കണ്ണിലുദിച്ച കിനാവുകൾ 16

 

ഒരു പക്ഷേ ആ കാറവിടെ കിടക്കുന്നത് കൊണ്ടാവും സുധി വരാത്തതെന്ന് അമ്പിളിക്ക് തോന്നി.. അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.. ഉള്ളിൽ ഒരു തേങ്ങലോടെ അവൾ മുന്നോട്ട് നടന്നു..

അവനെയൊന്ന് കാണാതെ തനിക്കിനി ഒന്നിനും കഴിയില്ലെന്ന് അമ്പിളിക്ക് മനസിലായി..അത്രയേറെ കൊതിച്ചു സുധിയെ ഒന്ന് കാണാൻ.. രാത്രി ഫോൺ വെക്കുമ്പോൾ പോലും പറഞ്ഞതാണ് രാവിലെ കാണണമെന്ന്..അല്ലെങ്കിലും താൻ പറയുന്നത് കേൾക്കാൻ അവൻ തന്റെ ആരാ..?.

ഭർത്താവോ..?..

അതോ കാമുകനോ..?..

ആരുമല്ല..അല്ലെങ്കിലും പുരുഷന്മാർ എല്ലാവരും കണക്കാ.. പറഞ്ഞ് പറ്റിക്കും..

 

മനസിൽ പതം പറഞ്ഞ് നടക്കുന്ന അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

പെട്ടെന്ന് അവളൊരു ചൂളം വിളി കേട്ടു.. ചില വൃത്തികെട്ടവന്മാർ പെണ്ണുങ്ങൾ നോക്കാനായി വിളിക്കുന്ന ഒരു തരം ചൂളം വിളി..അത് ആ കാറിൽ നിന്നാണെന്ന് മനസിലായതും അമ്പിളിക്ക് കലി കയറി..അല്ലെങ്കിൽ തന്നെ ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെയാണവൾ നടക്കുന്നത്.. അവൾ കാറിന് തൊട്ടടുത്തെത്തിയിരുന്നു.. തന്റെ ദേഷ്യവും സങ്കടവുമെല്ലാം തീർക്കാനായി ആ ചൂളമടിച്ചവനോട് രണ്ട് വർത്താനം പറയാനായി അവൾ ആ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി..

 

പൊടുന്നനെ അവളുടെ ഹൃദയം വിങ്ങി.. ഉച്ചത്തിൽ കരയാനവൾക്ക് തോന്നി.. ഡ്രൈവിംഗ് സീറ്റിൽ ചിരിയോടെ ഇരിക്കുന്ന സുധിയെ കണ്ട് സന്തോഷത്തോടെ ചിരിക്കണോ,സങ്കടത്തോടെ കരയണോ എന്നവൾക്ക് മനസിലായില്ല..

 

“എന്താടീ ഇങ്ങിനെ നോക്കുന്നേ… ?”..

 

വിശ്വസിക്കാനാവാത്ത മട്ടിൽ അമ്പിളി നോക്കുന്നത് കണ്ട് സുധി ചോദിച്ചു..

 

“എന്നെ… എന്തിനാ… പറ്റിച്ചേ… ?”..

 

ചുണ്ട് പിളുത്തി അമ്പിളി ചിണുങ്ങി..

 

“പറ്റിച്ചോ… ഞാനോ… എങ്ങിനെ… ?”..

 

“ബൈക്കിൽ വരുമെന്നാ ഞാൻ കരുതിയേ… ?”..

 

“ അതമ്പിളി പറഞ്ഞില്ലല്ലോ… രാവിലെ കാണണമെന്നല്ലേ പറഞ്ഞത്… ?”..

 

“ എന്നാലും… ഞാനെത്ര നേരായീന്നോ നോക്കി നിൽക്കുന്നു… “..

 

അമ്പിളി പരിഭവം പറഞ്ഞു..

 

“ ഞാൻ കൃത്യ സമയത്ത് തന്നെ എത്തി… “..

 

“ അതിന് ഞാനറിഞ്ഞോ ഈ കാറിലിരിക്കുന്നത് സുധിയാണെന്ന്… ?”.

 

“ഇപ്പോ എന്താ പ്രശ്നം… ?..

ഞാൻ കാറിൽ വന്നതോ… ?”..

 

“അല്ല…”..

 

“പിന്നെ… ?”..

 

“അത്… ഈ റോഡിലേക്കിറങ്ങുമ്പോ തന്നെ സുധിയെ കാണുമെന്നാ ഞാൻ കരുതിയേ…”..

 

“ഇപ്പോ കണ്ടല്ലോ… ഇനി ഞാൻ പൊയ്ക്കോട്ടെ… ?.

ആൾക്കാരൊക്കെ വരുന്ന

വഴിയല്ലേ… ?”.

 

ഒട്ടും മനസില്ലാതെ അമ്പിളി തലയാട്ടി.. സുധി അവളെനോക്കി കണ്ണടച്ച് കാട്ടി വണ്ടി മുമ്പോട്ടെടുത്തു..

ഹും.. ഞാനും ആ വഴിക്കല്ലേ.. പോരുന്നോ എന്നൊരു ചോദ്യമെങ്കിലും ചോദിച്ചൂടെ..?.

വേണ്ടേ… എന്നോടാരും ഒന്നും ചോദിക്കണ്ട..അല്ലെങ്കിലും ഞാനാരാ..?.

അവന്റെ കൂടെ കാറിൽ കയറിപ്പോകാൻ മാത്രം എന്ത് ബന്ധാ അവനുമായി ഉള്ളത്..എന്നും ബസിനല്ലേ പോകുന്നത്..ഇന്നും അത് മതി..

 

വീണ്ടും പതം പറഞ്ഞ് അമ്പിളി മുമ്പോട്ട് നടന്നു..പെട്ടെന്ന് അവളൊന്ന് നിന്നു.. മുന്നിൽ സുധി കാറ് നിർത്തിയിരിക്കുന്നു.. അവളോടിയാണ് അടുത്തെത്തിയത്..

 

“ അമ്പിളി പോരുന്നോ… ?..

ബസ് സ്റ്റോപ്പിലിറക്കാം… അല്ലെങ്കിൽ അവിടെ അമ്പിളിയുടെ ജോലി സ്ഥലത്ത് കൊണ്ടാക്കാം… “..

 

അമ്പിളിയുടെ കണ്ണുകളിൽ പ്രണയം കത്തുകയായിരുന്നു.. തന്റെ മനസവൻ അറിയുന്നുണ്ട് എന്നത് അവൾക്കുണ്ടായ സന്തോഷം ചെറുതല്ല..

 

“വേ… വേണ്ട സുധീ… ഞാൻ നടന്നോളാം… സുധി പൊയ്ക്കോ…”..

 

അവന്റൊപ്പം യാത്ര ചെയ്യാനുള്ള ആഗ്രഹം അമ്പിളി മാറ്റി വെച്ചു.. ഇനിയെന്തിനാ കാറിൽ കയറുന്നത്.. അവൻ ക്ഷണിച്ചല്ലോ.. അത് മതി..

 

“എന്നാ പിന്നെ നോക്കാം അല്ലേ…

അമ്പിളിയിന്ന് നല്ല സുന്ദരിയായിട്ടുണ്ട്… ഈ ഡ്രസ് അമ്പിളിക്ക് നന്നായി ചേരും…”..

 

അത്രയും പറഞ്ഞ് സുധി കാറോടിച്ച് പോയി. അമ്പിളിയുടെ മറുപടിക്കവൻ കാത്ത് നിന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *