മറുപുറം – 3

പാർവ്വതിയെയും മറ്റുള്ളവരെയും നോക്കി ചിരിച്ചു ഡോക്ടർ റൗണ്ട് കഴിഞ്ഞു മടങ്ങി.

“രാഹുൽ…..ഉപദേശിക്കുവാണ് എന്ന് കരുതിയാലും സാരമില്ല….ഇനി നിന്റെ ഏട്ടത്തിയെ കരയിക്കരുത്… ഇപ്പോൾ തന്നെ ഇതൊരുപാട് തീ തിന്നു കഴിഞ്ഞു,
വെറും രണ്ടു ദിവസത്തെ പരിചയം ഉള്ള എനിക്കിതു മനസ്സിലാക്കാൻ പറ്റിയെങ്കിൽ രാഹുലിന് എന്തായാലും അതിനു കഴിഞ്ഞിട്ടുണ്ടാവും…,

യൂ ആർ സൊ യങ്….ഇനിയും ഒത്തിരി ജീവിതം ബാക്കി ഉണ്ട്…ദേ ഈ നിൽക്കുന്ന ഇവള്,….
നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് ഇവൾക്കാ…
എന്നിട്ടും ഇവള് ഇപ്പൊ ഇങ്ങനെ നിക്കുന്നത് അവൾക്ക് തിരിച്ചറിവ് വന്നതുകൊണ്ടാ….രാഹുലിനും അത് ഉണ്ടാവണം….”

ബെഡിൽ പുഞ്ചിരിയോടെ കേട്ട് കിടന്നിരുന്ന രാഹുലിന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പാർവതിയും അത് കേട്ടിരുന്നു.

“ഇനി പുതിയൊരു ജീവിതം ജീവിച്ചു തുടങ്ങണം…..
അല്ല ഇവളോട് പറഞ്ഞ കാര്യം തന്നെ പറഞ്ഞേക്കാം ജീവിച്ചു കാണിച്ചുകൊടുക്കണം….
കേട്ടല്ലോ….”
സന്ധ്യ ചിരിയോടെ പറഞ്ഞു നിർത്തി.

“നമുക്ക് എന്നാൽ ഇറങ്ങിയാലോ അനൂ….”

സന്ധ്യ അനഖയെ നോക്കി ചോദിച്ചു അവളുടെ കണ്ണുകൾ അപ്പോഴും പാത്തും പതുങ്ങിയും അവനെ തന്നെ നോക്കുകയായിരുന്നു അന്ന് അവൾ തല്ലിയതിനെ ഓർത്തായിരുന്നു അവളുടെ മനസ്സ് പിടച്ചുകൊണ്ടിരുന്നത്…ഒരു ക്ഷെമ ചോദിക്കണം എന്ന് അവൾക്കുണ്ടായിരുന്നെങ്കിലും എങ്ങനെ പറയും എന്നുള്ള പേടിയും കുറ്റബോധവും അവളെ പിന്നോട്ട് വലിച്ചുകൊണ്ടിരുന്നു.

“ഇന്ന് അനു വന്നിട്ട് മുഴുവൻ സൈലന്റ് ആയിരുന്നല്ലോ….എന്നോടൊന്നു മിണ്ടി കൂടി ഇല്ല….”

അനഖയുടെ കയ്യിൽചുറ്റി പാർവതി പരാതി പറഞ്ഞു.

“അവളിടയ്ക്ക് അങ്ങനെയാ പാർവതി….പെട്ടെന്ന് സൈലന്റ് ആവും….”

സന്ധ്യ അനഖയുടെ കയ്യിൽ കോർത്തുകൊണ്ട് തിരികെ പോവാൻ ഇറങ്ങി ഡോറി നടുത്തേതും മുന്നേ പാർവതിയോട് യാത്ര ചോദിക്കാൻ നിന്ന അനഖയുടെ കണ്ണ് ഒരു നിമിഷം തെറ്റിപ്പാളി മിന്നലൊളി പോലെ രാഹുലിന് നേരെ നീണ്ടു, അത് പ്രതീക്ഷിച്ചിരുന്നതിലാവണം അവനും അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു.

തന്റെ നോട്ടം പിടിക്കപ്പെട്ടതും കള്ളിയെ പോലെ ഒരു കണ്ണിറുക്കി നാക്ക് കടിച്ചു ചമ്മി മുഖം ചുളുക്കിയ അനഖയെ കണ്ട രാഹുലിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

————————————-

“ഡി അനു…..നിനക്കിന്ന് എന്ത് പറ്റി….”

ഹോസ്പിറ്റലിൽ നിന്ന് തിരികെ പോരും വഴി സന്ധ്യ അനഖയോട് ചോദിച്ചു.

“എന്ത് പറ്റാൻ….എനിക്കൊന്നും പറ്റിയില്ല….”

കണ്ണിറുക്കി അനഘ സന്ധ്യയെ കളിയാക്കി.

“ദേ നിന്റെ വിളച്ചിൽ എന്നോട് എടുക്കണ്ടട്ടോ….
സദാസമയോം ചിലച്ചോണ്ടിരിക്കണ പെണ്ണാ…ഹോസ്പിറ്റലിൽ കയറിയെ പിന്നെ ഒതളങ്ങ വിഴുങ്ങിയ പോലെ ആയിരുന്നു,…
ഏതാണ്ട് ഒരുമാതിരി നാണം കുണുങ്ങി പെണ്ണിനെ പോലെ എന്റെ തുമ്പേലും തൂങ്ങി…
എനിക്കൊന്നും മനസ്സിലായില്ല എന്ന് കരുതരുത്…എന്താടി…എന്താ മോള്ടെ ഉദ്ദേശം…”

ചരിഞ്ഞിരുന്നു അനഖയുടെ കള്ളനോട്ടം അടക്കം പിടിച്ചു ഇട്ട് സന്ധ്യ ചോദ്യം ചെയ്തതോടെ അനഘ അല്പം ചമ്മി ആണെങ്കിലും കാര്യം പറയാം എന്ന് കരുതി.

“അതില്ലെച്ചി….എനിക്ക് അയാളെ കാണുമ്പോൾ ഒരു ചളിപ്പ്….”

“അതെന്തിനാ അവനെ കാണുമ്പോ നീ ചളിക്കണേ… അവൻ നിന്നെ പെണ്ണുകാണാൻ വന്നതാ….”

ഒരല്പം കളിയാക്കൽ കലർത്തി ഗൗരവം വിടാതെ ആണ് സന്ധ്യ ചോദിച്ചത്.

“യ്യോ…..ഇതിനെക്കൊണ്ടു….
എനിക്ക് ഒരു സോറി പറയണം എന്നുണ്ടായിരുന്നു…..അന്ന് ആക്സിഡന്റ് നടന്നപ്പോൾ ഞാൻ തല്ലിയില്ലേ അതിനു…അതാലോചിക്കുമ്പോൾ അയാളുടെ മുന്നിൽ നിൽക്കുമ്പോ എന്തോ പോലെ തോന്നുന്നു…വേണ്ടായിരുന്നു എന്നൊരു ചിന്ത.”

“അന്ന് ഫൂലാൻ ദേവി കൂടിയ പോലെ ആയിരുന്നില്ലേ ചാടിയിറങ്ങി അവന്റെ കരണം അടിച്ചു
പൊട്ടിച്ചത്…എന്നിട്ട് ഇപ്പോ സോറി പറയാൻ ചളിപ്പും ചമ്മലും മടിയും…നിന്നെക്കൊണ്ടിപ്പോ ഞൻ ആഹ് തൊറ്റേക്കുന്നത്…എങ്കി പിന്നെ ഇന്ന് നിനക്ക് അതങ്ങോട്ടു പറഞ്ഞൂടാരുന്നോടി പോത്തേ…”

“അതല്ലേടി ചേച്ചി എനിക്ക് എന്തോ ചളിപ്പ് ആണെന്ന് പറഞ്ഞത്…പിന്നെ ഞാൻ കരണത്തടിച്ചു എന്നൊക്കെ പറഞ്ഞാൽ ഏട്ടത്തി എന്ത് വിചാരിക്കും….”

“ഉവ്വാ….!!!…അന്ന് ചാടിപ്പിടിച്ചു ഇറങ്ങുമ്പോ ഓർക്കണമായിരുന്നു….”

“ഹോ എന്നെ ഒന്ന് എന്തേലും പറഞ്ഞു ആശ്വസിപ്പിക്കാതെ എന്നെ പറഞ്ഞു പേടിപ്പിക്കുന്നോ….”

അനഘ കണ്ണുരുട്ടി സന്ധ്യയെ നോക്കി.
അതിനു പകരം കള്ളച്ചിരി ആയിരുന്നു സന്ധ്യയുടെ മറുപടി.
********************************

“തറവാട്ടിലേക്ക് ഞാൻ ഇല്ല ഏട്ടത്തി….”

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി കാറിൽ ഇരിക്കുമ്പോഴാണ് രാഹുൽ പാർവതിയോട് പറഞ്ഞത്.

“അതിന് തറവാട്ടിലേക്ക് വരണം എന്ന് ഞാൻ പറഞ്ഞോ….തറവാട്ടിലേക്ക് നിനക്ക് ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി അതുവരെ നീ ഒന്ന് നേരെ ആകുന്നത് വരെ ഞാനും ഏട്ടനും ഇനി നിന്റെ ഫ്ലാറ്റിൽ നിക്കാനാ തീരുമാനിച്ചിരിക്കുന്നെ….”

പാർവതി തിരിഞ്ഞിരുന്നു രാഹുലിനെ നോക്കി.

“അയ്യോ ഏട്ടത്തി അത്….അവിടെ നിങ്ങള് ശെരിയാവില്ല….”

“നീ ഒച്ചയിട്ടു ഞെട്ടുവൊന്നും വേണ്ട….നിന്നെ അങ്ങോട്ട് മാറ്റാൻ വേണ്ടി മുന്നേ ഒരൂസം ഞാൻ പോയിരുന്നു അവിടെ വൃത്തിയാക്കാൻ….ഹോ ചെക്കൻ എന്തൊക്കെയാ അവിടെ കാട്ടികൂട്ടിയിരിക്കുന്നെ….അതോണ്ടൊക്കെ കൂടെയാ ഇനി നിന്നെ തനിച്ചു അവിടെ നിർത്താൻ എനിക്ക് ധൈര്യമില്ലാത്തെ…”

പാർവതിയുടെ കളിയാക്കലിലും സംസാരത്തിലും ചൂളിപോയ രാഹുൽ സീറ്റിലേക്ക് ചാഞ്ഞു കിടന്നു കണ്ണടച്ചു.

————————————-

“ആഹ്….അനു….ഇന്ന് ഡിസ്ചാർജ് ആയി….ഇവിടെ ഫ്ലാറ്റിലേക്ക് പോന്നൂ…ചെക്കനെ ഒന്ന് ശെരിയാക്കി എടുക്കണം അപ്പൊ അതുവരെ ഞാനും ഏട്ടനും ഇവിടെ കൂടാന്ന് കരുതി…”

ഫ്ളാറ്റിലെ തന്റെ മുറിയിൽ ബെഡിൽ രാഹുലിനെ കിടത്തി അപ്പുറത്തേക്ക് മാറിയ പാർവതിയുടെ ഫോണിലൂടെ ഉള്ള സംസാരം അവനു കേൾക്കാമായിരുന്നു,
കേട്ടപ്പോഴേ അതാരോടാണ് എന്ന് അവനു മനസ്സിലായി.

“ഞാൻ ഇനി ഇവിടെത്തന്നെ കാണും…ഇടയ്ക്ക് വായോ….”

പാർവതി ഫോൺ വിളി അവസാനിപ്പിച്ച് തിരികെ എത്തി.

“ആരെയാ ഏട്ടത്തി വിളിച്ചെ….!!!”

അറിയാമായിരുന്നിട്ടും വെറുതെ അവൻ ഒന്ന് ചോദിച്ചു.

“അനൂനെ വിളിച്ചു പറഞ്ഞതാ…ഡിസ്ചാർജ് ആയ കാര്യം…..”

“ഹ്മ്മ്……”
“നിനക്ക് എന്തേലും കുടിക്കാനോ കഴിക്കാനോ വേണോ….”

“ഇപ്പോന്നും വേണ്ട ഏടത്തി കുറച്ചുനേരം ഇവിടെ ഇരിക്ക്,…രാവിലെ മുതൽ തിരക്ക് പിടിച്ചു ഓട്ടമല്ലായിരുന്നോ…”

“പോ…ചെക്കാ എനിക്ക് ക്ഷീണോന്നുമില്ല….എന്തേലും ഉടനെ വെച്ചുണ്ടാക്കണം…മൂന്നീസം പുറത്തൂന്ന് കഴിച്ചിട്ട് മതിയായി…ഇനി ഞാൻ വെച്ചുണ്ടാക്കണത് കഴിച്ചാ മതി നീയും…എങ്ങനെ ഇരുന്നതാ ചെക്കന്റെ കോലം കണ്ടില്ലേ….”

Leave a Reply

Your email address will not be published. Required fields are marked *