മായികലോകം [ Full ] 11അടിപൊളി  

 

ഞാന്‍ എന്തിന് വെറുതെ അധികപ്പറ്റ് ആകണം?

 

ശരിക്കും അവളുടെ ജീവിതത്തില്‍ ഞാന്‍ ഒരു അധികപ്പറ്റ് തന്നെ അല്ലേ?

 

മായയുടെയും നീരജിന്റെയും ജീവിതത്തില്‍ ശല്യമായി വന്ന വില്ലന്‍ അല്ലേ ഞാന്‍?

 

ഇതില്‍ ഇപ്പോ ഞാനാണോ അവനാണോ വില്ലന്‍? അതോ രണ്ടുപേരെയും ഒരുമിച്ച് സ്നേഹിക്കുന്ന അവളാണോ?

 

എന്നോടു സ്നേഹം ഉണ്ട് എന്നുറപ്പാണു. പക്ഷേ എന്നെക്കാള്‍ ഇഷ്ടം നീരജിനോടാണു.

 

എന്തായിരിക്കും നീരജിനോട് അവള്‍ പറയുന്നുണ്ടാകുക?

 

ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു എന്നോ?

 

അതോ എന്നെ അവള്‍ക്ക് ഇഷ്ടമാണെന്നായിരിക്കുമോ?

 

ഇനി അവന്‍റെ കൂടെ തന്നെ ജീവിക്കണം എന്നായിരിക്കുമോ ?

 

നീരജിന്‍റെ റിയാക്ഷന്‍ എന്തായിരിക്കും?

 

അവളെ വഴക്കു പറയുമോ?

 

കരയുമോ?

 

അവളെ വേണ്ട എന്നു പറയുമോ?

 

അതോ അവളില്ലാതെ പറ്റില്ല എന്നു പറയുമോ?

 

അവളോടു അവളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്നായിരിക്കും പറയാന്‍ സാധ്യത.

 

എന്തു മറുപടി ആയാലും അവള്‍ വിഷമിക്കും എന്നുറപ്പാ. ഇങ്ങനെ ഉള്ള സമയത്തല്ലേ കൂടെ നില്‍ക്കേണ്ടത്. അങ്ങിനെ അല്ലേ അവളോട് സ്നേഹം കാണിക്കേണ്ടത്?

 

എന്തായാലും അവള്‍ വിളിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.

 

ആ ബസ്സ്റ്റോപ്പില്‍ വെറുതെ നോക്കുകുത്തി ആയി ഇരുന്നു ഒരു മണിക്കൂറിലധികം.

 

ഇടയ്ക്കു മായയുടെ മെസേജ് വന്നു

 

“പോയോ? അവിടെ തന്നെ നില്‍ക്കുകയാണോ?”

 

“പോയില്ല. ഇവിടെ തന്നെ ഉണ്ട്. എന്തായി? വിളിക്കട്ടെ?”.

 

“പൊയ്ക്കൊളൂ എന്നു പറഞ്ഞതല്ലേ. സംസാരിക്കുന്നു. വിളിക്കേണ്ട”

 

“ഓക്കെ”

 

“പൊയ്ക്കൊളൂ. കാത്തിരിക്കേണ്ട”

 

അതിനു മറുപടി ഒന്നും കൊടുത്തില്ല. എന്തെങ്കിലും ഒരു തീരുമാനം ആകണമല്ലോ.

 

ഒന്നുകില്‍ ഇത് ആദ്യത്തേയും അവസാനത്തെയും ഒരുമിച്ചുള്ള യാത്ര ആയിരിയ്ക്കും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് യാത്ര ചെയ്യാനുള്ള തുടക്കം ആയിരിയ്ക്കും.

 

എന്തായാലും നേരിടുക. അത്ര തന്നെ. പൊതുവേ കൂട്ടുകാരില്‍ എല്ലാവര്ക്കും എന്നെ വലിയ മതിപ്പ് ആണ്. കാണാനും കൊള്ളാം. നന്നായി ആലോചിച്ചു മാത്രമേ എന്തിനും തീരുമാനങ്ങളില്‍ എത്തൂ. പട്ടിണി കിടന്നപ്പോള്‍ പോലും പുറത്തു കാണിക്കാതെ നടന്നതാണ്. പക്ഷേ ഇപ്പോള്‍ മനസിലെ വിഷമം മുഖത്ത് കാണാനുണ്ട്. പല കൂട്ടുകാരും അത് ചോദിച്ചതും ആണ്. ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവായതല്ലാതെ ആരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍ ആണ്?

 

ഒരു കാമുകന്‍ ഉള്ള പെങ്കുട്ടിയെ ഇഷ്ടമാണെന്നോ?

 

എനിക്കു വട്ട്ടാണെന്നല്ലേ എല്ലാരും പറയൂ.

 

അതൊക്കെ പോട്ടെ. ഇനിയും എന്‍റെ മാനസിക വിചാരങ്ങളെക്കുറിച്ച് പറഞ്ഞു ബോറടിപ്പിക്കുന്നില്ല.

 

സമയം ഉച്ച കഴിഞ്ഞു. പക്ഷേ വിശപ്പ് ഒന്നും ഇല്ല. എന്തായിരിക്കും അവിടെ നടക്കുന്നത് എന്നു ഓര്‍ത്തുള്ള ഉല്‍കണ്ട മാത്രം.

 

കുറച്ചു കഴിഞ്ഞപ്പോള്‍ മായയുടെ ഫോണ്‍ വന്നു പോയോ എന്നു ചോദിച്ചു. ഇല്ല എന്നു മറുപടി പറഞ്ഞപ്പോഴേക്കും ഇപ്പോ വരാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു അവള്‍.

 

 

ഫോണ്‍ കട്ട് ചെയ്തു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നീരജിന്‍റെ ബൈക്ക് എന്‍റെ മുന്നില്‍ വന്നു നിന്നു. പുറകില്‍ നിന്നും അവള്‍ ഇറങ്ങി.

 

അവന്‍ അവളോടു പൊയ്ക്കൊളൂ എന്നു തലകൊണ്ടു കാണിക്കുന്നുണ്ടായിരുന്നു. മായ ഇറങ്ങി എന്‍റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ആകെ കരഞ്ഞു വല്ലാതായത് പോലെ തോന്നി.

 

ഞാന്‍ നീരജിന്‍റെ മുഖത്തേക്ക് നോക്കി.

 

“കുഴപ്പമൊന്നുമില്ല ഏട്ടാ. ശരിയായിക്കോളും” നീരജ് എന്നോടു പറഞ്ഞു.

 

എന്നോടു ദേഷ്യം ഒന്നും കാണിക്കാതെ ആയിരുന്നു നീരജ് അത് പറഞ്ഞത്. എന്നെക്കാള്‍ ചെറുപ്പം ആയതു കൊണ്ടായിരിക്കും അവന്‍ ഏട്ടാ എന്നു വിളിച്ചത്.

 

എന്താ സംഭവിച്ചത് എന്നറിഞ്ഞാല്‍ അല്ലേ ആശ്വസിപ്പിക്കാന്‍ കഴിയൂ.

 

അവന്‍ എന്തെങ്കിലും ദേഷ്യപ്പെട്ടിട്ടാണോ അതോ അവന് വിഷമം വന്നിട്ടാണോ മായ കരഞ്ഞത്.

 

എന്തു പറ്റി എന്നു ചോദിച്ചപ്പോ ഒന്നുമില്ല എന്നു പറഞ്ഞു ഷാള് കൊണ്ട് കണ്ണു തുടച്ചു അവള്‍.

 

എങ്കില്‍ ഞാന്‍ പോട്ടെ എന്നു പറഞ്ഞു നീരജ് ബൈക് എടുത്തു പോയി.

 

“കരയല്ലേ. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു.”

 

എനിക്കാണെങ്കില്‍ അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു.

 

എന്തു ചെയ്യാം പൊതുസ്ഥലം ആയിപ്പോയില്ലേ. ഇനി ആശ്വസിപ്പിക്കാന്‍ പോയാല്‍ അവള്‍ എങ്ങിനെ പ്രതികരിക്കും എന്നും പറയാന്‍ പറ്റില്ലല്ലോ.

എന്തു തന്നെ ആയാലും കരഞ്ഞതിന് കാരണം ആയത് ഞാന്‍ തന്നെ ആണല്ലോ.

 

അപ്പോഴേക്കും ഒരു ബസ് വന്നു. പോകാം എന്നു ചോദിച്ചപ്പോ അവള്‍ തല ആട്ടി. ബസില്‍ കയറി.

അവള്‍ക്ക് സീറ്റ് കിട്ടി. എനിക്കും. പക്ഷേ ഒരുമിച്ചല്ല ഇരുന്നതു എന്നു മാത്രം. അതുകൊണ്ടു തന്നെ ഒന്നും ചോദിക്കാനും പറ്റില്ല.

 

കുറച്ചു ദൂരം പോയപ്പോ എന്‍റെ അടുത്തിരിക്കുന്ന ആള്‍ ഇറങ്ങി. ഞാന്‍ ഫോണില്‍ വിളിച്ച് ഇങ്ങോട്ട് വന്നിരിക്കാന്‍. കുഴപ്പമില്ല ഇവിടിരുന്നോളാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.

 

ആ പറഞ്ഞതില്‍ എന്നോടു എന്തോ ദേഷ്യം ഉണ്ടോ? അതോ എനിക്കു തോന്നിയതായിരിക്കുമോ?

 

ഇടയ്ക്കിടയ്ക്ക് വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കേണ്ട. കുറച്ചു നേരം സ്വസ്ഥമായിരിക്കട്ടെ അവള്‍. അത് തന്നെ ആയിരിയ്ക്കും നല്ലത്.

 

എന്തായാലും എന്‍റെ കൂടെ തന്നെ ആണല്ലോ വന്നത്.

 

ബസ് സ്റ്റാഡില്‍എത്തി. അവള്‍ മുന്‍വാതിലിലൂടെ ഇറങ്ങി. പുറകിലൂടെ ഞാനും. ഞാന്‍ അവളുടെ അടുത്തേക്ക് പോയപ്പോള്‍ അവള്‍ വേഗം മാറി നടക്കുന്നു. എന്‍റെ മുഖത്തേക്ക് പോലും നോക്കാതെ.

 

ഞാന്‍ ആകെ അന്തംവിട്ടു പോയി. ഫോണില്‍ അവളെ വിളിച്ചു. പക്ഷേ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു അവള്‍. പിന്നേയും വിളിച്ചു. അപ്പോഴും അവള്‍ കട്ട് ചെയ്തു. എനിക്കു ചെറുതായി ദേഷ്യവും വന്നു. ഒരു ഒരക്ഷരം മിണ്ടാതെ പോയതിന്. ഒന്നുകില്‍ കാര്യം പറയുക അല്ലെങ്കില്‍ പുറകെ വരരുത് എന്നു പറയുക. ഒന്നും മിണ്ടാതെ പോവുക എന്നു വച്ചാല്‍ പിന്നെ ദേഷ്യം വരില്ലേ?

അവള്‍ അവളുടെ നാട്ടിലേക്കുള്ള ബസില്‍ കയറി പോയി. പുറകെ ബസില്‍ കയറി പോയി സംസാരിക്കാന്‍ ശ്രമിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പിന്നെ വിചാരിച്ചു വേണ്ടെന്ന്.

 

ഒന്നു കൂടി ഫോണില്‍ വിളിച്ചു നോക്കി. അപ്പോഴും ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്.

മായയുടെ ഫോണ്‍ വിളിയോ മെസ്സെജോ കാത്തു ഒരു ഒന്നര മണിക്കൂര്‍ കൂടി ബസ്സ്റ്റാഡില്‍ നിന്നുകാണും ഞാന്‍. ഇനിയും കാത്തു നിന്നിട്ട് കാര്യമില്ല എന്നു എനിക്കു മനസിലായി. പിന്നെ അടുത്ത ബസ് പിടിച്ച് തിരിച്ചു ജോലിസ്ഥലത്തേക്ക് വന്നു. ഞാനായിട്ടു ഇനി അങ്ങോട്ട് മെസേജ് അയക്കുന്നില്ല. വിളിക്കാനും പോകുന്നില്ല. ഇനിയും ഞാന്‍ അവളെ വിഷമിപ്പിക്കുന്നത് ശരിയല്ല.എന്താണ് മായയും നീരജും മാത്രം ഉള്ളപ്പോള്‍ സംഭവിച്ചത്? അതെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. അവര്‍ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാകുക? നീരജിന്‍റെ പെരുമാറ്റത്തില്‍ എന്നോടു ദേഷ്യം കണ്ടതുമില്ലല്ലോ. അപ്പോ എന്നെ ഒഴിവാക്കണം എന്നു തന്നെ ആയിരിയ്ക്കും പറഞ്ഞിട്ടുണ്ടാകുക. അല്ലെങ്കില്‍ മായ ഇപ്പോ എന്നോടു എന്തെങ്കിലും പറയേണ്ട സമയമായി. അവസാനമായിട്ടു ഒന്നു കൂടി വിളിച്ച് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *