“വേണ്ട ഏട്ടാ. ഭക്ഷണം കഴിക്കണ്ടേ. ഒറ്റയ്ക്ക് അവിടിരുന്നു ബോറടിക്കില്ലെ? പൊയ്ക്കൊളൂ. ഇവിടെ ഫ്രണ്ട്സ് കുറെ പേര്‍ ഉണ്ട്.”
“നീരജിനോട് പറഞ്ഞോ എന്‍റെ കാര്യം?”
“ഇല്ല. പറയണം.”
ഞാന്‍ മൂളി.
“ഏട്ടന്‍ പൊയ്ക്കൊളൂ. ഞാന്‍ ഇവരുടെ കൂടെ വരാം. തിരിച്ചു കുറെ ദൂരെ പോകേണ്ടതല്ലേ.”
“അതൊന്നും സാരമില്ല. ഞാന്‍ ഇവിടെ നില്‍ക്കുന്നത് മോള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?”
“ബുദ്ധിമുട്ടല്ല. എന്നാലും വെറുതെ എന്തിനാ ഒറ്റയ്ക്ക് ബോറടിച്ചിരിക്കുന്നത്? അല്ലെങ്കില്‍ ഇങ്ങോട്ട് വാ”
“വേണ്ട. ഞാന്‍ ഇവിടെ നിന്നോളാം. നന്നായി സദ്യയൊക്കെ കഴിച്ചു മെല്ലെ വന്നാല്‍ മതി.”
“വേണ്ട ഏട്ടാ. ഏട്ടന്‍ പൊയ്ക്കൊളൂ. നീരജ് വരുന്നുണ്ട് അടുത്തേക്ക്. ഞാന്‍ ഫോണ്‍ വെക്കുകയാ”
അതും പറഞ്ഞു മായ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ പറഞ്ഞത് കേള്‍ക്കണോ? തിരിച്ചു പോകണോ?
നീരജ് അവളെ കൊണ്ട് വിടാം എന്നു പറഞ്ഞാല്‍ അവന്‍റെ കൂടെ അല്ലേ പോവുകയുള്ളൂ.
ഞാന്‍ എന്തിന് വെറുതെ അധികപ്പറ്റ് ആകണം?
ശരിക്കും അവളുടെ ജീവിതത്തില്‍ ഞാന്‍ ഒരു അധികപ്പറ്റ് തന്നെ അല്ലേ?
മായയുടെയും നീരജിന്റെയും ജീവിതത്തില്‍ ശല്യമായി വന്ന വില്ലന്‍ അല്ലേ ഞാന്‍?
ഇതില്‍ ഇപ്പോ ഞാനാണോ അവനാണോ വില്ലന്‍? അതോ രണ്ടുപേരെയും ഒരുമിച്ച് സ്നേഹിക്കുന്ന അവളാണോ?
എന്നോടു സ്നേഹം ഉണ്ട് എന്നുറപ്പാണു. പക്ഷേ എന്നെക്കാള്‍ ഇഷ്ടം നീരജിനോടാണു.
എന്തായിരിക്കും നീരജിനോട് അവള്‍ പറയുന്നുണ്ടാകുക?
ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു എന്നോ?
അതോ എന്നെ അവള്‍ക്ക് ഇഷ്ടമാണെന്നായിരിക്കുമോ?
ഇനി അവന്‍റെ കൂടെ തന്നെ ജീവിക്കണം എന്നായിരിക്കുമോ ?
നീരജിന്‍റെ റിയാക്ഷന്‍ എന്തായിരിക്കും?
അവളെ വഴക്കു പറയുമോ?
കരയുമോ?
അവളെ വേണ്ട എന്നു പറയുമോ?
അതോ അവളില്ലാതെ പറ്റില്ല എന്നു പറയുമോ?
അവളോടു അവളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്നായിരിക്കും പറയാന്‍ സാധ്യത.
എന്തു മറുപടി ആയാലും അവള്‍ വിഷമിക്കും എന്നുറപ്പാ. ഇങ്ങനെ ഉള്ള സമയത്തല്ലേ കൂടെ നില്‍ക്കേണ്ടത്. അങ്ങിനെ അല്ലേ അവളോട് സ്നേഹം കാണിക്കേണ്ടത്?
എന്തായാലും അവള്‍ വിളിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.
ആ ബസ്സ്റ്റോപ്പില്‍ വെറുതെ നോക്കുകുത്തി ആയി ഇരുന്നു ഒരു മണിക്കൂറിലധികം.
ഇടയ്ക്കു മായയുടെ മെസേജ് വന്നു
“പോയോ? അവിടെ തന്നെ നില്‍ക്കുകയാണോ?”
“പോയില്ല. ഇവിടെ തന്നെ ഉണ്ട്. എന്തായി? വിളിക്കട്ടെ?”.
“പൊയ്ക്കൊളൂ എന്നു പറഞ്ഞതല്ലേ. സംസാരിക്കുന്നു. വിളിക്കേണ്ട”
“ഓക്കെ”
“പൊയ്ക്കൊളൂ. കാത്തിരിക്കേണ്ട”
അതിനു മറുപടി ഒന്നും കൊടുത്തില്ല. എന്തെങ്കിലും ഒരു തീരുമാനം ആകണമല്ലോ.
ഒന്നുകില്‍ ഇത് ആദ്യത്തേയും അവസാനത്തെയും ഒരുമിച്ചുള്ള യാത്ര ആയിരിയ്ക്കും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് യാത്ര ചെയ്യാനുള്ള തുടക്കം ആയിരിയ്ക്കും.
എന്തായാലും നേരിടുക. അത്ര തന്നെ. പൊതുവേ കൂട്ടുകാരില്‍ എല്ലാവര്ക്കും എന്നെ വലിയ മതിപ്പ് ആണ്. കാണാനും കൊള്ളാം. നന്നായി ആലോചിച്ചു മാത്രമേ എന്തിനും തീരുമാനങ്ങളില്‍ എത്തൂ. പട്ടിണി കിടന്നപ്പോള്‍ പോലും പുറത്തു കാണിക്കാതെ നടന്നതാണ്. പക്ഷേ ഇപ്പോള്‍ മനസിലെ വിഷമം മുഖത്ത് കാണാനുണ്ട്. പല കൂട്ടുകാരും അത് ചോദിച്ചതും ആണ്. ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവായതല്ലാതെ ആരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍ ആണ്?
ഒരു കാമുകന്‍ ഉള്ള പെങ്കുട്ടിയെ ഇഷ്ടമാണെന്നോ?
എനിക്കു വട്ട്ടാണെന്നല്ലേ എല്ലാരും പറയൂ.
അതൊക്കെ പോട്ടെ. ഇനിയും എന്‍റെ മാനസിക വിചാരങ്ങളെക്കുറിച്ച് പറഞ്ഞു ബോറടിപ്പിക്കുന്നില്ല.
സമയം ഉച്ച കഴിഞ്ഞു. പക്ഷേ വിശപ്പ് ഒന്നും ഇല്ല. എന്തായിരിക്കും അവിടെ നടക്കുന്നത് എന്നു ഓര്‍ത്തുള്ള ഉല്‍കണ്ട മാത്രം.
