“ഇന്നാ ഏട്ടാ..”
പ്രസാദിന്റെ നോട്ടത്തെ ശ്രദ്ധിച്ചു കൊണ്ടാണ് അവൾ വെള്ളം നൽകിയത്. അവന്റെ കൈകൾ വിറക്കുന്നുണ്ട്നായിരുന്നു. അവളവന്റെ അടുത്തിരുന്നു.
വെള്ളം കുടിച്ച് മൊന്ത തിരിച്ചു നൽകുമ്പോൾ പരവശമാണ് അവന്റെ മുഖത്ത്.
“എന്താ ഏട്ടാ.. എന്തു പറ്റി..? എന്നോടെന്തെങ്കിലും പറയാനുണ്ടോ..?”
“എ..ഏയ്..ഒന്നുമില്ല..”
അവളുടെ ധൈര്യത്തോടെയുള്ള ചോദ്യത്തിൽ അവനൊന്നു ഞെട്ടിയിരുന്നു എന്നതാണ് സത്യം.
“ചോദിക്കാനോ..?”
“ഇല്ലെടി.. എന്തേ..?”
“പിന്നേ.. സംശയമാണോ…?”
“നീ എന്തൊക്കെയാ പറയുന്നേ അച്ചൂ..?”
“ഏട്ടാ എന്തുണ്ടെങ്കിലും എന്നോട് പറയ്..ചോദിക്ക്..”
പ്രസാദ് പരുങ്ങുവാണ്. ചോദിച്ചാൽ അവൾക്കതൊരു ബുദ്ധിമുട്ടാകുമോ എന്നുള്ള ചിന്ത.
“എന്താ ഏട്ടാ..?”
“അല്ലേടി..സംസാരിക്കുമ്പോൾ മാധവേട്ടൻ നിന്നെ തൊടാറുണ്ടെന്ന് പറഞ്ഞില്ലേ..?”
“ആ..”
“അത്.. അത് എന്തോ ഒരു വിഷമം പോലെ..”
“എനിക്ക് തോന്നി.. ഏട്ടനത് വിട്ടു കളഞ്ഞില്ല അല്ലേ..?”
“കളഞ്ഞു.. പക്ഷെ..”
“ഞാൻ പറഞ്ഞില്ലേ.. അത് വേറൊരു തരത്തിലുമല്ല.. അല്ലാതെ എങ്ങനെ ഇവിടെ കഴിയാനാണ്..?”
അവളുടെ കൂസലില്ലാത്ത സംസാരം അവനെ പിടിച്ചുലച്ചു. നേരത്തെ സംസാരിച്ചത് പോലെയായിരുന്നില്ല അവളുടെ ഇപ്പോഴുള്ള ഭാവം.
മാധവന്റെ നോട്ടങ്ങളെ, സംസാരങ്ങളെ ഭയന്നിരുന്ന, എന്നോട് പരാതി പറഞ്ഞിരുന്ന അശ്വതിക്ക് ഇപ്പൊ അയാൾ തൊടുന്നത് വലിയ കുഴപ്പമില്ലെന്ന തരത്തിൽ തന്റെ മുൻപിൽ അംഗീകരിക്കുകയാണവൾ. അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
“ഏട്ടന് അതോർക്കുമ്പോൾ പേടി തോന്നുന്നുണ്ടോ..?”
“അല്ലടി..”
“രാത്രി ഭക്ഷണം വിളമ്പാൻ ഏട്ടന്റെ മുന്നിൽ വച്ച് എന്റെ കയ്യിൽ പിടിച്ച് കൊണ്ടു പോയത് ഓർമ്മയുണ്ടോ..?”
അവൻ പറയുന്നതിന് മുൻപേ അവൾ കയറി ചോദിച്ചു.
“മ്മ്..”
“അതാണ് അയാൾ. ആരെയും പേടിക്കാനില്ല. സ്വതന്ത്രമായ ജീവിതം. നമ്മൾ അയാളുടെ കയ്യിൽ നിന്ന് ഔദാര്യം സ്വീകരിച്ചു കഴിഞ്ഞു. അപ്പോ ഇങ്ങനെയൊക്കെയേ അയാൾ പ്രവർത്തിക്കു. ഏട്ടനത് മനസ്സിലാക്കണം. കണ്ടില്ലെന്ന് നടിക്കണം. ഇല്ലെങ്കിൽ വിഷമിക്കാനെ നേരമുണ്ടാകു..”
