”ഓ… ചിലർക്ക് വെള്ളമടിക്കാൻ കമ്പനി കിട്ടിയേ തീരൂ എന്ന് വല്ലാത്ത നിർബന്ധമാ! എന്നാൽ ആരെങ്കിലും കഷ്ടപ്പെട്ട് കമ്പനി കൊടുത്താലോ… അവർ മിണ്ടുകയുമില്ല, പറയുകയുമില്ല. പിന്നെ എന്തിനാണാവോ ഈ കമ്പനിയൊക്കെ? ഒറ്റയ്ക്കടിച്ചു കൂടേ?”
അച്ചുവിന്റെ ആ നിർത്താതെയുള്ള ചൊടിപ്പിക്കലും ആ മുഖത്തെ ഗമയും കണ്ടപ്പോൾ അക്കുവിന് ഇത്രയും നേരം പിടിച്ചുനിർത്തിയ സകല നിയന്ത്രണങ്ങളും വിട്ടുപോയി. ഗൗരവം നടിക്കാൻ ശ്രമിച്ച അവന്റെ മുഖത്തെ പേശികൾ പതുക്കെ അയഞ്ഞു. അടുത്ത നിമിഷം, ഉള്ളിലൊതുക്കിയ ആ ചിരി ഒരു വലിയ പൊട്ടിച്ചിരിയായി പുറത്തേക്ക് ചാടി…
തന്റെ സകല ജാഡയും വെടിഞ്ഞ് അക്കു പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ അച്ചുവിന്റെ ചുണ്ടിലും ഒരു കള്ളച്ചിരി വിരിഞ്ഞു. ആ ചിരിയിൽ അവരുടെ പിണക്കത്തിന്റെ മഞ്ഞുരുകിപ്പോയിരുന്നു…
അച്ചു പതുക്കെ സംസാരം തുടങ്ങി. ആദ്യം അവന്റെ ഓഫീസിലെ തിരക്കുകളെപ്പറ്റിയും കൂടെ ജോലി ചെയ്യുന്നവരെപ്പറ്റിയും ഒക്കെ വളരെ നിഷ്കളങ്കമായി അവൾ ചോദിച്ചുകൊണ്ടിരുന്നു. അക്കുവാകട്ടെ, ചേച്ചി പഴയതൊക്കെ മറന്നു എന്ന് കരുതി വളരെ ലളിതമായി മറുപടിയും നൽകി.
പക്ഷേ, പെട്ടെന്നായിരുന്നു അച്ചുവിന്റെ ആ ‘യൂ-ടേൺ’. അവൾ പതുക്കെ ഗ്ലാസ്സ് താഴെ വെച്ച് നേരെ കാര്യത്തിലേക്ക് കടന്നു:
”അല്ലടാ അക്കു… അവൾ ഏത് നാട്ടുകാരിയാ ആ ചബീന? ഓഹ്… സോറി, സോറി! നിന്റെ ആ ‘ഷബീന’ മാഡം!” അവൾ ഒരിക്കൽ കൂടി കൈകൂപ്പി പഴയ പരിഹാസം മുഖത്തെടുത്തു.
അക്കുവിന് മടുത്തു തുടങ്ങിയിരുന്നു. “ഓ എന്റെ ചേച്ചി… അതൊന്നു വിട്ടു കള. എന്തിനാ പിന്നെയും പിന്നെയും അതിലേക്ക് തന്നെ വരുന്നത്?”
“വെറുതെ ഒന്ന് അറിയാനാടോ, നീ പറ,” അച്ചു വിടാൻ ഭാവമില്ല.
”ഇത് ചേച്ചി എന്നെ വെറുതെ കളിയാക്കാൻ വേണ്ടി ചോദിക്കുന്നതാ…” അക്കു സംശയത്തോടെ അവളെ നോക്കി.
”അല്ലടാ അക്കു… നമുക്ക് സംസാരിക്കാൻ എന്തെങ്കിലും ഒരു വിഷയം വേണ്ടേ? അതുകൊണ്ട് ചോദിക്കുന്നതാ. നീ പറ… അവൾ ഏത് നാട്ടുകാരിയാ? വിവാഹം കഴിഞ്ഞതാണോ? കാണാനൊക്കെ കൊള്ളാമോ?”
പാവം അക്കു! അച്ചു വിരിച്ച ആ വല മനസ്സിലാക്കാതെ അവൻ പതുക്കെ കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി.
”അവർ മലയാളിയാണ്… കല്യാണമൊക്കെ കഴിഞ്ഞതാ. പക്ഷേ ഭർത്താവ് ഒരു അമേരിക്കക്കാരൻ ഡോക്ടറാ,,,
“എങ്ങനെ… കാണാനൊക്കെ കൊള്ളാമോ?” അച്ചുവിന്റെ ആ ചോദ്യം കേട്ടപ്പോൾ അക്കുവിന് എവിടെയോ ഒരു പന്തികേട് തോന്നി. അവൻ അവളെ സംശയത്തോടെ ഒന്ന് നോക്കി.
പക്ഷേ അച്ചു വിട്ടുകൊടുത്തില്ല, അവൾ അവന് നല്ല ധൈര്യം കൊടുത്തു. “നീ പേടിക്കാതെ പറഞ്ഞൂടെടാ, ഞാൻ വെറുതെ ഒരു കൗതുകത്തിന് ചോദിക്കുന്നതല്ലേ…”
അക്കു ഒന്ന് ആശ്വസിച്ച് ഒരു നെടുവീർപ്പിട്ടു. എന്നിട്ട് സത്യം അങ്ങ് തുറന്നു പറഞ്ഞു… “സത്യം പറഞ്ഞാൽ ചേച്ചി… കാണാൻ നല്ല മെനയുള്ള കൂട്ടത്തിലാ. നല്ല വെളുത്തിട്ടാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്ന് ആരും പറയില്ല. ഇപ്പോഴും കണ്ടാൽ ഒരു 20-22 വയസ്സേ തോന്നിക്കൂ…”
ഇത് കേട്ടതും അച്ചുവിന്റെ ഉള്ളിൽ രക്തം തിളച്ചു കയറി! തന്റെ അക്കു മറ്റൊരുത്തിയുടെ വെളുപ്പിനെയും ചെറുപ്പത്തെയും പറ്റി ഇത്ര വാചാലനാകുന്നത് അവൾക്ക് സഹിക്കുന്നില്ലായിരുന്നു,,, എങ്കിലും അത് പുറത്തു കാട്ടാതെ അവൾ വീണ്ടും ചോദിച്ചു:
“സ്വഭാവമൊക്കെ എങ്ങനെയാ?”
”ആ… അവിടെയാണ് ചെറിയൊരു പ്രശ്നം,” അക്കു പതുക്കെ ശരീരം മുന്നോട്ട് ആഞ്ഞ് ഒരു രഹസ്യം പറയുന്നതുപോലെ അവളുടെ അടുത്തേക്ക് നീങ്ങി.
“നമ്മളോടൊക്കെ നല്ല പെരുമാറ്റമാണ്. പക്ഷേ അവരെപ്പറ്റി സീരിയസായ ചില ഊഹാപോഹങ്ങളുണ്ട്.”
അച്ചു പുരികം ഉയർത്തി ആകാംക്ഷയോടെ അവനെ നോക്കി.
”ഇവരുടെ ആദ്യത്തെ ഭർത്താവ് ഒരു മലയാളിയായിരുന്നു. ഈ ഡോക്ടറുമായുള്ള അവിഹിതം ഭർത്താവ് പിടിച്ചപ്പോൾ, ഇവർ രണ്ടും കൂടെ അയാളെ കൊന്നതാണെന്നോ അതോ അയാൾ മനംനൊന്ത് ആത്മഹത്യ ചെയ്തതാണോ എന്നൊക്കെ പല സംസാരങ്ങളും ഓഫീസിലുണ്ട്.”
”ആടാ… നീയെന്നാൽ പോയി ചെന്ന് കയറിക്കൊടുക്ക്! അതോടെ തീരും നിന്റെ കാര്യം!” അച്ചു ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു.
