എന്തായാലും ആ കോലത്തിൽ വന്നത് കൊണ്ട് പ്രിൻസിപ്പൽ അത് എന്റെ ചേച്ചി ആണെന്ന് വിശ്വസിച്ചു. എന്നാലും ഞങ്ങളുടെ രണ്ട് പേരുടെയും നിറവും സൗന്ദര്യവും ഒക്കെ കണ്ടു പ്രിൻസിപ്പലിനു ചെറിയ സംശയം എങ്കിലും തോന്നി കാണില്ലേ.. ചിലപ്പോ അത് അഡ്ജസ്റ്റ് ചെയ്യാൻ ആയിരിക്കും ശിവ ഇത് പോലെ ഒരു കോലത്തിൽ വന്നത്. പ്രിൻസിപ്പൽ എന്നെ ശകാരിക്കുമ്പോളും എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്..
എന്നെ ഇവിടെ വിളിച്ചു വരുത്തി വിസ്താരം ചെയ്യണം എന്ന് പ്രിൻസിപ്പലിനു വലിയ നിർബന്ധം ഒന്നും ഇല്ലായിരുന്നു. എത്രയോ പണികൾ ഉള്ളപ്പോൾ ആണ് ഇങ്ങനെ ഒരു തള്ള് കേസ്. ഇതൊക്കെ മീനുവിന്റെ നിർബന്ധം ആയിരുന്നു. അവൾ ആണേൽ ഇന്ന് വന്നിട്ടുമില്ല. പിന്നെ പരീക്ഷക്ക് ഒക്കെ ഞാൻ ജയിച്ചിട്ടുണ്ട്. തരക്കേടില്ലാത്ത മാർക്കും ഉണ്ട്.. അപ്പോൾ പിന്നെ എന്നെ കൂടുതൽ ശകരിക്കേണ്ട എന്ന് വച്ചു പ്രിൻസിപ്പൽ പറഞ്ഞു വിട്ടു..
‘നീ എന്താ ഈ കോലത്തിൽ..?
പ്രിൻസിപ്പൽ റൂമിന് പുറത്തിറങ്ങി കഴിഞ്ഞു ഞാൻ ശിവയോട് ചോദിച്ചു
‘അനിയന്റെ തോന്നിവാസങ്ങൾക്ക് തെറി കേൾക്കാൻ വരുന്ന ചേച്ചി പിന്നെ അടിച്ചു പൊളി കോലത്തിൽ വരാൻ പറ്റില്ലല്ലോ. ഇത് ആകുമ്പോ കുറച്ചു സിംപതി കിട്ടും..’
സിംപതിക്ക് ഉള്ളത് ശിവ വാരി വിതറിയിരുന്നു.. അമ്മക്ക് വയ്യാതെ കിടക്കുവാണ്. അച്ഛൻ ഇല്ല. അതാണ് സ്കൂളിൽ വരാൻ താമസിച്ചത് എന്നൊക്കെ. പ്രിൻസിപ്പൽ അതൊക്കെ വിശ്വസിച്ചു
‘നീ എന്താ ക്ലാസ്സിൽ കേറാതെ നടക്കുന്നെ..?
പെട്ടന്നാണ് സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ആലീസ് ടീച്ചറും അഫ്രിയ ടീച്ചറും ഞങ്ങളെ കണ്ടത്. അവരെ കണ്ടപ്പോ ശിവ കുറച്ചൊന്നു പരുങ്ങി
‘ചേച്ചി ആണ്.. പ്രിൻസിപ്പലിനെ കാണാൻ വന്നതാ..’
ഞാൻ കുറച്ചു അഭിമാനത്തോടെ പറഞ്ഞു
‘ഇത്.. നിന്റെ ചേച്ചി…?
ആലീസ് ടീച്ചർ സംശയത്തോടെ ചോദിച്ചു
‘അതേ..’
ഞാൻ പറഞ്ഞു. ഞങ്ങളുടെ ലുക്ക് വച്ചു ടീച്ചർക്ക് സംശയം ഉണ്ടെന്നാണ് എനിക്ക് തോന്നിയത്
‘പ്രിൻസിപ്പലിനു നിന്നേ ഓർമ ഉണ്ടാവില്ല. പക്ഷെ ഞാൻ നിന്നേ മറന്നിട്ടില്ല ശിവദേ…’
ആലീസ് ടീച്ചർ അത് പറഞ്ഞപ്പോ ഞാൻ ഞെട്ടി. ടീച്ചർക്ക് ശിവയെ അറിയാം..
