ഒരു പ്രണയകഥ

നാട്ടിൽ വന്നിട്ട് അനിയനെ കണ്ടിട്ടില്ല. അവനീ വർഷം എൻട്രൻസിൽ സീറ്റ് കിട്ടി പോയതാ. പൂനയിൽ ആണ് പഠിക്കുന്നത്..അവിടെ പഠിച്ചാലേ ഡോക്ടറാവൂ എന്നാ അവനോട് ഏതോ ഒരു സാറ് പറഞ്ഞതത്രെ… നാളെ വരുന്നുണ്ട് എന്നെക്കാണാൻ…ഇന്നെനിക്ക് ഒരു ചെറിയ പണിയുണ്ട്. അവന്റെ റൂമിന്റെ ഡോറിൽ dr.ഷെഹ്‌സാദ് എന്നെഴുതിവെക്കണം.. അവനെ ഒന്ന് ശശി ആകാനാ.. Inn… out ഒക്കെ വെക്കണം..

വൈകീട്ട് ഷെഹിയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോയി…അർഷാദും കൂടെയുണ്ട്.. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ഷെഹി ഒടുക്കത്തെ സെന്റി… മതിയെടാ ആളുകൾ ശ്രദ്ധിക്കുന്നു… അർഷദ് പറയുന്നെ കേട്ടാണ് അവനെന്നെ വിട്ടത്.

ആദ്യമൊക്കെ ഞാനും ഷെഹിയും ഭയങ്കര കൂട്ടായിരുന്നു… ഞാൻ എം ബി എ ക്ക്‌ പോയപ്പോ ഉമ്മയെക്കാൾ കൂടുതൽ അവനെയാണ് മിസ് ചെയ്തത്.. മാസത്തിൽ ഒരിക്കൽ ക്കാണാൻ വന്നില്ലെങ്കിൽ അവൻ പിണങ്ങും.. പഠനം കഴിഞ് ഞാൻ വന്നപ്പോ ഒരുമാസം കൂടെനിന്നപ്പോയെക് അവൻ പൂനയിൽ പോയി.. ഞാനൊരു പ്രവാസിയുമായി. ഇപ്പൊ ആദ്യായിട്ടാ അവനെക്കാണാതെ മൂന്നര മാസം… പിന്നെങ്ങനാ അവനെന്നെ വിടുന്നത്.. വീട്ടിലേക്കുള്ള യാത്രയിൽ വാ തോരാതെ ഞങ്ങൾ സംസാരിച്ചു…. വീട്ടിലെത്തിയപ്പോ ഏഴുമണിയായിരുന്നു… ഉമ്മയെ കണ്ടപ്പോ കെട്ടിപ്പിടിച് വിശേഷം ചോദിച്ചറിഞ്ഞോണ്ടിരിക്കുമ്പോ ഷാനു അങ്ങോട്ട് വന്നു.

“ഹായ് ഷെഹി “

ഷാനു നീയെന്താ ഫോണെടുക്കാഞ്ഞേ… ഞാൻ ഒത്തിരി വിളിച്ചു. നീ പറഞ്ഞ ബുക്കില്ല. വേറെ ഏതാ വേണ്ടേ എന്നുചോദിക്കാനാ വിളിച്ചത്…

“ഞാൻ സൈലന്റ് ആക്കിയിരുന്നു… കുറേ കഴിഞ്ഞാ കണ്ടത്.. അപ്പൊ തിരിച്ചു വിളിച്ചല്ലോ.. നീ പരിധിക്ക് പുറത്താണെന്ന് പറഞ്ഞു… “

ആ ഞാനപ്പോ ട്രെയിനിൽ കയറിയിട്ടുണ്ടാവും… എന്തായാലും എനിക്കിഷ്ടപ്പെട്ടത് വാങ്ങിയിട്ടുണ്ട്.. അത്‌ വായിച്ചോ…

” ആയിക്കോട്ടെ ഡോക്ടറെ… “ഷാനു ചിരിച്ചുകൊണ്ട് ഇങ്ങിനെ സംസാരിക്കുന്നത് ആദ്യായിട്ടാ കാണുന്നെ… ഷെഹിയെ ഇവൾക്കറിയുവോ… അറിയാതെ പിന്നെ ഇങ്ങിനെ സംസാരിക്കുമോ… എല്ലാവരും കൂടി അകത്തേക്കു കയറി… സോഫയിലിരുന്ന് സംസാരിക്കുമ്പോ ഷാനു അവന്റെ അടുത് പോയി ഇരുന്നു.. പിന്നെ അവിടെ ഭയങ്കര കത്തിയായിരുന്നു രണ്ടുപേരും.. ഉമ്മ ഇടക്കിടക്ക് കൈകൊട്ടി ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്… അവന്റെ പൂനെയിലെ വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും പറഞ് പറഞ് എട്ടുമണിയായി… ഷാനുവിനെ ഇങ്ങിനെ ചിരിച്ചുകാണാൻ ഞാനെത്ര കൊതിച്ചതാ… ഷെഹിയോട് ഇങ്ങിനെ അടുത്തിടപഴകുന്നത് കണ്ടപ്പോ ഉള്ളിൽ അസൂയ തോന്നി…. ഇടക്ക് ഷെഹി എന്നോട് ഇക്കയെന്താ ഒന്നും മിണ്ടാത്തെ എന്നുചോദിച്ചു… നിനക്ക് ഇവളെ കിട്ടിയപ്പോ ഞമ്മളെയൊന്നും വേണ്ടല്ലോ….

“ഇക്കാ… ഇവളോട് ഇക്ക സംസാരിക്കാത്തൊണ്ടാവും.. ഇതൊരു നേരമ്പോക്കാ… “

ഞാൻ നേരമ്പോക്കാണല്ലേ… എന്നും പറഞ് ഷെഹിയുടെ തലക്കിട്ടൊന്നു കൊടുത്തു അവളോടി…. ഉമ്മ ഇതുനോക്കി എന്നു പറഞ് ഷെഹി ഉമ്മയുടെ മടിയിൽ തലവെച്ചു കിടന്നു… തലയിൽ തലോടിക്കൊടുത് ഉമ്മപറയുന്നുണ്ട് നീ അവളെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ന്ന്…

നിനക്കെങ്ങിനെ ഇവളെ ഇത്ര പരിജയം…

“ഇക്ക.. ഞങ്ങളൊരു സ്കൂളിലല്ലായിരുന്നോ പ്ലസ് റ്റുവിന്.. ഇവൾക് സ്കൂളിലെന്നെ മാത്രേ അറിയത്തൊള്ളൂ… അവള് കൊമേഴ്സും ഞാൻ സയൻസും ആണെങ്കിലും ഒരുമിച്ചായിരുന്നു വരവും പോക്കും… ലഞ്ച് ബ്രെയ്ക്കിന് എന്നെ കണ്ടാൽ പിന്നെ പറയണ്ട…ഒടുക്കത്തെ സംശയമാ ഇവൾക്… എന്നോടുള്ള ഇവളുടെ പെരുമാറ്റം കണ്ടിട്ട് ഒരേ ഏജ് ആയോണ്ടാവും നിങ്ങള് ട്വിൻസ് ആണോന്ന് ചോദിക്കാത്ത ടീച്ചേയ്സിലായിരുന്നു ..

ഞാനെന്റെ സിസ് ആണെന്ന് പറഞ് മടുത്തു… അതൊന്നും അല്ലായിരുന്നു എന്റെ ടെൻഷൻ… കുറേ മൊഞ്ചത്തി കുട്ടികളെന്നെ നോക്കിയിരുന്നു. അവരെയൊക്കെ എന്റെ ബ്രോ യെ നോക്കിയാ നിന്റെ വീട്ടിൽ പോയി പറയുമെന്ന് പറഞ്ഞിവൾ ഭീഷണിപ്പെടുത്തും…ഒന്ന് പ്രേമിക്കാൻ പോലും എന്നെ സമ്മതിച്ചില്ല…. ഇവളെ പേടിച്ചാ ഞാൻ പൂനയിൽപോയത് എന്ന എന്റെ ഫ്രണ്ട്സ് പറയുന്നെ…. അങ്ങിനെ അല്ലെങ്കിലും ഞാനിപ്പോ ഫ്രീയാ… അവിടുത്തെ പെൺപിള്ളേരാണെങ്കിൽ ഭയങ്കര ഗ്ലാമറും…ശെരിക്കും ജോളി യായിട്ട് പോകുന്നു…. “

ആഹാ… മോനപ്പോ പഠിക്കാനൊന്നുമല്ലല്ലേ പോകുന്നത്… വായിനോക്കി…. നിന്നെ ഞാനിന്നു കാണിച്ചുതരാം എന്നും പറഞ് ഞാനെണീറ്റു… കൊടുക്കെടാ… ഇവന് നാല് അ ടിന്റെ കുറവുണ്ട്…

ഉമ്മ പറയുമ്പോഴവക് ഷെഹി ഓടി റൂമിൽകയറി….

കളിയും ചിരിയും തമാശയും അടിയും വയക്കുമായി വീടെനിക്ക് സ്വർഗ്ഗമായി തോന്നി… ഷെഹി വന്നേൽ പിന്നെ അവളെ തനിച്ചു ഞാൻ കണ്ടിട്ടില്ല… എപ്പോഴും രണ്ടും കൂടി കലപില സൗണ്ടായിരുന്നു..

തിങ്കളാഴ്ച പോകണല്ലോ എന്നോർത്തപ്പോ വല്ലാത്ത സങ്കടം… വീട് വിട്ട്… ഷാനുവിനെ വിട്ട് അനിയനെയും ഉമ്മനെയും വിട്ട് പ്രവാസത്തിലേക് പോകേണ്ടതാണല്ലോ… ഞായർ രാവിലെ ഷെഹി പോകും.. അവന് തിങ്കളാഴ്ച ക്ലാസുണ്ട്.. ഷാനുവിന്റെ ഉമ്മ ഞായറാഴ്ച വരും.തിങ്കളാഴ്ചത്തെ അനിയത്തിമാരുടെ ക്ലാസ്സിനി കളയേണ്ടല്ലോ. എല്ലാരും പോയിക്കഴിഞ്ഞാൽ ഉമ്മ തനിച്ചാവും.കൂട്ടിന് ജോലിക്കാര് മാത്രേ ഉണ്ടാവൂ… പാവം ഉമ്മ… ഞാൻ പോയിട്ട് ഉപ്പയെ വേകമിങ് പറഞ്ഞയക്കണം… ഉമ്മാക് കൂട്ടവുമല്ലോ… മനസേവിടെയൊക്കെയോ സഞ്ചരിക്കുന്നുണ്ട്… ഉറക്കം തഴുകുംവരെ ഞാനവളുടെ ഫോട്ടോയും നോക്കിനിന്നു…..

സുബ്ഹിക്ക് ഷെഹിയും ഞാനും ഒരുമിച്ചാണ് പള്ളിയിൽ പോയത്.. നിസ്കാരം കഴിഞ് ഷെഹി ഫ്രണ്ട്സിനെ കണ്ട് യാത്ര പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞിറങ്ങി.. അവൻ പോകുന്നതുകൊണ്ടാവണം എനിക്ക് ജോഗിംഗിന് പോകാൻ തോന്നിയില്ല.. നേരെ വീട്ടിലേക് പോയി… വീട്ടിലേക് കയറിയപ്പോ ഉമ്മയും ഷാനുവും ഖുർഹാൻ ഓതുകയാണ്… ഞാൻ അതുകേട്ടുകൊണ്ട് സിറ്റൗട്ടിൽ ഇരുന്നു…ഓത്തിന്റെ നിയമങ്ങളൊക്കെ പാലിച് സാവദാനത്തിൽ ഈണത്തിലുള്ള ഷാനുവിന്റെ ഓത്ത് കേട്ട് ഞാനതിൽ ലയിച്ചുപോയി… സങ്കടങ്ങളെല്ലാം മാറി മനസ്സിന് സമാദാനം കിട്ടിയപോലെ…

ഏഴു മണിക്കാണ് ഷെഹി വന്നത്‌… പത്തുമണിക്ക് അവന് ഇറങ്ങണം… എന്നാലേ പതിനൊന്നുമണിക്കുള്ള ട്രെയിൻ കിട്ടൂ…

നീ വേഗം റെഡിയായിക്കോട്ടോ ഷെഹി…

ഓഹ്‌.. ഇനിയെത്ര ടൈം ഉണ്ട് ഇക്കാ… ഇപ്പൊത്തന്നെ റെഡിയായിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി വായിനോക്കി നിക്കണോ…

അതെല്ലട.. നീ പോയി ചായയൊക്കെ കുടിച് കുളിച്ചു ഫ്രഷ് ആവ്… അല്ലാതെ ഇപ്പൊത്തന്നെ പോകുകയൊന്നും വേണ്ട…

ഓഹ്‌ കെ… എന്നും പറഞ്ഞവൻ അകത്തേക്കു പോയി… ചായ കുടിക്കുമ്പോ എല്ലാവരെയും ശ്രദ്ധിച്ചു.. മൂകത തളം കെട്ടിനിൽക്കുന്ന മുഖഭാവം…

ചിലരുടെ വേർപാട് നമുക്കൊരുപാട് വേദന നൽകും… ആഗ്രഹമില്ലാതെ ഓരോ വഴിക്ക് പിരിയേണ്ട സാഹചര്യങ്ങൾ ഉണ്ടാവുമ്പോ മനസ്സിലുള്ള സങ്കടം പറഞ്ഞില്ലെങ്കിലും മുഖത്തുനിന്ന് വായിച്ചെടുക്കാം….

Leave a Reply

Your email address will not be published. Required fields are marked *