മറുപുറം – 3

കൂട്ടത്തിൽ അല്പം പ്രായം ചെന്ന ഒരാൾ പറഞ്ഞു.

“എങ്കിൽ പിടിച്ചൊന്നു കാറിലേക്ക് ആക്കി താ….പിന്നെ ചേട്ടനും ഞങ്ങളുടെ കൂടെ വരണം…”

സന്ധ്യ പറഞ്ഞു.അയാൾ ഒന്നലോചിച്ച ശേഷം അവനെ താങ്ങി കൂടെ നിന്നവരും കൂടെ പിടിച്ചു കാറിൽ അവനെ കാറിൽ കയറ്റി, ഒപ്പം അയാളും കയറി,

അനഘ ഈർഷയോടെ വണ്ടി എടുക്കുമ്പോൾ സന്ധ്യ നിഷയെ വിളിക്കുകയായിരുന്നു.

വണ്ടി ഹോസ്പിറ്റലിന് മുന്നിൽ നിർത്തി ഡോർ തുറന്നു അവനെ അയാൾ താങ്ങി അപ്പോഴേക്കും സെക്യൂരിറ്റിയും അറ്റൻഡറും ചേർന്ന് അകത്തേക്ക് കൊണ്ട് പോയി.

അനഘ മുന്നിൽ വന്നു കാറിലേക്ക് നോക്കി.ഒട്ടും പ്രതീക്ഷിക്കാതെ വാങ്ങിയ കാർ ആയിരുന്നു എങ്കിലും ബുക്ക് ചെയ്ത നാൾ മുതൽ അനഘ അതൊത്തിരി കൊതിച്ചിരുന്നു, ഡൗൺ പേയ്മെന്റ് ആയി പണം സന്ധ്യ അടയ്ക്കുമ്പോൾ അനഖയെ നോക്കി സന്ധ്യ പറഞ്ഞ കാര്യം ആയിരുന്നു അപ്പോൾ അവളുടെ മനസ്സിൽ വന്നത്.

“ചേച്ചീടെ വക ഇരിക്കട്ടെ അനു നിനക്ക് എന്തെങ്കിലും….”

ചളുങ്ങി ഉരഞ്ഞു ഉള്ളിലേക്ക് തള്ളിയ വശവും ഗ്രില്ലിൽ അല്പവും പൊളിഞ്ഞും കിടന്നിരുന്നു.
അനഖയുടെ കണ്ണുകൾ നിറഞ്ഞു വന്നു ചളുങ്ങിയ പാടുകളിലൂടെ കയ്യൊടിച്ചപ്പോൾ നിലവിട്ട ഏങ്ങലുകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

“എന്താടി കൊച്ചെ എന്താ എന്തിനാ കരയുന്നെ….”

സന്ധ്യ മുന്നിലേക്ക് വന്നുകൊണ്ട് അനഖയെ നോക്കി കാറിന്റെ മുന്നിൽ കുത്തിയിരുന്ന് കൊണ്ട് നിറകണ്ണുകളോടെ അവൾ തിരിഞ്ഞു നോക്കി.

“ഇത് കണ്ടോ ചേച്ചി….കുറെ ചളുങ്ങി….ഉരഞ്ഞു പെയിന്റ് ഒക്കെ പോയി….”

“അയ്യേ അതിനാണോ നമുക്ക് ശെരിയാക്കി എടുക്കാന്നെ…നീ ഇങ്ങെഴുന്നേറ്റെ….”

അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് സന്ധ്യ പറഞ്ഞു.

“എന്നാലും കയ്യിൽ കിട്ടി ഒരു ദിവസം പോലും ആയില്ല….ചേച്ചി എനിക്ക് വാങ്ങി തന്നിട്ട്….”

വാക്കുകൾ പൂർത്തിയാക്കാൻ ആവാതെ കണ്ണുനീർ പുറം കൈകൊണ്ട് തുടച്ചു അനഘ വിതുമ്പി.
അവളെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ ചെറു ചിരിയോടെ അവളെ നോക്കി നിന്നു.
കാൾ വരുന്നത് കണ്ട സന്ധ്യ അറ്റൻഡ് ചെയ്തു, മൂളി ഒന്ന് കട് ചെയ്ത ശേഷം തന്റെ മുഖത്തേക്ക് നോക്കി നിന്ന അനഖയോട് പറഞ്ഞു.

“നിഷയാ….പോലീസ് വന്നിട്ടുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു…..”

“ഉം…”

പാർക്കിങ്ങിൽ നിന്ന് ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അവരെ കാത്തു നിഷ നിൽപ്പുണ്ടായിരുന്നു.

“ആള് അൺകോൺഷ്യസ് ആടി, ഡ്രൻക് ആയിരുന്നില്ലേ….അതുകൊണ്ട് മൊഴിയെടുക്കാൻ പറ്റിയിട്ടില്ല….എന്തായാലും നല്ല രീതിയിൽ പരിക്കുണ്ട്….അയാളുടെ
ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു ഞാൻ വിവരമൊക്കെ പറഞ്ഞിട്ടുണ്ട് ആളുടെ ഏട്ടൻ ആണെന്ന് തോന്നുന്നു.”

നിഷ പറഞ്ഞുകൊണ്ട് അവരുടെ ഒപ്പം നടന്നു.
ഐ സി യൂ വിനു മുന്നിൽ രണ്ടു പൊലീസുകാരെ അവർ കണ്ടു ഇവരോടൊപ്പം വന്ന ആളോട് സംസാരിക്കുകയായിരുന്നു അവർ.
സന്ധ്യയും നിഷയും അനഖയോട് കൂടെ അവിടേക്കു ചെന്നു അവരെ കണ്ട പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു എല്ലാം രേഖപ്പെടുത്തി.

“ആൾക്ക് ബോധം വന്നിട്ടില്ലാത്തത് കൊണ്ട് ആളോട് സംസാരിക്കാൻ പറ്റിയിട്ടില്ല…എങ്കിലും ഇത് വേറെ വകുപ്പിലെ പോകു എന്ന് തോന്നുന്നു….
നിങ്ങൾ ഒന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും ഒരു എൻക്വയറിക്ക്….ഇപ്പോൾ വേണ്ട, അവിടുന്ന് അറിയിക്കും….ഓക്കേ….അഡ്രസ്സ് ഹോസ്പിറ്റലിൽ കൊടുത്തിട്ട് പൊയ്‌ക്കോളൂ…..”

അനഖയോടും സന്ധ്യയോടും പറഞ്ഞ ശേഷം അവർ നിഷയ്ക്ക് നേരെ തിരിഞ്ഞു.

“ഡോക്ടർനെ ഇപ്പോൾ കാണാൻ പറ്റുമോ ഞങ്ങൾക്ക് റിപ്പോർട്ട് വാങ്ങാൻ ആയിരുന്നു….”

“ഡോക്ടർ ഇപ്പോൾ ക്യാബിനിൽ ഉണ്ടാവും സർ…”

“ഓക്കേ…..അപ്പോൾ നിങ്ങൾ സിറ്റി വിട്ടു പോകരുത് എൻക്വയറി കഴിയും വരെ….”

അനഖയെയും സന്ധ്യയെയും നോക്കി അത്രയും പറഞ്ഞ ശേഷം അവർ നടന്നു നീങ്ങി,

“അപ്പോൾ ഇനി കുറച്ചു നാളത്തെ ഉറക്കം പോയികിട്ടി…”

അനഘ മുഷിപ്പോടെ പറഞ്ഞു സന്ധ്യയെ നോക്കി.

“ഭാഗ്യത്തിന് നിന്റെ കാറിൽ തട്ടി അവൻ തട്ടിപോവാഞ്ഞത് ഭാഗ്യം ഇല്ലേൽ ഉറക്കം ജയിലിൽ ആയേനെ…”

സന്ധ്യ അവളെ നോക്കി പറഞ്ഞു നെടുവീർപ്പിട്ടു.

“നിങ്ങൾ എന്നാൽ പൊക്കോ എന്തേലും ഉണ്ടേൽ നാളെ വരുമ്പോൾ ഞാൻ പറയാം….എനിക്ക് റൗണ്ട്സിനു ടൈം ആയിട്ടുണ്ട്.”

അവരെ യാത്രയാക്കാൻ ഹോസ്പിറ്റലിന് മുന്നിൽ വരെ വന്നു.

“ശോ….എനിക്കിതു കാണുമ്പോൾ സഹിക്കുന്നില്ല ചേച്ചി…”

കാറിന്റെ മുൻവശം കണ്ടു അനഘയ്ക്ക് വീണ്ടും നെഞ്ച് നുറുങ്ങാൻ തുടങ്ങി.
“സംഭവിച്ചത് സംഭവിച്ചു ഇനീം അതാലോചിച്ചു വെറുതെ വിഷമിക്കുന്നതെന്തിനാ നമുക്ക് ഷോറൂമിലേക്ക് വിളിച്ചു ചോദിക്കാം ഇൻഷുറൻസ് കവർ ചെയ്യുമോ എന്ന് ….”