“നിനക്ക് പറ്റുന്നുണ്ടോ അങ്ങനെ..??”
“ഉം..”
“അപ്പോ അയാൾ നിന്നെ തൊടുന്നത് കുഴപ്പമില്ലേ..?”
“കുഴപ്പമുണ്ടായിട്ട്.. എന്തു ചെയ്യാനാവും..? പ്രശ്നമാക്കിയാൽ പരിഹാരം ഉണ്ടാവുമോ..? ഏട്ടനന്ന് ചോദിച്ചില്ലേ അയാളെന്റെ വായ പൊത്തുകയോ കേറി പിടിക്കുകയോ ചെയ്താൽ ഏട്ടനറിയുമോ എന്ന്. എനിക്കെന്തെങ്കിലും ചെയ്യാനാവുമോ..?””
“അച്ചൂ.. അയാൾ നിന്നെ എന്തെങ്കിലും ചെയ്യുന്നുണ്ടോ..?”
ദയനീയമായിയുന്നു അവന്റെ ചോദ്യം. കലങ്ങിയ മുഖവുമായി അവൾ എഴുന്നേറ്റു.
“എടി..”
അവനവളുടെ കയ്യിൽ പിടിച്ചു.
“ഞാൻ പറഞ്ഞില്ലേ.. കയ്യിൽ തൊടാറും പിടിക്കാറുമുണ്ട്. വേറെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ അറിയിക്കാം..”
“എടി.. എന്താ നിയീ പറയുന്നേ..”
“വേറെന്താ പറയണ്ടേ.. എനിക്കിപ്പോ ഇങ്ങനെ പറയാനേ ആവു.”
മറുപടി കിട്ടാതെ അവനവളുടെ കൈ വിട്ടു.
“ഞാൻ അലക്കിയിട്ടു വരാം..”
പുറത്തേക്ക് നടക്കുമ്പോൾ അവളുടെ കവിൾത്തടങ്ങൾ നനഞ്ഞിരുന്നു. മനസ്സ് ശൂന്യമായ അബോധാവസ്ഥയിൽ പ്രസാദ് നിലവിളിക്കുകയാണ്. ആർക്കും കേൾക്കാനാവാത്ത സ്വരത്തിൽ..!!
സമയം നീങ്ങി.
വൈകുന്നേരമാകുമ്പോഴേക്കും അശ്വതി കുളി കഴിഞ്ഞിരുന്നു. എല്ലാം വൃത്തിയാക്കിയിട്ടുള്ള കുളി..!
ഉടുക്കേണ്ടി വരുന്നത് മാധവൻ കൊണ്ടു തന്ന സാരിയാണ്. ജീവിതം അടിയറവ് വച്ച നിസ്സഹായത.
സ്കൂൾ വിട്ടു വന്ന ചിന്നുമോളെ നിറഞ്ഞ പുഞ്ചിരിയോടെ അവൾ സ്വീകരിച്ചു. സ്നാക്ക്സ് കഴിക്കാൻ കൊടുത്ത് അവളോട് കൊച്ചു വാർത്തനങ്ങളൊക്കെ പറയുമ്പോൾ ഒരാശ്വാസം. ശേഷം കുളിപ്പിച്ച് പഠിക്കാനിരുത്തി.
പ്രസാദിനെ വന്ന് നോക്കുമ്പോൾ കണ്ണുകൾ തുറന്ന് കിടക്കുകയാണവൻ. വാതിൽ മറവിൽ നിന്ന് വീക്ഷിച്ച് പിൻവലിയുമ്പോൾ ചിലതൊക്കെ പ്രസാദിനെ അറിയിച്ചതിന്റെ സങ്കടമുണ്ട് അവളുടെ മനസ്സിൽ. പക്ഷെ ഇതൊക്കെ ഇങ്ങനെയേ നീങ്ങു.
രാത്രിയിലേക്ക് അടുക്കുമ്പോൾ ഭക്ഷണമുണ്ടാക്കുന്ന പണിയിലേക്ക് കടന്നു. ചെറുതായി എന്തെങ്കിലും ഉണ്ടാക്കുകയെ വേണ്ടു.
