മായികലോകം [ Full ] 11അടിപൊളി  

കുറച്ചു കാലം കൂടി കഴിഞ്ഞപ്പോ അവരുടെ പ്രണയം മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതി ആയി . ഞാൻ കല്യാണലോചനയുമായി അവളെ സമീപിച്ചതൊന്നും അവനോടു അവൾ പറഞ്ഞിരുന്നില്ല .

ഒരു തരത്തിലും ആ പ്രണയം മുന്നോട്ട് പോകില്ല എന്നു ഉറപ്പായപ്പോ രണ്ടുപേരും പിരിയാൻ തീരുമാനിച്ചു . പരസ്പരം വിളിക്കില്ല , കാണില്ല എന്നൊക്കെ ഉള്ള തീരുമാനത്തില് എത്തി . പിന്നെയും അവൾ മൂഡ് ഓഫ് ആയി . ഈ കാര്യങ്ങൾ ഒക്കെ അവളുടെ ഒരു സുഹൃത്ത് വഴി ഞാൻ അറിയുന്നുണ്ടായിരുന്നു . അപ്പോഴാണ് അവൾക്കു വീടിന് അടുത്ത് തന്നെ ഒരു നല്ല ജോലി കിട്ടിയത് . ഇവിടെ ഒരു മാസം നോട്ടീസ് പീരിയഡ് ഉള്ളത് കൊണ്ട് എന്നോടു വന്നു കാര്യം പറഞ്ഞു . അത് കേട്ടതോടെ എന്റെ പാതി ജീവൻ പോയി . എന്നെന്നേക്കുമായി അവളെ നഷ്ടപ്പെടാന് പോവുകയാണ് . അപ്പോള് നിങ്ങൾ കരുതും വേറെ ജോലി കിട്ടി പോവുകയല്ലേ അതിനു എന്തിനാ ഇത്ര വിഷമിക്കുന്നത് എന്നു .. എന്റെ മനസിൽ അപ്പോഴും അവളോടുള്ള പ്രണയം തിളച്ചു മറിയുകയായിരുന്നു . അത് തന്നെ കാരണം . ഇപ്പോ അവളെ കാണുകയും മിണ്ടുകയും എങ്കിലും ചെയ്യാം . പുതിയ ജോലി കിട്ടി പോയാൽ പിന്നെ അതും ഉണ്ടാകില്ലല്ലോ .

അങ്ങിനെ ഞാൻ വീണ്ടും അവളെ പ്രൊപ്പോസ് ചെയ്തു . അവളുടെ മുഴുവൻ കാര്യങ്ങളും (എന്നു വച്ചാല്‍ അവളുടെ പ്രണയം പൊട്ടിയത്) അറിഞ്ഞാണ് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതെന്നും കൂടി അവളോട് പറഞ്ഞു .

“നിങ്ങളുടെ പ്രണയം സത്യമുള്ളതാണെന്ന് എനിക്കറിയാം . നിങ്ങൾക്കു തന്നെ അറിയാം ഇത് ഒരിക്കലും നടക്കില്ല എന്നും . അത് കൊണ്ട് മാത്രം ആണ് ഞാൻ വീണ്ടും ആലോചനയുമായി വന്നത് . ഇപ്പോ എനിക്കു നിന്നെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത് . ഒരിക്കലും നിനക്കു അവനെ കിട്ടില്ല എന്നു ഉറപ്പ് വന്നാല് വേറെ ഒരാളുടെ മുന്നിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥ വന്നാല് ഉള്ള കാര്യം മാത്രം ആണ് പറഞ്ഞത് ഞാൻ . എനിക്കു ഒരു അനിയത്തി ഉണ്ടെന്ന് നിനക്കറിയാലോ . അവളുടെ കല്യാണം കഴിഞ്ഞ് എന്റെ കല്യാണം ആലോചിക്കുമ്പോൾ ആദ്യം നിന്റെ കാര്യം ആണ് മനസിൽ വരിക . ആ സമയത്ത് നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആലോചനയുമായി ഞാൻ വീട്ടിലേക്കു വന്നോട്ടേ എന്നു മാത്രം പറഞ്ഞാൽ മതി . ”

ഞാൻ പറഞ്ഞതിന് ഒന്നും മറുപടി പറഞ്ഞില്ല അവൾ .

“എനിക്കു നീ ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകണം എന്നു ആഗ്രഹം ഉണ്ട് . ഒന്നു നീ ആലോചിച്ചു നോക്കൂ .. വേറെ ഒരു പരിചയവും ഇല്ലാതെ ഉള്ള ഒരാൾ വന്നു കല്യാണം കഴിക്കുന്നതിലും നല്ലതല്ലേ നിന്നെ നന്നായി മനസിലാക്കുന്ന ഒരാൾ കെട്ടുന്നത്? . പിന്നെ …. നിങ്ങളുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞു ഒരിക്കലും വിഷമിപ്പിക്കില്ല .. ആ ഒരു വാക്കു കൂടി തരാം ഞാൻ . ”

“ഞാൻ എന്താ പറയാ .. എനിക്കറിയില്ല എന്താ വേണ്ടതെന്ന് ..” അവൾ പറഞ്ഞു .

“ഇപ്പോ തന്നെ ഒരു മറുപടി പറയണം എന്നൊന്നും ഞാൻ പറയുന്നില്ല .. നിനക്കു എപ്പോ ഓകെ ആകുന്നുവോ അപ്പോ പറഞ്ഞാൽ മതി ..
പിന്നെ .. നിന്നെ അല്ലാതെ വേറെ ആരെയെങ്കിലും കെട്ടുകയാണെങ്കിൽ കൂടി അത് നിന്റെ കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു എന്നു അറിഞ്ഞതിന് ശേഷം ആയിരിക്കും .
നിനക്കു ആലോചിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട് .. മറുപടി പറയണം എന്നും ഞാൻ നിർബന്ധിക്കുന്നില്ല . അവനെ നിനക്കു കിട്ടുന്നില്ലെങ്കിൽ അടുത്ത ഓപ്ഷൻ ആയി എന്റെ കാര്യം ഓർക്കണം . അതേ പറയാനുള്ളൂ . ”

“എനിക്കു ഏട്ടനെ ഇഷ്ടമൊക്കെ തന്നെ ആണ് .. പക്ഷേ അതിനെക്കാളും എത്രയോ മുകളിൽ ആണ് എനിക്കു നീരജുമായിട്ടുള്ള ഇഷ്ടം . മരിക്കുന്നതു വരെ ആ ഇഷ്ടം ഉണ്ടാകും .. ആ ഞാൻ എങ്ങിനെയാ ഇതിന് മറുപടി പറയുക ?”
ആ സംഭാഷണം അവിടെ അവസാനിച്ചു .

ഞാന്‍ അവളെ പ്രൊപ്പോസ് ചെയ്തത് ഒന്നും വേറെ ആരും അറിഞ്ഞിരുന്നില്ല . മനോജ് പോലും…. അവളും ആരോടും പറഞ്ഞില്ല ..

ഒരു കാര്യത്തിൽ എനിക്കു സന്തോഷം ഉണ്ടായിരുന്നു . അവൾക്കു എന്നെ ഇഷ്ടമാണ് . ഒരു പക്ഷേ നീരജ് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നില്ലയിരുന്നെങ്കിൽ അവൾ ചിലപ്പോ യെസ് മൂളിയേനെ .
അങ്ങിനെ എന്‍റെ കൂടെ ഉള്ള ഔദ്യോഗികജീവിതത്തിന്‍റെ അവസാന ദിനവും വന്നെത്തി.
അന്ന് ഓഫീസില്‍ പോകാന്‍ തോന്നിയതേ ഇല്ല.. പക്ഷേ പോകതിരുന്നാല്‍ പിന്നെ അവളെ ഇനി കാണാന്‍ പറ്റി എന്നും വരില്ല. അതുകൊണ്ടു രാവിലെ തന്നെ ഓഫീസില്‍ എത്തി ജോലി തുടങ്ങി.

അവസാനത്തെ ദിവസം ആയിരുന്നത് കൊണ്ട് അവള്‍ക്ക് ജോലി ഒന്നും കൊടുത്തില്ല ഞാന്‍. ഞാനും നല്ല തിരക്കിലായിപ്പോയി. ഉച്ചയ്ക്ക് ഓഫീസിലെ എല്ലാവരും കൂടി ഒരുമിച്ചു ലഞ്ച് കഴിക്കാം എന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരു സെന്‍റ്ഓഫ് പാര്‍ട്ടി. അതും കഴിഞ്ഞു.

വൈകുന്നേരം ആയപ്പോള്‍ അവള്‍ എന്‍റെ കാബിനില്‍ വന്നു. പോവാണ് എന്നു പറഞ്ഞു. എന്‍റെ മനസില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുകയായിരുന്നു അപ്പോ. എന്താ പറയാ എന്നു എനിക്കു ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.

“എനിക്കു എട്ടനെ (ഏട്ടന്‍ എന്നാണ് അവള്‍ എന്നെ വിളിക്കാറു. സാര്‍ എന്നു വിളിക്കരുത് എന്നു ആദ്യമേ പറഞ്ഞിരുന്നു. എനിക്കു ഈ സാര്‍ വിളി തീരെ ഇഷ്ടമല്ല. അന്നും ഇന്നും) ഇഷ്ടം ഒക്കെ ആണ്.
പക്ഷേ… ഞാന്‍ പറഞ്ഞിരുന്നില്ലേ.. നീരജിനെ എനിക്കു മറക്കാന്‍ കഴിയുന്നില്ല.. ഒരാളെ മനസില്‍ ഓര്‍ത്ത് വേറൊരാളോട് എങ്ങിനെയാ ഇഷ്ടമാണെന്ന് പറയാ? അതുകൊണ്ടാ. എന്നോടു ദേഷ്യം ഒന്നും തോന്നരുത്. ഏട്ടന്‍ ആണ് എനിക്കു ഇവിടെ പിടിച്ച് നില്‍ക്കാന്‍ എന്നെ സഹായിച്ചത്. മറക്കില്ല”
“എനിക്കു നിന്നോടു എങ്ങിനെയാ ദേഷ്യപ്പെടാന്‍ കഴിയുക? നിന്‍റെ മനസ് എനിക്കു മനസിലാക്കാന്‍ കഴിയും. നീ സന്തോഷമായി ജീവിച്ച് കണ്ടാല്‍ മതി. അത്രേ എനിക്കു വേണ്ടൂ. എവിടെ ആണെങ്കിലും നിനക്കു നല്ലതെ വരൂ. . നീ ആഗ്രഹിക്കുന്ന ജീവിതം തന്നെ നിനക്കു കിട്ടട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം”. അത്രയും പറഞ്ഞപ്പോ തന്നെ പൊട്ടിക്കരയാന്‍ തോന്നി എനിക്കപ്പോ. പക്ഷേ പിടിച്ച് നിര്‍ത്തിയല്ലേ പറ്റൂ. എങ്ങിനെയോ പിടിച്ച് നിന്നു.

അവള്‍ യാത്ര പറഞ്ഞു ഇറങ്ങി..
അന്ന് രാത്രി ഞാന്‍ ഉറങ്ങിയതെ ഇല്ല. പുലര്‍ച്ചെ ആയപ്പോഴെങ്ങാനും ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് ഓഫീസില്‍ പോകേണ്ടതില്ലാത്തത് നന്നായി.

പറയാന്‍ വിട്ടു പോയി. ഞാന്‍ ഓഫീസിനടുത്ത് ഒരു റൂം വാടകയ്ക്ക് എടുത്തായിരുന്നു താമസം. വീട് കുറച്ചു ദൂരെയാ. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴേ വീട്ടില്‍ പോകാറുള്ളൂ.

രാവിലെ പത്തര ഒക്കെ ആയപ്പോ മെല്ലെ കണ്ണു തുറന്നു. ഫോണ്‍ എടുത്തു നോക്കി. അതില്‍ ഒരു എസ്‌എം‌എസ് വന്നു കിടക്കുന്നു. ആ സമയത്ത് വാട്സാപ്പ് ഒന്നും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *