“ലിഫ്റ്റില്‍ ക്യാമറ ഇല്ലേ?” വസീം ഹോട്ടല്‍ മാനേജരോട് ചോദിച്ചു.
“ഉണ്ട് സര്‍..”
“അതിന്റെ ദൃശ്യങ്ങള്‍ എനിക്ക് ഉടനെ വേണം..ഒപ്പം നാലാം നിലയിലെ ക്യാമറകള്‍ നല്‍കുന്ന വിഷ്വല്‍സും..”
“നല്‍കാം സര്‍..”
“കമോണ്‍..നമുക്ക് മുകളിലേക്ക് പോകാം..നിങ്ങള്‍ രണ്ടുപേര്‍ ഇവിടെ നില്‍ക്കുക..ഒരു കാരണവശാലും ഒരാളെയും പുറത്തുപോകാന്‍ അനുവദിക്കരുത്..നീയും വാടാ..”
ബെയററെ നോക്കി വസീം പറഞ്ഞു. രണ്ടു പോലീസുകാരെ അവിടെ കാവലാക്കിയിട്ടു വസീം മറ്റുള്ളവരുമായി മുകളിലേക്ക് പോകാനായി മറ്റൊരു ലിഫ്റ്റില്‍ കയറി.
പച്ചക്കറികള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരുന്ന റോയിയുടെ അരികിലേക്ക് റോക്കറ്റ് പോലെ സൈക്കിളില്‍ ശിവന്‍ പാഞ്ഞെത്തി നിന്നു. അവന്‍ ശക്തമായി കിതയ്ക്കുന്നുണ്ടായിരുന്നു. സമയം പുതുവര്‍ഷത്തിന്റെ ഒന്നാം ദിനം രാവിലെ ഏഴര മണി മാത്രമേ ആയിരുന്നുള്ളു.
“എടാ റോയ്..ഇങ്ങോട്ട് വാടാ..” സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിതച്ചുകൊണ്ട് ശിവന്‍ അവനെ വിളിച്ചു. അവന്റെ നില്‍പ്പും കിതപ്പും കണ്ട റോയ് കലം താഴെ വച്ചിട്ട് വേഗം അവന്റെ അരികിലേക്ക് നടന്നു.
“എന്താടാ..നീ എന്താ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നല്ലോ? എന്ത് പറ്റി?” റോയ് അവനോടു ചോദിച്ചു. സുഹൃത്തിനോട് ഹാപ്പി ന്യൂ ഇയര്‍ പറയാന്‍ പോലും റോയ് മറന്ന് പോയിരുന്നു അവന്റെ മുഖഭാവം കണ്ടപ്പോള്‍.
“നീ ഇങ്ങു വാ..നമുക്ക് പുറത്തോട്ടു നില്‍ക്കാം..” ശിവന്‍ റോയിയുമായി വേഗം റോഡില്‍ ഇറങ്ങി അല്പം മാറി നിന്നു.
“എടാ നീ അറിഞ്ഞോ? രാജീവ് കൊല്ലപ്പെട്ടു..ഇന്നലെ രാത്രി ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയ അവനെ ഹോട്ടലില്‍ വച്ച് ആരോ കുത്തി…ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പേ അവന്‍ മരിച്ചു…വസീം സര്‍ അവനെ അറസ്റ്റ് ചെയ്യാനായി ചെന്ന സമയത്താണ് സംഭവം നടന്നത്..”
ശിവന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് നിന്നു കിതച്ചു. രാജീവിന്റെ മരണം അത്ര ദുഖമോ ഞെട്ടലോ ഉണ്ടാക്കേണ്ട വാര്‍ത്ത ആയിരുന്നില്ല എങ്കിലും പുതുവര്‍ഷാരംഭത്തില്‍ ആദ്യമായി തന്റെ സുഹൃത്തിന്റെ വായില്‍ നിന്നും ഒരു ദുരന്ത വാര്‍ത്ത ആണല്ലോ കേള്‍ക്കേണ്ടി വന്നത് എന്നോര്‍ത്ത് റോയ് അവനെ നോക്കി. വാര്‍ത്ത അവനില്‍ വലിയ ഞെട്ടല്‍ ഒന്നും ഉണ്ടാക്കിയില്ല.