‘എന്നെ പഠിപ്പിച്ചിട്ടുണ്ട്..’
ശിവ ജാള്യതയോടെ എന്നെ നോക്കി പറഞ്ഞു. ഈശ്വരാ പെട്ടല്ലോ
‘ടീച്ചർ സുഖമല്ലേ…?
ശിവ ഇളിച്ചു കൊണ്ട് ചോദിച്ചു
‘പിന്നെ സുഖം.. ഇവന്റെ അമ്മയും ചേച്ചിയും എവിടെ..? നീ ആണോ അവർക്ക് പകരം വരുന്നത്..?
ടീച്ചർ ചോദിച്ചു
‘അത്.. അമ്മക്ക് വയ്യ. പിന്നെ സ്നേഹക്ക് എക്സാം ഉണ്ട്..’
ശിവ പെട്ടന്ന് മനസ്സിൽ വന്ന കള്ളം പറഞ്ഞു
‘മതി.. മതി കൂടുതൽ നുണ പറയണ്ട. നിന്റെ കൂട്ടാണല്ലേ ഇവൻ. വെറുതെ അല്ല ഇവൻ ഓരോ പ്രശ്‌നത്തിൽ പോയി ചാടുന്നത്..’
ടീച്ചർ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്. ശിവ അത് കേട്ട് ചിരിച്ചു കൊണ്ട് നിന്നതേ ഉള്ളു. ശിവ ആദ്യമായ് ആണ് ഒരാളുടെ മുന്നിൽ കുറച്ചു അടങ്ങി നിൽക്കുന്നത് ഞാൻ കാണുന്നത്. ടീച്ചർമാരെ ഒക്കെ ശിവക്ക് വലിയ കാര്യം ആണെന്ന് തോന്നുന്നു. പ്രത്യേകിച്ച് ആലീസ് ടീച്ചറിനെ. അവർക്കും തിരിച്ചു അതേ പോലെ ആണെന്ന് അവരുടെ തുടർന്നുള്ള സംഭാഷണങ്ങളിൽ നിന്നെനിക്ക് തോന്നി
‘അല്ലേലും വീട്ടിൽ നിന്നൊന്നും വരണ്ട കാര്യമില്ല.. ആ മീനു ടീച്ചറുടെ വാശിയാണ്.. ടീച്ചർക്ക് ഇവനോട് എന്തോ പ്രത്യേക ഇഷ്ടം ആണ്..’
മിണ്ടാതെ നിന്ന അഫ്രിയ ടീച്ചർ എനിക്ക് വേണ്ടി സംസാരിച്ചു
‘അഫ്രിയ ടീച്ചർ അല്ലേ…?
ശിവ പെട്ടന്ന് കേറി ചോദിച്ചു
‘അതേ.. എന്നെ എങ്ങനെ അറിയാം…?
ടീച്ചർ ശിവയോട് ചോദിച്ചു
‘ഇവൻ എപ്പോളും പറയും.. സംസാരം കേട്ടപ്പോ എനിക്ക് തോന്നി.. പിന്നെ കയ്യിലെ കെട്ടും..’
പഞ്ചർ നോക്കി ചിരിച്ചു കൊണ്ട് ശിവ പറഞ്ഞു.. അഫ്രിയ ടീച്ചറും ചിരിച്ചു
വിഷയം അത്ര ഗൗരവം അല്ലാത്തത് കൊണ്ടും ഞാൻ ടീച്ചർമാരുടെ മുന്നിൽ നല്ല പിള്ള ആയത് കൊണ്ടും ഈ ആൾ മാറാട്ടം അവർ പൊറുത്തു.. ടീച്ചർമാരോട് യാത്ര പറഞ്ഞു പോകാൻ തുടങ്ങുമ്പോ ലാസ്റ്റ് പീരീഡ് ഫ്രീ ആയത് കൊണ്ട് എന്നെയും കൂടി കൊണ്ട് പൊയ്ക്കോട്ടേ എന്ന് ശിവ അനുവാദം ചോദിച്ചു. ആലീസ് ടീച്ചർ അതിന് ഓക്കേയും പറഞ്ഞു..
