മറുപുറം – 3

“പക്ഷെ ഇന്ന്….ഇന്ന് പാറുവിനെ കണ്ടപ്പോൾ…എനിക്ക് എവിടെയോ മുട്ടിപ്പോയ ശ്വാസം തിരികെ കിട്ടിയ പോലെയാണ് തോന്നിയത്…
എവിടെയെങ്കിലും പാതി വഴിയിൽ ഞാൻ എന്റെ പതനം കണ്ടിരുന്നു….
ഇന്നവളെ കാണും വരെ…..

……എങ്ങനെയാ ഞാൻ നന്ദി പറയേണ്ടേ എന്നറിയില്ല…..അവൾ തിരികെ വന്നാൽ രാഹുലിനും കഴിയും അതെനിക്കുറപ്പുണ്ട്….”

കൈകൂപ്പി ഇടറുന്ന സ്വരവും തുളുമ്പുന്ന മിഴികളുമായി നിന്ന ദീപനെ കണ്ട് അനഖയുടെയും സന്ധ്യയുടെയും കണ്ണുകളിലും നീർച്ചാലുകൾ ഉറവപൊട്ടി…

“നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇടയ്ക്ക് വരണം….എനിക്കിതുവരെ കഴിയാത്തത് നിങ്ങൾക്ക് കഴിയുന്നത് കാണുമ്പോൾ എവിടെയോ ഒരു വെട്ടം ഞാൻ കാണുവാ…..
……….അപേക്ഷയാണ്…………”

അത്രയും പറഞ്ഞു പുറം കൈകൊണ്ട് കണ്ണീര് തുടച്ചു നടന്നു നീങ്ങുന്ന ദീപൻ അവരുടെ ഉള്ളിൽ ഒരു നോവായി പടരുകയായിരുന്നു….
————————————-

“അനു…..”

“ഉം….”

“എന്താ ആലോചിക്കണേ….”

“ഞാൻ അവരെകുറിച്ചു ആലോചിക്കുവായിരുന്നു ചേച്ചി….
ചിന്തിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ തന്നെ കിടന്നു നീറുവാ….”

“നീയും അത് കഴിഞ്ഞു വന്നതല്ലേ….അതാ…”

“ഹ്മ്മ്……അതാവും…പക്ഷെ എനിക്കവരുടെ മുഖം തന്നെയാ മനസ്സിൽ…ഏട്ടത്തിയുടെ പിന്നെ ഫോണിൽ അവർകാണിച്ച അവന്റെ രൂപവും…”

“അത് ആഹ് ബെഡിൽ കിടക്കുന്നവൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അല്ലെ….”

“ഹ്മ്മ് കണ്ടപ്പോൾ എനിക്കും പറ്റിയില്ല….”

“ഇനിയെന്താ മോള്ടെ പ്ലാൻ….”

“അറിയില്ല….എന്തായാലും എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യും,….ചെയ്യണം….”

അനഘ ദൃഢനിശ്ചയത്തോടെ കാർ മുന്നോട്ടു ഓടിച്ചു.
അന്ന് രാത്രി ഉറങ്ങുമ്പോഴും ഇരുവർക്കും സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, ഹോസ്പിറ്റലിലെ സംഭവങ്ങൾ അത്രയും ആഴത്തിൽ അവരിൽ പതിഞ്ഞിരുന്നു.

********************************

“എന്നോടെന്താ ഇത്ര നാള് ഏട്ടത്തി മിണ്ടാഞ്ഞേ….”

രാത്രി അവനുള്ള കഞ്ഞി കോരിക്കൊടുക്കുമ്പോൾ പാർവതിയോട് രാഹുൽ ചോദിച്ചു.
കലങ്ങിയ മനസ്സിൽ തെളിവാനം വിടർന്നു തുടങ്ങിയ പാർവതി അനഘ പോയശേഷം രാഹുലിനോട് പഴയപോലെ സംസാരിച്ചു തുടങ്ങിയിരുന്നു, ആഹ് നേരം അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ ചോദ്യം.
അവന്റെ ചോദ്യം ആദ്യം അവളുടെ ഉള്ളൊന്നുലച്ചു, എന്നാൽ ഇനിയും സങ്കടത്തിന് സ്ഥാനം ഇല്ലെന്നു ഉറപ്പിച്ചിരുന്ന പാർവതി ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു.

“നീ എന്നെ എന്തിനാ ഒറ്റയ്ക്കാക്കി പോയേ…..നീ എന്താ എന്നോട് മിണ്ടാൻ വരാഞ്ഞേ….”

പാർവതി തിരികെ ചോദിച്ചപ്പോൾ അവന്റെ മുഖം മങ്ങി.

” തോറ്റു പോയവനെപോലെ എന്റെ ഏട്ടത്തിയുടെ മുന്നിൽ നില്ക്കാൻ എനിക്ക് പറ്റിയില്ല….അവള് പോയതിൽ ഞാൻ എന്ത് ഉത്തരമാ ഏട്ടത്തിക്ക് തരേണ്ടത് എന്നറിയാതെ ഞാൻ എങ്ങനാ മുന്നിൽ
വരുക….എല്ലാവരുടെയും നോട്ടവും സഹതാപവും സിമ്പതിയും കളിയാക്കലും,…എന്നെ തന്നെ ചെറുതാക്കിയ പോലെ…. ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നൊരു തോന്നൽ കൂടി ഉള്ളിൽ കയറി…പിന്നെ ഞാൻ എന്താ ചെയ്ക….എനിക്ക് കഴിഞ്ഞില്ല ഒന്നിനും ഒന്ന് മുൻപിൽ വന്നു നില്ക്കാൻ പോലും,….”

ഇടറിക്കൊണ്ടു രാഹുൽ പറഞ്ഞത് കേട്ട പാർവതി നിറഞ്ഞു വന്ന തന്റെ കണ്ണുകളെ അവഗണിച്ചുകൊണ്ട് രാഹുലിന്റെ കവിളിലെ നീർത്തുള്ളികൾ തുടച്ചു.

“നീ ഒരിക്കലും തോറ്റു പോവില്ല തോൽക്കാൻ ഞാൻ ഇനിയൊരിക്കലും സമ്മതിക്കില്ല….
…..ഒരിക്കെ എന്റെ തീരുമാനം കൊണ്ടാണ് നീ നീറിയതും വീണതും അവളെ എന്റെ മോനു വേണ്ടി ഞാൻ കണ്ടെത്തിയ നാളിനെ ശപിക്കാത്ത ഒരു നിമിഷം പോലും ഇല്ല….
ഇടയ്ക്ക് എനിക്കും തോന്നും ഞാനും ഒരു ശാപം പിടിച്ച ജന്മം അല്ലെ എന്ന്….”

നീറിക്കൊണ്ടു പാർവതിയുടെ നാവിൽ നിന്ന് ഉതിർന്നു വീണ വാക്കുകൾ പൂർത്തിയാക്കും മുന്നേ അവന്റെ കൈ അവളുടെ വായ പൊത്തി.

“ഇനി ഒന്നും പറയണ്ട….എന്റെയും എന്റെ ഏട്ടന്റെയും ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ പുണ്യം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് ചൂണ്ടി കാണിക്കാൻ എന്റെ ഏട്ടത്തി മാത്രേ ഉള്ളൂ…ഇനി ഉണ്ടാവുകയും ഉള്ളൂ…”

രണ്ടുപേരുടെയും മനസിന്റെ മഞ്ഞുരുകി പഴയ ഏട്ടത്തിയും അനിയനുമായി മാറുന്നത് മൗനത്തോടെ പുതുജീവൻ പ്രാപിച്ച ഹൃദയവുമായി ദീപൻ ചിരിയോടെ കണ്ടു നിന്നു.

********************************

ഡും ഡും ഡും….!!!

“ആരോ…മുട്ടുന്നുണ്ട്..കാലനാണോ…!!”

“ഹി ഹി ഹി….മിണ്ടതിരിയെടാ ചെക്കാ….”

ബെഡിൽ നിന്ന് ഡോറിലേക്ക് എത്തിനോക്കി രാഹുൽ പറഞ്ഞത് കേട്ട പാർവതി തലയിൽ കിഴുക്കി ഡോറിലേക്ക് നടന്നു.

“അനു….കേറി വാ….സന്ധ്യയും വാ….”

പുറത്തു നിൽക്കുന്നത് ആരാണെന്നു മനസ്സിലാവാൻ രാഹുലിന് അധികനേരം വേണ്ടി വന്നില്ല.

“ആള് ഉണർന്നിട്ടുണ്ട്…..”

