എന്റെ നിലാപക്ഷി – 8 40അടിപൊളി 

“ഇതാർക്കാണ് ഇത്രയും ചോക്ലേറ്റ്?”

“ചേച്ചിടെ മോൾക്കാണ്.”

തന്നെ വളരെയധികം ദ്രോഹിച്ച ഒരാളുടെ മകൾക്ക് ചോക്ലേറ്റും വാങ്ങി പോകുന്ന ജീനയെ കണ്ട് അവനു അദ്‌ഭുതം തോന്നാതിരുന്നില്ല. പിന്നെ അവൻ ചിന്തിച്ചു.

അല്ലെങ്കിൽ തന്നെ ഒന്നും അറിയാത്ത ആ കൊച്ചു എന്ത് തെറ്റാണ് ചെയ്തത്.

അവർ ജീനയുടെ വീടിന് മുന്നിൽ എത്തുമ്പോൾ വാക്ക് പാലിച്ച് കൊണ്ട് റാം അവിടെ ഉണ്ടായിരുന്നു. കൂടെ ഗുണ്ടകൾ എന്ന് രൂപ ഭാവത്തിൽ തോന്നിക്കുന്ന കുറച്ച് പേരും. അവരുടെ ഇടയിൽ നിസഹായനായി റോയിയും നിൽക്കുന്നു.

ശ്രീഹരിയും ജീനയും കാറിൽ നിന്നും ഇറങ്ങിയപ്പോൾ റാം അവരുടെ അടുത്തേക്ക് വന്നു ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ഞാൻ റോയിയോട് സംസാരിച്ചു. നിങ്ങൾ ഇവിടെ വന്നതിൽ അവന് ഒരു ബുദ്ധിമുട്ടും ഇല്ല.”

ശ്രീഹരിയും ജീനയും റോയിയുടെ മുഖത്തേക്ക് നോക്കി.

അവൻ രൂക്ഷ ഭാവത്തിൽ ഇരുവരെയും നോക്കുന്നുണ്ട്. പക്ഷെ പ്രതികരിക്കാൻ പറ്റാത്ത ഒരു സാഹചര്യവും.

ജീനയുടെ മുഖത്ത് പുച്ഛവും വെറുപ്പും നിറഞ്ഞിരുന്ന ഒരു ഭാവമായിരുന്നു.

ശ്രീഹരിയുടെ ശബ്‌ദം അവളുടെ കാതിൽ പതിച്ചു.

“പോയി എന്താണ് വേണുന്നതെന്ന് വച്ചാൽ എടുത്തിട്ട് വാ.”

“ഇച്ചായനും കൂടി വാ..”

“ഞാൻ വന്നേക്കാം. നീ പൊയ്ക്കോ.”

കൈയിൽ ചോക്ലേറ്റ് കവറുമായി ജീന വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് തന്നെ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ ഭയം നിറഞ്ഞ മുഖത്തോടെ അവളുടെ ചേച്ചിയും നിൽപ്പുണ്ടായിരുന്നു. കൂടെ ഒരു അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെങ്കൊച്ചും.

ജീന അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ റാം ശ്രീഹരിയോട് ചോദിച്ചു.

“എന്താ നിന്റെ ഉദ്ദേശം?”

ശ്രീഹരി ചോദിച്ചത് മനസിലായില്ല എന്നുള്ള രീതിയിൽ റാമിനെ നോക്കി.

“ഇവളെ ഇവിടെ നിന്നും നീ കൂട്ടികൊണ്ട് പോയി.. കൂടെ താമസിപ്പിച്ചു.. ഓഫീസിൽ ജോലി കൊടുത്തു.. ഇപ്പോൾ നിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. ഇതിന്റെയൊക്കെ അർദ്ധം ആണ് ഞാൻ ചോദിച്ചത്.”

അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“ഒരു ലക്ഷ്യവും ഇല്ലാതെ കുറെ പണത്തിനായി മാത്രം ജീവിക്കുവായിരുന്നു ഞാൻ. ഒന്ന് സന്തോഷിക്കാനോ മനസറിഞ്ഞ് ചിരിക്കാനോ എനിക്കന്ന് കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ ജീനയുടെ സാമിപ്യം അതിൽ നിന്നെല്ലാം ഒരു മാറ്റം എന്നിൽ ഉണ്ടാക്കിയിരിക്കുന്നു. ഞാൻ ഇപ്പോൾ എന്റെ ജീവിതം ആസ്വദിക്കുന്നുണ്ട്.”

റാം കുറച്ച് നേരം അവനെ നോക്കി നിന്ന ശേഷം പറഞ്ഞു.

“അവളുടെ സാമിപ്യം നിനക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും ഒരിക്കലും നീ അവളെ വിട്ടു കളയരുത്..

ഒരു നിമിഷം നിശബ്‌ദനായ ശേഷം റാം തുടർന്ന്.

“അവൾക്ക് സംഭവിച്ചതെല്ലാം മറന്ന് നിനക്കവളെ അങ്ങ് കല്യാണം കഴിച്ചൂടെ.”

ഒരു പുഞ്ചിരിയോടെ ആണ് ശ്രീഹരി അതിനു മറുപടി നൽകിയത്.

“അവളുടെ ഒരു മുൻകാല ചരിത്രവും എനിക്കൊരു വിഷയമേ അല്ല. പക്ഷെ ഞാൻ കല്യാണം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാലും അവൾ അതിന് സമ്മതിക്കുകയില്ല.”

റാം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ശ്രീഹരി ജീനയുടെ അടുത്തേക്ക് നടന്നു.

ജീന നടന്നു വരുന്നത് കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു അവളുടെ ചേച്ചി. അവൾ ധരിച്ചിരിക്കുന്ന വില കൂടിയ ഡ്രെസ്സും അവളുടെ വർധിച്ച സൗന്ദര്യവും എല്ലാം ചേച്ചിയെ അദ്‌ഭുതപെടുത്തി.

ജീന ചേച്ചിയെ ശ്രദ്ധിക്കാതെ ഇല്ല. അവളെ നോക്കി ചിരിക്കുന്ന കൊച്ചിന്റെ മുഖത്ത് തന്നെയായിരുന്നു അവളുടെ ശ്രദ്ധ. ജീന ഒരു പുഞ്ചിരിയോടെ ആ കൊച്ചിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന്, എന്നിട്ടു കവിളുകളിൽ ഉമ്മ വച്ചു. അപ്പോഴേക്കും ശ്രീഹരിയും മുറ്റത്ത് എത്തിയിരുന്നു.

ചോക്ലേറ്റ് കൊച്ചിന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

“ഇത് മൊത്തം മോൾക്കുള്ളതാണ് കേട്ടോ.”

ചോക്ലേറ്റ് വാങ്ങിക്കൊണ്ടു കൊച്ചു തലയാട്ടി ചിരിച്ചു.

തറയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ജീന ആരോടെന്നില്ലാതെ ചേച്ചി കേൾക്കാനായി പറഞ്ഞു.

“ഞാൻ എന്റെ അപ്പന്റെയും അമ്മയുടെയും ഫോട്ടോ എടുക്കാനായി വന്നതാണ്.”

Leave a Reply

Your email address will not be published. Required fields are marked *