അവളുടെ പോക്ക് കണ്ട് ഭയന്ന സന്ധ്യ ഉറക്കെ വിളിച്ചു,
എന്നാൽ അതിലൊന്നും കൂസാതെ അനു നേരെ ചെന്ന് കിടന്ന ആളെ കുത്തി പിടിച്ചു വലിച്ചു പൊക്കി, ഒരു തുണി പോലെ എഴുന്നു വന്ന ആളുടെ മുഖം പോലും നോക്കാതെ ഒറ്റയടി അവൾ അടിച്ചു അതോടെ അവൻ ഊർന്നു താഴേക്ക് വീണു.
“അയ്യോ മോളെ….തല്ലല്ലേ…..”
അവിടേക്ക് ഓടിക്കൂടിയവരിൽ ഒരാൾ പറഞ്ഞു…
“ഈ കൊച്ചൻ അവിടെ ഇരിക്കുവാരുന്നു ഏതോ പിള്ളേര് വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ അവിടുന്ന് രക്ഷപെട്ട് ഓടിയതാ അപ്പോഴാ നിങ്ങളുടെ കാറിനു മുന്നിൽ ചാടിയത്…”
അയാൾ അനഖയോട് പറയുമ്പോഴേക്കും സന്ധ്യ അവർക്കരികിൽ എത്തിയിരുന്നു.
കടക്കാരൻ രാഹുലിനെ നോക്കുന്ന തിരക്കിൽ ആയിരുന്നു.
“കൊച്ചെ നിങ്ങൾ ഇതിനെയൊന്നു ആശൂത്രീൽ കൊണ്ട് പോ……
നല്ലോണം അടി കിട്ടിയിട്ടുണ്ട്….”
“പിന്നെ എനിക്കിനി അതല്ലേ പണി…..ഈ കിടക്കുന്നവൻ ഒപ്പിച്ചതാ ഇത്രേം….”
തന്റെ ഇന്ന് ഷോറൂമിൽ നിന്നിറക്കിയ കാറിന്റെ കോലം നോക്കി അനഘ പറഞ്ഞു.
“അനു…എന്തൊക്കെയാ ഈ പറേണേ….
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചേക്കാം…ചേട്ടൻ പക്ഷെ പോലീസിനോട് കണ്ട കാര്യം ഒന്ന് പറയേണ്ടി വരും…”
സന്ധ്യ അവിടെ കൂടി നിന്നവരോട് പറഞ്ഞു.
അത് കേട്ടതും കൂടി നിന്ന കൂട്ടം നിമിഷ നേരം കൊണ്ട് പകുതിയായി.
“ഞാൻ പറഞ്ഞോളാം…നിങ്ങൾ ഇപ്പോൾ ഇതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നോക്ക്….”
കൂട്ടത്തിൽ അല്പം പ്രായം ചെന്ന ഒരാൾ പറഞ്ഞു.
“എങ്കിൽ പിടിച്ചൊന്നു കാറിലേക്ക് ആക്കി താ….പിന്നെ ചേട്ടനും ഞങ്ങളുടെ കൂടെ വരണം…”
സന്ധ്യ പറഞ്ഞു.അയാൾ ഒന്നലോചിച്ച ശേഷം അവനെ താങ്ങി കൂടെ നിന്നവരും കൂടെ പിടിച്ചു കാറിൽ അവനെ കാറിൽ കയറ്റി, ഒപ്പം അയാളും കയറി,
അനഘ ഈർഷയോടെ വണ്ടി എടുക്കുമ്പോൾ സന്ധ്യ നിഷയെ വിളിക്കുകയായിരുന്നു.
വണ്ടി ഹോസ്പിറ്റലിന് മുന്നിൽ നിർത്തി ഡോർ തുറന്നു അവനെ അയാൾ താങ്ങി അപ്പോഴേക്കും സെക്യൂരിറ്റിയും അറ്റൻഡറും ചേർന്ന് അകത്തേക്ക് കൊണ്ട് പോയി.
അനഘ മുന്നിൽ വന്നു കാറിലേക്ക് നോക്കി.ഒട്ടും പ്രതീക്ഷിക്കാതെ വാങ്ങിയ കാർ ആയിരുന്നു എങ്കിലും ബുക്ക് ചെയ്ത നാൾ മുതൽ അനഘ അതൊത്തിരി കൊതിച്ചിരുന്നു, ഡൗൺ പേയ്മെന്റ് ആയി പണം സന്ധ്യ അടയ്ക്കുമ്പോൾ അനഖയെ നോക്കി സന്ധ്യ പറഞ്ഞ കാര്യം ആയിരുന്നു അപ്പോൾ അവളുടെ മനസ്സിൽ വന്നത്.
“ചേച്ചീടെ വക ഇരിക്കട്ടെ അനു നിനക്ക് എന്തെങ്കിലും….”
ചളുങ്ങി ഉരഞ്ഞു ഉള്ളിലേക്ക് തള്ളിയ വശവും ഗ്രില്ലിൽ അല്പവും പൊളിഞ്ഞും കിടന്നിരുന്നു.
അനഖയുടെ കണ്ണുകൾ നിറഞ്ഞു വന്നു ചളുങ്ങിയ പാടുകളിലൂടെ കയ്യൊടിച്ചപ്പോൾ നിലവിട്ട ഏങ്ങലുകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
“എന്താടി കൊച്ചെ എന്താ എന്തിനാ കരയുന്നെ….”
സന്ധ്യ മുന്നിലേക്ക് വന്നുകൊണ്ട് അനഖയെ നോക്കി കാറിന്റെ മുന്നിൽ കുത്തിയിരുന്ന് കൊണ്ട് നിറകണ്ണുകളോടെ അവൾ തിരിഞ്ഞു നോക്കി.
“ഇത് കണ്ടോ ചേച്ചി….കുറെ ചളുങ്ങി….ഉരഞ്ഞു പെയിന്റ് ഒക്കെ പോയി….”
“അയ്യേ അതിനാണോ നമുക്ക് ശെരിയാക്കി എടുക്കാന്നെ…നീ ഇങ്ങെഴുന്നേറ്റെ….”
അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് സന്ധ്യ പറഞ്ഞു.
“എന്നാലും കയ്യിൽ കിട്ടി ഒരു ദിവസം പോലും ആയില്ല….ചേച്ചി എനിക്ക് വാങ്ങി തന്നിട്ട്….”
വാക്കുകൾ പൂർത്തിയാക്കാൻ ആവാതെ കണ്ണുനീർ പുറം കൈകൊണ്ട് തുടച്ചു അനഘ വിതുമ്പി.
അവളെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ ചെറു ചിരിയോടെ അവളെ നോക്കി നിന്നു.
കാൾ വരുന്നത് കണ്ട സന്ധ്യ അറ്റൻഡ് ചെയ്തു, മൂളി ഒന്ന് കട് ചെയ്ത ശേഷം തന്റെ മുഖത്തേക്ക് നോക്കി നിന്ന അനഖയോട് പറഞ്ഞു.
“നിഷയാ….പോലീസ് വന്നിട്ടുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു…..”
“ഉം…”
പാർക്കിങ്ങിൽ നിന്ന് ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അവരെ കാത്തു നിഷ നിൽപ്പുണ്ടായിരുന്നു.
“ആള് അൺകോൺഷ്യസ് ആടി, ഡ്രൻക് ആയിരുന്നില്ലേ….അതുകൊണ്ട് മൊഴിയെടുക്കാൻ പറ്റിയിട്ടില്ല….എന്തായാലും നല്ല രീതിയിൽ പരിക്കുണ്ട്….അയാളുടെ
ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു ഞാൻ വിവരമൊക്കെ പറഞ്ഞിട്ടുണ്ട് ആളുടെ ഏട്ടൻ ആണെന്ന് തോന്നുന്നു.”