അവരെ ഫേസ് ചെയ്യാനുള്ള ചമ്മലിൽ വശം ചരിഞ്ഞു ഉറക്കം നടിച്ചു കിടക്കാൻ ഒരുങ്ങിയ അവന്റെ പെട്ടിയിൽ ആണി തറച്ചു കൊണ്ടായിരുന്നു പാർവതിയുടെ സംസാരം.

രാഹുലിനെ നേരിടാനുള്ള ചളിപ്പ് അനഖയിലും ഉണ്ടായിരുന്നതിനാൽ സന്ധ്യയുടെ മറപറ്റിയായിരുന്നു അവൾ റൂമിലേക്ക് വന്നത്.

“ഇപ്പൊ എങ്ങനെ ഉണ്ട് രാഹുൽ…..”

സന്ധ്യയാണ് അവനെ പുഞ്ചിരിയോടെ നോക്കി ചോദിച്ചത്.

“കുഴപ്പം ഒന്നുമില്ല…”

“നിനക്ക് ഇവരെ മനസ്സിലായോ….അന്ന് ഇവരാ നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
സന്ധ്യ…ഇത് അനഘ….”
സന്ധ്യയ്ക്ക് പിന്നിൽ നിന്നിരുന്ന അനഖയെ മുന്നിലേക്ക് നീക്കി കയ്യിൽ പിടിച്ചുകൊണ്ടു പാർവതി രാഹുലിനെ പരിചയപ്പെടുത്തി.

“സന്ധ്യ ഇരിക്ക്…..അധിക നേരം ഈ സമയം നിന്നൂടാ….”

സന്ധ്യയെ കസേരയിലേക്ക് ഇരുത്തുമ്പോൾ തന്റെ ഏട്ടത്തിയുടെ നെഞ്ചിൽ മിന്നിമറഞ്ഞ ഒരു കൊതിയുടെ നോവ് ഒരു നിമിഷം അവരുടെ മുഖത്ത് നിന്ന് രാഹുൽ കണ്ടെടുത്തു.
ഒപ്പം അവന്റെ ഉള്ളും വലിഞ്ഞു.

കണ്ണ് പതിയെ എടുക്കുമ്പോഴാണ് തന്നെ നോക്കി നിന്ന അനഖയുടെ കണ്ണിൽ രാഹുലിന്റെ കണ്ണ് ഉടക്കുന്നത്.
ഒരേ സമയം പരസ്പരം നോക്കിയ അവർ പെട്ടെന്ന് മുഖം മാറ്റി.

“നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ….”

പാർവതിയുടെ ചോദ്യത്തിൽ അനഘ വേണ്ടെന്ന രീതിയിൽ തലയാട്ടി.

ഡോറിലെ വീണ്ടും കേട്ട മുട്ടൽ ആരുടേതാണ് എന്നറിയാൻ പാർവതി നീങ്ങിയപ്പോൾ സന്ധ്യ രാഹുലിനോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.
അനഘ കണ്ണുകൾ ഒരിടത്തും ഉറപ്പിക്കാതെ ഓരോഇടങ്ങളിലായി മാറ്റിക്കൊണ്ടിരുന്നു.

“ഗുഡ് ഈവനിംഗ് രാഹുൽ….എങ്ങനെ ഉണ്ട് ഇപ്പൊ….സ്‌റ്റേബിൾ അല്ലെ….”

“ഹ്മ്മ്….ഓക്കേ ആണ് ഡോക്ടർ…”

അകത്തേക്ക് വന്ന ഡോക്ടർ വിഷ് ചെയ്ത ശേഷം ചാർട് എടുത്തു നോക്കി.

കണ്ണിലെ രക്തയോട്ടം പരിശോധിച്ച ശേഷം രാഹുലിനെ നോക്കി,

“ഇപ്പോൾ സ്‌റ്റേബിൾ ആണ് ബട്ട് ചില ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അധികം വൈകാതെ തിരികെ ഇതിലും സ്പീഡിൽ ഇവിടെ വരേണ്ടി വരും.
അറിയാല്ലോ….ഇഞ്ചുറി ഒരാഴ്ച്ച കൊണ്ട് നേരെ ആവും ബട്ട് ഉള്ളിലെ ചില സംഭവങ്ങളുടെ കാര്യം അങ്ങനെ അല്ല….സൊ ടേക്ക് കെയർ…”

Leave a Reply

Your email address will not be published. Required fields are marked *