ശെരി എന്നും സമ്മതിച്ചു ഞാൻ ക്ലാസ്സിലേക്ക് ചെന്നു. ക്ലാസ്സിൽ അപ്പോഴേക്കും കാര്യം അറിഞ്ഞിരുന്നു. ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നു. ഞാൻ ചെന്ന് എന്റെ ബാഗ് എടുത്തു. വിശാലിനോട് ബൈ പറഞ്ഞു. അവൻ പെട്ടെന്ന് അവന്റെ ഫോൺ എനിക്ക് നീട്ടി നമ്പർ ഡയല് ചെയ്യാൻ പറഞ്ഞു. ഞാൻ എന്റെ നമ്പർ ഡയല് ചെയ്ത എനിക്കൊരു മിസ് കാൾ അടിച്ചു ക്ലാസ്സിൽ നിന്നിറങ്ങി…
അപ്പൊ..ഇനി ഒരാഴ്ച്ച കഴിഞ്ഞു കാണാം… എന്തൊരു ഐശ്വര്യമുള്ള ക്ലാസ്… ഞാൻ ക്ലാസിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും വിശാൽ ഒറ്റക്കിരിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു, ഞങ്ങളുടെ ക്ലാസ്സിലെ വെളുത്തു മെലിഞ്ഞ ഒരു പൂച്ചക്കണ്ണിയുടെ അടുത്തേക്ക് ബുക്കും കൊണ്ട് ഇരുന്നിരുന്നു.
* * * * * * * *
അന്ന് ഫുൾ അവിടെയും ഇവിടെയും ഒക്കെ കറങ്ങിത്തിരിഞ്ഞു. ഉച്ചക്ക് ശ്രീയുടെ കൂടെ പോയി ആന്റിയുടെ കടയിൽ നിന്നും ചോറ് കഴിച്ചു. അവളെ നിർബന്ധിച്ചു ക്ലാസ്സിൽ വിട്ടു, ക്യാമ്പസിലെ ഒരു മരത്തണലിൽ വന്നിരുന്നു… മാവ് ആണ്, സാധാരണ കാമ്പസ്സിൽ ഗുൽമോഹറും അശോകവും, ആലും ഒക്കെ ആണല്ലോ… ഇവിടെ എന്താ മാവൊക്കെ… മരത്തിനു ചുറ്റും സിമൻറ് കൊണ്ട് കെട്ടിയിട്ടുണ്ട് ഇരിക്കാൻ പാകത്തിൽ. പക്ഷെ കുറെ ഉറുമ്പും പേരറിയാത്ത കുറെ പ്രാണികളും ഒക്കെ നടക്കുന്നുണ്ട് അതിലെ… മരത്തിന്റെ ചുറ്റും കുറെ മിട്ടായിക്കവറും പേപ്പർ ഗ്ലാസും ഒക്കെ ഉണ്ട്… ഇവർക്കിതൊക്കെ ഒന്ന് വേസ്റ്റ് ബിന്നിൽ ഇട്ടൂടെ?? വെറുതെ ഭംഗി കളയാൻ ആയിട്ട്…
” താനെന്താടോ ഇവിടെ ഇരിക്കുന്നത്?? തനിക്ക് ഇവിടുന്നു ഇറങ്ങാൻ ഉള്ള പേപ്പർ കിട്ടിയില്ലേ… ?? ” ഘനഗാംഭീര്യം ആയ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞത്… അശോകൻ സാർ.
” അത് സാർ… വീട്ടിൽ എന്ത് പറയും എന്നാലോചിച്ചാ… ” ഞാൻ ഒരിത്തിരി സങ്കടം മുഖത്തു വരുത്തി ചെറിയ ചിരിയോടെ പറഞ്ഞു.
” അത് ഓരോന്ന് കാണിക്കുമ്പോ ആലോചിക്കണം… വേറെ എത്ര സാറമ്മാർ ഇവിടെ ഉണ്ട്?? എന്നിട്ടും ആ ചൊറിയൻ ജോണിന്റെ അടുത്ത് കൊണ്ട് പോയി തലവെക്കാനേ നിങ്ങൾക്ക് തോന്നിയുള്ളോ?? ” പുള്ളി ഒരല്പ്പം ദേഷ്യത്തോടെ ചോദിച്ചു.
” അറിഞ്ഞു കൊണ്ടല്ല സർ.. പറ്റിപ്പോയതാ…. ”
” ആ കുട്ടി ഉണ്ടല്ലോ.. ശ്രീലക്ഷ്മി. അവൾ ഒരു ഔട്‍സ്റ്റാൻഡിങ് സ്റ്റുഡൻറ് ആണ്, പഠിത്തത്തിലും, ബാക്കി കാര്യത്തിലും ഒക്കെ. ഇങ്ങനെ രാഷ്ട്രീയം കളിച്ചു നടന്നാ അതിനൊന്നും വിലയില്ലാതായിപ്പോവും. താനൊന്നു പറഞ്ഞു മനസ്സിലാക്കു…. ” പറഞ്ഞിട്ട് സാർ മുന്നോട്ട് നടന്നു.
” തനിക്ക് ഇവിടെ എന്തെങ്കിലും പണി ഉണ്ടോ?? ഇല്ലങ്കിൽ എന്റെ റൂമിലേക്ക് വാ… കുറച്ചു പണി ഉണ്ട്. ” സാർ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
എനിക്കെന്ത് പണി.. ഇവിടിരുന്നു ബോറടിക്കുന്നു… ഞാൻ ഒന്നും മിണ്ടാതെ സാറിന്റെ പിന്നാലെ നടന്നു. അവിടെ നിന്നും ഞങ്ങളുടെ ബ്ലോക്ക് വരെ ഉള്ള കുറച്ചു സമയത്തിനുള്ളിൽ ഞാൻ സാറിനെ കുറിച്ച് കുറച്ചു കൂടെ അറിഞ്ഞു. എല്ലാവര്ക്കും വലിയ ഇഷ്ടം ഉള്ള ആളാണ് സാർ… ടീച്ചേഴ്‌സിനും, സ്റുഡന്റ്സിനും ഒരുപോലെ. സാറിനെ കണ്ടാൽ ആരും മുഖം തിരിച്ചോ, വിഷ് ചെയ്യാതെയോ പോവുന്നില്ല. എല്ലാവരും ഒരു ചെറിയ ചിരിയോടെ സാറിനോട് വിഷ് ചെയ്യുന്നു. അശോകൻ സാർ ആണേൽ എല്ലാവരോടും തലയാട്ടി കൊണ്ട് മുന്നോട്ട് നടക്കുന്നു. ചിരി ഒന്നുമില്ല. അതാണ് സാറിന്റെ രീതി എന്ന് തോന്നുന്നു.
നടന്നു സാറിന്റെ റൂമിൽ എത്തി. ‘ ഡോ : അശോകൻ പി. ‘ ആള് പി.എച്.ഡി.ഒക്കെ ആണ്. സാർ റൂം തുറന്നു അകത്തു കയറി ഫാനും ലൈറ്റും ഇട്ടു. ചെറിയൊരു റൂം ആണ്, ഗ്ലാസ് കൊണ്ട് മറച്ചത്. റൂമിൽ ഒരു വലിയ ടേബിളും രണ്ട ഷെൽഫും, ഒരു മൂലക്കായി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും. കമ്പ്യൂട്ടർ വേറെ ഒരു ചെറിയ മേശയിൽ ആണ്. അതിന്റെ മുന്നിൽ ഒരു പ്ലാസ്റ്റിക് കസേര. സാറിന്റെ ടേബിളിൽ കുറെ ബുക്കും പേപ്പറും പേന സ്റ്റാൻഡും റെക്കോർഡ് ബുക്കുകളും റിപ്പോർട്ടും ഒക്കെ ഉണ്ട്.
എന്നോട് കമ്പ്യൂട്ടർ ഓൺ ആക്കാൻ പറഞ്ഞിട്ട് സാർ ഏതോ റെക്കോർഡ് ഇരുന്നു നോക്കാൻ തുടങ്ങി.
