അങ്ങിനെ മാനസികമായി ആകെ തളർന്നിരിക്കുമ്പോൾ ആണ് മായ ഞാനുമായി സൌഹൃദത്തിൽ ആകുന്നത് .. അപ്പോഴും അവളുടെ പ്രണയത്തെക്കുറിച്ചൊന്നും ഞാൻ അറിഞ്ഞിരുന്നില്ല .. ഇങ്ങനെ ഒരു പാവം കുട്ടി പ്രണയിക്കും എന്നൊന്നും ഞാൻ കരുതിയിരുന്നില്ല .. സൌഹൃദം എന്നു പറഞ്ഞാല് അങ്ങോട്ടു ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ .. അല്ലാതെ നിങ്ങൾ കരുതുന്ന പോലെ ഒരുമിച്ചിരുന്ന് സംസാരം ഒന്നും ഉണ്ടായിരുന്നില്ല .. ഏല്പിച്ച ജോലികൾ ചെയ്തു തീർക്കുന്നത് അറിയിക്കാനും ഒക്കെ മാത്രമേ എന്റെ അടുത്തേക്കും വരാറുള്ളൂ ..
അപ്പോഴാണ് എന്റെ കൂടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് അവളെക്കുറിച്ച് സംസാരിക്കുന്നത് .. അവനും അവളെ ഇഷ്ടമായിരുന്നു ..
അവന്‍ അവളെ പ്രേമിച്ചാലോ എന്നു എന്നോടു ചോദിച്ചപ്പോ എന്‍റെ മനസില്‍ എവിടെയോ ഒരു നീറ്റൽ.
കാരണം അവൻ പ്രേമിച്ചു കെട്ടിയാല് പിന്നെ അവളെ എനിക്കു നഷ്ടപ്പെടില്ലേ.
പറയാതെ പോയ പ്രണയത്തെക്കുറിച്ച് കരഞ്ഞിട്ട് കാര്യമില്ലല്ലോ ..
മനോജിനോട് അപ്പോ തന്നെ സൂചിപ്പിച്ചു എനിക്കും അവളെ ഇഷ്ടം ആണെന്ന് ..
എന്റെ ഉള്ളിലിരിപ്പ് എന്താണെന്നറിയാൻ വേണ്ടി പറഞ്ഞതാണെന്ന് മനോജ് പറഞ്ഞപ്പോ എനിക്കാശ്വാസം ആയി .
കല്യാണ ശേഷം ആണ് ശരിക്കും അവന് മായയെ ഇഷ്ടമായിരുന്നു എന്നു ഞാൻ അറിഞ്ഞത് . അത് പിന്നീട് പറയാം .
അങ്ങിനെ ഞാൻ എന്റെ പ്രണയം മായയോട് പറയാൻ തീരുമാനിച്ചു . ഒരു ദിവസം എന്റെ ഓഫീസ് കാബിനിലേക്ക് അവൾ വന്നപ്പോ ഞാൻ കല്യാണത്തെക്കുറിച്ചൊക്കെ ചോദിച്ചു . ആലോചനകൾ നടക്കുന്നുണ്ട് എന്നു മാത്രം പറഞ്ഞു . വീട്ടിലേക്കു ഞാൻ ഒരു ആലോചനയുമായി വന്നോട്ടേ എന്നു ചോദിച്ചപ്പോ അവൾ ഞെട്ടി .
വേണ്ട എന്നായിരുന്നു മറുപടി . എന്താ എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ എന്നു ചോദിച്ചപ്പോ അല്ല എന്നും മറുപടി . വേറെ പ്രണയം ഉണ്ടോ എന്നു ചോദിച്ചപ്പോ അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു .
അങ്ങിനെ ആണെങ്കിൽ ഞാൻ സഹായിക്കാം എന്തിനും എന്നു വാക്ക് കൊടുത്തു . ഞാൻ ചോദിച്ചതൊക്കെ മറന്നെക്കാനും പറഞ്ഞു . പിന്നെ അവരുടെ പ്രണയത്തിന് എല്ലാ ആശംസകളും നേർന്നു .
കുറച്ചു കാലം കൂടി കഴിഞ്ഞപ്പോ അവരുടെ പ്രണയം മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതി ആയി . ഞാൻ കല്യാണലോചനയുമായി അവളെ സമീപിച്ചതൊന്നും അവനോടു അവൾ പറഞ്ഞിരുന്നില്ല .
ഒരു തരത്തിലും ആ പ്രണയം മുന്നോട്ട് പോകില്ല എന്നു ഉറപ്പായപ്പോ രണ്ടുപേരും പിരിയാൻ തീരുമാനിച്ചു . പരസ്പരം വിളിക്കില്ല , കാണില്ല എന്നൊക്കെ ഉള്ള തീരുമാനത്തില് എത്തി . പിന്നെയും അവൾ മൂഡ് ഓഫ് ആയി . ഈ കാര്യങ്ങൾ ഒക്കെ അവളുടെ ഒരു സുഹൃത്ത് വഴി ഞാൻ അറിയുന്നുണ്ടായിരുന്നു . അപ്പോഴാണ് അവൾക്കു വീടിന് അടുത്ത് തന്നെ ഒരു നല്ല ജോലി കിട്ടിയത് . ഇവിടെ ഒരു മാസം നോട്ടീസ് പീരിയഡ് ഉള്ളത് കൊണ്ട് എന്നോടു വന്നു കാര്യം പറഞ്ഞു . അത് കേട്ടതോടെ എന്റെ പാതി ജീവൻ പോയി . എന്നെന്നേക്കുമായി അവളെ നഷ്ടപ്പെടാന് പോവുകയാണ് . അപ്പോള് നിങ്ങൾ കരുതും വേറെ ജോലി കിട്ടി പോവുകയല്ലേ അതിനു എന്തിനാ ഇത്ര വിഷമിക്കുന്നത് എന്നു .. എന്റെ മനസിൽ അപ്പോഴും അവളോടുള്ള പ്രണയം തിളച്ചു മറിയുകയായിരുന്നു . അത് തന്നെ കാരണം . ഇപ്പോ അവളെ കാണുകയും മിണ്ടുകയും എങ്കിലും ചെയ്യാം . പുതിയ ജോലി കിട്ടി പോയാൽ പിന്നെ അതും ഉണ്ടാകില്ലല്ലോ .
അങ്ങിനെ ഞാൻ വീണ്ടും അവളെ പ്രൊപ്പോസ് ചെയ്തു . അവളുടെ മുഴുവൻ കാര്യങ്ങളും (എന്നു വച്ചാല്‍ അവളുടെ പ്രണയം പൊട്ടിയത്) അറിഞ്ഞാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതെന്നും കൂടി അവളോട് പറഞ്ഞു .
“നിങ്ങളുടെ പ്രണയം സത്യമുള്ളതാണെന്ന് എനിക്കറിയാം . നിങ്ങൾക്കു തന്നെ അറിയാം ഇത് ഒരിക്കലും നടക്കില്ല എന്നും . അത് കൊണ്ട് മാത്രം ആണ് ഞാൻ വീണ്ടും ആലോചനയുമായി വന്നത് . ഇപ്പോ എനിക്കു നിന്നെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത് . ഒരിക്കലും നിനക്കു അവനെ കിട്ടില്ല എന്നു ഉറപ്പ് വന്നാല് വേറെ ഒരാളുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ വന്നാല് ഉള്ള കാര്യം മാത്രം ആണ് പറഞ്ഞത് ഞാൻ . എനിക്കു ഒരു അനിയത്തി ഉണ്ടെന്ന് നിനക്കറിയാലോ . അവളുടെ കല്യാണം കഴിഞ്ഞ് എന്റെ കല്യാണം ആലോചിക്കുമ്പോൾ ആദ്യം നിന്റെ കാര്യം ആണ് മനസിൽ വരിക . ആ സമയത്ത് നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആലോചനയുമായി ഞാൻ വീട്ടിലേക്കു വന്നോട്ടേ എന്നു മാത്രം പറഞ്ഞാൽ മതി . ”
