കാമ കാവടി – 4

“ഇല്ല സര്‍..ആ സമയത്ത് ഈ ലിഫ്റ്റില്‍ കയറിയത് ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ മതി..സാറ് ഇതിന്റെ ക്യാമറ ഒന്നുകൂടി പരിശോധിച്ച് നോക്ക്..” അയാള്‍ പറഞ്ഞു.

“ഒകെ..നിങ്ങള്‍ വെയിറ്റ് ചെയ്യ്‌..ഞാന്‍ ക്യാമറാ ദൃശ്യം ഒന്ന് പരിശോധിച്ചിട്ട്‌ വരാം..”

വസീം വീണ്ടും ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. രാജീവിനെ അയാള്‍ താഴേക്ക് വിളിപ്പിച്ച സമയം മുതല്‍ രണ്ടു ലിഫ്റ്റുകളിലും കയറിയ ആളുകളെ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. രണ്ടോ മൂന്നോ തവണ മാത്രമാണ് ലിഫ്റ്റ്‌ ആ സമയത്ത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് വസീം മനസിലാക്കി. രണ്ടാമത്തെ ലിഫ്റ്റ്‌ താഴെ നിന്നും ആറാം നിലയില്‍ എത്തി നില്‍ക്കുന്നതും തലമൂടിക്കൊണ്ട് ഒരാള്‍ അതില്‍ കയറുന്നതും വസീം കണ്ടു. ആളിന്റെ മുഖമോ ശരീരഘടനയോ മനസിലാക്കാന്‍ ആ വീഡിയോയില്‍ നിന്നും അയാള്‍ക്ക് കഴിഞ്ഞില്ല. ലിഫ്റ്റ്‌ ഏഴാം നിലയില്‍ എത്തിയപ്പോള്‍ അയാള്‍ അതില്‍ നിന്നും ഇറങ്ങിപ്പോകുന്നത് വസീം കണ്ടു. വെറും ഒരു നില കയറാന്‍ അയാള്‍ എന്തിനാണ് ലിഫ്റ്റ്‌ ഉപയോഗിച്ചത് എന്ന് വസീം ചിന്തിച്ചു. ഏഴാം നിലയിലെ കോറിഡോറിലെ ക്യാമറയില്‍ അയാളുടെ ചിത്രം വളരെ അവ്യക്തമായാണ് കിട്ടിയത്. തലയും ശരീരത്തിന്റെ പകുതിയും മൂടിയിരുന്ന കറുത്ത തുണി കാരണം ദൃശ്യം വ്യക്തത ഉള്ളതായിരുന്നില്ല. എങ്കിലും ഒരു ജീന്‍സ് ആണ് അയാള്‍ ധരിച്ചിരുന്നത് എന്ന് വസീമിന് തോന്നി. അയാള്‍ ലിഫ്റ്റില്‍ നിന്നും പടികളുടെ സമീപമെത്തി അപ്രത്യക്ഷനായി. പടികളുടെ ഭാഗത്ത് ക്യാമറ ഇല്ലാത്തതിനാല്‍ അയാള്‍ എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല.

വസീം ഒരിക്കല്‍ക്കൂടി അത് നോക്കിയ ശേഷം അതിന്റെ പകര്‍പ്പ് എടുത്ത് നല്‍കാന്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒപ്പം അന്നത്തെ സന്ധ്യയ്ക്ക് ശേഷമുള്ള എല്ലാ ക്യാമറകളുടെയും വീഡിയോകള്‍ പോലീസിനു കൈമാറാനും നിര്‍ദ്ദേശിച്ചു. ചിത്രങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതിനാല്‍, സംഗതി ഏതെങ്കിലും ഐ ടി പ്രൊഫഷനലിനെക്കൊണ്ട് വീഡിയോ എഡിറ്ററില്‍ ഇട്ട് വ്യക്തമാക്കാന്‍ ശ്രമിക്കാം എന്ന് തീരുമാനിച്ചിട്ട് അയാള്‍ വീണ്ടും താഴെയെത്തി.
“ഒകെ..നിങ്ങള്‍ പൊയ്ക്കോളൂ…താങ്ക്സ്” വസീം ഡോഗ് സ്ക്വാഡ് ലീഡറോട് പറഞ്ഞു.

