ഹരിചരിതം – 4 4

അത് ഗൗരി ആണ്… ഗൗരി !

ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു. സമയം നോക്കി… നേരം അഞ്ചാവാൻ പോവുന്നു. കട്ടിലിൽ എണീറ്റിരുന്നു. എന്താണ് അവളെ സ്വപ്നം കാണാൻ.. അതും അമ്പലക്കടവ്, കുളം, കൃഷ്‍ണൻ, പതിവ് ക്ലിഷേ സ്വപ്നം… അമ്പലത്തിൽ പോലും ഞാൻ പോയിട്ട് ഒരുപാട് നാളായിട്ടുണ്ട്. ഇന്നേ വരെ ഞാൻ എന്റെ അച്ഛനേയും അമ്മയെയും സ്വപ്നം കണ്ടിട്ടില്ലല്ലോ… പിന്നെന്താ കുറച്ചു ദിവസത്തെ പരിചയമുള്ള ഗൗരിയെ??

എടാ… അതിനു നീ നിന്റെ അച്ഛനെയും അമ്മയെയും മിസ് ചെയ്യുന്നില്ല. നീ ദിവസവും അവരെ വിളിക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട്. പുറത്തേക്ക് കാണിക്കുന്നില്ല എന്നെ ഉള്ളൂ… ഉള്ളിൽ അവർക്ക് നിന്നോടും നിനക്ക് അവരോടും സ്നേഹം ഉണ്ട്… പക്ഷെ ഗൗരിയെ നീ ഇത്ര കാലം ആയിട്ട് എത്ര പ്രാവശ്യം ഓർത്തു?? അതിനു ഓർക്കാൻ തക്ക ബന്ധം ഒന്നും ഞങ്ങൾ തമ്മിൽ ഇല്ലല്ലോ…??

ഇല്ലേ… മനസ്സിനോട് ചോദിച്ചു നോക്ക്…. ഉണ്ടോ?? ഉത്തരം കിട്ടുന്നില്ല… ഏതായാലും അവളെ ഒന്ന് കാണണം എന്ന് തോന്നുന്ന പോലെ. അവൾക്ക് എന്നെ മിസ് ചെയ്യുന്നുണ്ടോ അറിയില്ല. അന്ന് എഫ്.ബി.നോക്കാമെന്നു വെച്ചിട്ട് അതും ചെയ്തില്ല… എന്താണ് ചെയ്യേണ്ടത്…

ഞാൻ ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി ഗൂഗിളിൽ നോക്കി. 6 മണിക്ക് ഒരു ട്രെയിൻ ഉണ്ട്, നാട്ടിലേക്ക്…. പോയാലോ.. പോവാം.. തീരുമാനിച്ചു. ഓടിപ്പോയി ഫ്രഷ് ആയി, അത്യാവശ്യം വേണ്ട സാധനങ്ങൾ, പവർ ബാങ്ക്, ഹെഡ് സെറ്റു ഒക്കെ എടുത്ത് റൂം തുറന്നു. രണ്ടു റൂമിലും വെളിച്ചം ഇല്ല.. അഭിയുടെ റൂം ചാരിയിട്ടേ ഉള്ളൂ…. താഴെ അടുക്കളയിൽ വെളിച്ചം കാണുന്നുണ്ട്. ഞാൻ അഭിയുടെ റൂമിലേക്ക് കേറി, ലൈറ്റ് ഇട്ടു. പെട്ടെന്ന് ലൈറ്റ് അടിച്ചപ്പോൾ അവളുടെ അടച്ച കണ്ണുകൾ ഒന്നുകൂടി അടഞ്ഞപോലെ… പാവം, മൂടിപ്പുതച്ചു ഉറങ്ങുകയാണ്…

” എടീ,, അഭീ എന്നെ ഒന്ന് സ്റ്റേഷനിൽ കൊണ്ട് പോയി വിട്…” ഞാൻ അവളെ വിളിച്ചുണർത്തി.

താഴെ പോയി ആന്റിയോട് വീട്ടിൽ പോവുകയാണ്, രണ്ടു ദിവസം ക്ലാസ്സ് ഇല്ല എന്നൊക്കെ പറഞ്ഞപ്പോഴേക്കും അഭി താഴെ എത്തി. ആന്റി തന്ന ചായയും കുടിച്ചു അഭി, ശ്രീയുടെ വണ്ടി എടുത്ത് എന്നെ സ്സ്റ്റേഷനിൽ വിട്ടു.

* * * * * * * *

വീട്ടിൽ എത്തി ആദ്യം നോക്കിയത് ഗൗരിയുടെ വീട്ടിലേക്കാണ്. അവിടെ ആരെയും കണ്ടില്ല. ഡ്യൂക്ക് കുട്ടപ്പനായി പോർച്ചിൽ ഇരിക്കുന്നുണ്ട്. ചുറ്റും ഒന്ന് നടന്നു നോക്കി… സീറ്റിൽ ഉള്ള പൊടിയൊക്കെ തട്ടിക്കളഞ്ഞു.. വീട്ടിൽ കയറി ഫുഡ് കഴിച്ചു ഹെൽമെറ്റ് എടുത്ത് വണ്ടിയും കൊണ്ട് പുറത്തേക്കിറങ്ങി. പഴയ ഫ്രണ്ട്സിനെ ഒക്കെ ഒന്ന് മുഖം കാണിച്ചു സുജിത്തിനെയും വിളിച്ചു ടൗണിലെ ഹോട്ടലിൽ പോയി… നാട്ടിലെ ഹോട്ടലിലെ ഫുഡ് കഴിച്ച കാലം മറന്നു….

തിരിച്ചു വന്നപ്പോഴും ഗൗരിയുടെ വീട്ടിൽ മാത്രം വെളിച്ചം ഇല്ല. അമ്മയോട് ചോദിച്ചപ്പോൾ ഇന്നലെ രാത്രി അവർ മൂകാംബികക്ക് പോയി, നാളെ വൈകുന്നേരമേ വരൂ എന്ന് പറഞ്ഞു.

അന്ന് രാത്രിയും, പിറ്റേന്ന് പകലും കടന്നു പോയി.. ഇതിനിടയിൽ ആന്റിയും അഭിയും വിളിച്ചു. ശ്രീ സംസാരിക്കാൻ വന്നില്ല. ഞാൻ വിളിച്ചിട്ട് കട്ട് ആക്കുകയും ചെയ്തു. അവൾക്കുള്ളത് നേരിട്ട് കൊടുക്കാം… പെണ്ണിന് ഇത്തിരി കൂടുന്നുണ്ട്..

ഞാൻ മനസ്സിൽ പറഞ്ഞു. അവിടെ ഓടിച്ചാടി നടന്നിട്ട് ഇവിടെ ഒറ്റക്ക് ഇരിക്കുമ്പോൾ എന്തോ പോലെ…. അവിടെ ആണെങ്കിൽ ശ്രീയോ അഭിയോ ആരെങ്കിലും ഉണ്ടാവും, ആരുമില്ലെങ്കിൽ ആന്റി വന്നു വെറുതെ ഓരോ കാര്യങ്ങൾ പറയും. ഇവിടെ അച്ഛനും അമ്മയും ഞാനും അങ്ങനെ കാര്യമായിട്ട് സംസാരിക്കാറില്ല. ഇരുന്നു കോമഡി പറയാറൊന്നും ഇല്ല. ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നേൽ എത്ര നന്നായേനെ…. ശ്രീയെ പോലത്തെ ഐറ്റം ആണേൽ പറയാനും ഇല്ല… എന്തെങ്കിലും ഒക്കെ ഒപ്പിച്ചുകൊണ്ടിരിക്കും എപ്പോഴും, എന്നാലും നമ്മളെ അത്രക്ക് സ്നേഹിക്കും… പാവം. അഭി ആണെങ്കിലും, ഒരു ചേച്ചിയോ ഫ്രണ്ടോ അങ്ങനെ എന്തൊക്കെയോ ആയിട്ടാണ് എന്നോട് പെരുമാറുന്നത്..

Leave a Reply

Your email address will not be published. Required fields are marked *