കാമ കാവടി – 4

“വേണ്ട സര്‍..ഇപ്പോള്‍ത്തന്നെ സാറ് ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് റിസ്ക്‌ എടുത്തു കഴിഞ്ഞു..സാറിനോടുള്ള കടപ്പാട് ഞങ്ങളുടെ തലയില്‍ കുമിഞ്ഞു കൂടുകയാണ്..വേണ്ട സര്‍..പണം വേണ്ട” റോയ് അവസാനം ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.

“ഏയ്‌..ഇത് ദാനമല്ല..നിങ്ങള്‍ക്ക് ദുബായില്‍ ജോലി കിട്ടിക്കഴിഞ്ഞു പലിശ സഹിതം ഞാന്‍ തിരികെ വാങ്ങിക്കോളാം…തല്‍ക്കാലം ഇത് വാങ്ങ്..” വസീം നിര്‍ബന്ധിച്ചു.

“വാങ്ങിക്കോ റോയി..സാറ് സ്നേഹത്തോടെ തരുന്നതല്ലേ..പിന്നെ തിരികെ കൊടുത്താല്‍ മതി..” രേണു അവരുടെ നിസ്സഹായാവസ്ഥ കണ്ടു പ്രേരിപ്പിച്ചു. റോയ് മടിച്ചുമടിച്ച് കൈനീട്ടി.

വസീം എഴുന്നേറ്റു; ഒപ്പം രേണുവും.

“അപ്പോള്‍ ഞങ്ങള്‍ ഇറങ്ങുന്നു..പറഞ്ഞത് ഓര്‍മ്മ വേണം. ഒരു കാരണവശാലും പോലീസിന്റെ കൈയില്‍ അകപ്പെടരുത്..അപകടം മണത്താല്‍ ഉടന്‍ രക്ഷപെട്ടോണം..വളരെ അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ഈ ഫോണ്‍ ഉപയോഗിക്കാവൂ..ഇതില്‍ നിന്നും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ആരെയും തന്നെ വിളിക്കാന്‍ പാടില്ല..എന്നെ കഴിവതും സ്റ്റേഷനിലെ ലാന്‍ഡ് ലൈനില്‍ മാത്രമേ വിളിക്കാവൂ..രേണുവിനെയും വീട്ടിലെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ മാത്രമേ ശ്രമിക്കാവൂ..അതും വേണ്ടി വന്നാല്‍ മാത്രം…യഥാര്‍ത്ഥ പ്രതി പിടിയിലാകാന്‍ പ്രാര്‍ഥിക്കുക…എന്നെക്കാള്‍ അതിന്റെ ആവശ്യകത നിങ്ങള്‍ക്കാണ്” വസീം പറഞ്ഞു.

“സര്‍..ഞങ്ങളെ കിട്ടാതെ വന്നാല്‍ പോലീസ് വീട്ടുകാരെ ഉപദ്രവിക്കാന്‍ ഇടയുണ്ടോ?” ശിവന്‍ ചോദിച്ചു.

“എനിക്കാണ് ചുമതല എങ്കില്‍ നിങ്ങള്‍ പേടിക്കണ്ട. വേറെ ആര്‍ക്കെങ്കിലും ആണ് എസ് പി ചാര്‍ജ്ജ് നല്‍കുന്നതെങ്കില്‍, അവരെ ചോദ്യം ചെയ്യാന്‍ ചിലപ്പോള്‍ വിളിപ്പിച്ചേക്കും. എന്തായാലും നിങ്ങള്‍ പേടിക്കണ്ട. സി ഐ ശങ്കര്‍ സര്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്..നിങ്ങളുടെ വീട്ടുകാര്‍ക്ക് കുഴപ്പം ഉണ്ടാകാതെ ഇരിക്കാനുള്ളത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞോളാം….അപ്പോള്‍ ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ് സര്‍..ഗുഡ് നൈറ്റ് മാഡം..” ശിവനും റോയിയും പറഞ്ഞു.

“ഗുഡ്നൈറ്റ്…പേടിക്കണ്ട ട്ടോ..” പുഞ്ചിരിയോടെ രേണു പറഞ്ഞു. അവര്‍ തലയാട്ടി.

വസീമും രേണുവും കാറില്‍ കയറി പോകുന്നത് ഇരുവരും നോക്കി നിന്നു. പിന്നെ മെല്ലെ വീട്ടിലേക്ക് കയറി കതകടച്ചു. അയല്‍വീട്ടില്‍ നിന്നും രണ്ടു കണ്ണുകള്‍ അവരെയും ഒപ്പം പുറത്തേക്ക് പോയ കാറിനെയും നോക്കുന്നുണ്ടായിരുന്നു.

രാവിലെ കൃത്യം എട്ടരയ്ക്ക് എസ് പി സുരേഷ് വര്‍മ്മ സി ഐ ഓഫീസില്‍ എത്തി. സി ഐയും എസ് ഐയും അദ്ദേഹത്തെ സല്യൂട്ട് നല്‍കി സ്വീകരിച്ചു. എസ് പി ഇരുന്ന ശേഷം അവരോട് ഇരിക്കാന്‍ ആംഗ്യം കാട്ടി.

“സൊ ഇറ്റ്‌ ഈസ് ദ സെക്കന്റ് ഡേ…” എസ് പി ഇരുവരെയും നോക്കി പറഞ്ഞു.

“അതെ സര്‍” സി ഐ ആണ് അത് പറഞ്ഞത്.

“നമ്പര്‍ വണ്‍..റോയി ശിവന്‍ എന്നിവരാണ്. അവര്‍ എത്തിയോ മിസ്റ്റര്‍ വസീം?” എസ് പി ചോദിച്ചു.
“ഇല്ല സര്‍..ഞാന്‍ രാവിലെ തന്നെ അവിടേക്ക് ആളെ അയച്ചിട്ടുണ്ട്…” വസീം പറഞ്ഞു.

“ഓക്കേ..അവര്‍ വരുന്നത് വരെ നമുക്ക് കാക്കാം. നെക്സ്റ്റ്..ഇന്നലെ ഹോട്ടലില്‍ നിങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുതിയ വല്ല തെളിവും ലഭിച്ചോ?”

“യെസ് സര്‍..കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ കോട്ടും തൊപ്പിയും അഞ്ചാം നിലയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നു ഞാന്‍ ഡോഗ് സ്ക്വാഡിന്റെ സഹായം തേടി. പക്ഷെ അതുകൊണ്ട് ഗുണമുണ്ടായില്ല. അയാള്‍ അവിടെ നിന്നും പടികള്‍ കയറി ആറാം നിലയില്‍ എത്തി ലിഫ്റ്റില്‍ കയറി ഏഴാം നിലയില്‍ ഇറങ്ങി. അവിടെ വച്ച് അയാള്‍ മിസ്സ്‌ ആയി. എങ്ങോട്ടാണ് പോയത് എന്ന് ക്യാമറകളില്‍ നിന്നും മനസിലായിട്ടില്ല..” വസീം പറഞ്ഞു.

“ക്യാമറയില്‍ നിന്നും ആളിന്റെ രൂപം ചെറുതായിട്ടെങ്കിലും മനസിലാക്കാന്‍ സാധിച്ചോ?” എസ് പി പ്രതീക്ഷയോടെ ചോദിച്ചു.

“ഇല്ല സര്‍..”

“റൈറ്റ്..എന്താണ് തുടര്‍ നടപടികള്‍?”

“സര്‍..നമുക്ക് ക്യാമറാ ദൃശ്യങ്ങള്‍ കുറേക്കൂടി വ്യക്തത വരുത്തി ഒന്നുകൂടി പരിശോധിക്കണം. ഒപ്പം ഹോട്ടലില്‍ അന്നുണ്ടായിരുന്ന എല്ലാവരുടെയും വിവരങ്ങള്‍ നമുക്ക് നല്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ കൂടെ എല്ലാ ക്യാമറകളില്‍ നിന്നുമുള്ള പരമാവധി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അവിടുത്തെ താമസക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ രാജീവുമായോ അവന്റെ വീടുമായോ ബന്ധമുള്ള ആരെങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്കണം. അതേപോലെതന്നെ അവന്റെ സുഹൃത്തായ ഷാഫിയെ വിശദമായി ഒന്ന് ചോദ്യം ചെയ്യണം സര്‍..അവനില്‍ നിന്നും സഹായകരമായ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍, നമുക്ക് രാജീവിന്റെ മറ്റു സുഹൃത്തുക്കളെയും ഒപ്പം വീട്ടുകാരെയും ചോദ്യം ചെയ്യേണ്ടി വരും”

“ഷുവര്‍..പരമേശ്വരനോട് ഇന്ന് ഞാന്‍ തന്നെ സംസാരിക്കുന്നുണ്ട്..ഷാഫിയെ ഞാന്‍ വിളിപ്പിച്ചിരുന്നു…” എസ് പി ബെല്ലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“ഷാഫിയെ വിളിക്ക്..” വസീം പറഞ്ഞു. അയാള്‍ തിരികെപ്പോയി. അല്പം കഴിഞ്ഞപ്പോള്‍ ഷാഫി ഉള്ളില്‍ കയറി കൈകള്‍ കൂപ്പി.

“ഇരിക്ക്..” ഒരു കസേര ചൂണ്ടി എസ് പി പറഞ്ഞു. അവന്‍ ഇരുന്ന ശേഷം എസ് പി വസീമിനെ നോക്കി.

“ഷാഫി..നീ രാജീവിന്റെ ഹൃദയം സൂക്ഷിപ്പുകാരന്‍ ആയിരുന്നു എന്ന് എനിക്കറിയാം. അവന്റെ എല്ലാ രഹസ്യങ്ങളും നിനക്ക് അറിയാം എന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കി സഹകരിക്കുക. രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നിനക്ക് ആരെ എങ്കിലും സംശയമുണ്ടോ?” വസീം കരുതലോടെ തുടങ്ങി.

“സര്‍..പ്രധാന സംശയം ആ റോയിയെയും ശിവനെയും ആണ്. കാരണം ഈ അടുത്ത സമയത്ത് രാജീവിനോട്‌ അവര്‍ക്കാണ് ശത്രുത ഉണ്ടായിട്ടുള്ളത്..”

“റോയിയുടെ സഹോദരിയെ രാജീവാണ് തട്ടിയെടുപ്പിച്ചത് എന്നത് ശരിയാണോ?”

ഷാഫിയുടെ മുഖം വിളറുന്നത് വസീം ശ്രദ്ധിച്ചു. അയാള്‍ സി ഐയെയും എസ് പിയെയും നോക്കി. അവരും അവന്റെ ഭാവമാറ്റം മനസിലാക്കി.

“കമോണ്‍..ആലോചന പാടില്ല..ആലോചിച്ചാല്‍ കരണത്ത് അടി വീഴും..പറയടാ” സി ഐ സ്വരം കനപ്പിച്ചു. ഷാഫി ഭീതിയോടെ അയാളെ നോക്കി.

“ഇ..ഇല്ല സര്‍..എനിക്കറിയില്ല..” അവന്‍ വിക്കിവിക്കി പറഞ്ഞു.

“ഹും…അപ്പോള്‍ അത് നിനക്കറിയില്ല…അന്ന് റീനയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷണത്തില്‍ ആണ്. അവന്മാരുടെ സ്കെച്ച് അവളുടെ സഹായത്തോടെ ഉടന്‍ റെഡിയാകും..എന്റെ കൈയില്‍ അവരെ കിട്ടുന്ന താമസമേ ഉള്ളു അതിന്റെ പിന്നില്‍ ആരായിരുന്നു എന്ന് മനസിലാക്കാന്‍..രാജീവായിരുന്നു അതിന്റെ പിന്നിലെന്ന് തെളിഞ്ഞാല്‍പ്പിന്നെ നീ അകത്തായിരിക്കും..മര്യാദയ്ക്ക് സത്യം ഇപ്പോള്‍ പറഞ്ഞാല്‍, അത് നിനക്ക് ഗുണം ചെയ്തേക്കും..” വസീം അല്പം കടുത്ത സ്വരത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *