”എടി ഭ്രാന്തി! നീ സ്വപ്നം വല്ലതും കണ്ടോ? ഞാൻ എന്നാടി നിന്റെ ഹോസ്റ്റലിൽ വന്നത്? എന്നാടി നിന്നോട് ഇതൊക്കെ പറഞ്ഞത്?”
ഞാൻ വല്ലാത്തൊരു വെപ്രാളത്തോടെ ചോദിച്ചു.
”സ്വപ്നമോ?”
അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു.
“നീ എന്റെ ഹോസ്റ്റലിൽ വന്ന് എന്റെ തോളിൽ തലവെച്ച് കരഞ്ഞത് ഞാൻ സ്വപ്നം കണ്ടതാണെന്നാണോ നീ പറയുന്നേ? ‘നമ്മൾക്ക് ഒരുമിച്ച് ജീവിക്കണം, അമ്മയെ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കോളാം, നീ എന്റെ കൂടെ നിന്നാൽ മാത്രം മതി’ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ നീ എന്താടാ ഇങ്ങനെ മാറുന്നേ? ഇതൊക്കെ കേട്ടിട്ട് കുറേ ദിവസമായി ഉറങ്ങിയിട്ട് പോലുമില്ല ഞാൻ. ഒടുവിൽ എല്ലാം ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി ഞാൻ സമ്മതം പറയാൻ വന്നപ്പോ… നീ…”
അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
അവൾ മുഖം പൊത്തിക്കരയാൻ തുടങ്ങി.
എന്റെ തലച്ചോറ് ശൂന്യമായിരിക്കുകയായിരുന്നു. അവൾ ഈ പറയുന്ന കാര്യങ്ങൾ… ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞുപോലും! എപ്പോൾ? എങ്ങനെ? ഈ സത്യങ്ങളെല്ലാം ഇന്നലെ രാത്രിയല്ലേ ഞാൻ അമ്മയുടെ വായിൽ നിന്നും കേട്ടറിയുന്നത് തന്നെ! അതിനുമുൻപേ ഞാൻ എങ്ങനെ അവളോട് ഇതൊക്കെ പറയും?
അത് മാത്രമല്ല ഇതൊക്കെ ഇവൾ എങ്ങനെ അറിഞ്ഞു അമ്മ എന്നോട് മാത്രമല്ലേ പറഞ്ഞിട്ടുള്ളു.
ഞാൻ വല്ലാതെ തളർന്ന് കട്ടിലിലേക്ക് തന്നെ ഇരുന്നുപോയി. അവൾ പറയുന്നതിൽ യാതൊരു കളവുമില്ലെന്ന് ആ കണ്ണുനീർ എന്നോട് പറയുന്നുണ്ടായിരുന്നു. അവൾക്ക് എന്നോട് കള്ളം പറയേണ്ട യാതൊരു കാര്യവുമില്ല. പക്ഷെ എന്റെ ഓർമ്മയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല! എന്റെ ജീവിതത്തിൽ ഒരിടത്തും ഇല്ലാത്ത ഒരു ഓർമ്മയെക്കുറിച്ച് അവൾ ഇത്ര തീവ്രമായി പറയുമ്പോൾ ഞാൻ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്?.
”അശ്വതീ… നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമായിട്ടും എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ ഈ പറയുന്നതൊന്നും ഞാൻ…”
എന്റെ വാക്കുകൾ മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല.
അവൾ പെട്ടെന്ന് മുഖത്തെ കണ്ണുനീർ തുടച്ചുമാറ്റി.
”മതി അശ്വിൻ! നീ ഇനി ഒന്നും പറയണ്ട.”
അവളുടെ ശബ്ദത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു.
“എനിക്ക് മനസ്സിലായി… പറഞ്ഞതൊക്കെ ഓർത്ത് നീ ഇപ്പോ പേടിക്കുകയാ. അമ്മയെയും വീട്ടുകാരെയും ഓർത്ത് നിനക്കിപ്പോ കുറ്റബോധം തോന്നുന്നുണ്ടാകും. അതാകും പറഞ്ഞതൊക്കെ നീ ഇങ്ങനെ നിഷേധിക്കുന്നത്. പക്ഷെ, ഒരു കാര്യവുമില്ലാതെ എന്നെ ഇങ്ങനെയൊരു മോഹത്തിൽ കൊണ്ടുവന്ന് നിർത്തിയിട്ട്… ഇപ്പോ നീ…”
കൂടുതൽ നിൽക്കാതെ അവൾ വേഗം തിരിഞ്ഞ് നടന്ന് വാതിൽ തുറന്നു. ഒരു നിമിഷം വാതിൽക്കൽ നിന്ന് പുറകിലേക്ക് നോക്കി, എന്നിട്ട് വേഗത്തിൽ പടികളിറങ്ങി താഴേക്ക് പോയി.
മുറിയിലെ ആ അടച്ചിട്ട ജനാലയിലേക്ക് നോക്കി തറഞ്ഞുനിൽക്കുന്ന എന്റെ ഓർമ്മകളുടെ അവസാനത്തിൽ, പെട്ടെന്ന് വീണ്ടും ഒരു വലിയ ഇരമ്പൽ കേട്ടു. എന്റെ തലച്ചോറിലൂടെ പാഞ്ഞുപോയ ആ മൂന്നു വർഷം പഴയ ഓർമ്മകളുടെ ഫ്ലാഷ്ബാക്കുകൾക്ക് മീതെ വീണ്ടും ആ ഗുഹയിലെ കണ്ണഞ്ചിപ്പിക്കുന്ന നീലവെളിച്ചം പടർന്നു കയറുകയായിരുന്നു.
പതുക്കെ… വളരെ പതുക്കെ ആ നീലവെളിച്ചം ഒരു മങ്ങിയ വെള്ള വെളിച്ചത്തിലേക്ക് വഴിമാറി. മൂക്കിലേക്ക് രൂക്ഷമായ മരുന്നിന്റെയും ഡെറ്റോളിന്റെയും ഗന്ധം അടിച്ചുകയറി. കാതുകളിൽ ‘ബീപ്പ്… ബീപ്പ്…’ എന്നൊരു ശബ്ദം കൃത്യമായ ഇടവേളകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. വല്ലാത്തൊരു ഭാരത്തോടെ, ഞാൻ വളരെ കഷ്ടപ്പെട്ട് എന്റെ കണ്ണുകൾ വലിച്ചുതുറന്നു.
കാഴ്ചകൾ ആദ്യം വല്ലാതെ മങ്ങിയിരിക്കുകയായിരുന്നു. കണ്ണിനു മുകളിൽ പ്രകാശിച്ചു നിൽക്കുന്ന ട്യൂബ് ലൈറ്റിലേക്ക് നോക്കി ഒന്നുകൂടി കണ്ണുകൾ ചിമ്മിത്തുറന്നപ്പോൾ ആ ചുറ്റുപാട് എനിക്ക് വ്യക്തമായിത്തുടങ്ങി. ഗുഹയിലെ ആ ഇരുണ്ട കരിങ്കൽ ഭിത്തികളായിരുന്നില്ല എനിക്ക് ചുറ്റും. വെള്ളനിറത്തിലുള്ള മേൽക്കൂരയും ചുവരുകളും… എന്റെ വലതുകൈയിലായി ഒരു ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ഞാൻ കിടക്കുന്നത് ഒരു ഹോസ്പിറ്റൽ കിടക്കയിലാണെന്ന് പൂർണ്ണമായും ബോധംവന്ന നിമിഷം ഞാൻ ഞെട്ടിയുണർന്നു.
