ശിവ പറഞ്ഞു
‘നീ അവനോട് ചോദിച്ചു നോക്ക് ഞങ്ങൾ ആരെങ്കിലും അവനെ അങ്ങനെ ആണോ കണ്ടിരിക്കുന്നത് എന്ന്. അവനെ പരുപാടിക്ക് കൊണ്ട് പോകാത്തത് നീ അതിനൊന്നും അവനെ വിളിച്ചോണ്ട് പോകരുത് എന്ന് പറഞ്ഞിട്ടുള്ളെ കൊണ്ടാണ്. അല്ലാതെ അവനെ വേറെ ആയിട്ടൊന്നും ഞാനോ ഇവരൊ കണ്ടിട്ടില്ല..’
കണ്ണൻ ചേട്ടൻ പറഞ്ഞു
കണ്ണൻ ചേട്ടനൊക്കെ അവരുടെ രാഷ്ട്രീയ പരുപാടികൾ വരുമ്പോൾ എന്നെ വിളിക്കാറോ കൂടെ കൂട്ടാറോ ഇല്ലായിരുന്നു. അതെനിക്ക് വലിയ വിഷയം അല്ലായിരുന്നു, കാരണം എനിക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ലായിരുന്നു.. അതൊക്കെ ശിവേച്ചി പറഞ്ഞത് കൊണ്ടാണ് എന്ന് ഞാൻ ഇപ്പോളാണ് അറിഞ്ഞത്. ഞാൻ ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നത് ഒക്കെ ശിവേച്ചി കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നോ..? അതെനിക്ക് ഒരു അത്ഭുതം ആയിരുന്നു.. ഇവളെ ഓരോന്നായി മനസിലാക്കി വരുമ്പോൾ വല്ലാത്ത ഒരു ആരാധന കൂടി കൂടി വരുന്നു..
‘നിങ്ങളുടെ പോലെ തന്നെ കണ്ടിട്ടാണോ ഇവന് മര്യാദക്ക് ഒരു ഓവർ പോലും കൊടുക്കാത്തത് അവിടെ വരുമ്പോ ഒക്കെ. ഇപ്പൊ എത്ര നാളായി അവൻ നിങ്ങളുടെ കൂടെ കളിക്കുന്നു. ഇത് വരെ അവനൊരു അവസരം കൊടുത്തിട്ടുണ്ടോ..? നിന്റെ ഒക്കെ ബോൾ പെറുക്കാൻ വേറെ ആരെയെങ്കിലും നോക്ക്. അവനെ വിളിക്കണ്ട..’
ശിവേച്ചി കടുപ്പത്തിൽ ആണ്
‘എന്റെ പൊന്ന് ശിവേ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.. ഞാൻ ആണ് ഉറപ്പ് തരുന്നെ..’
കണ്ണൻ ചേട്ടൻ പിന്നെയും താഴ്ന്നു കൊടുത്തു.. താഴ്ന്നു നിൽക്കാതെ നാവാടാൻ നിന്നാൽ ശിവയോട് മുട്ടി നിൽക്കാൻ പറ്റില്ലല്ലോ..
‘മ്മ്… ശരി.. ഇനി ഇവൻ എന്തെങ്കിലും പരാതി ഇവിടെ വന്നു പറഞ്ഞാൽ ആണ്…?
ശിവ ഒരു ലാസ്റ്റ് വാണിങ് പോലെ പറഞ്ഞു
‘ഇനി ഒന്നും ഉണ്ടാവില്ല.. അമ്മ എവിടെ..? അമ്മയോട് കൂടെ സമ്മതം വാങ്ങിക്കണം..’
കണ്ണൻ ചേട്ടൻ പറഞ്ഞു
‘അതൊന്നും കുഴപ്പമില്ല.. നിങ്ങൾ പൊക്കോ..’
ശിവേച്ചി പറഞ്ഞു
‘പൊക്കോടാ ഇവരുടെ കൂടെ..’
