എനിക്കൊരു മറുപടി തരണം. പെട്ടെന്ന് വേണ്ടാ. ആലോചിച്ചു തീരുമാനിക്ക്…
മെസേജ് സെന്റിയപ്പോ ബ്ലോക്ക് ആണ്.. ഈ പെണ്ണിനെ ഫോണിലൂടെ വളക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അവളുടെ കുടുംബ ചരിത്രവും ഇന്നലെ നടന്നത് വരെയും പറഞ്ഞിട്ട് ഒരു പരിചയക്കാരന്റെ സ്ഥാനം പോലും തന്നില്ല .
നിന്നെയൊക്കെ വെറുതെ വിടാൻ പറ്റുവോ ഞാൻ നാട്ടിൽ വന്നിട്ട് വളക്കുമെടി നോക്കിക്കോ.. ഓരോന്ന് മനസ്സിൽ പറഞ് ഞാൻ സമദാനിച്ചു…
അടുത്ത മാസം എന്റെ ചങ്ക് ബ്രോ നിഷാമിന്റെ മേരേജ് ആണ്. ഉപ്പയോട് അറിഞ്ഞപ്പോ തന്നെ ലീവിന് അപ്ലൈ ചെയ്തു… പതിനഞ്ച് ദിവസത്തിനാണ് ലീവുകിട്ടിയത്. എന്നാലും വേണ്ടില്ല. ഷാനുവിനെ കാണുകയും ചെയ്യാം കല്യാണം ജോറാകുകയും ചെയ്യാം… സന്തോഷത്തോടെ ഞാൻ ആ നാളിനു വേണ്ടി കാത്തിരുന്നു.നിഷാമിന്റെ കല്യാണത്തിന് രണ്ടുദിവസം മുമ്പത്തേക്കാണ് ഞാൻ ടിക്കറ്റ് എടുത്തത്. സൈതാലിക്കയോട് വീട്ടിലേക് കൊടുത്തയക്കാൻ പ്രത്യേകം ചോദിച്ചുവാങ്ങി. എന്റെ വക അവൾക് കുറച്ചു ചോക്‌ളേറ്റും വാങ്ങിച്ചു. അത്യാവശ്യം വീട്ടിലേക് വേണ്ടതൊക്കെ ഉപ്പയാണ് വാങ്ങിയത്. സന്തോഷത്തോടെ ആ നാടിനോട് വിടപറഞ് മൂന്ന് മാസത്തെ പ്രവാസം അവസാനിപ്പിച്ചു ഞാൻ മടങ്ങി.
നാട്ടിലെത്തിയ അന്ന് തന്നെ കല്യാണത്തിന് എനിക്കിടാനുള്ള ഡ്രെസ്സെടുക്കാന് ഫ്രണ്ട്സെല്ലാം കാത്തിരിക്കുകയായൊണ്ട് ഷാനുവിനെ കാണാൻ പറ്റിയില്ല. കല്യാണത്തിരക്കും കഴിഞ് തിങ്കളാഴ്ച വൈകിട്ട് അവള് ബസ്സിറങ്ങുന്ന സ്റ്റോപ്പിൽ ഞാൻ എന്റെ ഫ്രണ്ടിനോട് സംസാരിച്ചുകൊണ്ട് കാത്തിരുന്നു. അവള് വന്നിറങ്ങി. ഞാൻ അടുത്തേക് കവറുമായിച്ചെന്നു. ഷംനയല്ലേ എന്നും ചോദിച്ച് കവർ അവൾക്കുനേരെ നീട്ടി.. ഒരു രൂക്ഷമായ നോട്ടത്തോടെ കവർ വാങ്ങാതെ തല തിരിച് അവള് നടക്കാൻ തുടങ്ങി. ഇതുവാങ്ങിക്കെടി എന്നും പറഞ് ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ഒട്ടും പീതീക്ഷിക്കാതെ അവളുടെ കൈ എന്റെ മുഖത്തു പതിച്ചു.. നിന്റെ കെട്ടിയോൾക് കൊണ്ടുകൊടുക്കെടാ എന്നും പറഞ്ഞവൾ ധൃതിയിൽ നടന്നുപോയി… ഒരുനിമിഷം ഞാൻ അടികിട്ടിയ കവിളിൽ കൈവെച്ചു തരിച്ചുനിന്നു.. ടാ എന്താടാ പ്രശ്നം. ഏതാടാ ആ പെണ്ണ്… എന്നു അർഷദ് ചോദിച്ചപ്പോഴാ പരിസരബോധം വന്നത്. അവിടുള്ള വിരലിലെണ്ണാവുന്നവരൊക്കെ എന്നെ നോക്കി പല്ലിളിക്കുന്നു…
അര്ഷദിനോട് കാര്യം പറഞ് കേറെടാ എന്നും പറഞ് ഞങ്ങൾ അവളുടെ വീട്ടിലേക് പോയി… അവളെ കയ്യിൽകിട്ടിയാൽ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. ഓളെ ബാപ്പ തന്നയച്ച കവർ കൊടുക്കാനല്ലേ പോയത്.എന്നിട്ട് ഒന്നും മിണ്ടാതെ അടിക്കാൻ അവളാരാ. അതും നാട്ടുകാരുടെ മുമ്പിൽ വെച്ച്.
അർഷാദും ഇതുതന്നെ പറഞ്ഞപ്പോ ദേഷ്യം ഒന്നൂടെ കൂടി. വീട്ടിലെത്തി ആയിഷാത്തയോട് സലാം പറഞ്ഞ് ഞങ്ങളകത്തേക് കയറി. അവളെ കാണുന്നില്ല. മക്കളൊക്കെ എവിടെ അയിഷാത്ത എന്നു ചോദിച്ചു. ക്ലാസ് കഴിഞ്ഞു വന്ന് കുളിക്കാൻ പോയ്യിട്ടുണ്ടാവും എന്നായിരുന്നു മറുപടി.. ആയിഷാത്ത ചായയും പലഹാരവും കൊണ്ടുവെച്ച് ഞങ്ങളെ കഴിക്കാൻ വിളിച്ചു. ടേബിളിൽ ഇരിക്കാൻ പോയപ്പോഴാണ് അവളുടെ അനിയത്തിമാർ ഇറങ്ങിവന്നത്. ഞങ്ങളെ കണ്ടപ്പോ ചിരിച്ചുകൊണ്ട് ഉമ്മാന്റെ അടുത്തേക് നീങ്ങിനിന്നു.
മക്കളെത്രെയിലാ പഠിക്കുന്നെ…
ഇളയ മോള് വേഗം മറുപടി തന്നു… “ഞാൻ നാലിലും ഇത്ത ഏഴിലും. “
ആ ഷെഹ്‌സ മിടുക്കിയാണല്ലോ.. ഈ ഷെഹ്‌മക്കുട്ടി മിണ്ടില്ലെ…
“അവൾക്കിത്തിരി നാണമാ.. ഇവളു വായാടിയും.” അയിഷാത്തയാണ് മറുപടി തന്നത്…
അപ്പൊ ഷെഹ്‌സക്കുട്ടി നിന്റെ ഷാനു ത്തയോ..
അള്ളോഹ് എന്നും പറഞ്ഞ് ഷെഹ്‌സയും ഷെഹ്‌മയും അകത്തേക്കു പോയി…
അവള് ഞങ്ങളെയൊക്കെ ഭരിക്കുന്ന രാജാവല്ലേ.. ഇവളുമാർക്കൊക്കെ വലിയ ബഹുമാനാ.. മൂത്തകുട്ടിയല്ലേ അതിന്റെ തന്റേടമൊക്കെ അള്ളാഹ് കൊടുത്തിട്ടുണ്ട്..ഷാനു ഒരു ആണ്കുട്ടിയാണെന്നാ എല്ലാരും പറയാ…
ആണ്കുട്ടികളില്ലാത്തോണ്ട് പടച്ചോൻ അങ്ങിനെ തന്നതാവും…
അയിഷാത്തയുടെ സെന്റി തുടങ്ങി….
