“ഛെ..അവന്മാര്‍ മനപൂര്‍വ്വം ബ്രേക്കിട്ട് നമ്മെക്കൊണ്ട് ഇടിപ്പിച്ചതാണ്..ഷിറ്റ്…വേഗം കയറടോ..” അയാള്‍ ബോണറ്റ് അടയ്ക്കാന്‍ നോക്കിക്കൊണ്ട് പറഞ്ഞു. പക്ഷെ മുന്‍ഭാഗം കുറെ പൊളിഞ്ഞു പോയതിനാല്‍ ബോണറ്റ് തിരികെ അടയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
“സര്‍..ഇതിനി വല്ല വിധത്തിലും കെട്ടിവച്ച് തിരികെ പോകാനേ പറ്റൂ…” ഡ്രൈവര്‍ പറഞ്ഞു.
“ഛെ..ആ നായിന്റെ മോന്മാര്‍ രക്ഷപെട്ടുകളഞ്ഞല്ലോ….” നിരാശയോടെ മധു ബോണറ്റ് വലിച്ചു താഴേക്ക് അടിച്ചു.
ആശുപത്രിയിലേക്ക് തിരക്കിട്ടെത്തിയ റോയിയും ശിവനും അത്യാഹിത വിഭാഗത്തിന്റെ മുന്‍പില്‍ നിന്നിരുന്ന പൊലീസുകാരന്റെ സമീപമെത്തി.
“എന്താണ് സംഭവിച്ചത് സര്‍…വസീം സര്‍ ഇവിടില്ലേ?” റോയ് ആശങ്കയോടെ ചോദിച്ചു.
“സാറ് നിങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്..കുട്ടിക്ക് സീരിയസായി പരുക്കൊന്നുമില്ല..രണ്ടു മണിക്കൂറിനകം ഡിസ്ചാര്‍ജ്ജ് ചെയ്യാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്…എന്നാല്‍ നിങ്ങള്‍ നില്‍ക്ക്..നിങ്ങള്‍ വരുന്നതുവരെ ഇവിടെ കാണണം എന്ന് സാറ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ കാത്തുനിന്നത്” അയാള്‍ പറഞ്ഞു.
“സംഭവം എന്താണെന്നു സാറിന് അറിയില്ലേ?” ശിവന്‍ ചോദിച്ചു.
“കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്..നിങ്ങള്‍ സൗകര്യം പോലെ ഇന്ന് തന്നെ സ്റ്റെഷനിലേക്ക് ചെന്നു സാറിനെ കാണണം..അദ്ദേഹം എല്ലാം പറയും”
“ശരി സര്‍..ഞങ്ങള്‍ ഇവളെ വീട്ടില്‍ ആക്കിയ ശേഷം വരാം..വസീം സാറ് എത്രമണി വരെ കാണും അവിടെ?” റോയ് ചോദിച്ചു.
“എട്ടുമണി വരെ കാണും..അതിനു മുന്പ് എത്താന്‍ പറ്റിയില്ല എങ്കില്‍ നാളെ രാവിലെ ചെന്നാല്‍ മതി”
“ശരി സര്‍..”
പോലീസുകാരന്‍ പോകുന്നത് അവര്‍ നോക്കി നിന്നു. ശിവനും റോയിയും മുഖാമുഖം നോക്കി.
“അവളെ നമുക്ക് കയറി ഒന്ന് കാണാം..” ശിവന്‍ പറഞ്ഞു.
“അതെ..”
ഇരുവരും ഉള്ളില്‍ കയറി. റീനയെ ഡ്രിപ് ഇട്ടു കിടത്തിയിരിക്കുന്നതും അവളുടെ കൈകളിലും മുഖത്തും കാലുകളിലും ബാന്‍ഡേജ് ഒട്ടിച്ചിരിക്കുന്നതും കണ്ടപ്പോള്‍ ഇരുവരും ഞെട്ടി. റീന അവരെ കണ്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. റോയ് അവളുടെ അടുത്തെത്തി അവളുടെ ശിരസില്‍ തലോടി.
“എന്ത് പറ്റി മോളെ..എന്താണ് സംഭവിച്ചത്..” അവന്‍ ആകാംക്ഷയോടെ ചോദിച്ചു.
റീന ചുറ്റും നോക്കി. പലരും അവളെയും അവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോലീസ് അവളെ അവിടെ എത്തിച്ചത് കണ്ടവരാണ് അവരില്‍ പലരും.
“പിന്നെ പറയാം ഇച്ചായാ..ചാച്ചനോടും അമ്മയോടും പറഞ്ഞോ?” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
“ഇല്ല..പക്ഷെ പറയാതെ ഇനി പറ്റില്ലല്ലോ..നിന്നെ കാണാതെ ടെന്‍ഷനില്‍ ആണ് അമ്മ”
“സാരമില്ല..ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ തെന്നി വീണതാണ് എന്ന് പറഞ്ഞാല്‍ മതി…” അവള്‍ പറഞ്ഞു. റോയ് തലയാട്ടി.
“ഹായ്..ആരാ റീനയുടെ ബന്ധുക്കള്‍ ആണോ” ഡ്യൂട്ടി ഡോക്ടര്‍ അവരുടെ അരികിലേക്ക് എത്തി ചോദിച്ചു. ഇരുവരും എഴുന്നേറ്റു.
“ഉവ്വ് ഡോക്ടര്‍..എന്റെ സിസ്റ്റര്‍ ആണ്…..”
“ഷി ഈസ് ആള്‍ റൈറ്റ്…ഡ്രിപ് തീര്‍ന്നാല്‍ വീട്ടില്‍ കൊണ്ടുപോകാം….വീടിനടുത്ത് ക്ലിനിക്കുകള്‍ വല്ലതും ഉണ്ടെങ്കില്‍ നാളെ മുറിവ് പറ്റിയ ഇടത്ത് ബാന്‍ഡേജ് മാറ്റി പുതിയത് ഇട്ടാല്‍ മാത്രം മതി..” ഡോക്ടര്‍ പറഞ്ഞു.
“ശരി ഡോക്ടര്‍….”
റീനയെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഗ്രേസിയും ജോസഫും ആശങ്കയോടെ ഇറങ്ങിവന്നു. മുടന്തി വരുന്ന മകളുടെ മുഖത്തെയും കൈകാലുകളിലെയും മുറിവുകള്‍ കണ്ടപ്പോള്‍ ഗ്രേസി ഓടിച്ചെന്നു.
“അയ്യോ എന്റെ കുഞ്ഞിനിതെന്ത് പറ്റിയോ..ദൈവമേ എനിക്ക് സഹിക്കാന്‍ വയ്യായേ…” അവര്‍ അലമുറയിട്ടു.
“ബഹളം ഉണ്ടാക്കാതമ്മേ..അവള്‍ ബസില്‍ നിന്നും ഒന്ന് വീണു..വലിയ പ്രശ്നമൊന്നുമില്ല..വെറുതെ വിളിച്ചുകൂവി നാട്ടുകാരെ മൊത്തം അറിയിക്കാതെ ഇവളെ ഉള്ളിലോട്ടു കൊണ്ടുപോ..ഞങ്ങള്‍ക്ക് ഒരിടം വരെ പോകാനുണ്ട്” റോയ് അവളെ അമ്മയുടെ കൈയില്‍ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.
“മോളെ..ദൈവമേ ഒരുപാട് മുറിഞ്ഞല്ലോ..” ജോസഫും അടുത്തെത്തി അവളെ താങ്ങിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
