രണ്ടാംഭാവം – 6 1

 

ശെരി അപ്പാ… എന്നും പറഞ്ഞ് കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു….നമ്മുടെ കടയാണെന്ന് അപ്പൻ പറഞ്ഞത് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു…. എന്തൊക്കെയോ ചുറ്റും മാറി വരുന്ന പോലെ…

 

അടുക്കളയിലെ ജോലി തീർക്കുന്ന വരെ ചേട്ടായി പിന്നെയാ ഭാഗത്തേക്ക് വന്നില്ല…. ഇടക്കിടക്ക് പുറകിലേക്ക് നോക്കും… ഇനിയെങ്ങാനും അവിടെ വന്നു നിൽപ്പുണ്ടെങ്കിലോ എന്ന് കരുതി… പക്ഷേ ഇല്ലാ….. ഇടയ്ക്ക് ചേച്ചിയുടെ മുറിയിൽ നിന്നും ചേട്ടായിടെ ശബ്ദം കേട്ടാരുന്നു… അപ്പോ മനസ്സിലായി അവിടെയുണ്ടെന്ന്…. അവരുടെ ഇടയിലേക്ക് കേറിച്ചെല്ലാൻ മനസ്സ് അനുവദിച്ചില്ല….

 

എണ്ണയിട്ട യന്ത്രം കണക്കെ ജോലികൾ ഞാൻ തീർത്തു കൊണ്ടിരുന്നു… ഇടയ്ക്ക് മോനെ അപ്പൻ മുറിയിൽ നിന്നു എടുത്തോണ്ട് പോയത് കൊണ്ട് പിന്നീട് അടുക്കളയിൽ നിന്നു ജോലി കഴിയാതെ പുറത്തു പോവേണ്ട ആവശ്യം വന്നില്ല അതാണ്‌ സത്യം…

 

പത്തു മണി ആവാറായപ്പോഴേക്കും അത്യാവശ്യം ജോലികളെല്ലാം ഒതുക്കി ഞാൻ പുറത്തേക്കിറങ്ങി….അപ്പൻ ഹാളിൽ മോനെയും കളിപ്പിച്ചിരിപ്പുണ്ടായിരുന്നു…

 

ആഹാ… രണ്ട് പേരും നല്ല കൂട്ടായല്ലോ…

 

പിന്നെ ആവാതെ… ഞങ്ങൾ രണ്ടും പണ്ടേ കൂട്ടാ… അല്ലേ ബേസിൽ മോനെ…

 

അവൻ അവന്റെ കുഞ്ഞരി പല്ല് കാട്ടി ഒന്ന് ചിരിച്ചു…

 

നിങ്ങൾ പോവാറായില്ലേ…. ഒരുങ്ങുന്നില്ലേ…

 

ഒരുങ്ങാൻ പോവാ.. അവനെ ഇങ്ങു താ…ഒരുക്കി കൊണ്ട് വരാം…

 

മോളെ ഇവനെ കൊണ്ട് പോണോ… ഞങ്ങൾ ഇവിടെ എന്തേലുമൊക്കെ പറഞ്ഞിരുന്നേനെ…

 

അപ്പാ… അവൻ കരഞ്ഞാലോ…

 

കരയില്ലെന്നേ… കുഞ്ഞിനുള്ള പാൽ തിളപ്പിച്ച്‌ താൽക്കാലത്തേക്ക് ആ മേശപ്പുറത്തേക്ക് വെച്ചേരെ… ഞാൻ കൊടുത്തോളം….

 

അപ്പാ ഉറപ്പാണോ… അവസാനം ഇവൻ അപ്പന് പാരയാവരുത്…

 

ഇല്ല… ഞാൻ നോക്കിക്കോളാം…

 

അത് കേട്ട് ഞാൻ വാതിൽ തുറന്നു മുറിയിലേക്ക് കേറി… എനിക്കായി ഒരു സാരി മുറിയിലെ മേശപ്പുറത്തുണ്ടായിരുന്നു…. പിങ്ക് നിറത്തിലെ ഒരു കാഞ്ചിപുരം പട്ട്…. എനിക്കത് കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി… അതെടുത്തു ഞാൻ വെച്ചു കണ്ണാടിയുടെ മുന്നിൽ ചെന്നു നോക്കി…കൊള്ളാം.. എനിക്ക് ചേരുന്നുണ്ട്….

 

അച്ചായൻ അതെല്ലാം കണ്ടു കൊണ്ട് കിടക്കുന്നത് ഞാൻ കണ്ടു… എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…. ഞാൻ അടുത്ത് ചെന്നിട്ട് പറഞ്ഞു ഇതെനിക്ക് ചേട്ടായി വാങ്ങി തന്നതാണെന്ന്…. എനിക്കെന്തോ അത് അയാളോട് പറയുമ്പോ സന്തോഷം കൂടി വരുന്ന പോലെ തോന്നി… കല്യാണം കഴിഞ്ഞു ഇത്ര നാളായിട്ടും ഒരു സാരി പോലും വാങ്ങി തരാത്ത അയാളോട് പിന്നെ എങ്ങനെ പെരുമാറണം ഞാൻ….

കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി….

 

പുറത്തിറങ്ങിയപ്പോ എന്നെ കാത്തെന്ന പോലെ ചേട്ടായിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു…..

 

എന്തൊരു സുന്ദരനാ എന്റെ ചേട്ടായി…. എന്റെ സാരിക്ക് ചേരുന്ന ഷർട്ടും മുണ്ടുമാണ് വേഷം…. അപ്പോ ഇതിനാണ് എന്നെക്കൊണ്ട് ഈ സാരി ഉടുപ്പിച്ചത്….

 

റീനേ… നന്നായി ചേരുന്നുണ്ടല്ലോ നിനക്ക്….

 

ചേട്ടായിക്കും കൊള്ളാം…

 

ആണോ… എന്നാൽ ശെരി ഇറങ്ങിയാലോ…

 

അപ്പൻ എവിടെ… മോൻ അപ്പന്റെ കയ്യിലാ….

 

അവർ അപ്പന്റെ മുറിയിലുണ്ട്… ഞാനിപ്പോ കേറി കണ്ടാരുന്നു…

 

ആണോ… എന്നാൽ ശെരി… നമുക്കിറങ്ങാം..

 

ചേട്ടായി വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്ന സമയം കൊണ്ട് ഞാൻ അടുക്കളയിൽ പോയി കുഞ്ഞിന് കുടിക്കാനുള്ള പാൽ തിളപ്പിച്ച്‌ വെച്ചിട്ട് വന്നു….

 

താൻ വന്നു കേറെടോ… സമയം പോകുന്ന കണ്ടില്ലേ…

 

വരുവാ ചേട്ടായി.. കൊച്ചിന് പാൽ തിളപ്പിക്കാൻ പോയതാ…. അതും പറഞ്ഞ് ഞാൻ ചെന്നു പിന്നിൽ കേറി.

 

ടീ.. മുന്നിൽ വാ… ഞാനാരാ നിന്റെ ഡ്രൈവറോ…

 

ഞാൻ ചിരിച്ചു കൊണ്ട് പുറത്തിറങ്ങി ചെന്നു മുന്നിൽ കേറി…

 

ഇനി പോകാമല്ലോ അല്ലേ റീനമോളെ…

 

ആഹ്.. പൊയ്ക്കോ എങ്ങോട്ടാണെന്ന് വെച്ചാൽ….

Leave a Reply

Your email address will not be published. Required fields are marked *