെ പൊട്ടൻ കളിപ്പിച്ചു എന്ന് ഫീൽ ചെയ്തു. അത് കൊണ്ടാ ഇച്ചായൻ അങ്ങനൊക്കെ പറഞ്ഞത്, നീ അത് കാര്യമാക്കണ്ട.”

പിന്നെ ആരും ഒന്നും മിണ്ടിയില്ല. നിശബ്തരായി ഇരുന്നു കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *