മന്ദാരക്കനവ് – 6 3അടിപൊളി  

 

“ആര് സംസാരിച്ചിട്ടും കാര്യമില്ല ആര്യാ…എങ്കിൽ അയാളെന്നേ നന്നായി പോയേനെ…സംസാരിക്കാൻ ചെന്നാൽ അയാളെന്തൊക്കെ പറയുമെന്നു പോലും അറിയില്ല…അതുകൊണ്ട് ആര്യൻ അതിനൊന്നും മുതിരേണ്ടാ…കാണാതിരിക്കുന്നത് തന്നെയാ നല്ലത്…”

 

“മ്മ്…എങ്കിൽ ശരി ഇത്താ…ഞാൻ പോട്ടേ…”

 

“ശരി ആര്യാ…”

 

ആര്യൻ പടികൾ ഇറങ്ങി അവൻ്റെ ചെരുപ്പ് ഇട്ടുകൊണ്ട് പോകാനായി തിരിഞ്ഞു. നടക്കുന്നതിന് മുന്നേ അവൻ വീണ്ടും തിരിഞ്ഞ് സുഹറയുടെ മുഖത്ത് ഒന്ന് നോക്കി പുഞ്ചിരിച്ചു.

 

“ഇത്തയ്ക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അല്ലേ…?”

 

തൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ സുഹറയുടെ മുഖത്ത് ഒരു ചോദ്യഭാവം നിറയുന്നത് ആര്യൻ കണ്ടു.

 

“അതേ…ആര്യന് എങ്ങനെ…?”

 

“അറിയാം എന്നല്ലേ…ഞാൻ ഇത്താ എന്ന് വിളിക്കുമ്പോൾ ഇത്തയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ഞാൻ ശ്രദ്ധിക്കാറുണ്ട്…പിന്നെ വെറും രണ്ടു തവണ മാത്രം കണ്ട എന്നോട് ഇത്ത ഇങ്ങനെ സ്നേഹം കാണിക്കേണ്ട കാര്യവും ഇല്ലല്ലോ…”

 

ആര്യൻ പറഞ്ഞത് കേട്ട് സുഹറ അവനെ വാത്സല്യത്തോടെ തന്നെ നോക്കി നിന്നു.

 

“വരട്ടെ ഇത്താ…”

 

“മ്മ്…” സുഹറ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

 

ആര്യൻ അവിടെ നിന്ന് വീണ്ടും ഓഫീസിലേക്ക് തന്നെ നടന്നു. പോകുന്ന വഴിയിൽ സുഹറയുടെ മനസ്സിലെ വിഷമവും സങ്കടവും നേരിട്ട് അവളിൽ നിന്ന് തന്നെ അറിഞ്ഞതിൻ്റെ നൊമ്പരവും ആര്യൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.

 

ആര്യൻ ഓഫീസിലേക്ക് കയറിയതും അവനെയും കാത്ത് അവിടെ ഇരുന്ന ലിയയുടെ ചോദ്യവും ഒന്നിച്ചായിരുന്നു.

 

“എവിടെയായിരുന്നു ഇത്രയും നേരം?”

 

“ഏഹ്…ഞാൻ ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ…”

 

“നീ പോയിട്ട് ഇരുപത് മിനുട്ട് ആയി…”

 

“അതാണോ ഇത്രയും വലിയ നേരം…?”

 

“ഇരുപത് മിനുട്ടെന്താ ചെറിയ സമയാ…?”

 

“ശെടാ…ഞാൻ ചെന്നപ്പോൾ ഇത്ത ആഹാരം കഴിക്കുവായിരുന്നു…അതാ താമസിച്ചത്…”

 

“കഴിച്ചു കഴിയുന്നത് വരെ നിനക്ക് നോക്കിയിരിക്കണോ അത് എടുത്തിട്ട് ഇങ്ങു പോന്നാൽ പോരെ…”

 

“ഒരു പത്ത് മിനുട്ട് അവിടെ ഇരുന്നെന്ന് വെച്ച് എന്ത് സംഭവിക്കാനാ ചേച്ചീ…എന്താ ചേച്ചീടെ പ്രശ്നം ശരിക്കും അത് പറ…”

 

“എന്ത് പ്രശ്നം?”

 

“പിന്നെ എന്തിനാ ഇങ്ങനെ കിടന്നു വഴക്കിടുന്നത്…?”

 

“അതിന് ആരാ വഴക്കിട്ടത്…?”

 

“പിന്നെ ഞാനാണോ?”

 

“ഞാൻ നിന്നോട് താമസിച്ചത് എന്താണെന്നല്ലേ ചോദിച്ചുള്ളൂ…”

 

“ഹാ…അതെന്തുകൊണ്ടാണെന്ന് ഞാൻ പറഞ്ഞല്ലോ…പിന്നെ എന്താ പ്രശ്നം…?”

 

“മ്മ്…ശരി ആയിക്കോട്ടെ…”

 

“ശെടാ…ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും കൂടെ ഇരിക്കുന്നതും പോരാ പത്ത് മിനുട്ട് താമസിച്ചെന്നും പറഞ്ഞ് ഇങ്ങനെയുണ്ടോ…” എന്നും പറഞ്ഞ് ആര്യൻ അകത്തേക്ക് പോയി.

 

അതുകേട്ട ലിയ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവൻ്റെ പുറകെ ചെന്നു.

 

“എന്താ നീ പറഞ്ഞത്…നിന്നോട് ഞാൻ ആവശ്യപ്പെട്ടോ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും ഇവിടെ ഇരിക്കാൻ…”

 

“പിന്നെന്തിനാ ഞാൻ താമസിച്ചെന്ന് പറഞ്ഞു കിടന്നു ബഹളം ഉണ്ടാക്കുന്നത്…”

 

“ശരി…നീ ഇരിക്കണ്ടാ എങ്കിൽ…പൊയ്ക്കോ…വീട്ടിൽ പൊയ്ക്കോ…പോ…”

 

“ഹാ പോയേക്കാം…ഇങ്ങനെ ബഹളം ഉണ്ടാക്കാൻ ആണെങ്കിൽ എന്തിനാ ഇരിക്കുന്നത്…ഞാൻ പോവാ…”

 

ആര്യൻ അവൻ്റെ ബാഗും സാധനങ്ങളും എടുത്ത് ഓഫീസിൽ നിന്നും ഇറങ്ങി. ലിയ ഒന്നും മിണ്ടാതെ തന്നെ അവളുടെ കസേരയിൽ ഇരുന്നു. അവൻ പോകുന്നത് തടയണമെന്നുണ്ടെങ്കിലും അവളുടെ കോപം അതിന് അനുവദിച്ചില്ല. അവൻ പോകരുതേ എന്നവളുടെ മനസ്സ് മന്ത്രിച്ചു. പക്ഷേ ആര്യൻ സൈക്കിളിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു.

 

ലിയ ആര്യൻ പോയി മറയുന്നതും അവിടെ ഇരുന്നു. അവളുടെ ദേഷ്യം പതിയെ മാറി അത് സങ്കടത്തിലേക്ക് വഴിവച്ചു. ദേഷ്യം ഒന്നടങ്ങിയപ്പോഴാണ് അവളെന്തിനാണ് അവനോട് അങ്ങനെയൊക്കെ പെരുമാറിയതെന്ന് ലിയ ചിന്തിച്ചത്. അതിനും മാത്രം എന്താണ് ആര്യൻ ചെയ്തത് എന്ന് അവൾ ആലോചിക്കാൻ തുടങ്ങി. ശരിക്കും തനിക്ക് ഒരു നിമിഷം പോലും ആര്യൻ തൻ്റെ അരികിൽ നിന്നും മാറി നിൽക്കുന്നത് ഇഷ്ട്ടം ആല്ലാഞ്ഞിട്ടല്ലേ താൻ അവനോട് അങ്ങനെയൊക്കെ പറഞ്ഞതും അതൊരു വഴക്കായി മാറിയതും എന്നെല്ലാം ലിയ മനസ്സിൽ ചിന്തിച്ചു. എന്തുകൊണ്ടാണ് തനിക്ക് അവനോട് ഇത്രയും സ്നേഹം? എന്തുകൊണ്ടാണ് അവൻ്റെ സാമിപ്യം താൻ എപ്പോഴും ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് അവനു നേരെ താൻ ഇത്രയും അധികാരം കാണിക്കുന്നത്? അങ്ങനെ പലപല ചോദ്യങ്ങളും ലിയ അവളോട് തന്നെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *