മായികലോകം [ Full ] 11അടിപൊളി  

മായ നീരജിന് അവന്‍ കൊടുത്ത ഫോണ്‍ തിരിച്ചേല്‍പ്പിച്ചു. രണ്ടുപേരും കാണുമ്പോൾ മാറി നടന്നു. അങ്ങിനെ ആ ദിവ്യ പ്രണയത്തിന് അവിടെ തിരശ്ശീല വീണു .

എങ്കിലും അവരുടെ മനസിലെ പ്രണയം വർദ്ധിച്ചതെ ഉള്ളൂ.

 

ആ അധ്യയന വർഷത്തോടെ നീരജ് ആ കലാലയത്തിൽ നിന്നും വിട ചൊല്ലി. മായയോട് ഒരു ഫോർമൽ യാത്ര പറച്ചിൽ ചെയ്യാൻ നീരജ് മറന്നില്ല .

 

അതിനു ശേഷം ഇടയ്ക്ക് പരസ്പരം ഇമെയിൽ അയക്കാറുണ്ടായിരുന്നു അവർ . ആകെ സുഖമല്ലേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്നു മാത്രം ചോദിക്കും .

 

മായയുടെയും കോളേജ് പഠനം കഴിഞ്ഞു. ഇതിനിടയിൽ കുറേ കല്യാണലോചനകൾ വന്നു. ഭാഗ്യത്തിന് എങ്ങിനോക്കെയോ അതൊക്കെ ഒഴിവായി പോയി.

റിസൽറ്റ് വന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോ മായയ്ക്ക് ജോലി കിട്ടി . അത് രാജേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആയിരുന്നു .

 

ഇനി കഥ വീണ്ടും രാജേഷിലേക്ക് ..

നമുക്ക് രാജേഷിലേക്ക് തിരിച്ചു വരാം. എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്നു ഓര്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പഴയ ഭാഗങ്ങള്‍ വായിച്ചു നോക്കുക.

 

പിറ്റേ ദിവസം ഓഫീസ് ഉണ്ടായിരുന്നു. പക്ഷേ ഓഫീസില്‍ പോകാന്‍ ഒരു താല്പര്യവും തോന്നിയില്ല. പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ വേറെ ഒരു കാര്യത്തിലും ശ്രദ്ധ ഉണ്ടാകില്ല എന്നു പറയുന്നതു എന്നു എത്ര ശരിയാണ്?

 

ഇന്നിപ്പോ ഓഫീസില്‍ പോയാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. അതിലും നല്ലത് ലീവ് എടുക്കുന്നതല്ലേ. എന്നാ ലീവ് എടുത്തേക്കാം. എന്താണ് അവിടെ സംഭവിച്ചത് എന്നറിയാതെ ഒരു മനസമാധാനവും ഇല്ല.

 

എങ്ങിനെ അറിയും അത്? അവളോടു തന്നെ ചോദിച്ചാലോ? ഛെ. വേണ്ട. ചോദിച്ചാല്‍ ഞാന്‍ ഒരു സംശയരോഗി ആണെന്ന് അവള്‍ കരുതില്ലേ?

 

വേണ്ട ചോദിക്കേണ്ട. അവള്‍ ആയിട്ട് പറയുന്നെങ്കില്‍ പറയട്ടെ.

 

പിന്നെ സംസാരിക്കാം എന്നല്ലേ അവള്‍ പറഞ്ഞേ. വിളിക്കുമായിരിക്കും.

 

വിളിക്കാതിരിക്കില്ല

 

പ്രതീക്ഷിച്ച പോലെ മായ രാജേഷിനെ വിളിച്ചു.

 

“ഹലോ”

“ഹലോ മോളൂ.. ഇന്നലെ എന്തു പറ്റി”

 

“അത് അമ്മായി ഉണ്ടായിരുന്നു. അവിടെ”

 

“ഓഹ്.. ഞാന്‍ വിചാരിച്ചു എന്നോടു ദേഷ്യം വന്നത് കൊണ്ടാണെന്ന്. “

 

“അല്ല”

 

“എന്തു പറ്റി ഒരു സന്തോഷമില്ലാത്ത പോലെ. സംസാരത്തില്‍ ഫീല്‍ ചെയ്യുന്നുണ്ട്”

“ഒന്നുമില്ല”

 

“അതൊന്നുമല്ല. എനിക്കു മോളെ നേരിട്ടു കാണുന്നില്ലെങ്കിലും മനസിലാകും എന്തോ വിഷമം ഉണ്ടെന്ന്”

 

“ഒന്നുമില്ല.”

 

“ശരി. വിശ്വസിച്ചു”

 

“എവിടെയാ ഓഫീസില്‍ അല്ലേ”

 

“അല്ല. ഇന്ന് പോയില്ല. “

 

“എന്തേ”

 

“ഒന്നൂല. പോകാന്‍ തോന്നിയില്ല”

 

“അതെന്തേ? ഞാന്‍ കാരണം ആണോ?”

 

“ആണോ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയാന്‍ പറ്റില്ല. മോള്‍ടെ വിളി ഒന്നും ഇല്ലാത്തത് കൊണ്ട് എന്തു പറ്റി എന്നുഒരു ടെന്‍ഷന്‍. ഒന്നിന്നും ഒരു മൂഡ് തോന്നിയില്ല.”

 

“ഇപ്പോ ഞാന്‍ വിളിച്ചില്ലെ? ഇനി പൊയ്ക്കൂടെ?”

 

“ഞാന്‍ ലീവ് വിളിച്ച് പറഞ്ഞു. ഇനി നാളെ പോകാം”

 

“ഞാന്‍ ഓഫീസില്‍ എത്തി. പിന്നെ വിളിക്കാം”

 

“ശരി”

 

മായയുടെ ഫോണ്‍ വന്നതോടെ രാജേഷിന് കുറച്ചു ജീവന്‍ വച്ചു.

 

ലീവ് എടുത്തത് കൊണ്ട് ഇനി ഓഫീസില്‍ പോകാനും പറ്റില്ല.

 

റൂമില്‍ ഇരുന്നാല്‍ ബോറടിയും. മായയെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യാന്ന് വിചാരിച്ചാല്‍ ഓഫീസില്‍ അവള്‍ ഫോണ്‍ ഉപയോഗിക്കുകയുമില്ല.

 

എങ്കില്‍ പിന്നെ പുറത്തേക്കിറങ്ങി ഒരു സിനിമയൊക്കെ കണ്ടു വരാം എന്നു വിചാരിച്ചു.

 

 

സിനിമ കഴിഞ്ഞു പുറത്തിറങ്ങി. ഇനിയും മായയുടെ ഓഫീസ് കഴിയാന്‍ സമയം ഉണ്ട്. ഭക്ഷണം ഒക്കെ കഴിഞ്ഞു രാജേഷ് റൂമിലേക്ക് പോയി.

 

കുറച്ചു നേരം പുസ്തകങ്ങള്‍ വായിച്ചു. പതിയെ കിടന്നുറങ്ങിപ്പോയി.

 

മായയുടെ ഫോണ്‍ വന്നപ്പോഴാണ് രാജേഷ് ഉറങ്ങിപ്പോയത് പോലും അറിഞ്ഞത്

 

മായയോടു സംസാരിച്ചു കുറച്ചു നേരം. എന്നിട്ടും അവള്‍ അവിടെ നടന്നത് എന്താണെന്ന് പറഞ്ഞില്ല. അങ്ങോട്ട് ചോദിക്കുകയുമില്ല എന്നു രാജേഷും തീരുമാനിച്ചു.

 

അങ്ങിനെ രാജേഷും മായയും തമ്മില്‍ ഉള്ള പ്രണയം ഫോണില്‍ കൂടി പൂത്തു തളിര്‍ത്തു. ഇടയ്ക്കു നീരജിനെ ഓര്‍ക്കാറുണ്ട് സ്വപ്നം കണ്ടു എന്നൊക്കെ മായ പറയും.

 

പക്ഷേ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അവസരം കൊടുക്കാതെ രാജേഷ് വിഷയം മാറ്റും. ഇപ്പൊഴും മായയുടെ മനസില്‍ രാജേഷിനെക്കാള്‍ സ്നേഹം നീരജിനോട് തന്നെ ആണ്.

 

എട്ടനെ ഇഷ്ടമാണ് പക്ഷേ നീരജിനെ മറക്കാന്‍ കഴിയുന്നില്ല എന്നു ഇടയ്ക്കിടയ്ക്ക് മായ രാജേഷിനോടു പറയും. രാജേഷ് ആണെങ്കില്‍ അത് കേട്ടു വെറുതെ മൂളും. മനസില്‍ ഒരു വലിയ നെരിപ്പോട് എരിയുന്നുണ്ടെങ്കിലും. അല്ലെങ്കിലും താന്‍ ഇഷ്ടപ്പെടുന്ന പെണ്ണിന് വേറെ ഒരാളെ ആണ് ഇഷ്ടം എന്നു പറയുമ്പോള്‍ ആര്‍ക്കാ വിഷമമില്ലാതിരിക്കുക.

 

ഇടയ്ക്കിടയ്ക്ക് അവള്‍ ഇങ്ങനെ പറയുന്നത് ഞാന്‍ ഒഴിവായിപ്പോകുണെങ്കില്‍ ഒഴിവായിക്കോട്ടെ എന്നു കരുതിയിട്ടാണോ? അതോ ശരിക്കും എന്നെക്കാള്‍ ഇഷ്ടം അവനോടു തന്നെയാണോ? ഇനി ഇപ്പോ കല്യാണം കഴിഞ്ഞാലും അവള്‍ ഇങ്ങനെ തന്നെ പറയുമോ? എന്നെക്കാള്‍ ഇഷ്ടം അവനോടാണെന്ന്? അവളോടു നേരിട്ടു ഇക്കാര്യം ചോദിക്കുന്നതെങ്ങിനെ? അവനെക്കുറിച്ച് ഞാന്‍ ചോദിച്ചു വിഷമിപ്പിക്കില്ല എന്നു ഞാന്‍ തന്നെ അല്ലേ അവളോടു പറഞ്ഞത്. അപ്പോ പിന്നെ ചോദിക്കുന്നത് തീരെ ശരിയല്ല. അവളായിട്ട് തന്നെ ഇങ്ങോട്ട് പറയട്ടെ

എന്തായാലും എനിക്കു അവളെ വേണം. നീരജിനെക്കാളും സ്നേഹം എനിക്കു അവളോടുണ്ടെന്ന് അറിയുമ്പോള്‍ പതിയെ അവള്‍ എന്നെ മാത്രമായി സ്നേഹിച്ചോളും. സ്നേഹിച്ചു തോല്‍പ്പിക്കുക. അത് തന്നെ ആണ് നല്ലത്. അപ്പോ പിന്നെ എല്ലാം തുറന്നു പറഞ്ഞോളും. അത് തന്നെയാണ് നല്ലത്. ഇനി ഇപ്പോ ഞാന്‍ വെറും ഒരു പെണ്‍കോന്തന്‍ എന്നു വിചാരിക്കുമോ? വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല. എന്‍റെ മായക്കുട്ടിക്ക് വേണ്ടി അല്ലേ? സാരമില്ല.

 

എന്നാലും മായയ്ക്ക് എന്താ ഇത്ര പ്രത്യേകത? എത്രയോ പെണ്‍പിള്ളേരെ കണ്ടിരിക്കുന്നു. അതും ഇങ്ങോട്ട് ഇഷ്ടമാണെന്ന് പരോക്ഷമായി സൂചിപ്പിച്ചവര്‍ പോലും ഉണ്ട്. അവരോടൊന്നും തോന്നാത്ത എന്തോ ഒരു ആകര്‍ഷണം അവളോടുണ്ട്. എന്തായാലും ശരി അവളെ വിട്ടുകളയാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

 

വീട്ടില്‍ കാര്യം പറയണ്ടേ. വേണം. എതിര്‍പ്പുകള്‍ ഒന്നും ഉണ്ടാകാന്‍ സാധ്യത ഇല്ല. ജാതിയെക്കാളും മതത്തെക്കാളും മനുഷ്യന്‍ ആണ് വലുത് എന്നു ആദ്യം പഠിപ്പിച്ചത് അച്ഛന്‍ ആണ്. അപ്പോ വീട്ടില്‍ കാര്യമായ ഒരു എതിര്‍പ്പ് ഉണ്ടാകില്ല എന്നു തന്നെ ആണ് വിശ്വസം.

Leave a Reply

Your email address will not be published. Required fields are marked *