“ശരി സര്‍..” അയാള്‍ വസീമിന് സല്യൂട്ട് നല്‍കിയിട്ട് നായയും ഒപ്പമുള്ള പോലീസുകാരുമൊത്ത് ലിഫ്റ്റില്‍ കയറി താഴേക്ക് പോയി.

ഹോട്ടല്‍ മാനേജര്‍ ആകാംക്ഷയോടെ വസീമിന്റെ മുഖത്തേക്ക് നോക്കി.

“ന്യൂ ഇയര്‍ നൈറ്റ് ആയിരുന്നതിനാല്‍, മിക്ക മുറികളിലും ആളുകള്‍ ഉണ്ടായിരുന്നില്ല. പലരും ഡാന്‍സ് ഫ്ലോറിലും മറ്റുള്ളവര്‍ പുറത്തുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കനുമായി പോയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് കൊലയാളി ഈ ഫ്ലോറുകളില്‍ ഒക്കെ സഞ്ചരിച്ചിട്ടും ഒരാള്‍ പോലും അവിടെ ഉണ്ടാകാതിരുന്നത്. ആരെങ്കിലും അയാള്‍ക്ക് എതിരെ വന്നിരുന്നു എങ്കില്‍ ഒരു പക്ഷെ നമുക്കൊരു ലീഡ് കിട്ടിയേനെ. ഇനി അടുത്ത പടി അന്ന് ഡാന്‍സ് ഫ്ലോറില്‍ വന്ന ആളുകളുടെ ലിസ്റ്റ് പരിശോധിക്കുക എന്നതാണ്. ഒപ്പം ചിലരെ ചോദ്യം ചെയ്യാനും ഉണ്ട്. നിങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എത്രയും വേഗം റെഡി ആക്കി എന്നെ ഏല്‍പ്പിക്കണം. അതായത് എല്ലാ ക്യാമറകളും അന്ന് സന്ധ്യമുതല്‍ ഉള്ള എല്ലാ വീഡിയോകളും ഒപ്പം മൊത്തം ഗസ്റ്റുകളുടെയും പൂര്‍ണ്ണ വിവരങ്ങളും…” വസീം അയാളോട് പറഞ്ഞു.

“ഇന്ന് തന്നെ എത്തിക്കാന്‍ നോക്കാം സര്‍. നടന്നില്ലെങ്കില്‍ നാളെ ഉച്ചയ്ക്ക് മുന്‍പേ എല്ലാം ഞാന്‍ ഉറപ്പായും സ്റ്റേഷനില്‍ എത്തിച്ചു തരാം” അയാള്‍ പറഞ്ഞു.

“ഫൈന്‍..അപ്പോള്‍ ഞങ്ങള്‍ പോകുന്നു. ഈ കൊലപാതകത്തിന്റെ അന്വേഷണത്തിന് സഹായകരമാകുന്ന എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ലഭിച്ചാല്‍ എന്നെ അറിയിക്കണം. നിങ്ങള്‍ക്ക് തോന്നുന്ന എന്ത് സംശയവും എന്നെ അറിയിക്കണം. നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ ഒരു അന്വേഷണം നടത്തുന്നതും നല്ലതാണ്..” പോകുന്നതിനു മുന്പായി വസീം പറഞ്ഞു.

“ഷുവര്‍ സര്‍..ഇതിപ്പോള്‍ ഞങ്ങളുടെ കൂടി ആവശ്യം ആണല്ലോ സര്‍..സാറിന് എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും”

“ഓക്കേ..സീ യു..”

വസീം പോലീസുകാര്‍ക്ക് ഒപ്പം ലിഫ്റ്റില്‍ കയറി താഴേക്ക് പോയി.

രാജീവിന്റെ ശവദാഹമാണ്‌ പുതുവത്സര ദിനത്തില്‍ പരമേശ്വരന്‍ മുതലാളിയുടെ വീട്ടുവളപ്പില്‍ നടന്ന ആദ്യ ചടങ്ങ്. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ അവനെ ദഹിപ്പിച്ചു. വലിയ ഒരു ജനക്കൂട്ടം അവന്റെ സംസ്കാരത്തിന് സന്നിഹിതരായിരുന്നു. രാഷ്ട്രീയ നേതാക്കളും വന്‍ ബിസിനസുകാരും സിനിമാ മേഖലകളില്‍ നിന്നുള്ളവരും ഒക്കെയായി ഒരു വന്‍ ജനാവലി തന്നെ ഉണ്ടായിരുന്നു അന്ന് അവിടെ. എല്ലാം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയപ്പോള്‍ വീട്ടില്‍ പരമേശ്വരന്‍ മുതലാളിയും ഭാര്യയും മൂത്ത മകന്‍ രാജും മകള്‍ രമ്യയും പിന്നെ വളരെ അടുത്ത ചില ബന്ധുക്കളും മാത്രമായി ബാക്കി. എസ് പി സുരേഷ് വര്‍മ്മയും രാവിലെ സ്റ്റേഷനില്‍ നിന്നും വന്ന സമയം മുതല്‍ അവിടെയുണ്ടായിരുന്നു.

ശ്മശാനമൂകമായ അന്തരീക്ഷം തളംകെട്ടി നിന്നിരുന്ന ആ വീടിന്റെ ഗേറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പിയോയില്‍ രാജീവിന്റെ സന്തത സഹചാരി ആയിരുന്ന ഷാഫിയും അവന്റെ ചില ഗുണ്ടകളും ഇരിപ്പുണ്ടായിരുന്നു. ആരും ആരോടും ഒന്നും ഉരിയാടിയില്ല. സുരേഷ് വര്‍മ്മ മുറിക്കുള്ളില്‍ തല കുമ്പിട്ടിരിക്കുകയായിരുന്ന പരമേശ്വരന്‍ മുതലാളിയുടെ അടുത്തെത്തി.

“അളിയാ..ചിലത് സംസാരിക്കാനുണ്ട്..പക്ഷെ ഇന്ന് വേണ്ട..നാളെ ആകട്ടെ..അളിയന്‍ എന്തെങ്കിലും അല്‍പ്പം ആഹാരം വാങ്ങി കഴിച്ചിട്ട് കിടന്നോ….ഞാന്‍ നാളെ രാവിലെ എത്താം..അവളും കുട്ടികളും ഇവിടെത്തന്നെ കാണും..” വര്‍മ്മ പറഞ്ഞു.

പരമേശ്വരന്‍ മുതലാളി ഹൃദയം തകര്‍ന്നവനെപ്പോലെ അയാളെ നോക്കി. ആ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി.

“എന്നാലും എന്റെ മോന്‍..എന്റെ പൊന്നുമോന്‍ നമ്മളെ വിട്ടുപോയല്ലോ അളിയാ…..” പരമേശ്വരന്‍ വിതുമ്പി. വര്‍മ്മ അല്‍പനേരം അയാളെ നോക്കിനിന്ന ശേഷം മെല്ലെ തോളില്‍ തട്ടിയിട്ടു പുറത്തിറങ്ങി. അയാള്‍ നേരെ രാജിന്റെ സമീപം എത്തി. അവന്‍ അമ്മ കമലമ്മയുടെ മുറിയില്‍ അവരുടെ കട്ടിലില്‍ ഒപ്പം ഇരിക്കുകയായിരുന്നു. കമലമ്മ ഏങ്ങലടിച്ചുകൊണ്ട് കട്ടിലില്‍ പുറം തിരിഞ്ഞു കിടക്കുന്നത് വര്‍മ്മ കണ്ടു.

“മോനെ..അമ്മയെ നോക്കിക്കോണം. ഒപ്പം അച്ഛനും അമ്മയും നിങ്ങളും രാവിലെ മുതല്‍ പട്ടിണിയാണ്..എന്തെങ്കിലും അല്പം ആഹാരം കഴിക്കണം..ഞാന്‍ രാവിലെ എത്താം…” അയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *