മറുപുറം – 3

സന്ധ്യ പറഞ്ഞത് കേട്ട അനഖയുടെ മുഖം മങ്ങി.

“അത് വേണ്ടായിരുന്നു ചേച്ചി….”

“അതെന്താ….പുതിയൊരെണ്ണം കിട്ടുന്നത് നല്ലതല്ലേ….”

സന്ധ്യയുടെ ചോദ്യത്തിൽ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

സന്ധ്യയുടെ ഫോൺ വീണ്ടും അടിക്കുന്നത് കണ്ട അനഘ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.

“അനു….ഷോറൂമിൽ നിന്ന് ആള് വന്നിട്ടുണ്ട്….നീ വാ…”

അറ്റൻഡ് ചെയ്ത ശേഷം സന്ധ്യ അനഖയെ കൂട്ടി താഴേക്ക് ഇറങ്ങി.
————————————-

വൈകിട്ട് തിരികെ വീട്ടിലേക്ക് പോകും വഴി ബീച്ചിന് വശത്തെ ആഹ് സ്ഥലം കടന്ന് നീങ്ങിയപ്പോൾ അനഘ അവിടേക്ക് നോക്കി ഇരുന്നു…
അവിടെ കാണാൻ കഴിയാത്ത എന്തോ തന്നെ ഉലയ്ക്കുന്നുണ്ട് എന്ന ചിന്ത അസഹനീയമായപ്പോൾ അവൾക്ക് പിന്നെയും മിണ്ടാതെ ഇരിക്കാൻ ആയില്ല…

“ചേച്ചി നമുക്ക്….നമുക്കൊന്ന് ഹോസ്പിറ്റലിൽ പോയി അയാളെ ഒന്ന് കാണാം…”

വല്ലാതെ വിക്കി അല്പം ആശങ്കയോടെയാണ് അവളത് പറഞ്ഞതെങ്കിലും,…
അവളത് പറയാൻ കാത്തിരുന്ന പോലെ ആണ് സന്ധ്യ കാർ വളച്ചത്.

അനഘ സന്ധ്യയെ ഒന്ന് നോക്കിയതല്ലാതെ മറ്റൊന്നും മിണ്ടിയില്ല പുറത്തെക്ക് കണ്ണ് നട്ട് അവൾ ഇരുന്നു.

————————————-

ഹോസ്പിറ്റലിലേക്ക് നടന്നു കയറുമ്പോൾ അവർക്കെതിരെ ദീപൻ നടന്നു പോയി, പരിചയമില്ലാതിരുന്നതിനാൽ അവർ പരസ്പരം കടന്ന് പോയി….
റിസപ്ഷനിൽ ചോദിച്ചു, 207 ആം നമ്പർ റൂമിലേക്ക് അനഖയും സന്ധ്യയും കടന്നു.
ഡോറിൽ തട്ടുമ്പോൾ അകത്തു നിന്ന് പതിഞ്ഞ സ്വരം അവർ കേട്ടു,കതക് തുറന്ന അവരെ എതിരേറ്റത് പാർവ്വതിയായിരുന്നു.
കൺതടത്തിൽ അടിഞ്ഞ ക്ഷീണവും സങ്കടവും, അല്പം പാറിയ മുടിയും പോലും മുഖത്തിന്റെ തേജസ്സ് തളർത്താത്ത പാർവതിയെ അവർ രണ്ടു പേരും ഒന്ന് നോക്കി നിന്നുപോയി.

“ആരാ…..എനിക്ക് മനസ്സിലായില്ല….???”

പാർവതിയിൽ നിന്നും ഉയർന്ന ചോദ്യമാണ് അവരെ ഉണർത്തിയത്.

“ഞങ്ങൾ…. ഇന്നലെ ഞങ്ങളാ രാഹുലിനെ ഹോസ്പിറ്റലിൽ എത്തിച്ചത്….”

“ആഹ്….അനഘ അല്ലെ….മനസിലായി…നിഷ സിസ്റ്റർ പറഞ്ഞിരുന്നു….
കയറി വാ…അവൻ ഉറങ്ങുവാ….”

സന്ധ്യയാണ് ആദ്യം കയറിയത്…ഒന്ന് മടിഞ്ഞെങ്കിലും സന്ധ്യയുടെ വാലിൽ തൂങ്ങിയ കണക്ക് പിന്നാലെ അനഖയും അകത്തു കയറി.

അവർക്ക് ഇരിക്കാനായി ചെയർ നീക്കിയിട്ട് കൊടുത്ത പാർവതി കട്ടിലിൽ ഓരം ചേർന്ന് രാഹുലിനോട് അടുത് ഇരുന്നു.
“മരുന്ന് ഉള്ളതുകൊണ്ട് അവനു ക്ഷീണം ഉണ്ട്…അതാ…”

രാഹുലിനെ തട്ടി ഉണർത്താൻ ശ്രെമിച്ചു കൊണ്ട് പാർവതി അവരോടു പറഞ്ഞു.

“ഏയ് വേണ്ട ഉണർത്തണ്ട ഞങ്ങൾ ഇന്നലെ പോയിട്ട് പിന്നെ വന്നില്ലലോ….അപ്പോൾ ഇന്ന് ഒന്ന് കണ്ടിട്ട് പോവാം ന്നു കരുതി…”

സന്ധ്യ മറുപടി പറയുമ്പോൾ അനഖയുടെ കണ്ണുകൾ രാഹുലിനെ നോക്കുകയായിരുന്നു.
മാറ്റിയുടുപ്പിച്ച ഡ്രെസ്സിലും ക്ഷീണിച്ച ശരീരം അറിയാൻ കഴിയുന്നുണ്ടായിരുന്നു.
കണ്ണിനു താഴെ കറുപ്പ് നിറഞ്ഞു അല്പം കുഴിഞ്ഞ കണ്ണുകൾ, കരിവാളിച്ചു ചെറു ചുളുക്ക് വീണു തുടങ്ങിയ മുഖം,….പക്ഷെ ഇതിലെവിടെയോ ഇതിനുമപ്പുറം അവന്റെ മുഖത്ത് എന്നോ തിളങ്ങി നിന്ന തെളിച്ചം അവൾക്കിന്നും കാണാൻ കഴിഞ്ഞു.

“രണ്ടു പേരും ഇരിക്ക്…..എന്തിനാ അങ്ങനെ തന്നെ നിക്കണേ…”

രാഹുലിന്റെ മുടിയിലൂടെ കയ്യോടിച്ചു പാർവതി അവരെ നോക്കി പുഞ്ചിരിച്ചു.

“അനഖയും,…സോറി…പേരെന്താ ഞാൻ മറന്നു….”

“സന്ധ്യ….”

“ആഹ്….രണ്ടു പേർക്കും എന്തെങ്കിലും കുടിക്കാൻ പറയട്ടെ…..ഏട്ടൻ ഇത്ര നേരം ഇവിടുണ്ടായിരുന്നു…ഇപ്പോഴാ പുറത്തേക്ക് പോയെ ഉടനെ വരും….പറ എന്താ വേണ്ടേ…”

ഫോൺ എടുത്തു പാർവതി ദീപനെ വിളിക്കാൻ ഒരുങ്ങിയത് കണ്ട സന്ധ്യ അവളെ തടഞ്ഞു.

“ഒന്നും വേണ്ട ഞങ്ങൾ ഇറങ്ങാനായി….ഇന്നലെ ഇവിടെ വിട്ടു പോയതിൽപിന്നെ നിഷ പറഞ്ഞ കാര്യമേ അറിയൂ അതാ ഒന്ന് കണ്ടിട്ട് പോവാം എന്ന് വെച്ചത്….”

സന്ധ്യ പറഞ്ഞു എന്നാൽ ഒന്നും മിണ്ടാതെ നിന്ന അനഖയിൽ ആയിരുന്നു പാർവതിയുടെ ശ്രെദ്ധ മുഴുവൻ,അനഖയുടെ കണ്ണുകളാവട്ടേ കിടക്കുകയായിരുന്ന രാഹുലിലും ചുറ്റുകയായിരുന്നു.

“ഇങ്ങനെ ഒന്നും ആയിരുന്നില്ലാട്ടോ ന്റെ അനിയൻ….ഇപ്പൊ കാണാൻ മഹാ ബോറായീ ല്ലെ….”

അനഖയെ നോക്കി പെട്ടെന്നു ചോദിച്ചപ്പോൾ അവളൊന്നു പതറി, കുറ്റം ചെയ്ത് പിടിക്കപ്പെട്ട ഒരിളഭ്യ ചിരിയോടെ അവൾ മുഖം കുനിച്ചു.

“ദാ….ഇതായിരുന്നു കുറെ നാള് മുന്നെ വരെ അവൻ…”

തന്റെ ഫോണിലൂടെ അതിവേഗം നെടുകെയും കുറുകെയും വിരലോടിച്ചു തിരഞ്ഞു കൊണ്ടിരുന്നത് കയ്യിൽ എത്തിയപ്പോൾ പാർവതി ഫോൺ ഇരുവർക്കുംനേരെ നീട്ടി.

അനഘ അതിലേക്ക് ഒന്ന് എത്തി നോക്കാൻ ശ്രെമിച്ചെങ്കിലും കൈ നീട്ടി വാങ്ങാനുള്ള ചമ്മൽ മൂലം അങ്ങനെ ഇരുന്നു എന്നാൽ സന്ധ്യ ഫോൺ വാങ്ങി അനഖയ്ക്ക് കൂടി കാണുന്ന രീതിയിൽ പിടിച്ചു.
കാത്തിരുന്നിരുന്ന പോലെ അനഘ അതിലേക്ക് നോക്കി,…

വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ധരിച്ചു ഒത്ത ശരീരവും തേജസ്സും ആഢ്യത്തവും നിറഞ്ഞ മുഖത്തെ ഓർമിപ്പിക്കുന്ന ഫോണിലെ യുവാവും ഇപ്പോൾ ബെഡിൽ കിടക്കുന്ന രാഹുലുമായി ഒരുപാടു ദൂരം ഉള്ള പോലെ അവർക്ക് തോന്നിച്ചു.

“എന്റെ വാലിൽ തൂങ്ങി നടപ്പായിരുന്നു….എന്നെ വലിയ ഇഷ്ടായിരുന്നു,…. ഞാൻ…ഞാൻ…..വളർത്തി കൊഞ്ചിച്ചു വഷളാക്കിയതാന്ന എല്ലാരും പറഞ്ഞോണ്ടിരുന്നെ…. അതോണ്ടാ എന്റേം ഏട്ടന്റേം നിർബന്ധം കൊണ്ട് അവൻ കല്യാണം കഴിക്കാം എന്ന് സമ്മതിച്ചത്…..,
എന്റെ മടിയിൽ കിടന്നു എന്നെപോലൊരു പെണ്ണിനെ അവനു വേണ്ടി കണ്ടു പിടിച്ചാൽ മതി എന്ന്
പറഞ്ഞത് എന്നെ അവന് അത്ര വിശ്വാസമുള്ളത് കൊണ്ടായിരുന്നില്ലേ…..”

അത്ര നേരം പ്രസന്നത നിറഞ്ഞു തെളിഞ്ഞു നിന്ന പാർവതിയുടെ മുഖം വളരെ വേഗം കാർമേഘങ്ങളാൽ മൂടി കെട്ടി തങ്ങളുടെ മുന്നിൽ അത്ര നേരം ആയാസമില്ലാതെ ഇരുന്ന പാർവതി രാഹുലിന്റെ ഇടർച്ചയിൽ എത്ര ഉലഞ്ഞിരുന്നു എന്ന് മനസ്സിലാക്കാൻ സന്ധ്യയ്ക്കും അനഖയ്കും ആഹ് നിമിഷം മതിയായിരുന്നു,
പതം പറഞ്ഞു വിങ്ങി പൊട്ടുന്ന പാർവതിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കുഴങ്ങി നിന്ന അവർക്ക് മുന്നിൽ പാർവതിയുടെ വിങ്ങലുകൾ പൊട്ടിയൊഴുകാൻ തുടങ്ങി.

“ആഹ് ഞാൻ തന്നെ എന്റെ മോനെ ചതിച്ചു…..അവന്റെ ജീവിതം ഞാൻ കാരണം തകർന്നു കിടക്കുന്നത് എങ്ങിനെയാ എനിക്ക് സഹിക്കാൻ പറ്റുവാ……
ഇനി എന്ത് ചെയ്താലാ എനിക്ക് അവനെ തിരികെ കിട്ടുകാ എന്നും അറിയില്ല…..”

പാർവതിയുടെ കരച്ചിലിന് മുന്നിൽ ഒന്ന് തരിച്ചിരുന്നുപോയ സന്ധ്യയും അനഖയും പെട്ടെന്നാണ് നിയന്ത്രണം വീണ്ടെടുത്തത്, അനഘ എഴുന്നേറ്റ് പാർവതിയുടെ ഓരത്തു ചേർന്ന് തോളിൽ പിടിച്ചു ചേർത്തപ്പോൾ ഈറൻ തുളുമ്പി നിൽക്കുന്ന അനഖയുടെ വയറിലേക്ക് തല ചായ്ച്ചു കിടന്നു പാർവതി ഏങ്ങലടിച്ചു,….
പാർവതിയുടെ മുതുകിൽ തഴുകി തട്ടി അവളുടെ ഉള്ളിലെ നോവ് തന്നിലേക്ക് ആവാഹിച്ചെന്ന പോലെ അനഖയുടെ കണ്ണുകളും മിഴിനീർ പൊഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *