വീണ്ടും കുട്ടച്ചൻ്റെ ചില ചോദ്യങ്ങൾക്കുള്ള മറുപടി കൊടുത്തുകൊണ്ട് ആര്യൻ ചായ കുടിച്ച് തീർത്ത ശേഷം പോകാനായി തുടങ്ങി. ചന്ദ്രിക ചേച്ചിയെ പ്രതീക്ഷിച്ചെങ്കിലും കാണാത്തത്തുകൊണ്ട് ഉടനെ തന്നെ ചായയുടെയും ഊണിൻ്റെയും പൈസ ഉച്ചക്ക് ഒന്നിച്ച് തരാം എന്ന് കുട്ടച്ചനോട് പറഞ്ഞുകൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞ് ഇറങ്ങി.
തിരിച്ച് വീട്ടിലേക്ക് നടന്ന ആര്യൻ വഴിയിൽ കൂടി തോമാച്ചൻ്റെ വണ്ടി വരുന്നത് കണ്ട് ഒരു വശത്തേക്ക് വണ്ടിക്ക് പോകാൻ വേണ്ടി മാറി നിന്നു. എന്നാൽ തോമാച്ചൻ ആര്യനെ കാണുകയും വണ്ടി ആര്യൻ്റെ അടുത്തേക്ക് ഒതുക്കി നിർത്താനും ഡ്രൈവറോട് പറഞ്ഞതനുസരിച്ച് അയാൾ വണ്ടി നിർത്തി. ഗ്ലാസ്സ് താഴ്ത്തിയ തോമാച്ചൻ ആര്യനെ അടുത്തേക്ക് വിളിച്ചു.
“ഹാ ആര്യാ സൈക്കിളിൻ്റെ കാര്യം മോളി പറഞ്ഞിരുന്നു. ഞാൻ എന്തായാലും ടൗൺ വരെ പോവാ…പോകുന്ന വഴി അവനെ കണ്ട് കാര്യം പറഞ്ഞേക്കാം.”
“ആഹ് തോമാച്ച വലിയ കാര്യം.”
“എന്നാ ശെരി കാണാം” എന്ന് പറഞ്ഞുകൊണ്ട് തോമാച്ചൻ വണ്ടി എടുക്കാൻ പറഞ്ഞതും ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പോയി.
ആര്യൻ അങ്ങനെ ആ കാര്യം സെറ്റ് ആയി എന്ന് പറഞ്ഞ് വീണ്ടും നടന്നു.
വീട്ടിലേക്ക് പോകുന്നതിന് മുൻപ് ശാലിനിയുടെ വീട്ടിൽ കയറാനും ആര്യൻ മറന്നില്ല. അവൻ ശാലിനിയുടെ വീടിന് മുന്നിൽ എത്തിയതും ഗേറ്റ് തുറന്നുകൊണ്ട് മുറ്റത്തേക്ക് കയറിയ ശേഷം കോളിംഗ് ബെൽ അടിച്ചു.
അകത്ത് നിന്നും ഒരു വെള്ള പെറ്റിക്കോട്ടും കാലിൽ വെള്ളി കൊലുസ്സും ധരിച്ചെത്തിയ ഒരു കൊച്ചു സുന്ദരി ഓടി വന്നു തിണ്ണയ്ക്ക് നിന്നുകൊണ്ട് ആര്യനെ നോക്കി “ആരാ…” എന്ന് ചോദിച്ചു. ശാലിനിയുടെ മകൾ ആണ് ആ കുട്ടിയെന്ന് ആര്യന് മനസ്സിലായി.
“ഇതാരാ എന്ന് പറഞ്ഞാൽ ഞാൻ ആരാണെന്ന് പറയാം.” ആര്യൻ തൻ്റെ കൈകൾ രണ്ടും കാൽമുട്ടിൽ പിടിച്ച് വളഞ്ഞു നിന്നുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.
“ഞാൻ അമ്മുവാ…”
“അമ്മുവോ…എതമ്മു?”
“ഇവിടുത്തെ അമ്മു…ഇനി ആരാണെന്ന് പറ.”
“ഞാൻ ആര്യൻ…അപ്പുറത്തെ ആര്യൻ.”
“എന്താ വേണ്ടേ?”
“എനിക്കൊന്നും വേണ്ട…അമ്മ എന്തിയെ അമ്മൂൻ്റെ.”
“അടുക്കളയിൽ അമ്മൂന് ദോശ ചുടുവാ…”
“ആഹാ അമ്മു ഇന്ന് ദോശ ആണോ കഴിക്കുന്നെ?”
“ആം…”
“ആരാ അമ്മു അത്?” എന്ന് അകത്ത് നിന്നും വിളിച്ച് ചോദിച്ചുകൊണ്ട് ശാലിനി അടുക്കളയിൽ നിന്നും കൈയിൽ ഒരു ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു. ആര്യനെ കണ്ടതും “ആഹാ ആരാ ഈ വന്നിരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞുള്ള വരവാണോ?” എന്ന് കളിയാക്കിക്കൊണ്ട് വീണ്ടും അവനോടായി ചോദിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
“ആരാ ഈ വന്നിരിക്കുന്നതെന്ന് അമ്മക്ക് ഒന്ന് പറഞ്ഞുകൊടുത്തേ അമ്മൂട്ടി.”
“അമ്മേ ഇത് അപ്പുറത്തെ ആര്യൻ.”
അവളുടെ ആ പറച്ചിൽ കേട്ട് ആര്യനും ശാലിനിയും ചിരിച്ചു പോയി.
“ഹഹഹ അപ്പുറത്തെ ആര്യനോ…”
“എൻ്റെ ചേച്ചി ഇവളോട് ഞാൻ ഏതമ്മു എന്ന് ചോദിച്ചപ്പോൾ അവള് ഇവിടുത്തെ അമ്മു എന്ന് പറഞ്ഞു…അപ്പോ ഞാൻ പറഞ്ഞു ഞാൻ അപ്പുറത്തെ ആര്യൻ ആണെന്ന് അതിനാ ഹഹ…”
“അത് ശെരി…അമ്മു ആര്യൻ അല്ലാ ആര്യൻ മാമൻ എന്ന് വിളിക്കണം കേട്ടോ…”
“ഒന്ന് പോയെ ചേച്ചി അവൾടെ ചേട്ടൻ ആകാൻ ഉള്ള പ്രായം ഒക്കെ എനിക്കുള്ളൂ…അമ്മൂട്ടി എന്നെ ആര്യൻ ചേട്ടൻ എന്ന് വിളിച്ചാൽ മതി കേട്ടോ.”
“മമ്മൂട്ടിയോ?” അമ്മുവിൻ്റെ ആ ചോദ്യം കേട്ട് ശാലിനി വീണ്ടും പൊട്ടിച്ചിരിച്ചു.
“മമ്മൂട്ടി അല്ലാ അമ്മൂട്ടി.”
“ഹമ്മ്…” അമ്മു ആര്യനെ നോക്കി ചിരിച്ചുകൊണ്ട് മൂളി.
“മ്മ് ഒരു ചേട്ടൻ…കണ്ടാൽ ഈ പ്രായത്തിൽ ഉള്ള ഒരു കൊച്ചൊണ്ടെന്ന് പറയും.”
“മ്മ്…കുശുമ്പ് കുശുമ്പ്.”
“നീ അവിടെ തന്നെ നിൽക്കാതെ ഇങ്ങു കേറി വന്ന് ഇവിടെ ഇരിക്ക്.” ശാലിനി തിണ്ണയ്ക്ക് കിടന്ന ഒരു കസേരയിൽ ചൂണ്ടി പറഞ്ഞു.