സന്ധ്യ അവളെയും കൂട്ടി കാറിലേക്ക് നടന്നു.
ഹോസ്പിറ്റലിന്റെ കവാടം കടക്കുമ്പോൾ മിന്നൽ പോലെ ഒരു റേഞ്ച് റോവർ അവരുടെ മുന്നിൽ വന്നു നിന്ന് ആഞ്ഞു ചവിട്ടി….

“ഒന്ന് ഒതുക്കി കൊടുക്ക് അനു എന്തേലും എമെർജെന്സി ആവും…..”

അനഘ പെട്ടെന്ന് ഒരു വശത്തേക്ക് ഒതുക്കിയതും റോവർ മുരണ്ടുകൊണ്ട് അകത്തേക്ക് കുതിച്ചു.

അനഖയും സന്ധ്യയും വീട്ടിലേക്കും നീങ്ങി.

————————————-

” അനു…..”

“എന്താ ചേച്ചീ….”

“ഡി നീ ഇന്ന് ഇടിച്ചിട്ട ചെക്കനെ നിനക്ക് എവിടേലും വെച്ച് കണ്ടു വല്ല പരിചയോം തോന്നിയോ…”

“എന്തോന്നാ ആര് ഇടിച്ചിട്ടൂന്ന….കാറിന്റെ മുന്നിലേക്ക് അടീം കൊണ്ട് ബോധമില്ലാതെ ഓടി കയറി വന്ന അവനാ എന്റെ കാർ ഈ പരുവമാക്കിയത് എന്നിട്ടു ഇടിച്ചിട്ടൂന്നു….ഹും…”

അനഘ സന്ധ്യയോട് ഒച്ചയിട്ടതോടെ സന്ധ്യ അവളെ കൈ രണ്ടും കൂപ്പി തൊഴുതു.

“എന്റെ പൊന്നുമോളെ…വിട്ടേക്ക് അറിയാതെ നാവു പിഴച്ചു പോയതാ……”

“ഉം….”

“നീ ഞാൻ ചോദിച്ചതിന്റെ കാര്യം പറ അവനെ നിനക്ക് എവിടേലും കണ്ടതായി പരിചയമുണ്ടോ….”

“എനിക്കെങ്ങും ഇല്ല…..
വല്ല ഇന്റർവ്യൂ നും വന്നിട്ടുണ്ടാവും,…കണ്ണീ ചോരയില്ലാതെ പറഞ്ഞും വിട്ടിട്ടുണ്ടാവും,…അതാവും ചേച്ചിക്ക് കണ്ടു പരിചയം,….”

“ഓഹ് ഈ പെണ്ണിന്റെ നാവ്….എങ്ങനെയിരുന്നെച്ചതാ….വായിൽ വിരലിട്ടാൽ പോലും കടിക്കാത്തതായിരുന്നു ഇനി ഞാൻ വഷളാക്കി എന്ന് പറയുവോ എന്തോ….”

സന്ധ്യ അവളുടെ വണ്ണിച്ച കൈതണ്ടയിൽ നുള്ളിക്കൊണ്ടു പറഞ്ഞു.

“ഹി ഹി ഹി വേണേൽ വിരലിട്ടു നോക്കിക്കോ….അറിയാലോ….”

“പോടീ….പിന്നെ എനിക്ക് വട്ടല്ലേ…….
ശ്ശെ എന്നാലും എവിടെയാ എനിക്ക് അവനെ കണ്ടു പരിചയം എന്ന് മനസ്സിലാവുന്നില്ലല്ലോ….”

സന്ധ്യ വീണ്ടും നെറ്റിയിൽ കൈ വെച്ചുകൊണ്ട് ആലോചന തുടങ്ങുന്നത് കണ്ട അനഘ നീങ്ങി വന്നു അവളെ ചുറ്റിപ്പിടിച്ചു.

“ഓഹ്….ഒന്ന് കിടന്നു ഉറങ്ങടി ചേച്ചീ….”

അവളിലേക്ക് ചേർന്നു ചൂടും പറ്റി തള്ളകോഴിയുടെ ചൂടേൽക്കുന്ന കുഞ്ഞിനെ പോലെ അവൾ കിടന്നു,…
ഉത്തരം കിട്ടാത്ത ആഹ് ചോദ്യം പല തവണ സ്വയം ചോദിച്ചു സന്ധ്യയും ഉറങ്ങി.
————————————-

Leave a Reply

Your email address will not be published. Required fields are marked *