“അതിനാണോ നീ ഇത്ര പരിഭ്രമിച്ചത്? അവന്‍ ചാകട്ടെടാ..എന്റെ പാവം പെങ്ങളെ തട്ടിക്കൊണ്ട് പോകാന്‍ നോക്കിയവനല്ലേ അവന്‍..ദൈവം കൊടുത്ത പ്രതിഫലമാണ് ഇത്..” റോയ് നിസ്സാരമായി പറഞ്ഞു.
“നീ ഒരു മണ്ടനാനല്ലോടാ..എടാ പൊലീസിന് പ്രതിയെ കിട്ടിയിട്ടില്ല…ഹോട്ടലില്‍ ഉള്ള എല്ലാവരെയും ചോദ്യം ചെയ്തെങ്കിലും രാജീവിനെ കൊന്ന ആളെ അവര്‍ക്ക് ലഭിച്ചില്ല..ഇനി അവിടുത്തെ ക്യാമറകള്‍ പരിശോധിക്കാനുണ്ട്..എങ്ങാനും യഥാര്‍ത്ഥ പ്രതിയെ കിട്ടിയില്ലെങ്കില്‍ നമ്മുടെ കാര്യം പോക്കാണ്..നമുക്ക് അവനോടു വിരോധമുണ്ട് എന്ന് പോലീസിനറിയാം….” ശിവന്‍ ലേശം കോപത്തോടെയാണ് അത് പറഞ്ഞത്.
റോയിയുടെ മുഖത്ത് ഗൌരവം നിഴലിച്ചു. അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്നവനു മനസിലായി.
“പക്ഷെ നമ്മള്‍ ആ സ്ഥലത്ത് പോയിട്ടേ ഇല്ലല്ലോ..പിന്നെന്തിനു നമ്മളെ പോലീസ് സംശയിക്കണം?” അവന്‍ ചോദിച്ചു.
“നമ്മള്‍ ചെന്നില്ലെങ്കിലും ആരെയെങ്കിലും വിട്ടു ചെയ്യിച്ചതാകാം എന്ന് പോലീസിനു സംശയിക്കാമല്ലോ..എങ്ങനെയും യഥാര്‍ത്ഥ പ്രതി പിടിയിലാകാന്‍ നീ പ്രാര്‍ഥിക്ക്…ഇല്ലെങ്കില്‍ പണി പാളും എന്നുള്ളത് ഉറപ്പാണ്..നീ വസീം സാറിന്റെ മുന്‍പില്‍ വച്ച് ഒരു ഭീഷണി മുഴക്കിയതും ഓര്‍മ്മ ഉണ്ടല്ലോ?”
റോയ് ഞെട്ടലോടെ അവനെ നോക്കി. ശരിയാണ്! അപ്പോള്‍ തനിക്ക് തോന്നിയ മനോവികാരത്തില്‍ അങ്ങനെ പറഞ്ഞു പോയിരുന്നു! അതെ രാത്രി തന്നെ രാജീവ് കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു! പ്രതിയെ കിട്ടിയിട്ടുമില്ല..റോയിയുടെ മനസ്സില്‍ ഭയം നിറഞ്ഞു. അത് ദ്രുതഗതിയില്‍ വളര്‍ന്ന് അവന്റെ സിരകളെ തളര്‍ത്തി. തങ്ങള്‍ അപകടത്തിലാണ്. ഏതു നിമിഷവും പോലീസ് ഇവിടെ എത്താം! ഓര്‍ത്തപ്പോള്‍ ആ തണുപ്പുള്ള പ്രഭാതത്തിലും അവന്റെ ശരീരം വിയര്‍ത്തു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനന്തിരവന്‍ ആണ് കൊല്ലപ്പെട്ട രാജീവ്! അവനെ കൊന്നവരെ കണ്ടുപിടിക്കാന്‍ പോലീസ് ഏതറ്റം വരെയും പോകും..ഒരു സംശയവുമില്ല.
