പറയാന്‍ വിട്ടു പോയി. ഞാന്‍ ഓഫീസിനടുത്ത് ഒരു റൂം വാടകയ്ക്ക് എടുത്തായിരുന്നു താമസം. വീട് കുറച്ചു ദൂരെയാ. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴേ വീട്ടില്‍ പോകാറുള്ളൂ.
രാവിലെ പത്തര ഒക്കെ ആയപ്പോ മെല്ലെ കണ്ണു തുറന്നു. ഫോണ്‍ എടുത്തു നോക്കി. അതില്‍ ഒരു എസ്‌എംഎസ് വന്നു കിടക്കുന്നു. ആ സമയത്ത് വാട്സാപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
ആ മെസേജ് മായയുടെ ആയിരുന്നു.
“Good Morning”
മായ ആദ്യമായി എനിക്കയച്ച എസ്‌എംഎസ്.
സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി എനിക്കപ്പോ.
തിരിച്ചു ഒരു good morning അയച്ചു അവിടെ തന്നെ ഞാന്‍ കിടന്നു.
എന്റെ മറുപടിക്ക് കാത്തു നില്‍ക്കുകയാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപ്പോ തന്നെ ഒരു മെസേജ് കൂടി വന്നു.
“എന്തെടുക്കുകയാ?”
“എണീറ്റതേ ഉള്ളൂ. കിടക്കുകയാ. കഴിച്ചോ”
“കഴിച്ചു”
“I Love You”
“നല്ല പോലെ മാത്രം മെസേജ് അയച്ചാല്‍ മതി. ആരെങ്കിലും കണ്ടാല്‍ പ്രശ്നമാ”.
“OK”
“ഞാന്‍ പോട്ടെ. പിന്നെ കാണാം”
“OK. മിസ്സ് യൂ”
അതും പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിച്ചു.
പിന്നെ ഫോണും പിടിച്ച് കാത്തിരുന്നു അവളുടെ ഒരു മെസ്സേജിന് വേണ്ടി. എന്നാല്‍ രാത്രി ഒരു ഗുഡ് നൈറ്റ് മെസേജ് മാത്രം ആണ് പിന്നെ അയച്ചത്.
പിറ്റേ ദിവസം രാവിലെ വീണ്ടും അവള്‍ ഗുഡ് മോര്‍ണിംഗ് മെസേജ് അയച്ചു. തിരിച്ചു മെസേജ് അയച്ചപ്പോ പ്രതികരിച്ചില്ല. ഉച്ചയ്ക്ക് ഗുഡ് ആഫ്റ്റര്‍ നൂണ്‍. രാത്രി ഗുഡ് നൈറ്റ്. തീര്‍ന്നു. അങ്ങിനെ മൂന്നു നേരം ഓരോ മെസേജ് മാത്രം.
അങ്ങിനെ ഒരാഴ്ച്ച കടന്നു പോയി. ഒന്നു വീതം മൂന്നു നേരം എന്ന കണക്കിനു മെസ്സേജും.
അങ്ങിനെ ഒരു ദിവസം രാത്രി ഗുഡ് നൈറ്റ് മെസ്സേജ് അയച്ചില്ല അവള്‍. എനിക്കാകെ വിഷമമായി. പ്രണയിച്ചവര്‍ക്ക് മനസിലാകും എന്റെ ആ സമയത്തെ അവസ്ഥ.
പിറ്റേ ദിവസം രാവിലെയും മെസേജ് വന്നില്ല. രാത്രി അങ്ങോട്ട് ഗുഡ് നൈറ്റ് മെസ്സേജ് അയച്ചിട്ടും മറുപടി ഇല്ലാത്തത് കൊണ്ട് രാവിലെ അങ്ങോട്ട് മെസ്സേജ് അയക്കാന്‍ പോയില്ല. ഇനി ഞാന്‍ കാരണം അവള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്നു കരുതി. അവള്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നു ആലോചിച്ചു ടെന്‍ഷന്‍ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു മിസ്സ് കാള്‍ എങ്കിലും ഇട്ടാലോ എന്നു വിചാരിച്ചു. പിന്നെ വേണ്ടെന്ന് വച്ചു. ഓഫീസിലെ ജോലിയില്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയാതെ ആയി.
ഉച്ചകഴിഞ്ഞു. ഉച്ചയ്ക്കും മെസേജ് വന്നില്ല. കുറെ കാത്തിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ചു വിളിച്ചാലോ എന്നു വിചാരിച്ചു ഡയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ഇങ്ങോട്ട് ഒരു കോള്‍. മായയായിരുന്നു.
“ഹെലൊ”
“ഹെലൊ എന്തു പറ്റി? മെസേജ് ഒന്നും അയക്കാതിരുന്നേ?”
“ഒന്നുമില്ല. അയക്കാന്‍ പറ്റിയ സാഹചര്യം ആയിരുന്നില്ല.”
“ഞാന്‍ പേടിച്ചു പോയി.”
“എപ്പോഴും ഒന്നും മെസേജ് ചെയ്യാന്‍ പറ്റില്ല എനിക്കു.”
“സാരമില്ല. “
“നാളെ ഞാന്‍ പുതിയ ഓഫീസില്‍ ജോയിന്‍ ചെയ്യും.”
“ആണോ?. ഞാന്‍ വരട്ടെ കാണാന്‍?”
“വേണ്ട. അച്ഛന്‍ ഉണ്ടാകും.”
“നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എനിക്കു.”
“നാളെ വിളിക്കാം.”
“കട്ട് ചെയ്യുകയാണോ”
“അതെ. അമ്മ അടുത്ത വീട്ടില്‍ പോയതാ. ഇപ്പോ വരും”
“കുറച്ചു സമയം കൂടി മിണ്ടിക്കൂടേ?
“പറ്റില്ല. നാളെ വിളിക്കാം”
“ഓകെ”
ആ സംഭാഷണം അവിടെ അവസാനിച്ചു. പിന്നെ അന്ന് ഒരു മെസ്സേജും ഉണ്ടായിരുന്നില്ല. എന്നാലും ഹാപ്പി ആയിരുന്നു ഞാന്‍.
അടുത്ത ദിവസം ജോലിക്കു ജോയിന്‍ ചെയ്യുന്നതല്ലെ എന്നത് കൊണ്ട് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു. അവള്‍ക്ക് വേണ്ടി. പിന്നെ അവളെ എനിക്കു കിട്ടാന്‍ വേണ്ടിയും.
