” ഇഷ്ടം ഉള്ളതെന്ന് വെച്ചാ…അത് വൈകുന്നേരം തരാം… ഇന്നിപ്പോ ബർത് ഡേ ഗേൾ ബസിൽ പോവണ്ട…. ”
ഞാൻ നിർബന്ധിച്ചു, സത്യം പറഞ്ഞാൽ കെഞ്ചി ആണ് അവളെ ബൈക്കിൽ കേറ്റിയത്. അവൾക്ക് പേടിയാണ് ബൈക്കിൽ കേറാൻ. അതും ഇത് കുറച്ചു ഹൈറ്റ് ഉള്ള സീറ്റ് ആണ്. സീറ്റും ഇരിക്കാൻ വലിയ സുഖം ഇല്ല… ഡ്യൂക്ക് അല്ലേ…?? ആരെങ്കിലും നിർബന്ധിച്ചു പിന്നിൽ കേറണം എന്ന് പറഞ്ഞാൽ വേണ്ട എന്ന് പറയേണ്ട എന്ന് വെച്ചു കമ്പനി വെച്ചതാണെന്നു തോന്നുന്നു. തീരെ കംഫർട് ഇല്ല. ആണുങ്ങൾക്ക് പക്ഷെ അത് ഒരു സീൻ അല്ല, പെമ്പിള്ളേരും രണ്ടു സൈഡിലേക്കായി ഇരുന്നാൽ കുറച്ചു കൂടെ കംഫർട് ആണ്.
എന്തായാലും ഗൗരി അങ്ങനെ ഇരിക്കില്ല.. ഞാൻ പതുക്കെ ബൈക്ക് എടുത്തു. മെയിൻ റോഡിലേക്ക് കേറുന്ന അവിടെ എല്ലാവരും ഉണ്ട്. ഞാൻ മിററിലേക്ക് നോക്കി. അവൾ ആകെ ടെൻഷൻ അടിച്ചു ഇരിക്കുകയാണ്. നാട്ടുകാരല്ലേ… വെറുതെ ഇരിക്കുമ്പോൾ കുറച്ചു അപവാദം ഒക്കെ പറഞ്ഞാലോ… ഞാൻ ഒന്നും നോക്കിയില്ല, വണ്ടി വിട്ടു. കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ കുറെ ചെക്കന്മാർ അവളെയും എന്നെയും നോക്കുന്നുണ്ട്.
നോക്കട്ടെ.. അല്ലെങ്കിലും ഗൗരിയെ കണ്ടാൽ ആരായാലും നോക്കാതിരിക്കുമോ??
ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവൾക്ക് എന്താ ഗിഫ്റ് വാങ്ങുക?? ഇഷ്ടാനിഷ്ടങ്ങൾ ഒന്നും അറിയില്ല.പിന്നെ വലിയ ഐറ്റംസ് ഒന്നും വാങ്ങിക്കൊടുക്കാൻ പറ്റില്ല.. അവൾ വീട്ടിൽ എന്ത് പറയും??
മുന്നിൽ റെഡ് സിഗ്നൽ. വണ്ടി നിർത്തി. ഫോൺ വൈബ്രേറ്റ് ചെയ്യുന്നു, പാന്റിന്റെ പോക്കറ്റിൽ കിടന്നു. മെസ്സേജ് ആണ്. എടുത്തു നോക്കാം ഒരു മിനിറ്റ് സമയം ഉണ്ട് ലൈറ്റ് മാറാൻ.
നോക്കിയപ്പോൾ ശ്രീ… ദേഷ്യം പിടിച്ചു ചുവന്ന മുഖത്തിന്റെ സ്‌മൈലി മാത്രം. സമയം 9 ആയിട്ടുണ്ട്. അവൾ ക്ലാസ്സിൽ കേറിക്കാണും. വരുന്ന വഴിയിൽ ബേക്കറിയിൽ കേറി കാഡ്ബറി സെലിബ്രെഷന്റെ ഒരു വലിയ പാക്കറ്റ് വാങ്ങിച്ചു.വേറെന്താ വാങ്ങുക?? ഇത് ചീപ്പ് അല്ലേ.. ഇക്കാലത്തു സ്കൂൾ കുട്ടികൾ വരെ കൊടുക്കുന്നത് ടെഡി ബിയറും, ഫോണും ഒക്കെ ആണ്. വേണ്ട.. ഇത് മതി. ഇഷ്ടമായില്ലെങ്കിൽ പിന്നെ വാങ്ങിക്കൊടുക്കാം…
പകലൊന്നും ശ്രീയുടെ മെസ്സേജ് വന്നില്ല. വൈകീട്ട് ഗൗരി പായസവും കൊണ്ട് വന്നു. വീട്ടിൽ എല്ലാവരും ഉള്ളത് കൊണ്ട് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. അച്ഛനും അമ്മയും മാറിയ തക്കം നോക്കി അവൾക്ക് സെലിബ്രേഷൻസ് എടുത്തു കൊടുത്തു. ഒരു ഷേക്ക് ഹാൻഡിനു വേണ്ടി കൈനീട്ടി ബർത് ഡേ പറഞ്ഞു. സന്തോഷം ആയെന്നു തോന്നുന്നു. മുഖമൊക്കെ വിടർന്നു ചെറുതായി ചുവന്നിട്ടുണ്ട്. കൈപിടിച്ച് കുലുക്കിക്കൊണ്ട് താങ്ക്സ് പറഞ്ഞു. നല്ല തണുത്ത മൃദുവായ കൈത്തലം. ഒരു ഉമ്മ കൊടുത്താലോ… ??
വേണ്ട.. ഈ പെണ്ണെങ്ങാനും അലറിവിളിച്ചാൽ അമ്മയുടെ ചട്ടുകം കൊണ്ടുള്ള അടി വാങ്ങേണ്ടി വരും…
” നമുക്കൊരു സെൽഫി എടുത്താലോ… ?? ”
അവൾ ഗിഫ്റ്റും മുന്നിൽ പിടിച്ചു ചിരിച്ചുകൊണ്ട് എന്റെ തോളിലേക്ക് ചേർന്ന് നിന്നു. ഞാൻ ഫ്രണ്ട് കാമറ ഓൺ ആക്കി അവളോട് ചേർന്ന് നിന്നു. അവളുടെ കാതിൽ മയിൽപീലി ഡിസൈൻ ഉള്ള ഒരു ജിമിക്കി. ചെറിയ ചെവിക്ക് ചുറ്റും ചുരുണ്ട മുടികൾ പരന്നു കിടക്കുന്നു.. എനിക്ക് അവളുടെ കമ്മലിൽ നിന്നും മുഖത്തിന്റെ ഭാഗത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല…
” എവിടെ നോക്കി നില്ക്കാ…?? ആ ബട്ടൺ ഞെക്ക്.” അവൾ ഫോണിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു… ഉം… അവൾ ഫ്രണ്ട് ക്യാമെറയിൽ കണ്ടിട്ടുണ്ട് ഞാൻ അവളെ നോക്കി നിൽക്കുന്നത്. മുഖത്തു ചെറിയൊരു കുസൃതിച്ചിരി ഉണ്ട്. ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു ഫോട്ടോ എടുത്തു.
അന്ന് രാത്രി ശ്രീയെ വിളിച്ചങ്കിലും അവൾ ഫോൺ എടുത്തില്ല.. അഭി വിളി നിർത്തി മെസ്സേജ് അയച്ചിട്ടുണ്ട്…
* * * * * * * *
അടുത്ത ദിവസം ഉച്ച ആയപ്പോൾ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും കാൾ വന്നു- ഒരു ബി എസ് എൻ എൽ നമ്പർ. ഫോൺ എടുത്തപ്പോൾ അശോകൻ സാർ.
” താൻ എവിടെയാടോ ?? കുറെ ദിവസം ആയല്ലോ ഇവിടെ വന്നിട്ട് ” സാർ ദേഷ്യത്തിൽ ആണ്.
