ഈ നിമിഷം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു. എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇതിപ്പോ മനസ്സാ വാചാ അറിയാത്ത കാര്യം ഇനി കുത്തുവാക്കുകളായി കേൾക്കേണ്ടി വരുന്ന ആലോചിച്ച് ഞാൻ മരവിച്ചു നിന്നുപോയി. പക്ഷേ മമ്മി കുലുങ്ങിയില്ല. മമ്മി പോലീസുകാരെ തടഞ്ഞുകൊണ്ട് പറഞ്ഞു. “സാറെ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ ഞങ്ങളും ഉണ്ട്.”
മമ്മി : ഇനി നമ്മൾക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കില്ല. നമ്മളെ സമാധാനമായിട്ട് ജീവിക്കാൻ ഈ അയൽക്കാര് സമ്മതിക്കില്ല. എത്രയും പെട്ടെന്ന് അത്യാവശ്യം വേണ്ട തുണിയും ഡോക്യുമെൻസും എടുത്ത് ഇപ്പോൾ ഇറങ്ങണം.
ടാർസൺ : മമ്മി ഇത്ര പെട്ടെന്ന് തീരുമാനിച്ചാൽ നമ്മളിവിടെ പോകും? ( ഡോക്ടറുടെ കൂടെ നിൽക്കുന്നത് അവന് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല)
മമ്മി : അതൊക്കെ നമുക്ക് ഇവിടുന്ന് ഇറങ്ങിയതിനു ശേഷം തീരുമാനിക്കാം. ഇപ്പൊ പോലീസുകാർ ഉള്ളതുകൊണ്ട് ഇല്ലെങ്കിൽ നമുക്കെതിരെ കല്ലേറ് തുടങ്ങിയിട്ടുണ്ടാവും. ( മരവിച്ചുനിൽക്കുന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് മമ്മി പറഞ്ഞു ) കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ഒന്ന് അനങ്ങടി മോളേ.
പിന്നെ ഒട്ടും ആമാന്ദിച്ചില്ല. കയ്യിലുണ്ടായിരുന്ന കുറച്ചു കാശും സർട്ടിഫിക്കറ്റുകളും എടുക്കാൻ പറ്റുന്നത്രയും തുണിയുമെടുത്ത് ഞങ്ങൾ മൂന്നുപേരും പോലീസുകാരോടൊപ്പം പുറത്തേക്കിറങ്ങി. അയൽവാസികൾ അപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവ്യക്തമായ ഒരു മുഴക്കം പോലെയാണ് ഞാൻ എല്ലാം കേട്ടത്. ആദ്യം വണ്ടി എടുത്തപ്പോൾ ഡോക്ടർ അയാളുടെ വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. പക്ഷെ മമ്മി സമ്മതിച്ചില്ല ഏതെങ്കിലും ലോഡ്ജിൽ റൂം എടുക്കാം എന്നാണ് മമ്മി പറഞ്ഞത്. ആക്രാന്തം കാണിച്ച് കയ്യിൽ വന്ന അവസരം തട്ടി കളയണ്ട എന്ന് കരുതിയാവും ഡോക്ടർ അധികം നിർബന്ധിച്ചില്ല. പകരം മറ്റൊരു സജക്ഷൻ വെച്ചു. കോട്ടയം ടൗണിൽ നിന്ന് മാറി കുറച്ച് ഉള്ളിലേക്കുള്ള അയാളുടെ റബ്ബർ എസ്റ്റേറ്റിന് നടുക്കുള്ള വീട്ടിലേക്ക് മാറാമെന്ന് പറഞ്ഞു. ഉള്ളിലേക്ക് ആയതുകൊണ്ടും ലോഡ്ജിൽ അധികകാലം നിൽക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടും മമ്മി സമ്മതിച്ചു. ഈയൊരു അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുന്നത് നന്നായിരിക്കും എന്ന് എനിക്കും തോന്നി. അങ്ങനെയാണ് ഞങ്ങൾ പാലക്കമെറ്റം എസ്റ്റേറ്റിന്റെ ഗേറ്റിനു മുന്നിൽ നിൽക്കുന്നത്.
ഡോക്ടർ തിരിച്ചു കാറിനകത്തേക്ക് കയറി. കണ്ണടച്ചിരിക്കുന്ന മമ്മിയെ നോക്കി കൊണ്ട് അയാൾ പറഞ്ഞു : എന്തൊരു ഉറക്കം ആണിത് കേറിയപ്പോൾ തുടങ്ങിയതാണല്ലോ.
മമ്മി കണ്ണ് തുറന്നു. ഉറങ്ങിയതല്ല കണ്ണടച്ചിരിക്കുകയാണ് എന്ന് അയാളെ ബോധ്യപ്പെടുത്താൻ എന്നും മെനക്കെട്ടില്ല. ഒരു റബ്ബർ എസ്റ്റേറ്റ് ആണത്. ഒരു കാറിനു മാത്രം പോകാൻ വീതിയുള്ള വഴിയിലൂടെ ഏകദേശം പത്തിരുനൂറ് മീറ്ററോളം കാറ് നീങ്ങി. റബ്ബർ മരങ്ങളാൽ മൂടപ്പെട്ട ഇരുട്ടിൽ നിന്നും ഒരു കോൺഗ്രീറ്റ് വീട് തെളിഞ്ഞുവന്നു. ഒറ്റ നിലയുള്ള കാണാൻ അത്യാവശ്യം ഭംഗിയുള്ള ഒരു വീട്. ഒറ്റമാത്രയിൽ എനിക്കിഷ്ടപ്പെട്ടു. പുറത്തിറങ്ങിയപ്പോൾ അവിടെ രണ്ടുപേർ നിൽക്കുന്നുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും. തൽക്കാലം എസ്റ്റേറ്റിലേക്ക് മാറാമെന്ന് തീരുമാനിച്ചപ്പോൾ അവിടം ഒന്ന് വൃത്തിയാക്കാൻ വേണ്ടി ഡോക്ടർ വിളിച്ചു പറഞ്ഞിരുന്നു.
ഡോക്ടർ : എല്ലാം ക്ലീൻ ആക്കിയില്ലേ?
അവർ രണ്ടുപേരും ആ ചോദ്യം കേൾക്കാൻ കാത്തിരിക്കുന്ന പോലെ ആയിരുന്നു അവരുടെ മറുപടി.
ഡോക്ടർ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ദാസനും ശാന്തയും. വയസ്സിനെ മൂത്തതാണെങ്കിലും ഡോക്ടർ അവരെ പേരാണ് വിളിച്ചിരുന്നത്. ഈ കോമ്പൗണ്ടിന് പുറത്താണ് അവരുടെ വീട്. അവർക്കൊരു മകൻ ഉണ്ട് അയാൾ കോയമ്പത്തൂർ ആണ് ജോലി ചെയ്യുന്നത്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ അവരുടെ നമ്പറും ഞാൻ വാങ്ങി.
