അമ്മയുമായി എന്തോ സംസാരിച്ചുകൊണ്ടു നിന്ന ശ്രീഹരി പെട്ടെന്ന് നിശബ്തനായി.. അവന്റെ കണ്ണുകൾ വിടർന്നു.
ശ്രീഹരി കണ്ണിമവെട്ടാതെ എവിടേക്കാണ് നോക്കുന്നതെന്നറിയാൻ തിരിഞ്ഞു നോക്കിയ അമ്മയുടെയും കണ്ണുകളും അവർക്ക് അരികിലേക്ക് നടന്നു വരുന്ന ജീനയെ കണ്ട് വിടർന്നു.
അവരുടെ അരികിൽ എത്തിയ ജീന ശ്രീഹരിയോട് ചോദിച്ചു.
“എങ്ങനുണ്ട് ഇച്ചായാ?”
“നീ അമ്മയോട് തന്നൊന്ന് ചോദിച്ച് നോക്ക്.”
അവൾ അമ്മയുടെ നേരെ നോക്കി.
അവളെ കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ‘അമ്മ പറഞ്ഞു.
“എന്റെ മോളെ കാണാൻ എത്ര ഭംഗി ഉണ്ടെന്ന് എനിക്ക് പറയാനറിയില്ല.”
അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം സന്തോഷം കൊണ്ടു കൂടുതൽ പ്രകാശമയം ആയി.
അപ്പോഴേക്കും സാരിയുമായി ചെക്കൻ കൂട്ടർ എത്തി.. ‘അമ്മ പെട്ടെന്ന് തന്നെ ഈ വിവരം അറിയിക്കാനായി വീടിന് അകത്തേക്ക് പോയി.
‘അമ്മ പോയതും ശ്രീഹരി ജീനയോട് സ്വരം താഴ്ത്തി പറഞ്ഞു.
“എവിടെ ആരും ഇല്ലായിരുന്നെങ്കിൽ ‘അമ്മ തന്നതുപോലൊരു ഉമ്മ ഞാനും നിനക്ക് തന്നേനെ. അത്രയ്ക്ക് സുന്ദരി ആണ് ഇന്ന് നീ.”
ഇത്രയും പറഞ്ഞ് ശ്രീഹരി അവിടന്ന് ചെക്കൻ കൂട്ടരേ സ്വീകരിക്കാനായി നടന്നു നീങ്ങുമ്പോൾ ജീനയുടെ മുഖത്ത് ഒരിക്കലും ഇല്ലാത്ത ഒരു നാണം നിറഞ്ഞിരുന്നു.
പിന്നീടുള്ള സമയം സാരി കൊടുപ്പു ചടങ്ങും ഫോട്ടോ എടുപ്പുമായി ബഹളമായിരുന്നു. ജീന ഒരു ആവിശ്യങ്ങളുമായി വിദ്യയുടെ അടുത്തും വീടിനുള്ളിലുമായി ഓട്ടം ആയിരുന്നു. ശ്രീഹരിയും നല്ല തിരക്കിലായിരുന്നു. പക്ഷെ കിട്ടുന്ന അവസരങ്ങളിലെല്ലാം ജീനക്കായി അവന്റെ കണ്ണുകളും പരതുന്നുണ്ടായിരുന്നു.
വിവേകും കൂട്ടരും പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചെറുതായി ഒന്ന് ഫ്രീ ആയത്. പുറത്തുള്ള ആവിശ്യങ്ങൾക്ക് അവന്റെ കൂട്ടുകാർ ഓടുന്നുണ്ടായിരുന്നു. അവരുടെ അനിയത്തിയുടെ കല്യാണം ആയി തന്നെ ആയിരുന്നു ശ്രീഹരിയുടെ കൂട്ടുകാരെല്ലാം ആ കല്യാണത്തെ കണക്കാക്കിയിരുന്നത്.
ബന്ധുക്കളിൽ ഒരാളെ യാത്ര ആക്കാനായി ഗേറ്റിനു അരികിലേക്ക് നടക്കുമ്പോഴാണ് ക്ലാരയും ഭർത്താവും കൊച്ചുമായി അവന് എതിരെ നടന്നു വന്നത്.
ശ്രീഹരി ഒരു പുഞ്ചിരിയോടെ അവരെ എതിരേറ്റ ശേഷം ബന്ധുവിനെ പെട്ടെന്ന് യാത്രയാക്കി അവർക്ക് അരികിലേക്ക് നടന്നു വന്നു.
കല്യാണം വിളിക്കാൻ പോകുമ്പോൾ ക്ലാരയുടെ ഭർത്താവിനെ അവൻ നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. ക്ലാരയുടെ തോളിൽ കിടക്കുകയായിരുന്നു അവരുടെ രണ്ടു വയസ് പ്രായമുള്ള മോള്.
അവരുടെ അരികിൽ എത്തിയ ശ്രീഹരി അവളുടെ ഭർത്താവിന് കൈ കൊണ്ടുത ശേഷം അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് നടക്കുന്നതിനിടയിൽ ക്ലാര ചോദിച്ചു.
“അനിയത്തിയുടെ കല്യാണമായി നല്ല ഓട്ടത്തിൽ ആണല്ലേ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“എന്നേക്കാൾ നന്നായി അകത്തു മറ്റൊരാൾ ഓടുന്നുണ്ട്.”
ക്ലാര ആകാംഷയോടെ ചോദിച്ചു.
“അതാര്?”
“ജീന..”
“അവൾക്ക് പിന്നെ പണ്ടേ എവിടെയും അടങ്ങി ഒതുങ്ങി ഇരുന്നു വിശ്രമിക്കുന്ന ശീലം ഇല്ലല്ലോ.”
അപ്പോഴേക്കും അവർ സ്റ്റേജിനു അരികിൽ എത്തിയിരുന്നു. ക്ലാരയെ കണ്ടതും ജീന വിദ്യയുടെ അരികിൽ നിന്നും ഓടി അവരുടെ അരികിൽ എത്തി.
ജീനയുടെ കൈ പിടിച്ച്കൊണ്ട് ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“നിന്റെ കൊച്ച് ഇന്ന് ഒടുക്കത്തെ സുന്ദരി ആണല്ലോടാ.”
ജീന ഒരു നാണത്തോടെ ശ്രീഹരിയെ നോക്കി. അതിനു ശേഷം അവരെയും കൂട്ടി വിദ്യയുടെ അടുത്തേക്ക് നടന്നു.
അവർ ഫോട്ടോയൊക്കെ എടുത്തിട്ട് വരുന്നവരെയും ശ്രീഹരി അവരെയും കാത്തു താഴെ നിന്നു. ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞ് ക്ലാര ശ്രീഹരിയുടെ അടുത്തേക്ക് വന്നപ്പോൾ ജീനയും അവൾക്കൊപ്പം വന്നു.
ശ്രീഹരി ജീനയോട് പറഞ്ഞു.
“ഇവരെ കഴിക്കാനായി കൊണ്ടു പോ.”
ക്ലാര പെട്ടെന്ന് പറഞ്ഞു.
“കഴിക്കാൻ നിൽക്കുന്നില്ലടാ, ഞങ്ങൾ ഇറങ്ങുവാ.. ഇച്ചായന്റെ വീട്ടിലേക്ക് പോകുന്ന വഴിയാ ഞങ്ങൾ ഇവിടെ കയറിയത്.”
“അപ്പോൾ ചേച്ചി നാളെ കല്യാണത്തിന് വരില്ലേ?”
“ഇല്ല മോളെ.. ഇന്ന് രാത്രി തന്നെ അത്യാവിശ്യമായി ഞങ്ങൾക്ക് അങ്ങ് എത്തണം.”