ശിവ കണ്ണിറുക്കി എന്നോട് പറഞ്ഞു
എന്റെ കാര്യത്തിൽ ഇവിടുത്തെ സുപ്രീം കോടതി ശിവ ആണെന്ന് എല്ലാവർക്കും മനസിലായിരുന്ന്. അമ്മ ഹൈക്കോടതി മാത്രമാണ്.. ശിവ പറഞ്ഞാൽ അപ്പീൽ ഇല്ല
എനിക്ക് ആണേൽ സന്തോഷം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്രയും ആളുകൾക്ക് ഇടയിൽ ആയത് കൊണ്ടാണ്.. അല്ലെങ്കിൽ എന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞേനെ എന്നെനിക്ക് തോന്നി. ഇപ്പൊ മുതൽ ഗ്രൗണ്ടിൽ എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല. എനിക്ക് ടീമിൽ ഒരു സ്‌ഥാനം കിട്ടും.. ഓവറും കിട്ടും.. എല്ലാം എന്റെ ശിവ കാരണം..
ശിവയെ നോക്കി ചിരിച്ചിട്ട് ഞാൻ അവരുടെ ഒപ്പം ഗ്രൗണ്ടിലേക്ക് നടന്നു.. ഇപ്പൊ ഇവരുടെ ഇടയിൽ നടക്കുമ്പോ പുറമെ നിന്ന് വന്ന ഒരുവൻ ആയി എനിക്ക് തോന്നുന്നില്ല. ഞാൻ ഇവരിൽ ഒരാളാണ് എന്ന് തന്നെ എനിക്ക് തോന്നി.. ശ്യാം വന്നു എന്റെ തോളിൽ കയ്യിട്ടു.. എന്നിട്ട് തമാശ പോലെ പറഞ്ഞു
‘എടാ സഹീർ ഖാനെ, നീ തീയുണ്ട ആണ് എറിയുന്നത് എന്നാണല്ലോ അറിഞ്ഞത്.. അതൊന്ന് കാണണമല്ലോ..’
അത് എല്ലാവരെയും ഞാൻ വീണ്ടും കാണിച്ചു കൊടുത്തു. ബൌളിംഗ്ൽ ഉള്ള എന്റെ പ്രാവീണ്യം എല്ലാവരും കണ്ടു. പെട്ടന്ന് തന്നെ ടീമിലെ മെയിൻ ബൗളർ ആയി ഞാൻ സ്‌ഥാനക്കയറ്റം നടത്തി. ശ്യാം പറഞ്ഞ പോലെ അമ്പലം ടീമിന്റെ സഹീർ ഖാൻ ആയി ഞാൻ മാറി. അടുത്ത തവണത്തെ പള്ളി ടൂർണമെന്റ് നമുക്ക് എടുക്കണം എന്ന് എല്ലാവരും പറഞ്ഞു.. എന്റെ മനസ്സിൽ അതൊരു ലക്ഷ്യമായി വളർന്നു..
ഇതിനിടയിൽ സ്കൂൾ തുറന്നു. പിന്നെയും ജീവിതം അതിന്റെ പഴയ താളത്തിലേക്ക് പോയി. ഗ്രൗണ്ടിലെ കളിയിൽ എനിക്ക് സ്‌ഥാനക്കയറ്റം ആണ് കിട്ടിയത് എങ്കിൽ യഥാർത്ഥ കളിയിൽ എനിക്ക് സ്‌ഥാന ഇറക്കമാണ് കിട്ടിയത്
രേഷ്മയുടെ കാര്യം ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ. എക്സാം ജയിക്കാഞ്ഞത് കൊണ്ട് അവളുടെ വീട്ടിൽ കുറച്ചു പ്രശ്നം ആയിരുന്നു. ആ കൂട്ടത്തിൽ ഞാൻ എല്ലാത്തിനും ജയിക്കുക കൂടി ചെയ്തപ്പോ അവൾക്ക് എന്നോട് എന്തോ ഈഗോ പോലെ ഉള്ളതായി എനിക്ക് തോന്നി. ആ അധ്യായം അങ്ങനെ പതിയെ അടഞ്ഞതായി എനിക്ക് തോന്നി
