മറുപുറം – 3 1

അവളുടെ അരയിലൂടെ കയ്യിട്ടു അവളുടെ പുറത്തേക്ക് ചേർന്ന് കൊഞ്ചിക്കൊണ്ട് അനഘ അവളെ കളിയാക്കി.

“ചേച്ചിക്ക് ഉറപ്പ് തരാൻ പറ്റുവോ ഇനി ഞാൻ ചതിക്കപ്പെടില്ലന്നു….ഇനി ഒരിക്കെ കൂടി എന്റെ ഉള്ളു പൊളിയില്ലെന്നു….”

“എന്റെ കൊച്ചെ എല്ലാവരും അവനെ പോലെ അല്ല….”

സന്ധ്യ വാദിച്ചു.

“അല്ലായിരിക്കാം….പക്ഷെ ഒരിക്കെ ചൂട് വെള്ളത്തില് വീണ പൂച്ചയാ ഞാൻ….
വാക്ക് കൊണ്ടല്ലാതെ എനിക്കെങ്ങനെ ഉറപ്പ് തരാൻ പറ്റും….താലി കെട്ടിയവൻ ചതിച്ചിട്ടു പോയതാ എന്നെ….
ഇനി ഒരിക്കെ കൂടി റിസ്ക് എടുക്കാൻ വയ്യേച്ചി…”

അവളിലേക്ക് ഒന്ന് കൂടി മുറുക്കി കെട്ടിപ്പിടിച്ചു അനഘ പറഞ്ഞപ്പോൾ എതിർക്കാൻ വാക്കുകൾ ഇല്ലാതെ സന്ധ്യ മൗനമായി കിടന്നു.
********************************

രണ്ടു മാസത്തിനപ്പുറം നിസ്സാൻ മഗ്‌നൈറ് അനഖയുടേതായി,

“അനൂന് കാർ കിട്ടിയതിനു നീ എന്തിനാ സന്ധ്യേ ചെലവ് ചെയ്യുന്നേ….”

കുംഭ നിറയെ കയറ്റിയിട്ടും, വാശിപിടിച്ചു വീണ്ടും ചോദിച്ചു വാങ്ങിയ നെറുകം തല വരെ കോച്ചി പോവുന്ന പേരുപോലും വൃത്തിക്ക് പറയാൻ പറ്റാത്ത ഏതോ അന്റാർട്ടിക്കൻ ഡ്രിങ്ക് ഊറ്റി കുടിച്ചുകൊണ്ടു നിഷ ചോദിച്ചു.

“എന്റെ പെണ്ണെ അതാരും എടുത്തോണ്ട് പോവത്തില്ല പയ്യെ കുടിക്ക്…”

തികട്ടി വന്ന ചിരി ഒതുക്കിക്കൊണ്ട് സന്ധ്യ പറഞ്ഞു.
കിറിയിലൂടെ ലീക്കായി ഒഴുകിയ ക്രീം പുറം കൈകൊണ്ടു തോണ്ടിയെടുത്തു നാക്കിലേക്ക് വെയ്ക്കുന്നത് കണ്ട നിഷയെ നോക്കി സന്ധ്യ ഈർച്ച കാണിച്ചു.

“ഹോ ഇതൊരു നേഴ്സ് ആണെന്ന് പറയാൻ നാണാവുണൂ…”

“നീ പറയണ്ടാ ഞാൻ നേഴ്സ് ആണെന്ന് ഞാൻ തന്നെ പറഞ്ഞോളാം പ്രശ്നം തീർന്നില്ലേ…ഇനി ഈ ചെലവ് തന്നതിന്റെ പുറകിൽ എന്താണെന്നു പറ…”

നിഷ വിടാൻ ഭാവമില്ലാതെ ചോദിച്ചു.
“ഞാൻ ജോലി വിടാൻ തീരുമാനിച്ചു…”

കള്ളചിരിയോടെ സന്ധ്യ രണ്ടു പേരെയും നോക്കി.
അനഘ കേട്ടത് വിശ്വസിക്കാതെ വായും പൊളിച്ചു നിന്നു.
എന്നാൽ നിഷ കൂളായി ഒരു ഇളിഞ്ഞ ചിരി ചിരിച്ചിട്ട് സന്ധ്യയുടെ വയറിൽ പതിയെ കൈവെച്ചുഴിഞ്ഞു.

“എപ്പോ ഉറപ്പിച്ചെടി…”

നിഷയുടെ ഭാവം കണ്ടതോടെ അനഖയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

“സത്യോണോ ചേച്ചി…”

അവൾ അമ്പരപ്പ് ഉള്ളിൽ വെച്ചില്ല..

“ഉം പീരീഡ് മിസ്സ് ആയപ്പോഴെ ഡൌട്ട് ഉണ്ടായിരുന്നു….പിന്നെ ഉറപ്പിച്ചു…
ഇന്ന് ഞാൻ എം ഡി യേക്കണ്ട് സംസാരിച്ചു, അങ്ങേരു ഓക്കേ പറഞ്ഞു. ഒരു ഇരുപത് ദിവസം അത് കഴിഞ്ഞാൽ നേരെ നാട്ടിലേക്ക് ശോഭാമ്മ വീട്ടിൽ എല്ലാം റെഡി ആക്കുന്നുണ്ട്…”

സന്ധ്യ പറഞ്ഞത് കേട്ട നിഷ അവളുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു.

“എനിക്ക് സംശയം ഉണ്ടായിരുന്നു നിന്റെ മുഖത്തെ വിളർച്ചയും പിന്നെ മടുപ്പും ഒക്കെ കണ്ടപ്പോൾ…”

നിഷ സന്ധ്യയെ നോക്കി പറഞ്ഞു.

എന്നാൽ അനഘ പെട്ടെന്ന് സൈലന്റ് ആയതു കണ്ട സന്ധ്യ അവളെ നോക്കി,
മങ്ങിയ മുഖത്തോടെ അവളെ നോക്കി ഇരിക്കുന്ന അനഖയെ കണ്ടതും സന്ധ്യയും വല്ലാതെ ആയി.

“എന്താ അനു എന്താ പറ്റിയെ…”

സന്ധ്യയുടെ ഉള്ളിൽ നിന്നും വേവലാതി ഉയർന്നു.

“ഏയ് ഒന്നൂല്ല ചേച്ചീ…ഞാൻ പെട്ടെന്ന് വേറെ എന്തൊക്കെയോ ആലോചിച്ചു പോയതാ… ഒന്നൂല്ല….”

അനഘ എങ്ങനെയോ പറഞ്ഞൊഴിഞ്ഞു എങ്കിലും അവളുടെ മുഖം കണ്ട സന്ധ്യയ്ക്ക് അവളുടെ ഉള്ളിൽ നിറഞ്ഞ വിങ്ങൽ മനസ്സിലായിരുന്നു.

ട്രീറ്റ് മുഴുവൻ നിഷ വാതോരാതെ സംസാരിച്ചപ്പോൾ അനഘ ആകെ ഗ്ലൂമി ആയി അവരുടെ സംസാരം എല്ലാം വെറുതെ കേട്ടിരുന്നു ചോദിക്കുന്നതിനെല്ലാം മൂളി കേട്ടും എന്തിനൊക്കെയോ ചിരിച്ചും അവളിരുന്നു.

നിഷയെ ഹോസ്പിറ്റലിൽ ആക്കി തിരികെ വരുമ്പോൾ കാറിൽ ഇരുന്നു മൂകയായി ഡ്രൈവ് ചെയ്യുന്ന അനഖയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു സന്ധ്യ.

“അനു….നീ എന്നോട് പിണക്കാണോ….”

തല ചരിച്ചു ഹെഡ്റെസ്റ്റിൽ വച്ച് സന്ധ്യ കൊഞ്ചിക്കൊണ്ട് അവളോട് ചോദിച്ചു.

“എനിക്കെന്തിനാ പിണക്കം….എനിക്ക് പിണക്കൊന്നുല്ല…!!!”

കെറുവിച്ചുകൊണ്ട് ചുണ്ട് കൂർപ്പിച്ചു പിടിച്ചു ഡ്രൈവ് ചെയ്യുന്ന അനഖയെ കണ്ട സന്ധ്യയ്ക്ക് ചിരിയാണ് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *