മറുപുറം – 3

“മോള് ഭാഗ്യം ഉള്ളവളാ തന്റേടം ഉള്ള പെൺകുട്ടിയാ….ഇപ്പോഴും നിവർന്നു നിൽക്കാനും ഒറ്റയ്ക്ക് ജീവിക്കാനുമുള്ള തന്റേടം മോൾക്ക് ഉണ്ടായി….പക്ഷെ….പക്ഷെ….എന്റെ അനിയന് അതില്ലാതെ ആയിപ്പോയി…..”

തന്നിലേക്ക് മുഖം ചേർത്ത് എണ്ണിപ്പെറുക്കി ഓരോന്ന് പറയുന്ന പാർവതിയെ ഒന്ന് കൂടെ ചേർത്‌ പിടിക്കാൻ അല്ലാതെ അനഖയ്ക്ക്. മറ്റൊന്നും കഴിഞ്ഞില്ല….
കണ്ണീര് തുടച്ചു ചെയറിൽ ഇരുന്ന സന്ധ്യയും ആഹ് സമയം നിസ്സഹായയായി നിന്ന് പോയി.

തന്റെ ഉള്ളിലെ തീ അനഖയുടെ മുന്നിൽ പെയ്തിറക്കിയതോടെ പാർവതിയുടെ മനസ്സിൽ തെളിവാനം നിറഞ്ഞു തുടങ്ങിയിരുന്നു ഉള്ളിലെവിടെയോ എന്തൊക്കെയോ പ്രതീക്ഷകളും.

“തന്റെ ഡ്രസ്സ് മുഴുവൻ ഞാൻ ചീത്താക്കിയല്ലേ…”

മൂക്കു പിഴിഞ്ഞ് എഴുന്നേറ്റു തന്റെ കണ്ണീരിനാൽ വട്ടത്തിൽ നനച്ച അനഖയുടെ ടോപ്പിലേക്ക് നോക്കിക്കൊണ്ട് പാർവതി കണ്ണ് ചിമ്മി ചോദിച്ചു.

“പിന്നല്ലാതെ ഒരു ലിറ്റർ വെള്ളമല്ലേ കണ്ണിൽ നിന്ന് ഒഴുക്കിവിട്ടെ അപ്പൊ നനയില്ലേ എന്റെ പാറുവേച്ചി….”

സന്ദർഭം ലഘൂകരിക്കാൻ പാർവതിയുടെ കവിളിൽ പിച്ചിക്കൊണ്ട് അനഘ പറഞ്ഞു.
എന്നാൽ അത് കേട്ട പാർവതിയുടെ കണ്ണുകൾ മിന്നി.

“എന്നെ രാഹുൽ വിളിച്ചിരുന്നതാ അങ്ങനെ….
പക്ഷെ പാറുവേട്ടത്തി എന്നാന്നു മാത്രം….”

അത് കേട്ട അനഖയുടെ മനസ്സിലും ഒരു നോവ് കലർന്നു.

“എങ്കിലിനി ഞാനും അങ്ങനെ വിളിക്കാം പോരെ….”

അനഘ ചോദിച്ചതും ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ തലയാട്ടി.

“എന്നാല് ഇപ്പൊ പാറുവേട്ടത്തി പോയൊന്നു മുഖമൊക്കെ കഴുകി സുന്ദരി ആയി വായോ…”

പാർവതിയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്ക് തള്ളുമ്പോൾ ഇതെല്ലാം സന്ധ്യ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു മയക്കത്തിൽ നിന്നും എപ്പോഴോ ഉണർന്നിരുന്ന രാഹുലും കണ്ണുകൾ അടച്ചു തന്നെ വെച്ചുകൊണ്ട് അതിനെല്ലാം മൂകസാക്ഷി ആയി കിടന്നു.

“അനു….ഇവിടെ ഇപ്പൊ എന്തൊക്കെയാ നടക്കുന്നെ….നിനക്ക്,….നിനക്കവരെ മുന്നേ പരിചയം ഉണ്ടോ….”

സന്ധ്യയ്ക്ക് അവർ തമ്മിലുള്ള ഈ ചെറിയ സമയം കൊണ്ടുണ്ടായ അടുപ്പം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…

“ഇല്ലേച്ചി….പക്ഷെ…എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെ പോലെ തോന്നിപോവുവാ അവരെ….അവരുടെ സംസാരം നെഞ്ചുപൊട്ടിയുള്ള കരച്ചിൽ ഒന്നും എനിക്ക് സഹിക്കാൻ പറ്റണില്ല….എനിക്ക് എന്റെ ചേച്ചിയെ ഓര്മ വന്നു….”
“ഹ്മ്മ്….എന്തായാലും അവരൊന്നു ഓക്കേ ആയിട്ടുണ്ട്….കരഞ്ഞു തീർത്തു നെഞ്ചിലെ ഭാരം കുറയുന്നുണ്ടാവും…..”

“എന്നാലും ഈ ചെക്കന് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ കിടന്നു നശിക്കുന്നെ ആഹ് ഇട്ടേച്ചു പോയവൾക്കില്ലാത്ത സങ്കടം ഇവനെന്തിനാണവോ….”

ബെഡിൽ കിടന്ന രാഹുലിനെ നോക്കിയാണ് സന്ധ്യ അത് പറഞ്ഞത്.

“അത്രയും സ്നേഹിച്ചു പോയാൽ പിരിയുമ്പോഴുള്ള വേദന എല്ലാവര്ക്കും താങ്ങാൻ പറ്റില്ല ചേച്ചി….പ്രേത്യേകിച്ചും അങ്ങോട്ട് കൊടുത്ത നമ്മുടെ സ്നേഹത്തിനു ഒരു നിമിഷത്തെ സുഖത്തിന്റെ വില പോലും ഇല്ലായിരുന്നൂന്നു അറിയുമ്പോൾ വീഴാതെ നിൽക്കണമെങ്കിൽ പാറുവേട്ടത്തി പറഞ്ഞപോലെ ഭാഗ്യം കൂടി വേണം,….എനിക്ക് അതുണ്ടായിരുന്നു….”

സന്ധ്യയുടെ കയ്യിൽ അമർത്തി പിടിച്ചു അനഘ ഈറൻ മിഴിയോടെ പറയുമ്പോൾ സന്ധ്യ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി.

ബെഡിൽ കിടന്ന രാഹുലിന്റെ നെഞ്ചിനെ നീറ്റിക്കൊണ്ടു ഒരു തുള്ളി കൺകോണിലൂടെ ഊർന്നിറങ്ങി ബെഡിനെ നനയിച്ചു.

“ഇപ്പൊ സുന്ദരി ആയല്ലോ ഏട്ടത്തി…..”

ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന പാർവതിയെ നോക്കി അനഘ പറഞ്ഞു.

അതെ സമയമാണ് ഡോർ തുറന്നു ദീപൻ അകത്തേക്ക് വന്നത്,
റൂമിൽ പെട്ടെന്ന് പ്രതീക്ഷിക്കാത്ത രണ്ടു പേരെ കണ്ട ദീപൻ ഒട്ടൊരു നേരം കൊണ്ട് തിരികെ വന്നു, അവരെ പുഞ്ചിരിയോടെ സ്വീകരിച്ച ദീപനെ ഞെട്ടിച്ചത് പാർവതി ആയിരുന്നു,
അവളുടെ മുഖത്ത് എന്നോ കണ്ടു മറന്ന ഹൃദയം തുറന്നുള്ള നറുപുഞ്ചിരി കണ്ട ദീപന് ഉള്ളിൽ അതിശയം അടക്കാൻ ആയില്ല…
ദീപന്റെ സംശയത്തിന് ഉത്തരം എന്നോണം അനഖയുടെ കയ്യിൽ തന്റെ കൈ ചുറ്റി പിടിച്ചു പാർവതി അവനെ നോക്കി കണ്ണ് ചിമ്മി.

“നിങ്ങള് വന്നിട്ട് ഒത്തിരി നേരം ആയോ….”

ഉള്ളം നിറഞ്ഞ സന്തോഷത്തിൽ ദീപൻ അവരോടു ചോദിച്ചു.

“ഹ്മ്മ് കുറച്ചു നേരമായി…ഞങ്ങൾ ദാ ഇറങ്ങാൻ തുടങ്ങുവായിരുന്നു…..”

സന്ധ്യ പറഞ്ഞത് കേട്ടതും പാർവതി മുഖം ചെറുതാക്കി അനഖയെ നോക്കി.

“ഇറങ്ങണം ഏട്ടത്തി….നാളെ ഓഫീസിൽ പോവണ്ടതല്ലേ ചെന്നിട്ട് ഒത്തിരി പണി ഉണ്ട്….”

“എങ്കി നാളെ വരുവോ….”

പ്രതീക്ഷയോടെ ഒരു കൊച്ചു കുട്ടിയെപോലെയുള്ള പാർവതിയുടെ ചോദ്യം അവൾക്ക് നിരാകരിക്കാൻ ആയില്ല.

“നാളെ ഇവിടെ വന്നിട്ടേ വീട്ടിലേക്ക് പോണുള്ളു പോരെ…”

“നിക്കറിയില്ല പക്ഷെ നിന്നെ ഞാൻ ഒത്തിരി അറിയുന്നപോലെ…..നിന്നോട് മിണ്ടിയിരിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നണുണ്ട്….അതോണ്ടാട്ടോ….”

അനഖയുടെ കൈ കവർന്നുകൊണ്ടു പാർവതി പറയുന്നത് കേട്ട സന്ധ്യയും അനഖയും പുഞ്ചിരി തൂകിയപ്പോൾ ദീപന്റെ ഉള്ളിൽ എന്നോ കെട്ടുപോയ നാളത്തിന് വീണ്ടും തിരി തെളിഞ്ഞിരുന്നു.

“ന്നാ ഞങ്ങൾ ഇറങ്ങട്ടെ ഏട്ടത്തി….”
“നാളെ വരാണോട്ടോ….!!!”

പാർവതി പ്രതീക്ഷയോടെ അനഖയെ നോക്കി.

“എന്തായാലും എത്തിയേക്കാം….”

ചിരിയോടെ അനഖയും സന്ധ്യയും പാർവതിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പാർവതിയുടെ മുഖത്തെ തെളിച്ചം മാത്രം മതിയായിരുന്നു ദീപന് ഇനിയുള്ള വരുംകാലത്തെക്കുള്ള പ്രതീക്ഷയ്ക്ക്.

“അനഘ….ഒന്ന് നിക്കുവോ…..”

ഹോസ്പിറ്റലിന്റെ എൻട്രന്സിൽ എത്തുമ്പോഴായിരുന്നു പിറകിൽ ദീപന്റെ വിളി കേട്ടത്.
തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്ന ദീപനെ കണ്ട അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന തിരക്കിൽ നിന്നും ഒരോരം ചേർന്ന് ഒതുങ്ങി നിന്നു.

“നമുക്ക് കുറച്ചങ്ങോട്ടു നീങ്ങി നിൽക്കാം….”

അടുത്തെത്തിയ ദീപൻ ചുറ്റുമുള്ള തിരക്ക് ആലോസരമായപ്പോൾ അവരോടു പറഞ്ഞ ശേഷം മുന്നിലെ പാർക്കിങ്ങിലേക്ക് നടന്നു.

” ഒന്നും ചെയ്യാൻ കഴിയാതെ ഒറ്റപ്പെട്ടു തളർന്നു പോയ രണ്ടേ രണ്ടു അവസരങ്ങളെ എനിക്ക് ഓർമ ഉള്ളൂ…..
ഒന്ന് അച്ഛനും അമ്മയും മരിച്ചു എന്നറിഞ്ഞപ്പോൾ….
രാഹുലിന് അന്ന് ആഹ് നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല….പക്ഷെ അതെന്നെ ഉലച്ചു കളഞ്ഞിട്ടുണ്ട്….നിലവിട്ടു പോവുമായിരുന്ന എന്നെയും അവനെയും കൈ തന്നതും ചേർത്ത് പിടിച്ചതും ജീവിതം മുന്നോട്ടു ഇനിയും ഉണ്ടെന്നു കാട്ടി തന്നതും പാറുവും അവളുടെ അച്ഛനും ആയിരുന്നു….
അവിടെ നിന്ന് കയറുമ്പോൾ എന്റെ ഉള്ളിൽ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ…ഇനി വീഴരുത്…..കാരണം ഒരിക്കലെ പിടി വള്ളി ദൈവം തരുകയുള്ളൂ എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെട്ടിരുന്നവൻ ആയിരുന്നു ഞാൻ….,
……….
……അല്ല അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഇനി ഒരിക്കലും വീഴാതിരിക്കാൻ…..
ആഹ് ദിവസം വരെ….
അന്ന് സ്റ്റേഷനിൽ പോയി വന്ന നിമിഷം എനിക്ക് നഷ്ടപ്പെട്ടത് രണ്ടു പേരെയാണ് എന്നെ പിടിച്ചു നിർത്തിയ രണ്ടു തൂണുകളെ….
എന്റെ അനിയനെയും….എന്റെ പാറുവിനെയും….
എന്റെ അടിവേരു പറിഞ്ഞു പോയതുപോലെയാണ് ഞാൻ അന്ന് മുതൽ ഇന്ന് വരെ ജീവിച്ചത്….”
ദീപന്റെ ഉള്ളു നീറിയുള്ള കുമ്പസാരത്തിന് മുന്നിൽ പിടയുന്ന നെഞ്ചും മറുപടി പറയാനോ ആശ്വാസിപ്പിക്കാനോ ഒരു വാക്ക് പോലും പറയാൻ കഴിയാതെ തറഞ്ഞു നിൽക്കാനേ അനഖയ്ക്കും സന്ധ്യയ്ക്കും കഴിഞ്ഞുള്ളു.

Leave a Reply

Your email address will not be published. Required fields are marked *