ഒരു പ്രണയകഥ 4

വൈകുന്നേരം ബീച്ചിൽ ഇരുന്ന് സെൽഫിയെടുത്തു കളിക്കുമ്പോ സൈതാലിക്കയുടെ ഫോൺ വന്നു… പടച്ചോനെ പണി പാളിയോ.. ഷാനു എല്ലാം ഉപ്പയോട് പറഞ്ഞു കാണുവോ.. ഇക്കയെ ഇനിയെങ്ങനെ ഫേസ് ചെയ്യും.. ഫോണെടുക്കാതെ സ്‌ക്രീനിലേക് നോക്കിനിന്നു. കട്ടായപ്പോ സമാദാനമായി…

ഫോൺ സൈലന്റ് ആക്കിയിടാൻ ലോഗോ വലിച്ചപ്പോ വീണ്ടും ഫോൺ.. ഉപ്പയാണ്… അള്ളാഹ് എല്ലാരും അറിഞ്ഞിട്ട് ഉണ്ട്. ഈ പെണ്ണിനെ എന്റെ കയ്യിൽകിട്ടിയാൽ ഞാൻ കൊല്ലും.. ഉപ്പയോട് സംസാരിക്കാതിരുന്നിട്ടെന്താ വരുന്നതൊക്കെ വരട്ടെ എന്നും കരുതി ഞാൻ ഫ്രണ്ട്സിൽ നിന്ന് അല്പം മാറിനിന്ന് ഫോണെടുത്തു…
പേടിയോടെ ഇടറിയ സ്വരത്തിൽ ഞാൻ ഹലോ എന്നു പറഞ്ഞൊപ്പിച്ചു. ഉപ്പയുടെ ശകാരം ആണ് കേട്ടത്.
“എവിടായിരുന്നെടാ… ഇക്ക വിളിച്ചിട്ടും എടുത്തില്ല. വീട്ടിൽ വിളിച്ചപ്പോ രാവിലെ പോയതാണെന്നും പറഞ്ഞു… എന്തിനാ നിനക്കൊക്കെ ഫോൺ.. ആവശ്യത്തിന് വിളിച്ചാലും കിട്ടില്ല…”

അത്‌ ഞാൻ….. ഫോൺ സൈലന്റായത് കണ്ടില്ല..

” ഹും.. നീ വേഗം വീട്ടിലേക് ചെല്ല്… അയിഷാത്തയുടെ ഉപ്പ മരിച്ചു… അവരെയൊന്ന് ഇടിക്കിയിൽ കൊണ്ടാക്കണം. ”
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ…
എപ്പോഴാ മരിച്ചത് ..

“ഇപ്പൊ മരിച്ചിട്ടേ ഒള്ളൂ.. അസുഖമൊന്നും ഇല്ലായിരുന്നു. പെട്ടെന്നൊരു നെഞ്ചുവേദന വന്നതാ.. ഹോസ്പിറ്റലിലെത്തിയപ്പോയേക് മരിച്ചിരുന്നു എന്നാ പറഞ്ഞത്… പിന്നെ അയിഷാത്ത അറിഞ്ഞിട്ടില്ല. ഹോസ്പിറ്റലിലാണെന്നാ പറഞ്ഞിട്ടുള്ളത്. ഉമ്മ നിന്റൊപ്പം ഉണ്ടാകും നാളെ മയ്യത്ത് എടുത്തിട്ട് തിരിച്ചുപോന്നാൽ മതി ട്ടൊ.. “
ആ ശെരി ഉപ്പ.. എന്നാ ഞാൻ വീട്ടിലോട് പോവട്ടെ…

ഫോൺ വെച്ചു ഞാനൊന്ന് നെടുവീർപ്പിട്ടു.. ഇത്രേ ഉള്ളോ .. ഞാനൊത്തിരി പ്രതീക്ഷിച്ചു… എല്ലാം അവരറിഞ്ഞ സ്ഥിതിക്ക് കല്യാണം പെട്ടെന്ന് നടത്തിത്തരുമെന്നൊക്കെ സ്വപ്നം കണ്ടതാ… എല്ലാം വെറുതെയായിപ്പോയി…
ബീച്ചിൽ നിന്ന് ഫ്രണ്ട്സിനോട് വിവരം പറഞ് ഞങ്ങൾ വീട്ടിലേക് പുറപ്പെട്ടു… ഫ്രണ്ട്സിനെ അങ്ങാടിയിലിറക്കി വീട്ടിലെത്തിയപ്പോ ഉമ്മ കവറൊക്കെ പിടിച്ചു പർദ്ദയിട്ട് റെഡിയായി നില്കുന്നു… പെട്ടെന്ന് റെഡിയായി വാ ടാ.. എന്തേലും കഴിച്ചു മഗ്‌രിബ് നിസ്കരിച്ചു പുറപ്പെടാം…

ഉമ്മ പറഞ്ഞപോലെ വീട്ടിൽനിന്നുതന്നെ നിസ്കരിച് ഞങ്ങൾ സൈതാലിക്കയുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോ വീടും പൂട്ടി ഇറങ്ങിനില്കുന്നുണ്ട് അയിഷാത്തയും മക്കളും.. ഷാനുവിനെ ഒന്ന് നോക്കി.. മുഖം തായ്തി കാറിൽ കയറിയതല്ലാതെ എന്നെ നോക്കിയില്ല…

വണ്ടി ഇടുക്കിയിലേക് പുറപ്പെട്ടു… സെൻട്രൽ മിററിൽ അവളുടെ മുഖമെനിക്ക് കാണാം…തലയും തായ്തി ഇരിപ്പാണ് ഉമ്മയും അയിഷാത്തയും ഓരോന്ന് പറയുന്നുണ്ട്.. മരണ വിവരം അറിയിക്കാനാവാതെ ഉമ്മ പാടുപെടുന്നുണ്ട്. വീട്ടിലെത്താനാവുമ്പോ പറഞ്ഞാൽ മതിയെന്ന് ഉപ്പ ഉമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു.

ഉപ്പക്കൊരു അസുഖവും ഇല്ലായിരുന്നു.. ഇപ്പൊ എന്താണാവോ പറ്റിയെ. ഉമ്മക്കെ ഇല്ലാത്ത അസുഗല്ല്യ. പ്രഷറും ഷുഗറും തൈറോയിഡും ഒക്കെ ണ്ട്. ഉപ്പ പറയും മേലനങ്ങാത്തൊണ്ട അതൊക്കെ ഉണ്ടാവുന്നെ ന്ന്… എപ്പോഴും തൊടിയിലെന്തെലും പണിയായിരിക്കും ഉപ്പാക്.. പടച്ചോനെ ന്റുപ്പാന്റെ ആയുസ്സിനെ നീട്ടിക്കൊടുക്കണേ അള്ളാഹ്… “അയിഷാത്തക്ക്‌ അറിയില്ലല്ലോ ഉപ്പയുടെ ആയുസ്സ് തീർന്നെന്ന്…

ആയിഷാത്തയുടെ സംസാരം വേദനയോടെ ഉമ്മയും ഞാനും കേട്ടിരുന്നു.

ഒമ്പതു മണിയായപ്പോ ഭക്ഷണം എന്തേലും വേണോ എന്ന് ചോദിച്ചപ്പോ അവരും കഴിച്ചിട്ടാ പോന്നതെന്നാണ് പറഞ്ഞത്. അത്യാവശ്യത്തിന് വെള്ളവും മറ്റും അവരുടെ കയ്യിലുണ്ടായിരുന്നു…

ഒരു തട്ടുകട കണ്ടപ്പോ എല്ലാര്ക്കും ഞാനൊരു ഒമ്ബ്ലെറ്റ് വാങ്ങിക്കൊടുത്തു… ഷാനുവിന് കൊടുത്തപ്പോ വേണ്ടാ എന്നുപറഞ്ഞു. ഉമ്മ നിര്ബന്ധിച്ചപ്പോ എന്റെ മുഖത്തു നോക്കാതെ വാങ്ങിക്കഴിച്ചു….

ഒരു പതിനൊന്ന് മണിവരെ എല്ലാരും സംസാരിച്ചിരുന്നു… പതിനൊന്നര ആയപ്പോ മിണ്ടാട്ടമില്ല.. എല്ലാരും സൈഡായിട്ടുണ്ട്…ഒന്ന് മിണ്ടാൻ പോലും ആരുമില്ല. ഉറക്കം വരാതിരിക്കാൻ ഞാൻ പാടുപെട്ടു.. ഷാനുവിന്റെ മുഖമിപ്പോ സീറ്റിൽ ചാരിക്കിടന്നുറങ്ങുന്നൊണ്ട് നന്നായിട്ട് കാണാം.. അതെനിക്ക് വല്ലാത്തൊരു ഉണർവ് നൽകി…

Leave a Reply

Your email address will not be published. Required fields are marked *