മറുപുറം – 3

കോഫീ ഷോപ്പിൽ നിന്നിറങ്ങുമ്പോൾ അവർ ഉറ്റ സുഹൃത്തുക്കളെ പോലെ ആയി മാറിയിരുന്നു.

————————————-

“ഡോ… കട്ടക്ക് കൂടെ നിന്നോള്ണം…”

കൈ കൊണ്ടൊരു തമ്പ്സ് അപ്പ് ആയിരുന്നു ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അവളുടെ മറുപടി.

“ദേ…ഏട്ടാ…രണ്ടും ഒളിച്ചോടിയിട്ടൊന്നും ഇല്ലാട്ടോ….”

വാതിൽ തുറന്നതും പാർവതിയുടെ കളിയാക്കൽ കേട്ടാണ് അവർ അകത്തു കയറിയത്.

“പാറൂ…..”

ദീപന്റെ നീട്ടിയുള്ള വിളി കേട്ടതും പാർവതി രാഹുലിന്റെ വയറിൽ പിച്ചി അനഖയുടെ കയ്യും പിടിച്ചു ചുറ്റി വലിച്ചുകൊണ്ട് പോയി.

രാത്രി അത്താഴം കഴിക്കുമ്പോഴും പാർവതി തമ്മിൽ മിണ്ടാത്തവരുടെ പുതിയ സൗഹൃദത്തിന്റെ കാര്യം വാ തോരാതെ പറയുമ്പോൾ, കണ്ണിറുക്കിയും ചിരി കടിച്ചമർത്തിയും അവർ കഴിച്ചു തീർത്തു.

രാത്രി ഉറങ്ങാൻ നേരം അവളുടെ ഗുഡ് നയ്‌റ് മെസ്സേജ് അവനെ തേടി വന്നു.

തിരികെ വിഷ് ചെയ്ത് സ്വപ്‌നങ്ങൾ നിറഞ്ഞ നിദ്രയിലേക്ക് ഇരുവരും ഒഴുകിയിറങ്ങുമ്പോൾ മനസ്സ് തെളിഞ്ഞ വാനം പോലെ പ്രകാശിച്ചിരുന്നു.

പിന്നീടുള്ള നാളുകളിൽ അവർക്ക് തമ്മിൽ പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു.
നേരത്തെ ഇറങ്ങുന്ന ദിവസങ്ങളിൽ രാഹുലിനായി അനഖയുടെ കാർ ഓഫിസ് ബില്ഡിങ്ങിന് താഴെ കാത്തു കിടക്കുന്നത് പതിവ് കാഴ്ച്ചയായി.
വൈകുന്നേരങ്ങളിൽ കടൽക്കാറ്റും കോഫിയും അവർക്ക് കൂട്ടിനെത്തി മിക്കപ്പോഴും പാർവതിയും അവരോടൊപ്പം ഉണ്ടാവും, ദീപൻ കൂടി വരുന്നതോടെ പുറത്തു നിന്ന് കഴിച്ചു ഒരുമിച്ചു തിരികെ ഫ്ലാറ്റിലേക്ക്, ഇതുപോലെ ആയി മാറിയിരുന്നു അവരുടെ ദിനങ്ങൾ.

“ഡോ… ഞാൻ ഡ്രൈവ് ചെയ്യണോ….”

രാഹുൽ ചോദിച്ചു തീർന്നില്ല കീ അവനു നേരെ എറിഞ്ഞു അനഘ നേരെ സൈഡ് സീറ്റിൽ കയറി.

“ഓഹോ അപ്പോ ചോദിക്കാൻ കാത്തിരിക്കുവായിരുന്നല്ലേ….”

“ഹി ഹി ഹി…”

അവൻ സീറ്റിൽ ഇരിക്കുമ്പോഴേക്കും ദീപന്റെയും പാർവതിയുടെയും കാർ അവർക്ക് മുന്നിലൂടെ കടന്നു പോയിരുന്നു.

“ഏട്ടനും ഏട്ടത്തിയും എന്താ കുട്ടികൾക്ക് വേണ്ടി നോക്കാത്തെ….”
മുന്നിൽ നീങ്ങുന്ന അവരുടെ കാർ നോക്കിയാണ് അനഘ ചോദിച്ചത്.

“അവർക്ക് കുട്ടി ആയിട്ട് ഞാൻ ഇല്ലേ….”

“അയ്യട ബെസ്റ്റ് കുട്ടി….കാര്യം പറ….”

“താൻ ഇത് ഏട്ടത്തിയോട് ചോദിച്ചില്ലേ….”

“ങു ഹും….എന്തോ ചോദിക്കാൻ തോന്നിയില്ല….”

“എടൊ ഏട്ടത്തിയുടെ ഗര്ഭപാത്രത്തിന് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷി ഇല്ല…
…..ഏട്ടന് അതറിയാം പക്ഷെ ഏട്ടത്തിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഏട്ടനാണ് കൗണ്ട് കുറവെന്ന് ഏട്ടത്തിയോട് പറഞ്ഞിരിക്കുന്നത്.
പക്ഷെ തനിക്കാണ് കുഴപ്പം എന്ന് ഏട്ടത്തിക്കറിയാം ഏട്ടന്റെ താളത്തിന് തുള്ളി ഏട്ടത്തിയും അത് വിശ്വസിച്ചെന്ന പോലെ നടക്കുന്നു…
പക്ഷെ ആള് മെഡിസിൻ ഒക്കെ എടുക്കുന്നുണ്ടട്ടോ….എന്നേലും ഒരിക്കൽ ഏട്ടന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന നിമിഷം ഏട്ടത്തി ഏട്ടനോട് അത് തുറന്നു പറയാൻ ഇരിക്കുവാ….”

ഒരു ചെറു പുഞ്ചിരിയോടെ രാഹുൽ പറഞ്ഞതുകേട്ട അനഖയുടെ കണ്ണിൽ അവരോടുള്ള ആരാധന നിറയുന്നുണ്ടായിരുന്നു.

“ഇതൊക്കെ എങ്ങനെ ഏട്ടന് അറിയാം…”

“ഏട്ടത്തിയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഞാൻ അല്ലെ….പിന്നെ മെഡിസിൻ വാങ്ങി കൊടുക്കുന്നതും ട്രീട്മെന്റിന് കൊണ്ട് പോവുന്നതും ഒക്കെ ഞാനാ…”

രാഹുലിനെ ചിരിയോടെ നോക്കി ഇരിക്കാനെ അനഖയ്ക്ക് കഴിഞ്ഞുള്ളു.
********************************

“എന്താടി പെണ്ണെ….വിളി തുടങ്ങിയപ്പോ മുതൽ പറയാൻ തുടങ്ങിയതാണല്ലോ, ഏട്ടത്തി രാഹുൽ ഏട്ടൻ എന്നൊക്കെ പറഞ്ഞു. അതും ഇടയ്ക്ക് ഇടയ്ക്ക് രാഹുൽ പൊങ്ങി വരുന്നുണ്ടല്ലോ….എന്താണ് പാറുവിനോട് ഞാൻ സംസാരിക്കണോ….”

രാത്രി വീഡിയോ കാൾ ചെയ്യുമ്പോൾ സന്ധ്യ അവളെ കളിയാക്കി.

“എന്തിന്…ഈ ചേച്ചിക്കിതെന്താ മതി….വെച്ചിട്ട് പോയിക്കിടന്നെ….പറയാൻ നിന്ന എന്നെ വേണം തല്ലാൻ….”

“ഉവ്വ് ഉവ്വ്….ഞാൻ പൊക്കോളാം….എങ്കിലും നിന്നെ ഞാൻ പിടിക്കുന്നുണ്ട്….
കേട്ടോടി, ഗുഡ് നൈറ്റ്…”
“ഉവ്വാ ഗുഡ് നൈറ്റ്…..പോയി ഉറങ്ങടി ചേച്ചിക്കുട്ടി….”

ഫോൺ വെച്ചിട്ട് കിടന്നു കഴിഞ്ഞിട്ടും അനഖയ്ക്ക് ഉറക്കം കിട്ടുന്നില്ലായിരുന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നു ഒടുക്കം ക്ഷെമ കെട്ടു ഫോൺ എടുത്തു കുത്തി തുടങ്ങി.

“ശ്ശെ….ഇതെന്തു പറ്റിയതാണാവോ…..പെട്ടെന്ന് ഇങ്ങനെ ഉറക്കം പോവാൻ….”

ഉറക്കം പോയതിന്റെ കാര്യം ചികഞ്ഞു അനഘ ഫോണിൽ ചുറ്റിയപ്പോൾ രാഹുൽ ഓൺലൈൻ എന്ന് കാണിച്ചു.

“ഒറങ്ങിയില്ലേ….. എന്താണാവോ പരിപാടി….
ചുമ്മാ ചൊറിയണോ….”

സ്വയം പതിയെ പറഞ്ഞുകൊണ്ടവൾ ചിരിച്ചു.
പതിയെ വാതിൽ തുറന്നു അവൾ ഹാളിലേക്ക് നടന്നു.

ഏട്ടന്റെയും ഏട്ടത്തിയുടെയും മുറിയിൽ ലൈറ്റ് കണ്ടില്ല പതിയെ പമ്മി രാഹുലിന്റെ മുറിക്ക് മുന്നിലെത്തി വാതിലിനടിയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം കണ്ട അനഘ ചാടി വാതിൽ തുറന്നു അകത്തു കയറി.

“അയ്യോ….”

പെട്ടെന്ന് ഒരാൾ ചാടി മുന്നിൽ വന്നത് കണ്ട രാഹുൽ ഞെട്ടി ഒന്ന് തുള്ളിപ്പോയി.

അകത്തേക്ക് കയറിയ അനഖയുടെ കണ്ണ് അവിടത്തെ കാഴ്ച്ച ഒന്ന് പിടിച്ചെടുക്കാൻ ഒരു ഞൊടി എടുത്തു.

അവളുടെ മുഖം ചുവന്നു, ദേഷ്യം നിറഞ്ഞു വിറയ്ക്കുന്ന ശരീരവുമായി അവൾ ആഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

“അനൂ…..എടൊ നിക്ക് പ്ലീസ്….”

ഓടി പിടിച്ചെഴുന്നേറ്റ രാഹുൽ അവളുടെ കൈ പിടിച്ചു വലിച്ചു റൂമിലേക്ക് തന്നെ നിർത്തി.

“വിട് എന്നെ വിട്….”

കൈ വിടുവിക്കാൻ കുതറിക്കൊണ്ടു അനഘ തുള്ളിക്കൊണ്ടിരുന്നു.

“അനൂ എടൊ പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് താൻ കേൾക്ക് എന്നിട്ട് എന്താണ് എന്ന് വെച്ചാൽ ചെയ്തോ….”

അവളുടെ മുഖം ചുവന്നു നിന്നതല്ലാതെ ഈർഷ്യ അടങ്ങിയിരുന്നില്ല,

“ആഹ് പാവം പ്രാര്ഥനേം കണ്ണീരുമായിട്ട് ഒത്തിരി നടന്നിട്ട് ഇപ്പോഴാ ഒന്ന് നേരെ ആയത് എന്ന് നിങ്ങളുടെ ഏട്ടൻ എപ്പോഴും പറയും, ആഹ് പാവത്തിനെ ചതിച്ചിട്ടാ നിങ്ങൾ ഇപ്പോ ഇവിടെ ഈ ചെയ്ത്തു ചെയ്യുന്നേ,….
ഇതറിഞ്ഞാൽ അതിന്റെ അവസ്ഥ എന്താവും എന്ന് ആലോചിച്ചിട്ടുണ്ടോ…”

ഇടറിയ സ്വരത്തിൽ കണ്ണീരോടെ ആണ് അനഘ രാഹുലിനോട് പറഞ്ഞത് അതിൽ അവനോടുള്ള ദേഷ്യവും നിറഞ്ഞിരുന്നു.

“ശെരിയാണ് ഞാൻ ഏട്ടത്തിക്ക് ഉറപ്പ് കൊടുത്തതാ ഇനി കുടിക്കില്ലെന്നു….അതിനു ഞാൻ ഒത്തിരി പരി ശ്രെമിക്കുന്നുമുണ്ട്….”

രാഹുൽ പറഞ്ഞതും അനഖയുടെ മുഖത്ത് വന്നത് പുച്ഛം ആയിരുന്നു.

“എനിക്കറിയാം ഇതൊക്കെ ഞാൻ വെറുതെ പിടിച്ചു നില്ക്കാൻ പറയുന്ന ന്യായമായിട്ടെ തനിക്ക് തോന്നു…
പക്ഷെ ഒരു നാൾ തുടങ്ങി പിന്നെ ഒട്ടൊരു കാലം എന്റെ ഉള്ളിൽ നിറഞ്ഞത് മുഴുവൻ ഈ സ്പിരിറ്റ് ആണ്…
ഒരു ശീലം പോലെ,
നിർത്തണം എന്ന് ആഗ്രഹമുണ്ട് ഇപ്പോഴും അതിനു വേണ്ടി ആണ് നോക്കുന്നതും, ഒറ്റ ദിവസം കൊണ്ട് നിർത്താൻ നോക്കിയപ്പോൾ എല്ലാം എന്റെ ബോഡി അതിനെതിരെ റിയാക്ട ചെയ്തത് എനിക്ക് പറ്റാവുന്നതിലും മേലെ ആയിരുന്നു.
അപ്പോൾ കുറച്ചു കൊണ്ട് വന്നു നിർത്തുക അതെ വഴി ഉള്ളൂ എന്ന് മനസിലായി, അതുകൊണ്ടാ ഇങ്ങനെ അല്ലാതെ താൻ കരുതുന്ന പോലെ ഒന്നും അല്ല…”

Leave a Reply

Your email address will not be published. Required fields are marked *