ഇല്ലാതെ അമ്മയത് ചോദിക്കില്ലല്ലോ..
“ഇല്ലമ്മേ… എന്റെ മുഖം എന്നത്തേയും പോലെയല്ലേ…?”
പതർച്ച മറച്ച് വെച്ച് അമ്പിളി ചോദിച്ചു..
“ഉം… എന്നാ എനിക്ക് തോന്നിയതാകും… “..
അതോടെ അമ്മയാ വിഷയം വിട്ടു..പക്ഷേ അമ്പിളിക്കത് വിടാനായില്ല..തന്റെ മുഖത്തൊരു തെളിച്ചമുണ്ടെന്നാണ് അമ്മ പറഞ്ഞത്.. ഇല്ലാതെ അമ്മയത് പറയില്ലല്ലോ..എന്താണതിന് കാരണം..?.
തന്റെയറിവിൽ ഒരു കാരണവും കാണുന്നില്ല..ചിന്തകൾ വഴിമാറുമോന്ന് പേടിച്ച് അമ്പിളി വേഗം ഭക്ഷണം കഴിച്ച് മുകളിലേക്ക് പോയി..
വല്ലാതെ അസ്വസ്ഥയായിരുന്നു അമ്പിളി.. അവൾ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു.. ഇനിയും മാനസിക സംഘർഷം അനുഭവിക്കാനാവില്ലെന്ന് മനസിലാക്കിയതും അവൾ മൊബൈൽ കയ്യിലെടുത്തു..
പിന്നെയും കുറച്ച് നേരം ചിന്തിച്ചതിന് ശേഷമാണ് അവളാ വോയ്സ് പ്ലേ ചെയ്തത്..
“ശരി… ഞാനെന്നെ പരിചയപ്പെടുത്താം… എന്റെ പേര് സുധീർ… നാട് അമ്പിളി അറിയും… അമ്പിളിയുടെ ഭർത്താവ് വിജയന്റെ നാട് തന്നെയാ… ജോലി ചെറിയൊരു കോൺട്രാകറാ… വീടൊക്കെ പണിത് കൊടുക്കുന്ന… “..
ആദ്യത്തെ വോയ്സിൽ തന്നെ അവൻ സ്വയം പരിചയപ്പെടുത്തി..
“ അമ്പിളിയുടെ എല്ലാ കാര്യങ്ങളും എനിക്കറിയാം… വിജയനിങ്ങോട്ട് കല്യാണം കഴിച്ച് കൊണ്ടുവന്ന അന്ന് മുതൽ ഞാനമ്പിളിയെ കാണുന്നതാ…
അതിന് ശേഷം അമ്പിളി അനുഭവിച്ചതെല്ലാം എനിക്കറിയാം…”..
വളരെ പതിഞ്ഞ ശബ്ദത്തിൽ സുധീറത് പറഞ്ഞപ്പോ അമ്പിളി അന്തംവിട്ടു… ഇവൻ വിജയന്റെ നാട്ടുകാരനാണ്.. ഇവിടുന്ന് അഞ്ചെട്ട് കിലോമീറ്റർ ദൂരെയാണത്.. പക്ഷേ ഈ മനുഷ്യനെ താൻ ജീവിതത്തിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല…
“ഇനിയൊരു വിവാഹത്തെ പറ്റി ചിന്തിക്കുന്നില്ലാന്ന് ഒറ്റയടിക്ക് പറയരുത്…
അത് തെറ്റായ ഒരു തീരുമാനമാണെന്നേ ഞാൻ പറയൂ… വിജയനുമായുള്ള ബന്ധം പിരിഞ്ഞാൽ അമ്പിളി വേറെ വിവാഹം കഴിക്കണം… എനിക്കമ്പിളിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും ഞാൻ തന്നെയാവണമെന്നില്ല… അത് അമ്പിളിയാണ് തീരുമാനിക്കേണ്ടത്…
നമ്മളൊക്കെ ജീവിതം തുടങ്ങിട്ടല്ലേ ഉള്ളൂ അമ്പിളീ…”..
വല്ലാത്തൊരു ശാന്തത അവന്റെ വാക്കുകൾ തരുന്നുണ്ടെന്ന് അമ്പിളിക്ക് തോന്നി..
“എല്ലാരും വിജയനെപ്പോലെയാണെന്ന് അമ്പിളി തെറ്റിദ്ധരിക്കരുത്… അങ്ങിനെയുള്ളവരും അപൂർവ്വമായി ഉണ്ടെന്ന് മാത്രം…”..
ഇനി ഒരു വോയ്സ് കൂടിയേ ഉള്ളൂ..അമ്പിളി അതും കേട്ടു..
“എല്ലാം ക്ഷമിച്ച് വിജയനുമായി ഒരുമിച്ച് ജീവിക്കാൻ അമ്പിളി തീരുമാനിച്ചാൽ അതാവും നല്ലത്… മോൾക്കവളുടെ സ്വന്തം അച്ചന്റെ കൂടെ ജീവിക്കാലോ….
അതല്ല, ഒരിക്കലും അവനോടൊപ്പം ജീവിക്കാനാവില്ലെന്നാണ് തീരുമാനമെങ്കിൽ ഞാനമ്പിളിയെ കെട്ടിക്കോട്ടെ…ഉടനെ വേണ്ട… അമ്പിളി നന്നായി ആലോചിച്ചിട്ട് മതി… ഡിവോഴ്സ് കഴിഞ്ഞും അമ്പിളി നന്നായി ചിന്തിച്ചിട്ട് മതി… എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയുമാണുള്ളത്.. ഒരേട്ടൻ കല്യാണം കഴിഞ്ഞ് വേറെ വീട് വെച്ച് മാറിത്താമസിക്കുകയാ… ഇനി എന്നെക്കുറിച്ച് എന്തേലും അറിയണേൽ അമ്പിളി ചോദിച്ചാ മതി… “..
അവസാനത്തെ വോയ്സ് കേട്ട് തീർന്നതും പിന്നെയും ഒരു മെസേജ് വന്നു..ഒരു ഗുഡ്നൈറ്റ്..അവനീ സമയം ഓൺലൈനിൽ ഉണ്ടെന്നറിഞ്ഞ് അമ്പിളിയൊന്ന് പരുങ്ങി.. താനുമിപ്പോൾ ഓൺലൈനിൽ ഉണ്ടെന്നറിഞ്ഞാണവൻ ഗുഡ്നൈറ്റ് അയച്ചത്..
അവൾ ഫോണും കയ്യിൽ പിടിച്ച് അതിലേക്ക് നോക്കി ഇരുന്നു..
സുധീർ എന്ന മനുഷ്യന് തന്നെക്കുറിച്ച് എല്ലാമറിയാം..വിജയന്റെ നാട്ടുകാരനാണവൻ.. താനന്നുഭവിച്ച പീഢനങ്ങൾ വരെ അറിയാം.. തനിക്കൊരു കുഞ്ഞുണ്ടെന്നും ഡിവോഴ്സ് പെറ്റീഷൻ കൊടുത്തിട്ടുണ്ടെന്നും അറിയാം..വിജയനെ ഡിവോഴ്സ് ചെയ്ത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിനവന് താൽപര്യമുണ്ടെന്നാണ് പറഞ്ഞത്..
എന്നാലും വിട്ടുവീഴ്കൾ ചെയ്ത് വിജയന്റെ കൂടെ ജീവിച്ചൂടെ എന്ന അഭിപ്രായവും പറഞ്ഞു.. കുഞ്ഞിന് സ്വന്തം അഛനെ കിട്ടുമല്ലോന്ന്..
