എസ് പിയുടെ മുഖത്ത് ചുളിവുകള്‍ വീഴുന്നതും അദ്ദേഹം ആലോചനയോടെ കസേരയില്‍ പിന്നോക്കം ചാരിയിരിക്കുന്നതും സി ഐയും എസ് ഐയും നോക്കി അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തു.
“ഇറ്റ് ഈസ് സ്ട്രെയിന്ച്..ഡാന്‍സ് ഫ്ലോറില്‍ ഉണ്ടായിരുന്ന രാജീവ് താഴെ നിങ്ങളുടെ അരികിലേക്ക് എത്താന്‍ എടുത്തത് അഞ്ചു മിനിറ്റ് എന്നാണ് നിങ്ങള്‍ പറഞ്ഞത്..
ഈ ചെറിയ സമയത്ത് അവന്‍ താഴേക്ക് പോകും എന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക് മാത്രമല്ലെ അവന്‍ കയറിയ ലിഫ്റ്റ് നാലാം നിലയില്‍ നിര്‍ത്തി അകത്ത് കയറാന്‍ പറ്റൂ? കാരണം നിങ്ങള്‍ അവനെ താഴേക്ക് വിളിപ്പിച്ചത് താഴെ ഉള്ളവര്‍ക്കും പിന്നെ മുകളിലേക്ക് പോയ ബെയറര്‍ക്കും മാത്രമേ അറിയൂ..
അങ്ങനെ വരുമ്പോള്‍ ഈ സംഗതി കൊലപാതകി എങ്ങനെ അറിഞ്ഞു എന്നതാണ് എന്റെ അത്ഭുതം” ഇരുവരെയും നോക്കി എസ് പി പറഞ്ഞു.
“അതെ സര്‍..അത് തന്നെയാണ് എന്നെയും അലട്ടുന്ന ചോദ്യം. രാജീവിനെ വസീം താഴേക്ക് വിളിപ്പിച്ച സമയവും അവന്‍ താഴെ എത്താന്‍ എടുത്ത സമയവും അതിനിടയില്‍ നാലാം നിലയിലുള്ള കൊലപാതകി ഈ വിവരം അറിഞ്ഞ് ലിഫ്റ്റില്‍ കയറി കുത്തുക എന്ന് പറഞ്ഞാല്‍ അതില്‍ വല്ലാത്തൊരു ദുരൂഹത ഉണ്ട്…” സി ഐയും ആലോചനയോടെ പറഞ്ഞു.
“പക്ഷെ ആ ബെയറര്‍ പറഞ്ഞത് ശരിയാണുതാനും..ക്യാമറ കള്ളം പറയില്ലല്ലോ..” എസ് പി നെറ്റിയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
“എനിവേ..ഞാന്‍ ചോദിയ്ക്കാന്‍ മറന്ന മറ്റൊന്ന്…നിങ്ങള്‍ ആ സമയത്ത് എന്തിനാണ് ഹോട്ടലില്‍ പോയത്?” എസ് പി വസീമിനോട് ചോദിച്ചു.
“അത് സര്‍..രാജീവിനെതിരെ എനിക്കൊരു പരാതി ലഭിച്ചിരുന്നു…ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയാണ്..അതില്‍ അയാളെ ചോദ്യം ചെയ്യാനാണ് ഞാന്‍ അവിടെ എത്തിയത്..” വസീം പറഞ്ഞു.
“എന്ത് പരാതി? ആരാണ് പരാതിക്കാരി?”
“സര്‍..താങ്കളുടെ അനന്തിരവനാണ് രാജീവ്..അതുകൊണ്ട് തന്നെ താങ്കള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള വിഷയമായിരിക്കില്ല ഇത്..” വസീം ശങ്കയോടെ പറഞ്ഞു.
“നോ..വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല..രാജീവിന്റെ മരണവുമായി ബന്ധമുള്ള കാരണം നമ്മള്‍ കണ്ടുപിടിച്ചേ പറ്റൂ..പ്രതി ആരാണെന്ന് അറിയാന്‍ ഇനി അവനോടു വിരോധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിച്ചാല്‍ മാത്രമേ പറ്റൂ..എന്തായിരുന്നു പരാതി?”
“സര്‍..റീന എന്ന കോളജ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിന്മേല്‍ അവനെ ചോദ്യം ചെയ്യാനാണ് ഞാന്‍ പോയത്. ആ പെണ്‍കുട്ടിയെ അവന്‍ നടുറോഡില്‍ വച്ചു കയറി പിടിക്കുന്നത് ഞാന്‍ നേരില്‍ കണ്ടതും അവനെ വാണ്‍ ചെയ്തതുമാണ്..സാറുമായി അവനുള്ള ബന്ധം കാരണം ഞാന്‍ കേസ് ചാര്‍ജ്ജ് ചെയ്തില്ല..പക്ഷെ പിന്നീട് മറ്റൊരു സംഭവം ഉണ്ടായി..” വസീം പറഞ്ഞു.
“യെസ്..”
“റീനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു. തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള ഒരു വണ്ടിയില്‍ വന്ന ചിലര്‍ അവളെ കടത്തിക്കൊണ്ടു പോയി. ആ പെണ്‍കുട്ടിയുടെ മനസിന്റെ ബലം കൊണ്ട് മാത്രമാണ് അവള്‍ രക്ഷപെട്ടത്..”
“ഹൌ..അതും ഇതും തമ്മില്‍ എന്ത് ബന്ധം?”
“ബന്ധമുണ്ട് സര്‍..അവള്‍ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ തട്ടിക്കൊണ്ടുപോയവര്‍ കാണാതെ ഉപയോഗിച്ചു..എന്റെ നമ്പര്‍ അവള്‍ ഡയല്‍ ചെയ്തു വച്ചു…സംസാരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല..അവള്‍ അവരോട് തന്നെ വെറുതെ വിടണം എന്ന് പറയുന്നതും തമിഴിലുള്ള സംസാരവും കേട്ടപ്പോള്‍ ഞാന്‍ സംശയം തോന്നി സൈബര്‍ സെല്ലിന്റെ സഹായം തേടി…അങ്ങനെയാണ് അവരുടെ സഞ്ചാര ദിശ മനസിലാക്കിയത്..റീനയാണ് വണ്ടിക്കുള്ളില്‍ എന്നെനിക്ക് അറിയുമായിരുന്നില്ല..മൂവാറ്റുപുഴ എസ് ഐ മധുവിന്റെ സംഘവും ഞങ്ങളെ സഹായിച്ചു..പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ സാധിച്ചു എങ്കിലും തട്ടിക്കൊണ്ടു പോയവരെ പിടിക്കാന്‍ കഴിഞ്ഞില്ല..തന്ത്രപരമായി അവന്മാര്‍ കടന്നുകളഞ്ഞു….ഈ തട്ടിക്കൊണ്ടു പോകലിന്റെ പിന്നില്‍ രാജീവാണ് എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സംശയിച്ചിരുന്നു..ആ സംശയം സത്യമാണ് താനും…” വസീം പറഞ്ഞു നിര്‍ത്തി.
