രാത്രി അമ്മ വന്നു ഗൗരി ഒക്കെ വരുന്ന ട്രെയിൻ ലേറ്റ് ആണ്, അവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് കിട്ടില്ല, അത് കൊണ്ട് കാറും കൊണ്ട് അവരെ പിക്ക് ചെയ്യാൻ പോവണം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി. ഒരു മണിക്കൂർ എങ്കിൽ ഒരു മണിക്കൂർ നേരത്തെ അവളെ കാണാലോ…
വീട്ടിലെ ‘ലിവ’ എടുത്ത് പോവാൻ റെഡി ആയി.. വണ്ടിക്ക് ചെറുതായിട്ട് ഒരു മിസ്സിംഗ് കാണിക്കുന്നുണ്ട്. രണ്ട മൂന്നു തവണ കീ കൊടുത്തിട്ടാണ് സ്റ്റാർട്ട് ആയത്. ബാറ്ററി ഇറങ്ങിക്കാണും ചിലപ്പോ. നാളെ നോക്കണം. ട്രെയിൻ അധികം ലേറ്റ് ഒന്നും അല്ലായിരുന്നു. അവർ സ്റ്റേഷന്റെ മുന്നിലേക്ക് ഇറങ്ങി വന്നപ്പോ ഞാൻ കാര് കൊണ്ട് പോയി അവരുടെ മുന്നിൽ നിർത്തി. ഡിക്കി തുറന്നു കൊടുത്തു. ഗീതേച്ചിയും ഗൗരിയുടെ അച്ഛനും, അവളും അനിയനും. ഗീതേച്ചി എന്നെ കണ്ടു ചിരിച്ചു വിശേഷങ്ങൾ ചോദിച്ചു. അവളുടെ അച്ഛൻ എന്റെ കൂടെ മുന്നിൽ കേറി. ഗീതേച്ചി മക്കളുടെ രണ്ടുപെടുടെയും നടുക്ക് ഇരുന്നു യാത്രയെ കുറിച്ചും, ഫുഡിനെ കുറിച്ചും ഒക്കെ പറയുന്നുണ്ടായിരുന്നു. ഞാൻ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി. അവൾ ഒന്നും മിണ്ടാതെ ഗ്ലാസിലേക്ക് തല വെച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയാണ്… ചെക്കൻ ഫോണിൽ കളിച്ചു കൊണ്ട് അപ്പുറത്തെ സൈഡിലും.
അവരുടെ വീട്ടിൽ കൊണ്ട് പോയി അവരെ ഇറക്കി ഞാൻ വണ്ടി തിരിച്ചു. അവൾ എന്നെ മൈൻഡ് ആക്കാതെ വീട് തുറന്നു അകത്തോട്ട് പോയി. ഞാനും വന്നു മുഖം കഴുകി അവൾക്കെന്ത് പറ്റി എന്നും വിചാരിച്ചു കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ അവളെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ സ്‌കൂളിലേക്കും അച്ഛൻ എന്തോ ആവശ്യത്തിന് ബാങ്കിലേക്കും പോയി. ഞാൻ ബെഡിൽ കിടന്നു അന്ന് ഗൗരി വീട്ടിൽ വന്ന ദിവസവും, അതിനു ശേഷം ഉള്ള കാര്യങ്ങളും ഒക്കെ ആലോചിച്ചു കിടന്നു
ടും..ടും… ജനൽ തട്ടുന്ന ശബ്ദം…
ഇങ്ങനെ ഒരാളെ ചെയ്യൂ…. ഗൗരി.. ഞാൻ സന്തോഷത്തോടെ ചാടി എണീറ്റ് ജനൽ തുറന്നു. അവൾ അരക്ക് കയ്യും കുത്തി ഒരു കൈയിൽ വടി എടുത്ത് കറക്കിക്കൊണ്ട് ഇങ്ങോട്ട് നോക്കുന്നു…
” മ്…??? എന്താ.. ” ഞാൻ ചിരിയോടെ ചോദിച്ചു.
” ഒന്നുമില്ല… ഇത് തരാൻ ആണ്..” അവൾ പ്രത്യേകിച്ച് ഭാവമാറ്റം ഇല്ലാതെ താഴെ നിന്നും ഒരു പൊതി എടുത്ത് എനിക്ക് നേരെ നീട്ടി. അമ്പലത്തിലെ പ്രസാദം ആണ്.
” ഇതിലൂടെ പറ്റില്ല… ഇങ്ങോട്ട് കൊണ്ട് വാ… ” ഞാൻ പറഞ്ഞിട്ട് വാതിലടച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തട്ടുന്ന ശബ്ദം കേട്ടു. ഞാൻ പോയി വാതിൽ തുറന്നു, അവൾ പൊതിയും തന്നു പോവാൻ ഒരുങ്ങി…
” നീയിതെങ്ങോട്ടാ…?? ” കുറച്ചു നേരം ഇവിടിരിക്ക്…
” പിന്നെ… എനിക്ക് വേറെ പണി ഉണ്ട്.. ” അവൾ മുഖം കോട്ടികൊണ്ട് പറഞ്ഞു.
” എന്ത് പണി..?? നീയെന്താ ഇത്ര ദേഷ്യത്തിൽ… ?? ”
” ഒന്നുമില്ല….”
” എന്നിട്ടാണോ മുഖം ഇങ്ങനെ വീർപ്പിച്ചിരിക്കുന്നെ?? വീട്ടിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ ?? ”
” വീട്ടിൽ ഒന്നുമില്ല…”
” നീ അകത്തേക്ക് കേറൂ…” ഞാൻ ചെന്ന് സെറ്റിയിൽ ഇരുന്നു.
അവൾ വന്നു അടുത്തുള്ള സെറ്റിയിൽ ഇരുന്നു. ഒന്നും മിണ്ടുന്നില്ല. എന്താണാവോ??
” നീയന്നു എന്റെ ഫ്രെണ്ടിന്റടുത്തു ഞാനാണെന്ന് വിചാരിച്ചു സംസാരിച്ചല്ലേ… അവൻ എന്നോട് പറഞ്ഞു” അത് കേട്ടതും അവളുടെ മുഖത്തു ചമ്മൽ വരാൻ തുടങ്ങി.
” മ്… ഞാൻ വിചാരിച്ചു അവിടുന്നു പുറത്താക്കി എന്ന്.. ”
” അന്ന് പുറത്താക്കിയിരുന്നില്ല… പക്ഷെ ഇപ്പൊ പുറത്താ… ”
ഞാൻ ചിരിച്ചുകൊണ്ട് അവളോട് സമരം ചെയ്തതും, സസ്‌പെൻഷൻ അടിച്ചതും ഒക്കെ പറഞ്ഞു. എല്ലാം കെട്ടുകഴിഞ്ഞപ്പോ അവൾ താടിക്ക് കൈ കൊടുത്തു എന്നെ നോക്കിക്കൊണ്ട് നന്നാവില്ലല്ലേ ന്നു പറഞ്ഞു. പിന്നെ അവളുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി. പറയാൻ ഒന്നുമില്ല, രാവിലെ കോളേജിൽ പോവുന്നു, തിരിച്ചു വരുന്നു.
” നീയെന്നെ മിസ് ചെയ്തിരുന്നോ… ?? ഞാൻ നിന്നെ നന്നായിട്ട് മിസ് ചെയ്തിരുന്നു… സ്വപ്നം ഒക്കെ കണ്ടായിരുന്നു. ”
” എന്ത്…. ?? ”
” നീ ഏതോ അമ്പലക്കുളത്തിൽ വീഴുന്നത്… ”
