രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 1 12അടിപൊളി 

“””ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്.. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല””

ആവണി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകളുമായി അവളെ മിയ വാരി പുണർന്നു.. എന്ത് ചെയ്യണമെന്നറിയാതെ ജെയ്സൺ കടലിലേക്ക് നോക്കി നിന്നു. ആ കടൽ കാറ്റ് ആ നിമിഷങ്ങളെ ശാന്തമായി തലോടി.

നമ്മൾ ചിന്തിക്കുന്നതിനപ്പുറം ഓരോന്നിനും ഓരോ യാഥാർഥ്യങ്ങൾ ഉണ്ട്. എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ അപ്പോഴും അവളോട്‌ തുറന്നു സംസാരിക്കാനും ഇടപെടാനും ഒരു മടി. ചിലപ്പോൾ ആദ്യം മുതലേ അങ്ങനെ ആയതു കൊണ്ടായിരിക്കാം. എന്തായാലും അങ്ങനെ തന്നെ പോകട്ടെയെന്നു ഞാൻ കരുതി. മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ണുകൾ നിറഞ്ഞെങ്കിലും ആവണി അപ്പോഴും പുഞ്ചിരിച്ചു.. ഞങ്ങൾ റൂമിലേക്ക്‌ പോയി.

ആ ടൂർ ദിനങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു. ആരെയും ഭയപ്പെടാതെ.!!!!

ആ ടൂർ പെട്ടെന്ന് തീർന്നതു പോലെ തോന്നി.. എല്ലാവരും അവനവന്റെ കാര്യങ്ങളിലേക്ക് നീങ്ങി. എപ്പോഴും പുറത്തിറങ്ങുമ്പോൾ ആവണി ചുറ്റും നിരീക്ഷിക്കുന്നത് കാണാം. ചിലപ്പോൾ താൻ അറിയാവുന്ന മുഖങ്ങൾ അവിടെ ഉണ്ടോന്നു നോക്കുകയാവും.

ഒരു ദിവസം ആവണി എന്തോ ഡൌട്ട് എന്നോട് ചോദിച്ചു. ഞാനതു അവളെ മൈൻഡ് ചെയ്യാതെ പറഞ്ഞു കൊടുത്തു. അവൾ സാധാരണ പോലെ താങ്ക്സ് പറഞ്ഞു. എനിക്കൊരു പേടിയായിരുന്നു അവളോട്‌ സംസാരിക്കാൻ. ചിലപ്പോൾ എന്റെ വാക്കുകൾ അവളെ സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അവൾക്കു തോന്നിയാലോ.. കാരണം അവൾ അനാഥയാണ്. ഈ അവസരങ്ങളിൽ അവളെ മുതലെടുക്കാൻ ശ്രമിക്കുന്നവരാണ് സമൂഹത്തിൽ ഇപ്പോൾ ഉള്ളത്. അത് എന്നെ അവളുമായിട്ടുള്ള കൂടുതൽ ഇടപെടലുകളിൽ നിന്നും തടുത്തു.

ഒരിക്കൽ മിയ എന്റെ അടുത്ത് വന്നിരുന്നു. അന്ന് ആവണി വന്നിട്ടില്ലായിരുന്നു..

“”ടാ അവൾക്കു നല്ല പനിയുണ്ട്. ഞാൻ വിളിച്ചിരുന്നു. നിനക്കൊന്നു വിളിച്ചൂടെ “”

“”ഞാനോ? അതൊന്നും വേണ്ട.. നീ വിളിച്ചില്ലേ അത് മതി “”

“”അതല്ലടാ എന്നാലും നീയെന്താ അവളോട്‌ സംസാരിക്കാത്തത് “‘

“”എനിക്കറിയില്ല.. നമുക്ക്…വേറെന്തെങ്കിലും സംസാരിക്കാം “”

“”നീയെന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ.. നിനക്ക് അവളോട്‌ എന്തെങ്കിലും ദേഷ്യമുണ്ടോ “”

“” എനിക്കൊരു ദേഷ്യവുമില്ല “”

“”പിന്നെന്താ.. നീ അവളെ കുറിച്ചൊന്നു ആലോചിച്ചു നോക്ക്.. ഇങ്ങനെ വയ്യാതെ കിടക്കുമ്പോഴും വിളിച്ചു ആശ്വസിപ്പിക്കാൻ വേറെ ആരുമില്ല. നമ്മൾ മാത്രമേയുള്ളു അവൾക്കു. “”

“”അതെല്ലാം എനിക്കറിയാം… വേണ്ട..നമുക്ക് പിന്നെ സംസാരിക്കാം.. എനിക്ക് എന്തോ അത് കേൾക്കുന്നത് ഇഷ്ടമല്ല “”

എന്റെ മറുപടി കേട്ടിട്ട് അവൾ ഒന്നും മിണ്ടാതെ എണീറ്റ് പോയി.

പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അവൾ വന്നത്. മുഖമൊക്കെ ക്ഷീണിച്ചിട്ടുണ്ട്. തീരെ വയ്യാ.. കണ്ടാൽ അറിയാം.. നല്ല ചുമയുണ്ട്..

“”എങ്ങനെ ഉണ്ട് “”

നിഷ്കളങ്കമായ ആ മുഖത്തു ഒരു മിന്നായം പോലെ നോക്കി തല തിരിച്ചു ഞാൻ ചോദിച്ചു..

“”കുഴപ്പമില്ല “”

അവൾക്കു ശ്വാസത്തിനു ബുദ്ധിമുട്ടുണ്ടെന്നു ആ മറുപടിയിൽ നിന്നും എനിക്ക് മനസിലായി. ഞാൻ അവളെ നോക്കി. മുഖം അത്ര അടുത്ത് കണ്ടപ്പോൾ എനിക്ക് മനസിലായി. അവൾക്കു തീരെ വയ്യാന്നു..

“”വയ്യെങ്കിൽ പിന്നെ എന്തിനാ വന്നേ. രണ്ടു ദിവസം കൂടി റസ്റ്റ്‌ എടുത്തു കൂടായിരുന്നോ “”

ഞാൻ നോക്കിയത് കണ്ടു. അവൾ സ്നേഹത്തോടെ എന്നെ നോക്കി. പുഞ്ചിരിച്ചു.

“”ലീവ് ഇല്ലല്ലോ.. പിന്നെ കൂടുതൽ ലീവ് എടുത്താൽ അത് ജോലിയെ ബാധിക്കും “”

അവൾ ഇടയ്ക്കു ചുമക്കുന്നുണ്ടായിരുന്നു.. പനിച്ചിട്ടാവണം ഇടയ്ക്കു വിറക്കുന്നുണ്ട്.. ഞാൻ ഒരു നിമിഷം മൗസിൽ നിന്നും കയ്യെടുത്തു ടേബിളിൽ വച്ചു. കുറച്ചു നേരം ആലോചിച്ചു.. പിന്നെ എണീറ്റ് മാഡത്തിന്റെ അടുത്ത് പോയി സംസാരിച്ചു.

“”മാം.. ആവണിക്ക് തീരെ വയ്യ.. പേടിച്ചിട്ടാണ് അവൾ ഓഫീസിൽ വന്നത്.. അവളുടെ അവസ്ഥ കണ്ടത് കൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിക്കട്ടെ.. അവൾ ഇവിടെ ഒറ്റക്കല്ലേ “”

Leave a Reply

Your email address will not be published. Required fields are marked *