മറുപുറം – 3 1

“അനു….നിനക്ക് അവനെ കാണുമ്പോൾ ഉള്ള ചമ്മൽ ഇതുവരെ മാറിയില്ലേ….”

“എനിക്കറിയില്ല ചേച്ചി,….അങ്ങേരെ കാണുമ്പോൾ എനിക്ക് അന്നത്തെ അടിയുടെ കാര്യം ഓർമ വരും…പിന്നെ എന്തോ പോലെയാ,…”

“അവനോടൊരു സോറി പറഞ്ഞാൽ തീരുന്നതല്ലേ ഉള്ളൂ, നിനക്ക് അതിനും ചമ്മൽ അല്ലെ പിന്നെ എങ്ങനെയാ….ഇപ്പൊ നീ ഒന്ന് ചെല്ല് ഇതിൽ തന്നെ ഇരുന്നാൽ അവരെന്ത് വിചാരിക്കും….”

“ചെല്ലാല്ലേ…???”

“ചെല്ലടി കഴുതേ…..”

ഉന്തി തള്ളി അനഖയെ പുറത്തിറക്കിയ സന്ധ്യ പാർവതിയെയും രാഹുലിനെയും നോക്കി,
സാരി ചുറ്റി ഐശ്വര്യത്തോടെ നടന്നു വരുന്ന പാർവതിക്കൊപ്പം ഷർട്ടും മുണ്ടും ഉടുത്‌ പതിയെ കാലു വലിച്ചു വലിച്ചു നടക്കുന്ന രാഹുലിനെ കണ്ട സന്ധ്യ ഒന്നമ്പരന്നു, മുഖത്ത് തേജസ്സ് നിറഞ്ഞു, എല്ലുകൾ മൂടി പഴയ രാഹുലിലേക്കുള്ള പ്രയാണം ആരംഭിച്ച പോലെ സന്ധ്യയ്ക്ക് തോന്നി.

“ഏട്ടത്തി എങ്ങോട്ടാ സാരി ഒക്കെ ഉടുത്തു….”

രാഹുലിന്റെ നേരെ നോക്കാൻ ചമ്മി, കടിച്ചു പിടിച്ചു പാർവതിയെ നോക്കിയാണ് അനഘ സംസാരിച്ചത്, എങ്കിലും രാഹുൽ കൗതുകത്തോടെ അവളെ നോക്കിക്കൊണ്ടിരുന്നു.

“ആഹ് ഞങ്ങളും ഒരിടംവരെ പോവ്വുവാ….അല്ലെടാ ചെക്കാ….”
പാർവതി പറഞ്ഞതിന് ചിരിയോടെ രാഹുൽ തലയാട്ടി.

“എങ്ങോട്ടേക്കാന്ന് പറ ഏട്ടത്തി…”

“നിങ്ങളുടെ കൂടെ തന്നെ ആടി അനുകുട്ടി….അല്ലേൽ തിരികെ നീ ഒറ്റയ്ക്ക് പോരണ്ടേ,…..അത് വേണ്ട നമുക്ക് ഒരുമിച്ചു പോരാം….”

പാർവതി പറഞ്ഞതുകേട്ട അനഘ ചിരിയോടെ അവളെ നോക്കി.

“സത്യം…!!!”

“അല്ല കള്ളം….
സുരേട്ടാ ആഹ് ബാഗ് ഒക്കെ കാറിലെ ഡിക്കിയിലേക്ക് വെച്ചോളൂട്ടോ…”

കാറിന്റെ കീ കൊടുതുകൊണ്ട് ബാഗുമായി വന്ന ഡ്രൈവർ നോട് പാർവതി പറഞ്ഞു.

“സന്ധ്യ കാറിൽ ആയിരിക്കും അല്ലെ….ഞാൻ ഇവനെ കൊണ്ടോയി കാറിൽ ഇരുത്തിയിട്ടു വരാവേ….”

പാർവതി രാഹുലിനെയും താങ്ങിക്കൊണ്ട് കാറിലേക്ക് നീങ്ങുമ്പോൾ അനഖയും പതിയെ കാറിലേക്ക് നീങ്ങി,

പാർവതി കാറിലേക്ക് ചാഞ്ഞു നിന്നു സംസാരിക്കുന്നത് ഇപ്പുറം നിന്ന് രാഹുൽ കണ്ടു അല്പം കഴിഞ്ഞു തിരികെ വന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു,

“ഞങ്ങൾ പോയിട്ട് വരാം സുരേട്ട….ചിലപ്പോ തിരികെ വരുമ്പോൾ വൈകും ഏട്ടനെ ഞാൻ വിളിച്ചു പറഞ്ഞോളാം….”

ഡ്രൈവർക്ക് വഴിക്കുള്ള കാശ് നീട്ടി, പാർവതി ചിരിച്ചു.

“ആയിക്കോട്ടെ കുഞ്ഞേ…പോയിട്ട് വാ…”

മുന്നിൽ നീങ്ങി തുടങ്ങിയ സന്ധ്യയുടെ കാറിന്റെ ചുവടു പറ്റി പാർവതിയുടെ ബ്ലാക്ക് വോൾവോ ഒഴുകിയിറങ്ങി.

********************************

“പാർവതി….!!!”

“പറഞ്ഞോ സന്ധ്യേ…”

വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം പിടിച്ചു നിന്നിരുന്ന സന്ധ്യയും അനഖയുടെ കൂടെ കൂടി ഒരു റൗണ്ട് കരച്ചിൽ കഴിഞ്ഞു ഇരിക്കുകയായിരുന്നു, രാഹുലും നിധിനും ഇതെല്ലം ചിരിയോടെ നോക്കി ഒരു ഭാഗത്തു മാറി നിൽക്കുകയായിരുന്നു.
“കാണുന്ന ബഹളം ഒക്കെ എന്നോടും അടുപ്പമുള്ളവരോടും ഒക്കെയെ….ഉള്ളൂ, അന്ന് കൂടെ കൂട്ടിയത് മുതൽ ഇവളെ ഇതുവരെ ഞാൻ ഒറ്റയ്ക്കാക്കിയിട്ടില്ല, ഇപ്പൊ…കുറച്ചു നാളത്തേക്കാണെങ്കിലും ഒന്ന് മാറി നിക്കുമ്പോ പറയാൻ എനിക്ക് ഇപ്പൊ നിഷയും താനും മാത്രേ ഉള്ളൂ,….ഇടയ്ക്ക് ഒന്ന് നോക്കിക്കോണേ…”

നിറഞ്ഞ കണ്ണും ചിരിക്കുന്ന മുഖവുമായി നെഞ്ചിൽ തല പൂഴ്ത്തി കിടക്കുന്ന അനഖയെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ പറഞ്ഞതുകേട്ട പാർവതിയുടെ കണ്ണും നിറഞ്ഞു വന്നു.

“ഇതുങ്ങൾ ഇത് കൊളമാക്കും….
സീരിയൽ ആക്കാതെ നീ രണ്ടിനെയും വിളിച്ചു വേഗം വിട്ടോ രാഹുലേ….”

നിധിൻ ഒന്നുച്ചത്തിൽ പറഞ്ഞത് കേട്ട എല്ലാവരുടെ മുഖത്തും ഒരു ചിരി വിടർന്നു.

പാർവതിയുടെ കയ്യിൽ കൊരുത്തുപിടിച്ചു അനഘ അവരോടു യാത്ര പറഞ്ഞു.
പാർവതി ഡ്രൈവിംഗ് സീറ്റിലും സൈഡ് സീറ്റിൽ അനഖയും ബാക്കിൽ രാഹുലും കയറി.
കാർ തിരികെ യാത്ര ആരംഭിച്ചു.
********************************

ഒരു ഫോൺ കാൾ ദൂരത്തിൽ എന്നും അനഖയ്ക്ക് സന്ധ്യയുടെ കരുതൽ ഉണ്ടായിരുന്നു,…
അവളെ ചേർത്ത് നിർത്തുന്നതിൽ ഇതിനകം അവളുടെ ഏട്ടത്തി സ്ഥാനം ഏറ്റെടുത്ത പാർവതിയും വിരമിച്ചിരുന്നില്ല,
നിഷയ്ക്ക് നൈറ്റ് ഡ്യൂട്ടി വരുന്ന ദിവസങ്ങളിൽ അനഖയുടെ രാത്രി രാഹുലിന്റെ ഫ്ലാറ്റിൽ പാർവ്വതിയോടൊപ്പമായി,…
രാഹുലിനെ ഫേസ് ചെയ്യാനുള്ള ചമ്മൽ ഒഴിച്ചാൽ അവൾ ഏറ്റവും സന്തോഷിച്ചിരുന്നതും ആഹ് രാത്രികൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *