അപ്പോഴാണ് അടുത്ത കഥാപാത്രത്തിൻ്റെ രംഗ പ്രവേശനം. അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ. ബീക്കൺ ലൈറ്റ് ഒക്കെ ഇട്ട് പറപ്പിച്ചാണ് വന്നത്. നേരെ അന്നയുടെ ഇളയച്ചൻ്റെ കാറിൻ്റെ അടുത്ത് തന്നെ നിർത്തി. പോലീസ് യൂണിഫോമിൽ ഒന്നുമല്ല ഒരു ചുരിദാർ ആണ് വേഷം. ഉറക്കത്തിൽ നിന്ന് നേരെയുള്ള വരവാണ്. കൂടെ ഒരു പോലീസ് ഡ്രൈവർ ആണെന്ന് തോന്നുന്നു. വേറെ പോലീസ് പടയൊന്നുമില്ല
ഇപ്പോൾ ഇങ്ങോട്ട് ഓടി വന്ന് അടുത്ത ഷോ തുടങ്ങുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഉണ്ടായില്ല വണ്ടിയിൽ നിന്നിറങ്ങി ആദ്യം ഞങ്ങളെ ഒന്ന് നോക്കി. പിന്നെ നേരെ അവളുടെ ഇളയച്ചൻ്റെ അടുത്ത് പോയി എന്തോ സംസാരിക്കുന്നുണ്ട്. ഞങ്ങളെ നോക്കിക്കൊണ്ടാണ് സംസാരം. ഇരുട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു വണ്ടി ചൂണ്ടി കാണിച്ചു അവളുടെ ഇളയച്ഛൻ എന്തോ പറഞ്ഞെന്ന് തോന്നുന്നു അവരുടെ മുഖമൊക്കെ മാറി. അന്നേരമാണ് ഞാനും അത് ശ്രദ്ധിച്ചത് നേരത്തെ എനിക്ക് പോകാനായി വന്ന ഇന്നോവയും ബെൻസും.
ജീവയുടെ ടീം ആണ്.
ഞാൻ രാഹുലിനെ കൈയകൊണ്ട് മുട്ടിയിട്ട് കൊണ്ട് കാറുകൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. അതോടെ അവൻ്റെ ധൈര്യം ഇരട്ടിയായി.
അരുൺ സർ ഞങ്ങളുടെ അടുത്ത് വന്നു പതുക്കെ പറഞ്ഞു.
“കാർ വന്നിട്ടുണ്ട് നിങ്ങൾ എത്രയും വേഗം പോണം .”
പക്ഷേ കാര്യങ്ങൾ തീരുമാനമാകാതെ എങ്ങനെ പോകും. മാത്രമല്ല ആ തെണ്ടി ദീപുവിൻ്റെ അടുത്ത് നിന്ന് എങ്ങനെയെങ്കിലും എൻ്റെയും അന്നയുടെയും ഫോട്ടോസ് ഉള്ള ഫോൺ വീണ്ടെടുക്കണം.
ഞാൻ ആ തെണ്ടിയെ തിരഞ്ഞു. അവനും രമേഷും പിള്ളേരുടെ ഇടയിൽ ഏറ്റവും പിന്നിലായി നിൽക്കുന്നുണ്ട്.
എൻ്റെ മനസ്സ് വായിച്ചപോലെ അരുൺ സാർ വീണ്ടും പറഞ്ഞു
“ഇവിടത്തെ കാര്യമൊക്കെ ഞാൻ ഡീൽ ചെയ്തോളാം.”
ഫോട്ടോയുടെ കാര്യം പറയണോ വേണ്ടയോ എന്നായി ഞാൻ.
അപ്പോഴേക്കും അന്നയുടെ അപ്പച്ചി അന്നയുടെ അടുത്തേക്ക് വന്നു. ഞങ്ങളെ നോക്കിയതുപോലും ഇല്ല
“മോള് കൊച്ചാപ്പയുടെ ഒപ്പം പോകേണ്ട എൻ്റെ ഒപ്പം വാ. വീട്ടിൽ പോയിട്ട് എന്തു പ്രശ്നത്തിനും സംസാരിച്ചു പരിഹാരം ഉണ്ടാക്കാം. “
അന്ന കണ്ണൊക്കെ തുടച്ചു ചുറ്റും നോക്കി. പോകാനാണെന്ന് തോന്നുന്നു താഴെ വീണു കിടക്കുന്ന ബാഗ് എടുത്ത് തോളിലിട്ട്. അപ്പൊ കാര്യങ്ങൾക്ക് തീരുമാനമായി. അവൾ അപ്പച്ചിയുടെ ഒപ്പം പോകും.
ഞാൻ എൻ്റെ ബാഗ് എടുത്ത് ഞങ്ങളെ കാത്തു കിടക്കുന്ന വണ്ടിയെ ലക്ഷ്യമാക്കി നടന്നു പിന്നാലെ രാഹുലും. രണ്ടു വണ്ടിയും സ്റ്റാർട്ടായി. മുന്നോട്ട് നടക്കുന്നതിനിടയിൽ ഞാൻ ഒന്ന് കൂടി അവളെ ഒന്ന് തിരിഞ്ഞു നോക്കി. ഒരുപക്ഷേ അവളെ അവസാനമായി ആയിരിക്കും കാണുക. ഇത്ര വലിയ പ്രശ്‍നം ഉണ്ടായ സ്ഥിതിക്ക് അവൾ പഠിപ്പ് നിർത്താനായിരിക്കും സാദ്യത. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ അന്നയും എന്നെ തിരിഞ്ഞു നോക്കി. രണ്ട് നിമിഷത്തേക്ക് ഞങ്ങൾ പരസ്‌പരം നോക്കി നിന്നു. അവളുടെ നോട്ടം നേരിടാൻ ശക്‌തിയില്ലാത്തതിനാൽ ഞാൻ വീണ്ടും തിരിഞ്ഞു നടന്നു.
“അന്നേ!”എന്നൊരു വിളിയാണ് കേട്ടത്.
വിളിച്ചത് അവളുടെ അപ്പച്ചി യാണ്, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എൻ്റെ അടുത്തേക്ക് ഓടി വരുന്നു..
ഇവൾ ഇത് എന്തു ഭാവിച്ചിട്ടാണ്. സിനമയിൽ ഒക്കെ കാണുന്ന പോലെ എന്നെ വന്ന് കെട്ടിപിടിക്കുമോ
ഞാൻ തരിച്ചു നിൽക്കുകയാണ്. എൻ്റെ പിന്നിൽ രാഹുലും.
എന്നാൽ അവൾ എന്നെ കെട്ടിപിടിചില്ല് എന്ന് മാത്രമല്ല എന്നെ നോക്കിയത് പോലുമില്ല. നേരെ ഓടി പോയി ഞങ്ങളെ കാത്തു നിന്ന G വാഗൺ ജീപ്പിൽ ബാക്കിൽ സീറ്റിൽ കയറി ഡോർ അടച്ചു. രാഹുലും ഞാനും പര്സപരം നോക്കി. എല്ലാവരും അന്നയുടെ പ്രവർത്തിയിൽ അന്ധാളിച്ചു നിൽക്കുകയാണ്.
സംഭവം വഷളായി എന്ന് എനിക്ക് മനസ്സിലായി. കാരണം അവളുടെ കൊച്ചാപ്പ ജീപ്പിൻ്റെ അരികിലേക്ക് ഓടി വരുന്നുണ്ട്. പിന്നാലെ അയാളുടെ ഡ്രൈവറും. ഡ്രൈവറുടെ കൈയിൽ ജാക്കി ലിവർ ആണെന്ന് തോന്നുന്നു എന്തോ ഒരു ആയുധമുണ്ട്. അരുൺ സാർ ഞങ്ങളുടെ അടുത്തേക്കോടി വരുന്നു.
ബെൻസ് കാർ ഞങ്ങളുടെ അടുത്തേക്ക് വേഗത്തിൽ നീങ്ങി. അരുൺ സാർ ഞങ്ങളോടെ വേഗം കയറാൻ പറഞ്ഞു. രാഹുൽ ചാടി ഫ്രണ്ട് സീറ്റിൽ കയറി. ഞാൻ എന്തിന് ഓടി പോണം എന്ന് ചിന്തയിൽ അവിടെ തന്നെ നിന്നു. ബാക്ക് ഡോർ തുറന്നു പിടിച്ചിരിക്കുകയാണ് വേറെ ആരുമല്ല അവൾ അന്ന.
