“ഇപ്പോൾ മൂക്കും കുത്തി വീണിരുന്നെങ്കിൽ നിന്നെയും തൂക്കി എടുത്തു ഞാൻ നടക്കേണ്ടി വന്നേനെ.”
അവനെ ചൊടുപ്പിക്കാനായി ജീന പറഞ്ഞു.
“പിന്നെ.. ഇപ്പോൾ എന്നെ തൂക്കി എടുത്തു നടക്കാനുള്ള ആരോഗ്യമൊന്നും ഇച്ചായനില്ല.”
ശ്രീഹരി ചുറ്റും ഒന്ന് നോക്കി. തേയിലത്തോട്ടത്തിനു മധ്യത്തായിട്ടുള്ള നടപ്പാത ആയതിനാൽ ആരെയും അവിടെ ഒന്നും കാണുന്നില്ല.
മുന്നിൽ നടന്ന ജീനയുടെ കൈയിൽ അവൻ എത്തി പിടിച്ചു. ജീന പെട്ടെന്ന് നടത്ത നിർത്തി അവനെ തിരിഞ്ഞു നോക്കി.
ആ ഒരു നിമിഷം കൊണ്ട് അവൻ ജീനയെ കൈകളിലേക്ക് കോരി എടുത്തു.
അവൾ അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി പോയി.
“എന്താ ഇച്ചായാ ഇത്?”
“എനിക്ക് ആരോഗ്യം ഉണ്ടോ ഇല്ലയോ എന്ന് ഞാൻ കാണിച്ച് തരാം.”
അത് കേട്ട അവൾ തന്നെ താഴെ ഇറക്കാൻ അവനോടു ആവിശ്യപെട്ടില്ല. പകരം ഒരു ചിരിയോടെ അവന്റെ കഴുത്തിൽ കൈ കൊണ്ട് ചുറ്റി പിടിച്ചു.
അവന്റെ ഒരു കൈ അവളുടെ തുടകൾക്ക് പിന്നിലും മറു കൈ നടുവിന് കുറുകെയും ആയിരുന്നു. ശ്രീഹരി സാവധാനം മുന്നോട്ട് നടന്നു തുടങ്ങി.
ചിരിച്ച്കൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ ഇച്ചായൻ വീണാൽ നമ്മൾ രണ്ടുപേർക്കും ഒരേപോലെ പരുക്ക് പറ്റും. അതുകൊണ്ട് സൂക്ഷിച്ച് നടന്നോ.”
അവൻ ഒരു പുഞ്ചിരിയോടെ മുന്നോട്ട് നടന്നു.
“ഇന്നലെ രാത്രി ഇച്ചായൻ എന്റെ റൂമിൽ വന്നിരുന്നോ?”
“ആ.. വന്നിരുന്നു..”
“ആണോ.. ഞാൻ വിചാരിച്ചിരുന്നത് അത് സ്വപ്നം ആണെന്നായിരുന്നു.”
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
“എന്തിനാ വന്നേ?”
“ചുമ്മാ.. നിന്നെയൊന്നു കാണാൻ തോന്നി.”
വലതു കൈ അവന്റെ കഴുത്തിൽ നിന്നും എടുത്ത് ശ്രീഹരിയുടെ മൂക്കിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“വട്ടാണല്ലേ?”
തന്റെ കൈക്കുള്ളിൽ കിടക്കുന്ന ജീനയെ അവനൊന്നു നോക്കി. ചുറ്റും തേയില തോട്ടം മാത്രം.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“നമുക്ക് കല്യാണം കഴിച്ചാലോ?”
ഒരു ചിരിയോടെ അവൾ ചോദിച്ചു.
“വേറെ തമാശ ഒന്നും പറയാൻ കിട്ടിയില്ലേ?”
അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
“ഞാൻ തമാശ പറഞ്ഞതല്ല. സീരിയസ് ആയി ചോദിച്ചതാണ്.”
ഈ പ്രാവിശ്യം അവന്റെ സ്വരത്തിൽ നിന്നും അവൻ കാര്യമായി പറഞ്ഞതാണെന്ന് അവൾക്ക് മനസിലായി. അവളുടെ മുഖം പെട്ടെന്ന് മങ്ങി മ്ലാനമായി.
അപ്പോഴേക്കും അവർ ഒരു അരുവിക്ക് സമീപം എത്തിയിരുന്നു. ശ്രീഹരി ജീനയെ തന്റെ കൈയിൽ നിന്നും താഴെ ഇറക്കി. അവൾ അപ്പോൾ ഒന്നും മിണ്ടാതെ ഒരു മരവിച്ച അവസ്ഥയിൽ നിൽക്കുകയായിരുന്നു.
ശ്രീഹരി അരുവിയിൽ നിന്നും കൈയിൽ വെള്ളം എടുത്തു മുഖം കഴുകികൊണ്ട് പറഞ്ഞു.
“എന്റെ വീട്ടുകാർ എന്ത് കരുതും എന്നോർത്ത് നീ വിഷമിക്കണ്ട. എന്റെ ‘അമ്മ തന്നെയാണ് നിന്നോടിത് ചോദിയ്ക്കാൻ പറഞ്ഞത്.”
അത് മറ്റൊരു ഞെട്ടൽ ആണ് അവൾക്ക് സമ്മാനിച്ചത്.
പക്ഷെ അവൾ കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
“അത് നടക്കില്ല ഇച്ചായാ.”
അവളിൽ നിന്നും ഈ ഒരു മറുപടി തന്നെയാണ് അവനും പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.
“ഇത്ര പെട്ടെന്ന് ഒരു തീരുമാനം നീ പറയണ്ട. പതുക്കെ ആലോചിച്ച് പറഞ്ഞാൽ മതി.”
“നമുക്ക് റൂമിലേക്ക് പോകാം ഇച്ചായാ.”
ശ്രീഹരി ഒന്ന് മൂളിയ ശേഷം തിരികെ നടന്നു. അവനിൽ നിന്നും കുറച്ച് അകലം പാലിച്ച് കൊണ്ട് അവളും.
ബംഗ്ലാവിൽ എത്തിയ അവൾ നേരെ റൂമിൽ പോയി കതകടച്ചു. രാത്രി അയ്യപ്പൻ ആഹാരം കൊണ്ട് വന്നപ്പോൾ അത് കഴിക്കാൻ മാത്രം ആണ് ജീന റൂമിനു പുറത്തേക്ക് വന്നത്. അതും ഒരു അപരിചിതയെ പോലെ ശ്രീഹരിക്ക് ഒപ്പം ഇരുന്നു കഴിച്ച ശേഷം അവൾ വീണ്ടും റൂമിലേക്ക് തന്നെ പോയി.
പിന്നീടുള്ള രണ്ടു ദിവസവും ഇതിന്റെ ഒരു ആവർത്തനം തന്നെ ആയിരുന്നു.
ആഹാരം കഴിക്കാൻ മാത്രം അവന്റെ മുന്നിൽ വരും. അല്ലാത്തപ്പോൾ ഒക്കെ റൂമിൽ കഴിച്ച് കൂട്ടും. പുറത്തു വരുകയാണെങ്കിൽ തന്നെ ഒറ്റക്ക് എവിടെയെങ്കിലും പോയി വിദൂരതയിലേക്ക് നോക്കി നിൽക്കും. ശ്രീഹരിയുടെ സാമീപ്യം മനസിലാക്കിയാൽ ഉടൻ തന്നെ അവിടെ നിന്നും ഒഴിഞ്ഞു മാറും. അവനോട് ഒന്ന് സംസാരിക്കാൻ പോലും അവൾ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.
