വണ്ടിയുടെ വേഗത അല്പം കൂടിയപ്പോൾ അവൾ എന്റെ തോളിൽ ഒന്നുകൂടി മുറുകെ പിടിച്ചു. ട്രാഫിക്കിന്റെ ശബ്ദങ്ങൾക്കും കാറ്റിന്റെ ഇരമ്പലിനുമിടയിലൂടെ അവൾ ചോദിച്ചു.
”ടാ… എന്തായി നിന്റെ അഡ്മിഷന്റെ കാര്യം?”
വണ്ടിയുടെ വേഗത കുറച്ചുകൊണ്ട്, മുഖം അല്പം പുറകിലേക്ക് തിരിച്ച് ഞാൻ മറുപടി പറഞ്ഞു.
“എനിക്ക് അഡ്മിഷൻ കിട്ടി. ഞാൻ ആഗ്രഹിച്ചതുപോലെ മാർ ഇവാനിയോസിൽ തന്നെ കിട്ടി.”
അതുകേട്ടതും ആ ക്ഷീണത്തിനിടയിലും അവളുടെ ശബ്ദത്തിൽ വലിയൊരു സന്തോഷം നിറഞ്ഞു. എന്റെ തോളിലൂടെ വലതുകൈയിട്ട്, ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നുകൊണ്ട് അവൾ ഉറക്കെ പറഞ്ഞു.
“ആഹാ! നീ വിചാരിച്ച ആ കോളേജിൽ തന്നെ കിട്ടിയല്ലോടാ… ഇനി അങ്ങോട്ട് നിനക്ക് കാമ്പസ്സിൽ പൊളിക്കാമല്ലേ!”
അവളുടെ ആ വാക്കുകളിലെ ആവേശവും, പുറകിലൂടെ എന്നെ വരിഞ്ഞുമുറുകിയ ആ പഞ്ഞികുടത്തിന്റെ സ്പർശനവും എന്റെ സിരകളിൽ ചെറിയൊരു കുളിര് പടർത്തി.
എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ വളരെ പ്രായോഗികമായ ഒരു മറുപടി ഞാൻ അവൾക്ക് നൽകി.
”എന്ത് പൊളിക്കാൻ? വെറുതെ അടിച്ചുപൊളിക്കാൻ പോകുന്നതൊന്നുമല്ലല്ലോ. അവിടെനിന്ന് നല്ല രീതിയിൽ പഠിച്ചിറങ്ങിയിട്ട് വേണം വല്ല ജോലിക്കും കയറാൻ. അല്ലാതെന്ത് പൊളിക്കാൻ!”
”ഓഹോ… വല്യ ആളായിപ്പോയല്ലോ അവൻ!”
എന്ന് പറഞ്ഞ് അവൾ എന്റെ മുതുകിൽ പതുക്കെ ഒന്നടിച്ചു. ആ ചെറിയ കുസൃതികൾക്കിടയിലും അവൾക്ക് പറയാനുള്ള ആ വലിയ കാര്യം എന്താണെന്ന ചിന്ത എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങിയിരുന്നു.
തിരുവനന്തപുരത്തെ ട്രാഫിക്കിലൂടെ വണ്ടി മുന്നോട്ട് കുതിക്കുമ്പോഴും, അവളും പിന്നീട് അധികമൊന്നും സംസാരിച്ചില്ല. അവൾ മനസ്സിലൊളിപ്പിച്ച ആ രഹസ്യത്തിന്റെ ഭാരം എന്റെ ബൈക്കിന്റെ പുറകിലിരുന്ന് എന്നെയും വല്ലാതെ ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു.
ഏകദേശം ഇരുപത് മിനിറ്റത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ വീടിന്റെ ഗേറ്റിന് മുന്നിലെത്തി. ഗേറ്റ് കടന്ന് മുറ്റത്ത് വണ്ടി നിർത്തുമ്പോൾ, ഉമ്മറത്ത് വല്ലാത്തൊരു ആകാംക്ഷയോടെയും അതിലേറെ പേടിയോടെയും ഞങ്ങളെത്തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഞാൻ കണ്ടു.
മുറ്റത്ത് ബൈക്ക് ഒതുക്കിവെച്ചിട്ട്, അവളുടെ വലിയ ട്രാവൽ ബാഗും തൂക്കി ഞാൻ ഉമ്മറത്തേക്ക് കയറി. പടി കടന്നതും, അതുവരെ വല്ലാത്തൊരു വീർപ്പുമുട്ടലോടെ കാത്തുനിന്നിരുന്ന അമ്മ വേഗം ഓടിവന്ന് അവളെ ഇറുകെ കെട്ടിപ്പിടിച്ചു. മാസങ്ങൾക്ക് ശേഷമുള്ള വരവല്ലേ, ഒരുപാട് നാളുകൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിൽ അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
കുറച്ചുനേരം നെഞ്ചോട് ചേർത്തുനിർത്തിയ ശേഷം, അവളെ പതുക്കെ മാറ്റിനിർത്തി അമ്മ ആ മുഖത്തേക്ക് സൂക്ഷിച്ചൊന്ന് നോക്കി. പിന്നെ പതിവ് കുറ്റപ്പെടുത്തലുകൾ തുടങ്ങി.
”എന്തൊരു കോലമാടി നിന്റേത്? ഹോസ്റ്റലിൽ
പോയേപ്പിന്നെ നീ ഒന്നും കഴിക്കാറില്ലേ? ആകെ മെലിഞ്ഞൊട്ടി വല്ലാത്തൊരു ക്ഷീണവും.”
അമ്മയുടെ ആ ആവലാതി കേട്ടപ്പോൾ അവൾക്കൊന്ന് ചിരിവന്നു.
“അമ്മേ, ഞാനൊന്ന് ഈ ഉമ്മറപ്പടി കടന്ന് അകത്തേക്ക് കയറിക്കോട്ടെ. വന്ന പാടെ തുടങ്ങി?”
എന്ന് ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു. ഭാരമുള്ള ആ ബാഗുമായി ഞാൻ അവർക്ക് പുറകെ ഹാളിലേക്ക് കയറി. ബാഗ് ഞാൻ സോഫയുടെ സൈഡിലേക്ക് ഇറക്കിവെച്ചു.
സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ, അമ്മയുടെ മുഖത്തെ ഭാവം പെട്ടെന്ന് മാറുന്നത് ഞാൻ ശ്രദ്ധിച്ചു. സന്തോഷത്തിനിടയിലും, ആ ഫോൺകോൾ ഉണ്ടാക്കിയ ഭയം ആ കണ്ണുകളിൽ വ്യക്തമായിരുന്നു. താൻ ഭയപ്പെടുന്ന ആ വലിയ രഹസ്യമാണോ അവൾ പറയാൻ പോകുന്നത് എന്ന ചിന്ത അമ്മയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
വളരെ പണിപ്പെട്ട് മുഖത്തൊരു സ്വാഭാവികത വരുത്തിക്കൊണ്ട് അമ്മ ചോദിച്ചു.
“അല്ല…ഫോൺ വിളിച്ചപ്പോ വല്ലാത്തൊരു വെപ്രാളമായിരുന്നല്ലോ നിനക്ക്. പെട്ടെന്ന് എന്തോ പ്രശ്നമുണ്ടെന്നൊക്കെ പറഞ്ഞിട്ട്… ശരിക്കും എന്തുപറ്റി?”
