എസ് ഐ വസീമിന്റെ മുറിയിലേക്ക് പത്രവുമായി റോയിയും ഒപ്പം ശിവനും സന്ധ്യക്ക് തന്നെ ചെന്നു.
“കണ്ടോ സര്‍..ഈ പത്രത്തിന് ഈ വാര്‍ത്ത എങ്ങനെ കിട്ടി എന്ന് സാറിനു അറിയുമോ?”
വാര്‍ത്ത അദ്ദേഹത്തെ കാണിച്ചുകൊണ്ട് റോയ് ചോദിച്ചു. വസീം പത്രം വാങ്ങി നോക്കി. അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. അയാള്‍ ചോദ്യഭാവത്തില്‍ റോയിയെ നോക്കി.
“സര്‍..ഇതിന്റെ ഉടമ അബുബക്കര്‍ പരമേശ്വരന്‍ മുതലാളിയുടെ സുഹൃത്താണ്. അയാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കും രാഷ്ട്രീയ കാര്യങ്ങള്‍ക്കും ഈ മഞ്ഞപ്പത്രത്തെ ഉപയോഗിക്കാറുണ്ട്…മറ്റാരും അറിയാതിരുന്ന ഈ വാര്‍ത്ത അയാള്‍ തന്നെയാണ് ഈ പത്രത്തില്‍ നല്‍കിയത് എന്ന് എനിക്ക് ഉറപ്പാണ്..അതായത് രാജീവിന്റെ പിന്നില്‍ അയാളും ഉണ്ട് എന്നര്‍ത്ഥം…” റോയ് കോപത്തോടെ പറഞ്ഞു.
“ഈ വാര്‍ത്ത മൂലം അവളുടെ പേര് എത്രമാത്രം മോശമാകും എന്ന് സാറിനു അറിയാമല്ലോ..കോളജില്‍ ഈ വാര്‍ത്ത തീ പോലെ പടര്‍ന്നു പിടിക്കും…അവള്‍ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നുവരെ ആ നാറി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു..” പല്ല് ഞെരിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.
വസീം എഴുന്നേറ്റ് ആലോചനയോടെ മുറിയില്‍ ഉലാത്തി.
“സര്‍..സാറിനോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങള്‍ ഇതുമായി ഇങ്ങോട്ട് വന്നത്..ഇതില്‍ പോലീസിനു ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍..രാജീവിന്റെ കണക്ക് ഞാനായി അങ്ങ് തീര്‍ക്കും സര്‍..എനിക്കെന്റെ വീട്ടുകാരേക്കാള്‍ വലുതല്ല മറ്റൊന്നും…” അത് പറയുമ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“നിങ്ങള്‍ അവിവേകം ഒന്നും കാട്ടരുത്..ഇന്ന് ന്യൂ ഇയര്‍ നൈറ്റ് ആണ്…നാളെ രാജീവ് എന്റെ ഈ ലോക്കപ്പില്‍ കിടന്നായിരിക്കും പുതുവര്‍ഷം വരവേല്‍ക്കുക…എനിക്ക് നിങ്ങള്‍ അല്പം സാവകാശം തരണം…ഈ വാര്‍ത്തയ്ക്ക് പിന്നില്‍ അവന്റെ കൈയുണ്ട് എങ്കില്‍ ബാക്കി ഞാനേറ്റു..” വസീം പറഞ്ഞു.
“എന്റെ പെങ്ങളുടെ ജീവിതം തകര്‍ത്ത അവനെ ഞാന്‍ വെറുതെ വിടില്ല സര്‍..നിയമത്തിന് അതിന്റെ പരിമിതികള്‍ ഉണ്ട്…പക്ഷെ എനിക്ക് ഒരു പരിമിതിയും ഇല്ല…ഞങ്ങള്‍ പോകുന്നു സര്‍…ഗുഡ് നൈറ്റ്…”
റോയ് വസീമിന്റെ മറുപടിക്ക് കാക്കാതെ ശിവനെയും കൂട്ടി ഇറങ്ങി.
ഹോട്ടല്‍ എമ്പയറിന്റെ ഡാന്‍സ് ഫ്ലോറില്‍ രാജീവിനൊപ്പം ഷാഫിയും ഉണ്ടായിരുന്നു പുതുവത്സരത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍. മദ്യലഹരിയില്‍ രമ്യയും ആണുങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്നുണ്ടയിരുന്നു. സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. അരണ്ടവെളിച്ചത്തില്‍ ഉച്ചത്തിലുള്ള റാപ്പ് മ്യൂസിക്കിനനുസരിച്ച് രാജീവ് ഏതോ തരുണിയുടെ കൂടെ തിമിര്‍ത്ത് ആടുന്ന സമയത്ത് ഹോട്ടലിന്റെ പുറത്ത് വസീമിന്റെ ബൊലെറൊ എത്തി ബ്രേക്കിട്ടു. അയാളും ഒപ്പമുണ്ടായിരുന്ന പോലീസുകാരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.
വസീം നേരെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തി.
“എന്താ സര്‍ പ്രശ്നം?” റിസപ്ഷനില്‍ ഉണ്ടായിരുന്ന ആള്‍ അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലില്‍ ചോദിച്ചു.
“രാജീവ് പരമേശ്വരന്‍…അയാള്‍ ഇവിടെയുണ്ടോ?” വസീം ചോദിച്ചു.
“ഉവ്വ് സര്‍..ഡാന്‍സ് ഫ്ലോറില്‍ ഉണ്ട്..വിളിപ്പിക്കണോ സര്‍?”
“യെസ്..കാള്‍ ഹിം ഇമ്മീഡിയറ്റ്ലി..” വസീം ആജ്ഞാപിച്ചു.
“കിരണ്‍..ഈ സ്ലിപ് ഫ്ലോര്‍ മാനേജര്‍ക്ക് നല്‍കൂ..ക്യുക്ക്..” ഒരു ചെറിയ കടലാസ് എഴുതി അയാള്‍ അടുത്തുണ്ടായിരുന്ന റൂം ബോയ്ക്ക് നല്‍കി. അവന്‍ അതുമായി ലിഫ്റ്റിന്റെ അരികിലേക്ക് നടന്നു.
വസീം കാത്തുനിന്നു. ഏതാണ്ട് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് താഴെയെത്തി. അതില്‍ നിന്നും നിലവിളിച്ചുകൊണ്ട് റൂം ബോയ് പുറത്തിറങ്ങി. ലിഫ്റ്റില്‍ റ്റ്നിന്നും പുറത്തേക്ക് ചുടുചോര ഒഴുകിയിറങ്ങുന്നത് കണ്ടു വസീമും സംഘവും അവിടേക്ക് കുതിച്ചു. ഒപ്പം അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും. ഞെട്ടലോടെ വസീം അതുകണ്ടു. നെഞ്ചില്‍ കത്തിയിറങ്ങിയ നിലയില്‍ കിടന്നു പിടയുന്ന രാജീവ്; ചോര ചെറിയൊരു പുഴപോലെ പുറത്തേക്ക് ഒഴുകിയിറങ്ങി.
ഒരു നിമിഷം വസീം സ്തംഭിച്ചു നിന്നുപോയി. പക്ഷെ പെട്ടെന്നുതന്നെ അയാളിലെ പോലീസ് ഓഫീസര്‍ ഉണര്‍ന്നു.
