മന്ദാരക്കനവ് – 2 2

“ആഹാ അതുശരി.”

 

ഗേറ്റ് കടന്ന് വീടിന് മുന്നിൽ എത്തിയപ്പോൾ കാർ പോർച്ചിൽ രണ്ടായിരത്തൊന്ന് മോഡൽ ബെൻസ് സി ക്ലാസ് കിടക്കുന്നത് ആര്യൻ്റെ ശ്രദ്ധയിൽ പെട്ടു. ഈ നാട്ടിൽ വന്ന് ബസ്സ് ഇറങ്ങിയതിന് ശേഷം സൈക്കിൾ അല്ലാതെ കാണുന്ന ആദ്യത്തെ വണ്ടി. ആര്യൻ മനസ്സിൽ ചിന്തിച്ചു.

 

ആര്യൻ മോളിയുടെ പിന്നാലെ അവരുടെ വീടിനകത്തേക്ക് കയറിയതും ഹാളിൽ ടിവി കണ്ടുകൊണ്ട് ഇരുന്ന തോമാച്ചൻ എഴുന്നേറ്റ് ആര്യന് കൈ കൊടുത്തുകൊണ്ട് സോഫയിലേക്ക് ഇരിക്കാൻ പറഞ്ഞു.

 

ആര്യനു തൊട്ടുമുമ്പുണ്ടായിരുന്ന പോസ്റ്റ്മാൻ മുഖേന വഴി തന്നെയായിരുന്നു അവൻ തോമാച്ചൻ്റെ വീട് താമസിക്കാൻ ആയി തരപ്പെടുത്തിയത്. അതുകൊണ്ട് തന്നെ തോമാച്ചനോട് ഇതിന് മുൻപ് ആര്യൻ സംസാരിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല.

 

കാണുമ്പോൾ തന്നെ ഒരു പ്രതാപി അല്ലെങ്കിൽ ജന്മി എന്നൊക്കെ തോന്നും വിധം ഒരു ആറടി പൊക്കവും കട്ടി മീശയും ഒക്കെ ഉള്ള ഒരു മനുഷ്യൻ എന്നാൽ പെരുമാറ്റത്തിൽ വളരെ എളിമ ഉള്ള ഒരു നല്ല മനസ്സിനുടമ ആണ് തോമാച്ചൻ എന്ന് ആര്യന് ഒരു പത്ത് മിനുട്ട് കൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പമുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലായി.

 

പരസ്പരം വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ പങ്കുവെച്ചതിൽ നിന്നും ഈ നാട്ടിലെ ഒരേയൊരു പ്രമാണി ആണ് തോമാച്ചൻ എന്ന് ആര്യന് ബോധ്യമായി.

 

ടൗണിൽ ബിസിനെസ്സ് നടത്തുകയാണ് തോമസ് എന്ന തോമാച്ചൻ. വയസ്സ് അറുപത്തിമ്മൂന്ന് കഴിഞ്ഞെങ്കിലും ഇപ്പഴും എല്ലാം നോക്കി നടത്തുന്നത് തോമാച്ചൻ തന്നെ. തോമാച്ചനും മോളി ചേച്ചിക്കും കൂടി രണ്ട് മക്കൾ. ഒരു ആണും ഒരു പെണ്ണും. മകൻ കുടുംബവുമായി അമേരിക്കയിൽ. മകൾ ബാംഗ്ലൂരിൽ നഴ്സിംഗ് ഫൈനൽ ഇയറിന് പഠിക്കുന്നു. എല്ലാം വിശദമായി തന്നെ തോമാച്ചൻ പറഞ്ഞു.

 

“വാ ഇനി കഴിച്ചിട്ടാവാം സംസാരം.” മോളിയുടെ വാക്കുകൾ കേട്ട് അവർ കഴിക്കാനായി എഴുന്നേറ്റു.

 

മോളി ചേട്ടത്തിക്ക് സഹായത്തിനായി നിക്കുന്ന മറിയാമ്മ എന്ന് വിളിക്കുന്ന ഒരു പ്രായമായ അമ്മയെയും ആര്യന് പരിചയപ്പെടുത്തിക്കൊണ്ട് അവർ അവനോട് ഡൈനിങ് മേശയിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടു.

 

തൻ്റെ മുന്നിൽ ഇരിക്കുന്ന വിഭവങ്ങൾ കണ്ട് ആര്യൻ അന്തം വിട്ടിരുന്നു. പതിവിൽ കൂടുതൽ കഴിച്ച് വയറും മനസ്സും ഒരുപോലെ തന്നെ നിറഞ്ഞ ശേഷം ആര്യൻ ആഹാരം മതിയാക്കി എഴുന്നേറ്റു.

 

തോമാച്ചനോടും മോളി ചേട്ടത്തിയോടും യാത്ര പറഞ്ഞ് ഇറങ്ങുന്നതിനു മുൻപ് കുറച്ച് നേരം കൂടി അവർ കുശലം പറഞ്ഞിരുന്നു. നല്ല സ്വാദിഷ്ടവും രുചികരവുമായ ഭക്ഷണം വിളമ്പി തന്നതിന് അവരോട് എല്ലാവരോടും നന്ദി പറയാനും ആര്യൻ മറന്നില്ല.

 

തിരിച്ച് വീട്ടിൽ എത്തിയ ആര്യൻ താൻ പാതിക്ക് വെച്ചു നിർത്തിയ ഉറക്കം തുടരാനായി കിടന്നപ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം ഓർത്ത് അവൻ്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുകയുണ്ടായി. അതുകൂടാതെ നാളെ രാവിലെ തന്നെ മന്ദാരക്കുളത്തിൽ പോയി കുളിക്കുക എന്ന ഉദ്ദേശ്യത്തോടെ അവൻ മയക്കത്തിലേക്ക് വഴുതി വീണു.

 

പിറ്റേദിവസം രാവിലെ ആറ് മണിക്ക് തന്നെ ആര്യൻ ഉറക്കം ഉണർന്നു. ആര്യൻ ജനാലയുടെ ഒരു പാളി തുറന്നിട്ട ശേഷം പുറത്തേക്ക് നോക്കി. വെട്ടം വീണു തുടങ്ങിയിട്ടില്ല. എങ്ങും ഇരുട്ടും നിശ്ശബ്ദതയും മാത്രം.

 

അവൻ തൻ്റെ പെട്ടി എടുത്ത് കട്ടിലിൽ വച്ച ശേഷം ഓരോരോ സാധനങ്ങളും അതിൽ നിന്നുമെടുത്ത് പുറത്ത് വെച്ചുകൊണ്ട് അവ അടുക്കി വെക്കാൻ തുടങ്ങി. ഏകദേശം പത്ത് മിനുട്ടുകൊണ്ട് തന്നെ സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വച്ച ശേഷം അടുക്കളയിലേക്ക് ചെന്ന് നോക്കി. താൻ പറഞ്ഞ് തരപ്പെടുത്തിയത് പോലെ തന്നെ ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാം അവിടെ ഉണ്ടായിരുന്നു. ആര്യൻ ഒരു ഗ്ലാസ്സ് കാപ്പി ഇടാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

 

കതക് തുറന്ന് തിണ്ണപ്പടിയിൽ വന്നിരുന്നുകൊണ്ട് താൻ ഉണ്ടാക്കിയ കാപ്പി ആസ്വദിച്ച് കുടിച്ച് ആര്യൻ പുറത്തേക്കും നോക്കി ഇരുന്നു. ഒട്ടും തന്നെ സമയം കളയാതെ ബാത്ത്റൂമിൽ പോയ ശേഷം അവൻ കുളിക്കാൻ ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് മന്ദാരക്കുളത്തിലേക്ക് പോകുവാനായി തയ്യാറെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *