കാമ കാവടി – 4

“മിണ്ടാതിരിക്കെടി..കയറിപ്പോ ഉള്ളില്‍..” ജോസഫ് അവരെ ശാസിച്ചു. എന്താണ് വിവരം എന്നറിയാന്‍ സ്റ്റേഷനിലേക്ക് ചെന്നാലോ എന്നായിരുന്നു അയാളുടെ ചിന്ത. തന്നെ തമിഴന്മാര്‍ തട്ടിക്കൊണ്ടു പോയതും വസീം തന്നെ രക്ഷിച്ചതും ഒന്നും റീനയോ റോയിയോ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

വസീം റോയിയെ തേടി വേറെങ്ങും പോയില്ല. അയാള്‍ വണ്ടി നേരെ സ്റ്റേഷനിലേക്ക് തന്നെ വിട്ടു. രേണുവിന് സമയം നല്‍കണം എന്നയാള്‍ക്ക് അറിയാമായിരുന്നു. ഇതിനിടെ ഗോപു പുഴക്കരയില്‍ എത്തിക്കഴിഞ്ഞിരുന്നു. അല്പം മാറി ഇരുന്നു സംസാരിക്കുന്ന ശിവനെയും റോയിയെയും അവന്‍ കണ്ടു. ഇരുവരും വിസയുടെ വിവരങ്ങള്‍ തിരക്കാനായി ഇടയ്ക്ക് ജോണിന്റെ വീട്ടില്‍ പോയപ്പോള്‍ അവന്‍ അവരെ പരിചയപ്പെട്ടിട്ടുള്ളതാണ്.

“അണ്ണന്‍മാരെ..ഞാന്‍ നിങ്ങളെ തേടി വന്നതാ..” സൈക്കിള്‍ മാറ്റി വച്ച് കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു. ശിവനും റോയിയും വേഗം എഴുന്നേറ്റു.

“എന്താടാ എന്ത് പറ്റി?” ഇനി ജോണ്‍ വിസ അയച്ച കാര്യം പറയാന്‍ വന്നതാണോ അവന്‍ എന്ന് ഇരുവരും ശങ്കിച്ചു.

“നിങ്ങളെ തേടി പോലീസ് വീട്ടില്‍ വന്നിരുന്നു..എന്നെ രേണു ചേച്ചി അയച്ചതാണ്..നിങ്ങള്‍ ഉടന്‍ തന്നെ ചേച്ചിയുടെ ഈരാറ്റുപേട്ടയില്‍ ഉള്ള വീട്ടിലേക്ക് പൊക്കോളാന്‍ ചേച്ചി പറഞ്ഞു..ഇതാണ് വീടിന്റെ താക്കോല്‍..ഒട്ടും വൈകരുത് എന്നും ചേച്ചി നിങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞോളാം എന്നും പറഞ്ഞിട്ടുണ്ട്”

കിതച്ചുകൊണ്ട് അവന്‍ താക്കോല്‍ അവര്‍ക്ക് നല്‍കി. ശിവനും റോയിയും അങ്കലാപ്പോടെ പരസ്പരം നോക്കി.

“എന്താ..എന്താണ് കാര്യം എന്ന് ചേച്ചി പറഞ്ഞോ?” റോയ് ചോദിച്ചു.

“ഇല്ല..പക്ഷെ അര്‍ജന്റ് ആണ് എന്ന് മാത്രം പറഞ്ഞു..”

“വീട് എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ലല്ലോ..പിന്നെങ്ങനാ അത് കണ്ടു പിടിക്കുന്നത്?’ ശിവനാണ് അത് ചോദിച്ചത്.

“നിങ്ങള്‍ അവിടെ എത്തിയ ശേഷം തട്ടേല്‍ മുക്ക് എന്ന സ്ഥലത്ത് ചെന്ന് വര്‍ഗീസ്‌ സാറിന്റെ വീട് ചോദിച്ചാല്‍ മതി. ഏതെങ്കിലും ഓട്ടോക്കാരോട് പറഞ്ഞാല്‍ അവിടെ കൊണ്ടുവിടും എന്നാണ് ചേച്ചി പറഞ്ഞത്..മീനച്ചിലാറിന്റെ തീരത്താണ് വീട്..”

ശിവനും റോയിയും പരസ്പരം നോക്കി.

“ശരി നീ പൊക്കോ..ഞങ്ങള്‍ പൊയ്ക്കോളാം…” റോയ് പറഞ്ഞു.

“ങാ..പിന്നെ ഇതാണ് ചേച്ചിയുടെ മൊബൈല്‍ നമ്പര്‍..എന്തെങ്കിലും ആവശ്യമുണ്ട് എങ്കില്‍ ഇതില്‍ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്” ചെറിയ ഒരു കടലാസ്സില്‍ എഴുതിയ നമ്പര്‍ അവന്‍ അവര്‍ക്ക് നല്‍കിയിട്ട് സൈക്കിളില്‍ തിരികെ പോയി.

“ഞാന്‍ പറഞ്ഞില്ലേ..പോലീസ് നമ്മുടെ പിന്നാലെ ഇറങ്ങിക്കഴിഞ്ഞു..എനിക്ക് തോന്നുന്നത് നമ്മളെ രക്ഷിക്കാന്‍ വസീം സാര്‍ ഏര്‍പ്പാടാക്കിയതാണ് ഈ ഒളിച്ചോട്ടം എന്നാണ്..എസ് പി നമ്മളെ പിടിക്കാന്‍ ഉത്തരവിട്ടു കാണും” ശിവന്‍ പറഞ്ഞു.

“ശിവാ..പോലീസ് നിന്നെ തേടാന്‍ ചാന്‍സില്ല. എന്നെയാണ് അവര്‍ക്ക് വേണ്ടത്..കാരണം റീനയുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ആണല്ലോ രാജീവിനെതിരെ ഭീഷണി മുഴക്കിയത്..അതുകൊണ്ട് നീ ഇവിടെത്തന്നെ നിന്നോ..ഞാന്‍ പൊയ്ക്കോളാം..നീ ഇവിടെയുണ്ട് എങ്കില്‍ വീട്ടുകാര്‍ക്ക് ഒരു ധൈര്യം കാണും..” റോയ് ആലോചനയോടെ പറഞ്ഞു.

“നീയും ഞാനും കൂടിയല്ലേ ആദ്യം രാജീവിനെ കാണാന്‍ പോയതും, സ്റ്റേഷനില്‍ പോയതുമെല്ലാം. ആ ഷാഫിയെ പോലീസ് ചോദ്യം ചെയ്താല്‍ നമ്മള്‍ രാജീവിനെ കാണാന്‍ ചെന്ന വിവരം അവന്‍ പറയും. മിക്കവാറും എസ് പി നമ്മള്‍ തമ്മിലുള്ള അടുത്തബന്ധം അറിഞ്ഞു കാണാനാണ് വഴി. അതുകൊണ്ട് എന്നെ തനിച്ചു കിട്ടിയാലും അവര്‍ പൊക്കും…മാറി നില്‍ക്കുന്നതാണ് ബുദ്ധി..”

“ഛെ..വസീം സാറിനെ ഒന്ന് കണ്ടു സംസാരിക്കാന്‍ സാധിച്ചെങ്കില്‍ കാര്യങ്ങളുടെ കിടപ്പ് മനസിലാക്കാമായിരുന്നു..ഇനി വീട്ടില്‍ എന്ത് പറഞ്ഞിട്ട് പോകും എന്ന് മനസിലാകുന്നില്ല…” റോയ് നിരാശയോടെ കൈകള്‍ തിരുമ്മി.
“വീട്ടില്‍ പോലീസ് ചെന്ന സ്ഥിതിക്ക് കാര്യങ്ങള്‍ എളുപ്പമാണ്..എന്താണ് കേസ് എന്ന് പറയണ്ട.. വല്ല അടിപിടി നടന്നെന്നോ മറ്റോ പറയാം..രണ്ടു മൂന്നു ദിവസത്തേക്ക് ഒന്ന് മാറി നില്‍ക്കുകയാണ് എന്ന് പറഞ്ഞിട്ട് നമുക്ക് പോകാം..വസീം സാര്‍ നമുക്ക് രക്ഷപെടാനുള്ള സമയം എന്തായാലും തരും..അതുകൊണ്ട് നീ വേഗം വാ…സമയം കളയണ്ട”

സൈക്കിള്‍ സ്റ്റാന്റില്‍ നിന്നും എടുത്തുകൊണ്ട് ശിവന്‍ പറഞ്ഞു. ഇരുവരും സൈക്കിളില്‍ കയറി.

ഈ സമയത്ത് വസീം തിരികെ സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു. അയാള്‍ നേരെ എസ് പിയും സി ഐയും ഇരുന്നിരുന്ന മുറിയില്‍ എത്തി സല്യൂട്ട് നല്‍കി.

“അവനെ കിട്ടിയോ” എസ് പി ചോദിച്ചു.

“ഇല്ല സര്‍..അവന്‍ വീട്ടില്‍ ഇല്ലായിരുന്നു..എത്തിയാലുടന്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്” വസീം പറഞ്ഞു.

“ഇരിക്ക്…” എസ് പി കസേര ചൂണ്ടി പറഞ്ഞു. വസീം ഇരുന്നു.

“രാജീവിന്റെ സുഹൃത്ത് ഷാഫിയെ വരുത്തിയിട്ടുണ്ട്..അവന്‍ സംഭവം നടന്ന ദിവസം അവന്റെ കൂടെ ഉണ്ടായിരുന്നു..നിങ്ങള്‍ കൂടി വന്നിട്ട് അവനെ ചോദ്യം ചെയ്യാമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു…ശങ്കര്‍..അവനെ വിളിപ്പിക്ക്” എസ് പി പറഞ്ഞു.

“സര്‍..” സി ഐ ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“ടോ..ആ ഷാഫിയെ വിളിക്ക്..” സി ഐ നിര്‍ദ്ദേശിച്ചു.

“സര്‍..” പോലീസുകാരന്‍ പുറത്തേക്ക് ഇറങ്ങി. ഷാഫി ഉള്ളിലേക്ക് വന്നു.

“ഇങ്ങോട്ട് നീങ്ങി നില്‍ക്കെടാ..” എസ് പി ഗൌരവത്തോടെ പറഞ്ഞു. ഷാഫി അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

“രാജീവ് കൊല്ലപ്പെട്ട രാത്രി നീയും അവന്റെ കൂടെ ഉണ്ടായിരുന്നു അല്ലെ?” എസ് ഐ ചോദിച്ചു.

“ഉവ്വ് സര്‍”

“വേറെ ആരൊക്കെ ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ?”

“വേറെ ആരും ഉണ്ടായിരുന്നില്ല..ഞങ്ങള്‍ രണ്ടാളും മാത്രമാണ് പോയത്..”

“രമ്യയോ?”

“രമ്യക്കുഞ്ഞു വേറെ വണ്ടിയില്‍ തനിയെ ആണ് വന്നത്..ഞങ്ങളുടെ ഒപ്പമല്ല..”

“ഓക്കേ..രാജീവിനെ വസീം താഴേക്ക് വിളിപ്പിച്ചത് നീ അറിഞ്ഞിരുന്നോ?”

“ഉവ്വ് സര്‍..താഴേക്ക് പോയിട്ട് ഉടനെ വരാം എന്ന് എന്നോട് പറഞ്ഞിട്ടാണ് അവന്‍ പോയത്”

“നീ കൂടെപ്പോയില്ല..അല്ലെ”

“എന്നോട് പറഞ്ഞില്ല ചെല്ലാന്‍..” ഷാഫി പറഞ്ഞു.

“ഉം..നിന്നോട് രാജീവ്‌ ഇത് പറയുമ്പോള്‍ അരികില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ?”

“സര്‍ ഡാന്‍സ് ഫ്ലോറില്‍ ധാരാളം പേരുണ്ടായിരുന്നു..അവരെ എല്ലാം എനിക്ക് അറിയില്ല..”

“അതല്ല..നിനക്കോ രാജീവിനോ അറിയാവുന്ന ആരെങ്കിലും അടുത്തുണ്ടായിരുന്നോ എന്നാണ് ചോദിച്ചത്..”

“ഇല്ല സര്‍..എനിക്ക് അത്ര ഓര്‍മ്മയും ഇല്ല..ഞാന്‍ അല്പം മദ്യപിച്ചിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *