കാമ കാവടി – 4

“എന്നാലും മനോഹരമായ സ്ഥലം..തന്നെപ്പോലെതന്നെ”

വസീം ചെറുചിരിയോടെ പറഞ്ഞു. രേണുവിന്റെ മുഖം തുടുത്തു. താന്‍ സുന്ദരിയാണ്‌ എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു. അത് പക്ഷെ താന്‍ ഉള്ളിന്റെയുള്ളില്‍ പ്രണയിക്കുന്ന വസീം സാറിന്റെ നാവില്‍ നിന്നും കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം. നാണിച്ച് തുടുത്ത് അവള്‍ വിരല്‍ കടിച്ചു.

“സര്‍..ഇനി കാണുന്ന വഴിയെ വലത്തോട്ടു തിരിയണം..അത് വീട്ടിലേക്കുള്ള വഴിയാണ്..”

അവള്‍ പറഞ്ഞു. വസീം ആ വഴിയിലൂടെ വണ്ടി തിരിച്ച് ആ വലിയ വീടിന്റെ കോമ്പൌണ്ടില്‍ എത്തി നിന്നു. പൂമുഖത്ത് ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. വണ്ടിയില്‍ നിന്നും വസീമും രേണുവും ഇറങ്ങി. പുറത്ത് വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ശിവനും റോയിയും വേഗം ചെന്നു വാതില്‍ തുറന്നു. രേണുവോ വസീമോ എത്തും എന്നവര്‍ക്ക് അറിയാമായിരുന്നു.

വസീം രേണുവിന്റെ വീട് മൊത്തത്തില്‍ ഒന്ന്‍ നോക്കി. പഴയ രീതിയിലുള്ള ഓടിട്ട വീടാണ്. വലിയ വരാന്തയും തടി കൊണ്ടുള്ള ജനാലകളും. സാമാന്യം നല്ല വലിപ്പമുള്ള ഒരു വീടായിരുന്നു അത്. ശിവനും റോയിയും അവരെ കണ്ടു കൈകൂപ്പി.

“വരൂ സര്‍…” റോയി വിളിച്ചു.

“ഓ..ഇപ്പൊ നിങ്ങളാണല്ലോ വീട്ടുകാര്‍ അല്ലെ..” ചിരിച്ചുകൊണ്ട് വസീം ചോദിച്ചു. റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ കൃതജ്ഞതാഭരിതമായിരുന്നു. തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വയം അപകടം ഏറ്റെടുത്ത വസീമിനോട് സ്വന്ത സഹോദനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും ബഹുമാനവും ആ ചെറുപ്പക്കാര്‍ക്ക് ഉണ്ടായിരുന്നു.

“സുഖമല്ലേ..” രേണു ഇരുവരോടുമായി ചോദിച്ചു.

“ഉവ്വ് മാഡം..”

വസീമും രേണുവും ഉള്ളില്‍ കയറിയപ്പോള്‍ ശിവന്‍ കതകടച്ചു.

“വാ..നമുക്ക് അകത്തെവിടെയെങ്കിലും ഇരിക്കാം..” വസീം പറഞ്ഞു. രേണു അവരെ ഉള്ളിലുള്ള വലിയ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ കസേരകള്‍ ഇട്ട് നാലുപേരും ഇരുന്നു.
“സര്‍..ഒരു മിനിറ്റ്…ഞാന്‍ ചായ കൊണ്ടുവരാം” റോയ് പറഞ്ഞു.

“ഏയ്‌..നോ..നിങ്ങള്‍ ഇരിക്ക്..അല്പം സംസാരിക്കാനുണ്ട്..ഒപ്പം പോകാന്‍ തിടുക്കവും..” വസീം പറഞ്ഞു. റോയിയും ശിവനും ആകാംക്ഷയോടെ വസീമിനെ നോക്കി.

“രാജിവ് കൊല്ലപ്പെട്ട രാത്രി..അതായത് ഇന്നലെ രാത്രി..നിങ്ങള്‍ രണ്ടാളും എവിടെയായിരുന്നു?” വസീം ചോദിച്ചു.

“ഞങ്ങള്‍ എവിടെയും പോയില്ല സര്‍..വീട്ടില്‍ത്തന്നെ ആയിരുന്നു” മറുപടി ശിവനാണ് നല്‍കിയത്.
“എന്നെ സ്റ്റേഷനില്‍ വച്ച് കണ്ട ശേഷം നിങ്ങള്‍ വേറെ എങ്ങോട്ടെങ്കിലും പോയിരുന്നോ? നോക്ക്..എനിക്ക് നിങ്ങളെ സംശയമില്ല..പക്ഷെ എസ് പി നേരിട്ട് ഇടപെട്ടിരിക്കുന്ന കേസാണ് ഇത്..അദ്ദേഹം നേരിട്ടാണ് അന്വേഷണം.. നിങ്ങളെ അദ്ദേഹത്തിന്റെ മുന്‍പില്‍ എത്രയും വേഗം ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുകയുമാണ്. ഇങ്ങോട്ട് നിങ്ങളെ മാറ്റിയത് എന്റെയും രേണുവിന്റെയും റിസ്കില്‍ ആണ്. അതുകൊണ്ട് സത്യസന്ധമായി ഉത്തരങ്ങള്‍ നല്‍കണം. ഒന്നും ഒളിക്കരുത്..നാളെ സത്യം പുറത്തുവരും..അപ്പോള്‍ നിങ്ങള്‍ എന്നോട് കള്ളം പറഞ്ഞു എന്നെനിക്ക് മനസിലായാല്‍..എന്റെ രണ്ടാമത്തെ മുഖം നിങ്ങള്‍ കാണും…” വസീം പറഞ്ഞു.

“സര്‍..അങ്ങയെ ഞങ്ങള്‍ക്ക് നന്നായി അറിയാം..ഞങ്ങള്‍ ഒരിക്കലും അങ്ങയോടു കള്ളം പറയില്ല..അന്ന് രാത്രി സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ എങ്ങും പോയില്ല..നേരെ വീട്ടിലേക്ക് വരികയാണ്‌ ചെയ്തത്…രാവിലെ ശിവന്‍ പറഞ്ഞാണ് ഞാന്‍ വിവരം അറിഞ്ഞത്” റോയ് പറഞ്ഞു.

“ശിവന്‍ എങ്ങനെയാണ് അതിരാവിലെ തന്നെ ഈ വിവരം അറിഞ്ഞത്?”

“സര്‍..ഹംസ എന്ന പോലീസുകാരന്‍ എന്റെ അയല്‍ക്കാരനാണ്. അയാളാണ് രാവിലെ അച്ഛനോട് ഈ വിവരം പറഞ്ഞത്..”

“ഓഹോ..ഹംസ..അല്ലെ..” വസീം അര്‍ത്ഥഗര്‍ഭമായി രേണുവിനെ നോക്കി. അവളുടെ ചുണ്ടുകളില്‍ ചെറിയൊരു ചിരി വിടര്‍ന്നു.

“അപ്പോള്‍ നിങ്ങള്‍ക്ക് ഈ സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ല എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?” ഇരുവരെയും നോക്കി വസീം ചോദിച്ചു.

“ഉറപ്പായും സര്‍..ഞങ്ങള്‍ക്ക് അവനെ കൊല്ലണം എന്ന് ആഗ്രഹം ഒരിക്കലും ഉണ്ടായിരുന്നില്ല. എന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോയി നശിപ്പിക്കാന്‍ ശ്രമിച്ച അവനെ ഒരു പാഠം പഠിപ്പിക്കണം എന്നുണ്ടായിരുന്നു..പക്ഷെ വിധി അവനു നല്‍കിയ ശിക്ഷ അതിനും മേലെ ആയിപ്പോയി….” റോയ് ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

“ഓക്കേ..ഇനി നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുക. ഇന്ന് വൈകിട്ടോടെ നിങ്ങളെ തന്റെ മുന്‍പില്‍ ഹാജരാക്കണം എന്നായിരുന്നു എസ് പിയുടെ ഓര്‍ഡര്‍. നാളെ രാവിലെ അദ്ദേഹം എന്നോട് ചോദിയ്ക്കാന്‍ പോകുന്ന ആദ്യ ചോദ്യവും നിങ്ങള്‍ എവിടെ എന്നായിരിക്കും. എനിക്ക് നിങ്ങളോട് എന്തോ ഒരു മമത ഉണ്ട് എന്നദ്ദേഹത്തിനു മനസിലായിട്ടുണ്ട് എന്നാണ് എന്റെ തോന്നല്‍. അതുകൊണ്ട് നിങ്ങളെ പിടികൂടാനായി വേറൊരു ടീമിനെ അദ്ദേഹം നിയോഗിക്കാന്‍ ഇടയുണ്ട്. അവരുടെ കൈയില്‍ നിങ്ങള്‍ പെടരുത്. മിക്കവാറും നാളെത്തന്നെ നിങ്ങള്‍ക്ക് വേണ്ടി പോലീസ് ലുക്കൌട്ട് നോട്ടീസ് ഇടും. ആളുകള്‍ നിങ്ങളെ തിരിച്ചറിയാന്‍ അതുമൂലം കാരണമാകും. നിങ്ങള്‍ കഴിവതും ഇവിടെത്തന്നെ കഴിയുക. പുറത്തെങ്ങും പോകുകയോ അയല്‍ക്കാരുമായി സഹകരിക്കുകയോ ചെയ്യരുത്. ഇതാ..ഈ ഫോണ്‍ നിങ്ങള്‍ വച്ചോ..എന്തെങ്കിലും അപകടം നേരിട്ടാല്‍ ഇതില്‍ എന്നെയോ രേണുവിനെയോ വിവരം അറിയിക്കണം. ഏതെങ്കിലും കാരണവശാല്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടാല്‍, ഈ ഫോണ്‍ അവരുടെ കൈയില്‍ കിട്ടാതെ നോക്കണം.”

ഒരു പഴയ മോഡലില്‍ ഉള്ള മൊബൈല്‍ അവര്‍ക്ക് നല്‍കി വസീം പറഞ്ഞു. വസീമിന്റെ നിര്‍ദ്ദേശങ്ങള്‍ ഭീതിയോടെയാണ് ശിവനും റോയിയും കേട്ടിരുന്നത്. തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ വ്യാപ്തി ഇപ്പോഴാണ്‌ അവര്‍ക്ക് ശരിക്ക് മനസിലായത്.

“അങ്ങനെ ചെയ്യാം സര്‍” ശിവന്‍ പറഞ്ഞു.

“നിങ്ങളുടെ ആഹാരകാര്യം ഒക്കെ എങ്ങനെയാണ്?” വസീം ചോദിച്ചു.

“ഇവിടെ അല്പം അരിയും സാധനങ്ങളും ഉണ്ട്..അത് വച്ചു തല്ക്കാലം കഴിഞ്ഞോളാം സര്‍..പുറത്ത് നിന്നും വാങ്ങാന്‍ ഞങ്ങള്‍ക്ക് പറ്റില്ലല്ലോ..”

റോയ് അത് പറഞ്ഞിട്ട് ശിവനെ ദൈന്യതയോടെ നോക്കി. വസീമിന് കാര്യം മനസിലായി. അയാളുടെ മനസ്‌ നൊമ്പരപ്പെട്ടു. പാവങ്ങളുടെ കൈയില്‍ ഒട്ടും പണം കാണില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അയാള്‍ പേഴ്സ് എടുത്ത് അയ്യായിരം രൂപ എണ്ണി റോയിയുടെ നേരെ നീട്ടി.

“ഇത് വച്ചോ..എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാനാണ്..” അയാള്‍ പറഞ്ഞു.

റോയിയുടെയും ശിവന്റെയും കണ്ണുകള്‍ നിറഞ്ഞുപോയി. അവര്‍ക്ക് കണ്ഠം ഇടറിയതിനാല്‍ അല്പനേരത്തേക്ക് സംസാരിക്കാന്‍ സാധിച്ചില്ല. രേണുവും കണ്ണുകള്‍ തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *